തോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ

മൂന്നാം ദിവസം തന്നെ വിജയമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പതിഞ്ഞ് വെളിച്ചക്കുറവ്. അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഹസന്‍ അലിയാണ് തിളങ്ങിയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി നൗമന്‍ അലിയാണ് പാക്കിസ്ഥാന്‍ നിരയില്‍ കസറിയത്.

220/9 എന്ന നിലയിലുള്ള സിംബാബ്‍വേയ്ക്ക് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇനിയും 158 റണ്‍സാണ് നേടേണ്ടത്. 80 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയും 49 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും ക്രീസിലുണ്ടായിരുന്നപ്പോളാണ് സിംബാബ്‍വേ മത്സരത്തില്‍ അല്പമെങ്കിലും ചെറുത്ത്നില്പുയര്‍ത്തിയത്.

31 റണ്‍സ് നേടിയ ലൂക്ക് ജോംഗ്വേയ്ക്കൊപ്പം ബ്ലെസ്സിംഗ് മുസറബാനിയാണ് സിംബാബ്‍വേയ്ക്കായി ക്രീസിലുള്ളത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് നേടി.

സിംബാബ്‍വേ 176 റണ്‍സിന് ഓള്‍ഔട്ട്

പാക്കിസ്ഥാനെതിരെ 176 റണ്‍സിന് ഓള്‍ഔട്ട് ആയി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 59.1 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്. 4 വീതം വിക്കറ്റുമായി ഹസന്‍ അലിയും ഷഹീന്‍ അഫ്രീദിയുമാണ് പാക്കിസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

48 റണ്‍സുമായി റോയ് കൈയ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡൊണാള്‍ഡ് ടിരിപാനോ 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിള്‍ട്ടണ്‍ ശുംഭ 27 റണ്‍സ് നേടി.

രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ഹസന്‍ അലി

ഹസന്‍ അലിയുടെ തകര്‍പ്പന്‍ സ്പെല്ലില്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറും മധ്യ നിരയും തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ കാര്യം തീരുമാനമാക്കി ഷഹീന്‍ അഫ്രീദിയും ഒപ്പം ചേര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് വിജയം. ഇതോടെ പരമ്പര 2-0ന് പാക്കിസ്ഥാന്‍ തൂത്തുവാരി.33 റണ്‍സ് നേടുന്നതിനിടെ 7 വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇതാണ് മത്സരത്തില്‍ ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയത്.

ലഞ്ചിന് പിരിയുമ്പോള്‍ 7 വിക്കറ്റ് കൈവശമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സെഷനില്‍ നിന്ന് 151 റണ്‍സ് മാത്രമായിരുന്നു നേടേണ്ടിയിരുന്നത്. എയ്ഡന്‍ മാര്‍ക്രവും ടെംബ ബാവുമയും മികച്ചൊരു കൂട്ടുകെട്ടുമായി ക്രീസില്‍ നിന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ സാധ്യത നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് ദിവസം തുടങ്ങിയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സനെയും ഫാഫ് ഡു പ്ലെസിയെയും പുറത്താക്കിയ ഹസന്‍ അലി ഒരേ ഓവറില്‍ മാര്‍ക്രത്തെയും ക്വിന്റണ്‍ ഡി കോക്കിനെയും പുറത്താക്കിയപ്പോളേറ്റ പ്രഹരത്തില്‍ നിന്ന് പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് കരകയറുവാന്‍ സാധിച്ചില്ല.

ടെംബ ബാവുമയെ(61) ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേയെ മടക്കി ഹസന്‍ അലി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലും ഹസന്‍ അലി അഞ്ച് വിക്കറ്റ് നേടിയിരുന്നു.

പിന്നീട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ചുരുട്ടിക്കുട്ടുക എന്നത് പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്ക് എളുപ്പമുള്ള കാര്യമായിരുന്നു. ഷഹീന്‍ അഫ്രീദി കേശവ് മഹാരാജിനെയും കാഗിസോ റബാഡയെയും ഒരേ ഓവറില്‍ പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷച്ച നിലയില്‍ നിന്ന് 95 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു റാവല്‍പിണ്ടിയില്‍.

20 റണ്‍സ് നേടിയ വിയാന്‍ മുള്‍ഡറെ പുറത്താക്കി യസീര്‍ ഷാ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് തിരശ്ശീലയിട്ടത്. 274 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്.

