ന്യൂസിലാണ്ട് ടോപ് ഓര്‍ഡറിനെ തകര്‍ത്ത് ഷഹീന്‍ അഫ്രീദി

എഡ്ജ്ബാസ്റ്റണില്‍ ഷഹീന്‍ അഫ്രീദിയുടെ മാരക സ്പെല്ലില്‍ ആടിയുലഞ്ഞ് ന്യൂസിലാണ്ട് ടോപ് ഓര്‍ഡര്‍. 12.3 ഓവര്‍ പിന്നിടുമ്പോള്‍ 46/4 എന്ന നിലയിലാണ് ന്യൂസിലാണ്ട്. കെയിന്‍ വില്യംസണ്‍ 23 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഷഹീന്‍ അഫ്രീദി മൂന്ന് മുന്‍ നിര താരങ്ങളെ വീഴ്ത്തി പാക്കിസ്ഥാന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കിയിട്ടുണ്ട്.

മുഹമ്മദ് അമീര്‍ രണ്ടാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കിയപ്പോള്‍ ആരംഭിച്ച ന്യൂസിലാണ്ടിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത് അഫ്രീദിയാണ്. കോളിന്‍ മണ്‍റോയെയും(12) റോസ് ടെയിലറിനെയും(3) ടോം ലാഥത്തിനെയും(1) വീഴ്ത്തിയാണ് അഫ്രീദി തന്റെ ഇതുവരെയുള്ള മൂന്ന് വിക്കറ്റുകള്‍ നേടിയത്.

 

 

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351/9 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 297 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഓയിന്‍ മോര്‍ഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 117 റണ്‍സാണ് ഇരുവരും കൂടി നേടിയത്. ജോ റൂട്ട് 84 റണ്‍സ് നേടിയപ്പോള്‍ മോര്‍ഗന്‍ 76 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ്(33), ജോണി ബൈര്‍സ്റ്റോ(32), ജോസ് ബട്‍ലര്‍(34) എന്നിവര്‍ക്കൊപ്പം 15 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന ടോം കറനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി നാലും ഇമാദ് വസീം 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി 97 റണ്‍സ് നേടിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടോപ് സ്കോറര്‍ ആയെങ്കിലും ബാബര്‍ അസം(80) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് വരാത്തത് ടീമിനു തിരിച്ചടിയായി. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയും ടീമിനു തിരിച്ചടിയായി. 46.5 ഓവറില്‍ ടീം 297 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. ക്രിസ് വോക്സ് വിജയികള്‍ക്കായി അഞ്ച് വിക്കറ്റ് നേടി കളിയിലെ താരമായി മാറി. ജേസണ്‍ റോയ് ആണ് പരമ്പരയിലെ താരം.

നാല് വീതം വിക്കറ്റുമായി അമീറും ഷഹീനും, 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍ ടെസ്റ്റില്‍ 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 382/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച വിക്കറ്റുകള്‍ 49 റണ്‍സിനു വീഴുകയായിരുന്നു. മുഹമ്മദ് അമീര്‍ ആയിരുന്നു മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. അമീര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

ക്വിന്റണ്‍ ഡിക്കോക്കിന്റെ(59) വിക്കറ്റ് ആണ് മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. വെറോണ്‍ ഫിലാന്‍ഡറെയും(16), കാഗിസോ റബാഡയെയും(11) അമീര്‍ പുറത്താക്കിയപ്പോള്‍ ഡെയില്‍ സ്റ്റെയിനിനെ(13) ഷഹീന്‍ അഫ്രീദിയാണ് മടക്കിയയച്ചത്. 10 റണ്‍സുമായി ഡുവാനെ ഒളിവിയര്‍ പുറത്താകാതെ നിന്നു.

ഡു പ്ലെസിയ്ക്ക് ശതകം, ദക്ഷിണാഫ്രിക്ക് മികച്ച സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക് ആതിഥേയര്‍ നീങ്ങുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 205 റണ്‍സ് ലീഡ് നേടിയിരിക്കുന്നത്. ഇന്ന് വീണ് നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുന്നതിനു ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ 103 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത് ടീമിനു തിരിച്ചടിയായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 55 റണ്‍സുമയായി ക്വിന്റണ്‍ ഡിക്കോക്കും 6 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

ഒന്നാം ദിവസത്തെ സ്കോറായ 123/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പ്രഹരം നല്‍കുവാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നു. മുഹമ്മദ് അബ്ബാസ് 24 റണ്‍സ് നേടിയ ഹാഷിം അംലയെ പുറത്താക്കിയ ശേഷം ത്യൂനിസ് ഡി ബ്രൂയിനിനെ(13) ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു.

