ധോണിയെ പുറത്താക്കുവാനുള്ള അവസരം കൈവിട്ടത് നിര്‍ണ്ണായക മുഹുര്‍ത്തം

മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായി ധോണി നല്‍കിയ അവസരം കൈവിട്ടതാണ് ടീമിനു തിരിച്ചടിയായതെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഫാബിയന്‍ അല്ലെന്റെ ഓവറില്‍ ധോണിയെ സ്റ്റംപ് ചെയ്ത് പുറത്താക്കുവാനുള്ള അവസരമാണ് ഷായി ഹോപ് കൈവിട്ടത്. 9 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ അപ്പോളത്തെ സ്കോര്‍. പിന്നീട് ധോണിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികവില്‍ ഇന്ത്യ 268 റണ്‍സിലേക്ക് എത്തുകയായിരുന്നു.

ധോണിയുടേതിനു പുറമെ ഫീല്‍ഡിലും വിന്‍ഡീസ് മോശമായിരുന്നുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ബാറ്റിംഗ് പൂര്‍ണ്ണമായ പരാജയമായി മാറിയെന്നും ഹോള്‍ഡര്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റില്‍ ഉടനീളം ബാറ്റിംഗ് അസ്ഥിരമായിരുന്നുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. കെമര്‍ റോച്ച് മത്സരത്തില്‍ അവിശ്വസനീയമായിരുന്നുവെന്നും ഫീല്‍ഡിംഗും ബാറ്റിംഗും ഏറെ മെച്ചപ്പെടാനുണ്ടെന്നും വിന്‍ഡീസ് നായകന്‍ തോല്‍വിയ്ക്ക് ശേഷം സംസാരിക്കവേ പറഞ്ഞു.

Exit mobile version