ഇവരുടെ വയസ്സ് സത്യമാണോ എന്നത് സംശയിക്കേണം, പാക്കിസ്ഥാന്‍ യുവ പേസ് നിരയ്ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആസിഫ്

പാക്കിസ്ഥാന്‍ എന്നും മികച്ച പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ഒരു ക്രിക്കറ്റിംഗ് രാജ്യമാണ്. കാലാകാലങ്ങളില്‍ പുതു പുത്തന്‍ യുവ പേസര്‍മാര്‍ ആ ജഴ്സിയില്‍ വന്ന് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നസീം ഷീ, ഷഹീന്‍ അഫ്രീദി എന്നിവര്‍ അടങ്ങിയ യുവ നിരയിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്.

പാക്കിസ്ഥാന്‍ താരങ്ങളുടെ വയസ്സ് 17-18 എന്നുള്ളത് പേപ്പറില്‍ മാത്രമുള്ളതാണെന്ന് കരുതണമെന്നും ഇവര്‍ ശരിക്കും 27-28 വയസ്സായവരായിരിക്കുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇവര്‍ക്ക് 20-25 ഓവറുകള്‍ എറിയുവാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ലെന്നും അതാണ് തന്നെ ഇത്തരത്തില്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

താരങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നതിലും 9-10 വയസ്സ് വരെ താരങ്ങള്‍ക്ക് അധികമുണ്ടെന്നാണ് തോന്നുന്നതെന്നും ആസിഫ് പറഞ്ഞു.

Mohammadasif

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍‍സിന്റെ തോല്‍വിയ്ക്ക് ശേഷമായിരുന്നു മുന്‍ പാക് താരത്തിന്റെ പ്രതികരണം. 5-6 ഓവര്‍ സ്പെല്ലിന് ശേഷം താരങ്ങള്‍ക്ക് ഫീല്‍ഡില്‍ നില്‍ക്കുവാനുള്ള ശേഷിയില്ലെന്നും അവരുടെ ശരീരം ആവശ്യമുള്ള രീതിയില്‍ വളയ്ക്കുവാനുള്ള ഫ്ലെക്സിബിലിറ്റി താരങ്ങള്‍ക്കില്ലെന്നും ആസിഫ് പറഞ്ഞു.

തന്റെ കാലത്തെ ഏറ്റവും മികച്ച പേസര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ താരത്തെ ഇംഗ്ലണ്ടിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടതിന് ഐസിസി വിലക്കുകയായിരുന്നു.

431 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, വാട്‍ളിംഗിനും അര്‍ദ്ധ ശതകം

കെയിന്‍ വില്യംസണിന്റെ ശതകത്തിന് ശേഷം ഹെന്‍റി നിക്കോള്‍സും ബിജെ വാട്‍ളിഗും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 155 ഓവറില്‍ നിന്ന് ടീം 431 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

വില്യംസണ്‍ 129 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് 56 റണ്‍സും വാട്ളിംഗ് 73 റണ്‍സുമാണ് നേടിയത്. കൈല്‍ ജാമിസണ്‍ 32 റണ്‍സും നേടി. വാട്ളിംഗും ജാമിസണും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടുകെട്ടും നേടിയിരുന്നു. ന്യൂസിലാണ്ട് നിരയില്‍ ഒന്നാം ദിവസം റോസ് ടെയിലറും അര്‍ദ്ധ ശതകം നേടിയിരുന്നു. 70 റണ്‍സാണ് സീനിയര്‍ താരം നേടിയത്.

വാട്ളിംഗിനെ ഷഹീന്‍ അഫ്രീദിയും ജാമിസണെ മുഹമ്മദ് അബ്ബാസും പുറത്താക്കിയപ്പോള്‍ 19 റണ്‍സ് നേടിയ നീല്‍ വാഗ്നറെയും റണ്‍ നേടാത്ത ടിം സൗത്തിയെയും യസീര്‍ ഷാ മടക്കിയയച്ചു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദ് നാലും യസീര്‍ ഷാ മൂന്നും വിക്കറ്റ് നേടി.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട വിക്കറ്റിന് ശേഷം ന്യൂസിലാണ്ട് തിരിച്ചുവരവിന്റെ പാതയില്‍

ഓപ്പണര്‍മാരായ ടോം ബ്ലണ്ടലിനെയും ടോം ലാഥമിനെയും ചെറിയ സ്കോറിന് പുറത്താക്കിയ ഷഹീന്‍ അഫ്രീദി നല്‍കിയ തിരിച്ചടിയെ മറികടന്ന് ന്യൂസിലാണ്ട്. സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും പക്വതയോടെ ബാറ്റ് വീശിയപ്പോള്‍ 13/2 എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് ന്യൂസിലാണ്ട് 35 ഓവറില്‍ 71/2 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

30 റണ്‍സ് വീതം നേടി കെയിന്‍ വില്യംസണും റോസ് ടെയിലറും മൂന്നാം വിക്കറ്റില്‍ 58 റണ്‍സാണ് നേടിയിട്ടുള്ളത്. ടോം ലാഥം(4), ടോം ബ്ലണ്ടല്‍(5) എന്നീ സ്കോറുകള്‍ക്കാണ് പുറത്തായത്.