അതിനു ശേഷം ദക്ഷിണാഫ്രിക്ക ശക്തമായ പിടി മത്സരത്തില്‍ മുറുക്കുന്നതാണ് കണ്ടത്. 166 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം ഡു പ്ലെസി-ടെംബ ബാവുമ കൂട്ടുകെട്ടിനെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 75 റണ്‍സാണ് ബാവുമ നേടിയത്.

ടെസ്റ്റ് ടീമില്‍ എത്തി ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് ഷഹീന്‍ അഫ്രീദി. അടുത്താഴ്ച ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷഹീന്‍ അഫ്രീദിയ്ക്കൊപ്പം സാദ് ആലിയും ടീമിലെ പുതുമുഖമാണ്. ഫകര്‍ സമനെയും ഷദബ് ഖാനെയും പരിക്ക് മൂലം വിശ്രമം നല്‍കുന്നതിനായി ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുവരും മൂന്നാം മത്സരത്തില്‍ ആവശ്യമെങ്കില്‍ ടീമിനൊപ്പം ചേരും.

നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്നു എന്നതാണ് ഷഹീന്‍ അഫ്രീദിയ്ക്ക് തുണയായത്.

പാക്കിസ്ഥാന്‍: മുഹമ്മദ് ഹഫീസ്, ഇമാം ഉള്‍ ഹക്ക്, അസ്ഹര്‍ അലി, ആസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ബാബര്‍ അസം, സാദ് അലി, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ബിലാല്‍ ആസിഫ്, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ

ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന റെക്കോര്‍ഡ് ശരിപ്പെടുത്തിയത്. 209/9 എന്ന നിലയില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടിയ ശേഷം 212/4 എന്ന സ്കോറിലേക്ക് 40.3 ഓവറില്‍ എത്തി പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി രണ്ടാം മത്സരത്തിലും റോസ് ടെയിലര്‍ ആണ് ടോപ് സ്കോറര്‍ ആയത്. 86 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നിന്ന റോസ് ടെയിലര്‍ ആണ് പതറിപ്പോയ ന്യൂസിലാണ്ട് ഇന്നിംഗ്സിനെ 200 കടത്തുവാന്‍ സഹായിച്ചത്. ഹെന്‍റി നിക്കോളസ്(33), ജോര്‍ജ്ജ് വര്‍ക്കര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി 4 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റ് നേടി.

ഫകര്‍ സമന്‍(88), ബാബര്‍ അസം(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം അനായാസമായി മറികടന്നത്. ഇമാം ഉള്‍ ഹക്ക് 16 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മുഹമ്മദ് ഹഫീസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ 3 വിക്കറ്റ് നേടി.

വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്‍, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിന്റെ ഇന്നിംഗ്സാണ് മത്സര ഗതി മാറ്റിയത്. ബൗണ്ടറി നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയതും ഹഫീസ് ആയിരുന്നു. ബാബര്‍ അസം(40), ആസിഫ് അലി(38), ഫകര്‍ സമന്‍(24) എന്നിവരും നിര്‍ണ്ണായകമായ ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചു.

ഇഷ് സോധിയുടെ 17ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടിയ ഹഫീസാണ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന രണ്ടോവറില്‍ വിജയിക്കുവാന്‍ 14 റണ്‍സാണ് നേടേണ്ടിയിരുന്നത്. കൂറ്റനടികള്‍ പിറന്നില്ലെങ്കിലും ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 7 റണ്‍സ് നേടുവാന്‍ പാക്കിസ്ഥാനു സഹായിച്ചു. എക്സ്ട്രാസ് എറിഞ്ഞ് സൗത്തിയും പാക്കിസ്ഥാനെ സഹായിക്കുകയായിരുന്നു

