വഖാറിനെതിരെ വിവാദ പ്രസ്താവനയുമായി മുഹമ്മദ് ആസിഫ്

മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം വഖാര്‍ യൂനിസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്റെ സ്വിംഗ് ബൗളിംഗ് പ്രഗത്ഭരില്‍ പ്രമുഖരാണ് വഖാറും ആസിഫും. വഖാര്‍ സ്വിംഗ് ലഭിയ്ക്കുവാനായി പന്തില്‍ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.

ഇവര്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരം റിവേഴ്സ് സ്വിംഗ് ലഭിയ്ക്കുന്നതിന് വേണ്ടി പന്ത് ദുരുപയോഗം ചെയ്യുമായിരുന്നുവെന്ന വിവാദ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ന്യൂ ബോളില്‍ പന്തെറിയുവാന്‍ താരത്തിന് അറിയില്ലായിരുന്നുവെന്നും അത് കരിയറിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് വഖാര്‍ പഠിച്ചെടുത്തതെന്നും ആസിഫ് ആരോപിച്ചു.

കോച്ചെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഇതിഹാസം പരാജയം ആണന്നും മികച്ച രീതിയില്‍ റിവേഴ്സ് സ്വിംഗ് നടത്തുവാന്‍ കഴിയുന്ന ഒരു യുവ ബൗളറെ ഇതുവരെ വഖാര്‍ സൃഷ്ടിച്ചെടുത്തിട്ടില്ലെന്നും വഖാര്‍ വ്യക്തമാക്കി. ഇപ്പോളത്തെ കോച്ചിംഗ് സമീപനം മാറ്റിയില്ലെങ്കില്‍ ഗുണമേന്മയുള്ള പേസര്‍മാര്‍ പാക്കിസ്ഥാന് അന്യം നിന്ന് പോകുമെന്നും ഇപ്പോള്‍ തന്നെ മികച്ച നിലവാരമുള്ള പേസര്‍മാര്‍ പാക്കിസ്ഥാനില്ലെന്നും ആസിഫ് പറഞ്ഞു.

ഇവരുടെ വയസ്സ് സത്യമാണോ എന്നത് സംശയിക്കേണം, പാക്കിസ്ഥാന്‍ യുവ പേസ് നിരയ്ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആസിഫ്

പാക്കിസ്ഥാന്‍ എന്നും മികച്ച പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ഒരു ക്രിക്കറ്റിംഗ് രാജ്യമാണ്. കാലാകാലങ്ങളില്‍ പുതു പുത്തന്‍ യുവ പേസര്‍മാര്‍ ആ ജഴ്സിയില്‍ വന്ന് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നസീം ഷീ, ഷഹീന്‍ അഫ്രീദി എന്നിവര്‍ അടങ്ങിയ യുവ നിരയിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്.

പാക്കിസ്ഥാന്‍ താരങ്ങളുടെ വയസ്സ് 17-18 എന്നുള്ളത് പേപ്പറില്‍ മാത്രമുള്ളതാണെന്ന് കരുതണമെന്നും ഇവര്‍ ശരിക്കും 27-28 വയസ്സായവരായിരിക്കുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇവര്‍ക്ക് 20-25 ഓവറുകള്‍ എറിയുവാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ലെന്നും അതാണ് തന്നെ ഇത്തരത്തില്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

താരങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നതിലും 9-10 വയസ്സ് വരെ താരങ്ങള്‍ക്ക് അധികമുണ്ടെന്നാണ് തോന്നുന്നതെന്നും ആസിഫ് പറഞ്ഞു.

Mohammadasif

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍‍സിന്റെ തോല്‍വിയ്ക്ക് ശേഷമായിരുന്നു മുന്‍ പാക് താരത്തിന്റെ പ്രതികരണം. 5-6 ഓവര്‍ സ്പെല്ലിന് ശേഷം താരങ്ങള്‍ക്ക് ഫീല്‍ഡില്‍ നില്‍ക്കുവാനുള്ള ശേഷിയില്ലെന്നും അവരുടെ ശരീരം ആവശ്യമുള്ള രീതിയില്‍ വളയ്ക്കുവാനുള്ള ഫ്ലെക്സിബിലിറ്റി താരങ്ങള്‍ക്കില്ലെന്നും ആസിഫ് പറഞ്ഞു.