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല

സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ആദ്യ സ്പെല്ലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദി തിരികെ എത്തി മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി പാക്കിസ്ഥാന് 26 റണ്‍സ് വിജയം നല്‍കുകയായിരുന്നു. വഹാബ് റിയാസിന് നാല് വിക്കറ്റ് ലഭിച്ചു.

ബ്രണ്ടന്‍ ടെയിലര്‍, വെസ്‍ലി മാധ്‍വേരെ എന്നിവരുടെ അഞ്ചാം വിക്കറ്റ് പ്രകടനമാണ് സിംബാബ്‍വേ നിരയിലെ വേറിട്ട പ്രകടനം. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. 115/4 എന്ന നിലയില്‍ നിന്ന് 234/5 എന്ന നിലയിലേക്ക് സിംബാബ്‍വേയെ ഈ കൂട്ടുകെട്ട് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 55 റണ്‍സാണ് ‍വെസ്‍ലി നേടിയത്.

112 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും അധികം വൈകാതെ പുറത്തായതോടെ സിംബാബ്‍വേയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

ആദ്യ ഓവറുകളില്‍ തന്നെ ഷഹീന്‍ അഫ്രീദിയുടെ തീപാറും ബൗളിംഗിന് മുന്നില്‍ ചൂളിയ സിംബാബ്‍വേ 28/2 എന്ന നിലയില്‍ പ്രതിരോധത്തിലാകുകയായിരുന്നു. പിന്നീട് ബ്രണ്ടന്‍ ടെയിലറും ക്രെയിഗ് ഇര്‍വിനും ചേര്‍ന്ന് 71 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയാണ് സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

41 റണ്‍സാണ് ഇര്‍വിന്റെ സ്കോര്‍. ഇര്‍വിനും ഷോണ്‍ വില്യംസിന്റെയും വിക്കറ്റ് തുടരെ നഷ്ടമായെങ്കിലും സിംബാബ്‍വേയ്ക്ക് തുണയായി മാറിയത് ടെയിലര്‍-വെസ്‍ലി കൂട്ടുകെട്ടായിരുന്നു. 234/4 എന്ന നിലയില്‍ നിന്ന് 255 റണ്‍സിന് സിംബാബ്‍വേ ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാനെ ഞെട്ടിക്കുവാനുള്ള മികച്ച ഒരു അവസരമാണ് സിംബാബ്‍വേ കൈവിട്ടത്.

ഷഹീന്‍ അഫ്രീദി ഹാംഷയറിലേക്ക്, ടി20 ബ്ലാസ്റ്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതോടെ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ എത്തുന്നു. ഹാംഷറയിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച സറേയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ താരത്തിനെ ഈ സീസണില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് വേണ്ടി ക്ലബ് കരാറിലെത്തിച്ചിരുന്നുവെങ്കിലും പിന്നീട് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് എല്ലാം ഒഴിവാക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഷഹീന്‍ അഫ്രീദിയ്ക്ക് ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനുള്ള അനുമതി പാക്കിസ്ഥാന്‍ ബോര്‍ഡും തീരുമാനിച്ചതോടെ താരം ഇംഗ്ലണ്ടില്‍ തങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴോളം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം സോമര്‍സെറ്റിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കുന്നുണ്ട്.

സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

പാക്കിസ്ഥാനെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 91/2 എന്ന നിലയിലാണ്. റോറി ബേണ്‍സിനെ ആദ്യം തന്നെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 6 റണ്‍സാണ് ബേണ്‍സ് നേടിയത്.

പിന്നീട് രണ്ടാം വിക്കറ്റില്‍ സാക്ക് ക്രോളി – ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും ഡൊമിനിക് സിബ്ലേയെ പുറത്താക്കി യസീര്‍ ഷാ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 22 റണ്‍സാണ് സിബ്ലേയുടെ സ്കോര്‍. 61 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയ സാക്ക് ക്രോളി തന്റെ അര്‍ദ്ധ ശതകത്തോടടുത്തപ്പോളാണ് ഇന്നിംഗ്സ് അല്പം പതുക്കെയായത്. 53 റണ്‍സ് നേടിയ താരത്തിനൊപ്പം 10 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ആദ്യ സെഷനില്‍ 28 ഓവറുകളാണ് പാക്കിസ്ഥാന്‍ എറിഞ്ഞത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മഴ വില്ലനായി അവതരിച്ചപ്പോള്‍ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു. മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം, അഞ്ചോവറുകള്‍ക്ക് ശേഷം വില്ലനായി വീണ്ടും മഴ