അവസാന ഓവര്‍ എറിഞ്ഞ ആഡം മില്‍നെയുടെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹഫീസ് സ്ട്രൈക്ക് കൈമാറിയെങ്കിലും ഷൊയ്ബ് മാലികിനെ രണ്ടാം പന്തില്‍ പാക്കിസ്ഥാനു നഷ്ടമായി. മൂന്നാം പന്തില്‍ ഡബിളും നാലാം പന്തില്‍ ബൗണ്ടറിയും നേടി പരിചയസമ്പന്നനായ ഹഫീസ് പാക്കിസ്ഥാന്‍ വിജയം രണ്ട് പന്ത് അവശേഷിക്കെ ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് കോളിന്‍ മണ്‍റോ, കോറെ ആന്‍ഡേഴ്സണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ക്ക് പിന്നാലെ കെയിന്‍ വില്യംസണ്‍ നേടിയ 37 റണ്‍സിന്റെയും ബലത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയത്. 28 പന്തില്‍ നിന്ന് മണ്‍റോ 44 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്സണ്‍ 25 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം, അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യയില്‍ നിന്ന് നേരിട്ട കനത്ത പ്രഹരത്തില്‍ നിന്ന് കരകയറുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. ഫഹീം അഷ്റഫിനു പകരം ഹാരിസ് സൊഹൈലും മുഹമ്മദ് അമീറിനു പകരം ഷഹീന്‍ അഫ്രീദിയും കളിക്കുമ്പോള്‍ ഷദബ് ഖാനു പകരം മുഹമ്മദ് നവാസ് ടീമിലെത്തുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. സമിയുള്ള ഷെന്‍വാരിയ്ക്ക് പകരം നജീബുള്ള സദ്രാന്‍ ടീമിലെത്തുന്നു. ഷഹീന്‍ അഫ്രീദി തന്റെ ഏകദിന അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

തങ്ങളുടെ രണ്ട് മത്സരവും ജയിച്ച് അഫ്ഗാനിസ്ഥാന്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തകരുകയായിരുന്നു. ബംഗ്ലാദേശിനെതിരെ 160/7 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം റഷീദ് ഖാന്റെയും ഗുല്‍ബാദിന്‍ നൈബിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ബൗളര്‍മാരുടെ കൂട്ടായ പ്രയത്നവും കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളെ വിലക്കുറച്ച് കാണേണ്ടതില്ലെന്ന സൂചനയാണ് പാക്കിസ്ഥാനു നല്‍കുന്നത്. എന്നാല്‍ പാക് നിരയുടെ ബാറ്റിംഗും ബൗളിംഗും കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിപ്പോകുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് സൊഹൈല്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍

ഷഹീന്‍ അഫ്രീദിയ്ക്ക് മൂന്ന് വിക്കറ്റ്, 45 റണ്‍സ് തോല്‍വി വഴങ്ങി ഓസ്ട്രേലിയ

ഷഹീന്‍ അഫ്രീദിയുടെ മൂന്ന് വിക്കറ്റില്‍ തകര്‍ന്ന് ഓസ്ട്രേലിയ. പാക്കിസ്ഥാന്റെ 194/7 എന്ന സ്കോര്‍ ചേസ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയന്‍ നിരയില്‍ ആര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 20 ഓവറില്‍ ടീമിനു 149/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ 45 റണ്‍സ് വിജയം നേടിയ പാക്കിസ്ഥാന്റെ ഫകര്‍ സമന്‍ ആണ് കളിയിലെ താരം. 42 പന്തില്‍ 73 റണ്‍സാണ് സമന്റെ സംഭാവന.

37 റണ്‍സ് നേടി പുറത്താകാതെ നിന്ന അലക്സ് കാറെ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡാര്‍സി ഷോര്‍ട്ട് 28 റണ്‍സ് നേടി. ബാക്കിയാര്‍ക്കും തന്നെ 20നു മേലുള്ള സ്കോര്‍ നേടാനാകാതെ വന്നപ്പോള്‍ ഓസ്ട്രേലിയയുടെ ചേസിംഗ് ലക്ഷ്യം കാണാതെ അവസാനിച്ചു.

ഷഹീന്‍ അഫ്രീദിയുടെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമേ മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷഹീന്‍ അഫ്രീദിയുടെ മികവില്‍ പാക്കിസ്ഥാന്‍ യുവ നിരയ്ക്ക് ആദ്യ ജയം

പാക്കിസ്ഥാന്റെ യൂത്ത് ടീമിനു ലോകകപ്പിലെ ആദ്യ ജയം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് പാക് യുവ നിര നടത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ അയര്‍ലണ്ടിനെ 28.5 ഓവറില്‍ 97 റണ്‍സിനു പുറത്താക്കി. ഷഹീന്‍ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടമാണ് അയര്‍ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. 8.5 ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് ഷഹീന്‍ തന്റെ 6 വിക്കറ്റുകള്‍ നേടിയത്. ക്യാപ്റ്റന്‍ ഹസന്‍ ഖാന്‍ മൂന്നും അര്‍ഷാദ് ഇക്ബാല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സൈദ് അലം(43*), ഹസന്‍ ഖാന്‍(27*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 8.5 ഓവറിലാണ് ലക്ഷ്യം പാക്കിസ്ഥാന്‍ വിജയം നേടിയത്. തന്റെ ബൗളിംഗ് പ്രകടനത്തിനു ഷഹീന്‍ അഫ്രീദിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version