തന്റെ കാലത്തെ ഏറ്റവും മികച്ച പേസര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ താരത്തെ ഇംഗ്ലണ്ടിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടതിന് ഐസിസി വിലക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് എതിരെ വിക്കറ്റ് എങ്ങനെ നേടുമെന്നോര്‍ത്ത് അക്തര്‍ വിഷമത്തിലായിരുന്നു, താനത് കറാച്ചി ടെസ്റ്റില്‍ കാണിച്ചു കൊടുത്തു

കറാച്ചി ടെസ്റ്റിലെ പ്രകടനം തന്റെ ഏറ്റവും മികച്ച സ്പെല്‍ എന്ന് പറഞ്ഞ് പാക് താരം മുഹമ്മദ് ആസിഫ്. തന്റെ അരങ്ങേറ്റത്തിനെത്തുടര്‍ന്ന് മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്ത താരം എന്നാല്‍ 2010ല്‍ സ്പോട്ട് ഫിക്സിംഗിന് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പിന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെ 2006ലെ കറാച്ചി ടെസ്റ്റിലെ സ്പെല്ലാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടതെന്ന് മുഹമ്മദ് ആസിഫ് വ്യക്തമാക്കി. അന്ന് രണ്ട് ഇന്നിംഗ്സുകളിലായി ഏഴ് വിക്കറ്റാണ് താരം നേടിയത്. അതില്‍ തന്നെ രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്ക് പുറമെ വിവിഎസ് ലക്ഷ്മണെ രണ്ടിന്നിംഗ്സിലും താരം പുറത്താക്കി.

23 ടെസ്റ്റില്‍ നിന്ന് ആസിഫ് 106 വിക്കറ്റാണ് നേടിയത്. തന്റെ എല്ലാ സ്പെല്ലുകളും മികച്ചതായിരുന്നുവെന്ന് പറഞ്ഞ താരം എന്നാല്‍ അന്നത്തെ വലിയ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെതിരെയുള്ള കറാച്ചി ടെസ്റ്റ് ആണ് വേറിട്ട് നില്‍ക്കുന്നതെന്ന് ആസിഫ് പറഞ്ഞു.

അന്ന് ഡ്രസ്സിംഗ് റൂമില്‍ ഷൊയ്ബ് അക്തര്‍ വളരെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇത്രയും പ്രഗത്ഭമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ എങ്ങനെ വിക്കറ്റ് നേടുമെന്നായിരുന്നു താരത്തിന്റെ ചിന്ത. പക്ഷേ താന്‍ അത് സാധ്യമാക്കി കാണിച്ചുകൊടുത്തുവെന്ന് ആസിഫ് പറഞ്ഞു.

തന്നെ വിസ്മയിപ്പിച്ച ബൗളര്‍ മുഹമ്മദ് ആസിഫ് എന്ന് ഹഷിം അംല

താന്‍ നേരിട്ടത്തില്‍ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ആസിഫ് ആണെന്ന് പറഞ്ഞ് ഹഷിം അംല. ന്യൂബോളില്‍ രണ്ട് വശത്തേക്കും പന്തിനെ എത്തിക്കുവാന്‍ കഴിവുള്ള താരമായിരുന്നു ആസിഫ് എന്ന് അംല അഭിപ്രായപ്പെട്ടു. ആസിഫിനെ നേരിടുമ്പോള്‍ ഓരോ ബോളിലും ഔട്ട് ആയേക്കാമെന്ന ചോദ്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും അംല വ്യക്തമാക്കി.

മികച്ച താരമായി വളര്‍ന്നേക്കാവുന്ന ആസിഫ് പിന്നീട് ഡോപ്പിംഗ് ലംഘനവും 2010ലെ സ്പോട്ട്ഫിക്സിംഗ് വിവാദത്തിലും പെട്ടതോടെ തന്റെ കരിയറിന് വിരാമം ഇടേണ്ടി വരികയായിരുന്നു.

Exit mobile version