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ആദ്യ മണിക്കൂറില്‍ മഴ മാറി നിന്നുവെങ്കിലും പിന്നീട് കളി തടസ്സപ്പെടുത്തി മഴ വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു. പാക്കിസ്ഥാനെ 236 റണ്‍സിന് എറിഞ്ഞിട്ട ശേഷം ബാറ്റിംഗിനായി എത്തിയ ഇംഗ്ലണ്ടിന് ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവില്‍ തന്നെ വിക്കറ്റ് നഷ്ടമായി.

ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സിനെ റണ്ണെടുക്കാതെ മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍ യുവ പേസര്‍. പിന്നീട് അഞ്ചോവര്‍ ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ മഴ വീണ്ടും രംഗത്തെത്തുകയായിരുന്നു. 7/1 എന്ന നിലയിലുള്ള ഇംഗ്ലണ്ടിനായി സാക്ക് ക്രോളി അഞ്ച് റണ്‍സും ഡൊമിനിക് സിബ്ലേ രണ്ട് റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

പാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഇംഗ്ലണ്ടിലെ പരിചയമ്പത്ത് അവര്‍ക്ക് തീരെ ഇല്ലെന്നും പറയാം.

എന്നിരുന്നാലും ഈ ബൗളിംഗ് സംഘം ജയത്തിന് അരികില്‍ വരെ എത്തിയിരുന്നു മാഞ്ചസ്റ്ററില്‍. ആദ്യ ഇന്നിംഗ്സില്‍ അഞ്ചോളം വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയതെങ്കിലും മെച്ചപ്പെട്ട ബൗളിംഗ് പ്രകടനം പേസര്‍മാരും നടത്തിയിരുന്നു. മാഞ്ചസ്റ്ററിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണെങ്കിലും വരും മത്സരങ്ങളില്‍ തന്റെ യുവ പേസര്‍മാര്‍ മത്സരം വിജയിക്കുവാന്‍ കെല്പുള്ള പ്രകടനം പുറത്തെടുക്കുമെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.

അവര്‍ പുതുമുഖങ്ങളാണ്, എന്നാല്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും വഖാര്‍ വ്യക്തമാക്കി. എന്നാല്‍ കളിക്കാര്‍ മത്സരത്തില്‍ ഇറങ്ങാതെ അനുഭവസമ്പത്ത് നേടിയെടുക്കുകയില്ലെന്നതെന്നും ആരും മറക്കരുതെന്നും വഖാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് സംഘത്തിനോട് മാറ്റുരയ്ക്കുവാന്‍ പറ്റുന്നതല്ല പാക്കിസ്ഥാന്റേതെങ്കിലും ഈ പരമ്പരയില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടില്‍ വളരെ നേരത്തെ എത്തുന്നത് മതിയായ തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യും – ഷഹീന്‍ അഫ്രീദി

ഇംഗ്ലണ്ട് ദൗത്യം എന്നും ശ്രമകരമാണെങ്കിലും വളരെ നേരത്തെ അവിടെ എത്തുന്നത് വേണ്ട വിധത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് ഗുണകരമാകുമെന്ന് അഭിപ്രായപ്പെട്ട് ഷഹീന്‍ അഫ്രീദി. ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതെങ്കിലും താന്‍ ഏറെ ആവേശത്തോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നതെന്നും പാക്കിസ്ഥാന്‍ യുവ പേസര്‍ വ്യക്തമാക്കി.

സ്ക്വാഡിനകത്ത് തന്നെയുള്ള പരിശീലന മത്സരങ്ങളുമായി ഈ അവസരം തങ്ങള്‍ വിനിയോഗിക്കുമെന്നും ഇത്തരം ക്രമീകരണം ഒരുക്കിയ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ നീക്കം പ്രോത്സാഹനപരമാണെന്നും യുവ താരം വ്യക്തമാക്കി. 2016ല്‍ ടെസ്റ്റ് പരമ്പര ഡ്രോ ആകുകയായിരുന്നുവെന്നതിനാല്‍ തന്നെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ പാക്കിസ്ഥാന് കഴിയാറുണ്ടെന്നും അതിനാല്‍ തന്നെ ഇത്തവണ വിജയം കൈപ്പിടിയിലൊതുക്കുവാനാകുമെന്നും ടീം വ്യക്തമാക്കി.

Exit mobile version