പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നു. പാക്കിസ്ഥാനെ മികച്ച തുടക്കത്തിന് ശേഷം 286 റൺസിന് ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശിന് 44 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചിരുന്നു.

146 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അടുത്തടുത്ത പന്തുകളിൽ അബ്ദുള്ള ഷഫീക്കിനെയും(52) അസ്ഹര്‍ അലിയെയും തൈജുള്‍ ഇസ്ലാം പുറത്താക്കിയതിന് സേഷം പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 133 റൺസുമായി ആബിദ് അലി ടോപ് സ്കോറര്‍ ആയപ്പോള്‍ ഫഹീം അഷ്റഫ് 38 റൺസ് നേടി. തൈജുൽ ഇസ്ലാം ഏഴ് വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ പതനം സാധ്യമാക്കിയത്.

Taijulislam

എന്നാൽ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 39/4 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 83 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന്റെ കൈവശം ഇപ്പോളുള്ളത്.

ഷഹീന്‍ അഫ്രീദി ചെയ്തത് തനിക്കും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോള്‍ട്ട്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഓപ്പണര്‍മാരെ പുറത്താക്കിയത് പോലെ തനിക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇന്ന് ഇന്ത്യയ്ക്കെതിരെ ലോകകപ്പിലെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പാണ് ട്രെന്റ് ബോള്‍ട്ട് ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

അഫ്രീദി രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും പുറത്താക്കിയതിനൊപ്പം തന്റെ സ്പെല്ലില്‍ വിരാട് കോഹ്‍ലിയെ കൂടി പുറത്താക്കിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഈ പ്രകടനത്തിന്റെ ബലത്തിൽ ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുവാനും പാക്കിസ്ഥാന് സാധിച്ചു.

ഷഹീന്‍ അഫ്രീദി ചെയ്തത് പോലെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലാണ്ടും ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

വിവാദ പരാമര്‍ശം, വിശദീകരണവുമായി ഹെയ്ഡന്‍

ഇന്ത്യന്‍ താരങ്ങള്‍ ഐപിഎലില്‍ 130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകള്‍ മാത്രം നേരിട്ട ശേഷം ഷഹീന്‍ അഫ്രീദിയുടെ പേസ് ബൗളിംഗിന് മുന്നിൽ ചൂളിപ്പോയതാണെന്നുള്ള പാക്കിസ്ഥാന്‍ ബാറ്റിംഗ് കോച്ച് മാത്യു ഹെയ്‍ഡന്റെ പരാമര്‍ശത്തിൽ വിശദീകരണവുമായി ഹെയ്ഡന്‍ തന്നെ രംഗത്ത്.

താന്‍ ഐപിഎലിലെ പേസര്‍മാരെ വിലകുറച്ച് കണ്ടതല്ല എന്നും മിക്ക ഫ്രാഞ്ചൈസികള്‍ക്കും മികച്ച പേസര്‍മാരുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു. എന്നാൽ ഷഹീന്‍ അഫ്രീദിയ്ക്ക് പേസും സ്വിംഗും ഉണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഐപിഎലില്‍ മികച്ച പേസ് ബൗളര്‍മാരുണ്ടേലും സ്വിംഗും പേസും ഒരു പോലെ എറിയുന്ന ബൗളര്‍മാരെ മോഡേൺ ക്രിക്കറ്റിൽ അധികം കാണാനില്ലെന്നാണ് താനുദ്ദേശിച്ചതെന്നും ഹെയ്ഡന്‍ വിശദീകരിച്ചു.

ഇത് ചരിത്ര നിമിഷം – ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇത് ചരിത്ര നിമിഷം എന്ന് പറഞ്ഞ് ഷഹീന്‍ അഫ്രീദി. ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ദിവസം ഇന്നലെ പാക്കിസ്ഥാന്‍ നേടിയപ്പോള്‍ അത് ഇരു ടീമുകളും തമ്മിലുള്ള 13ാമത്തെ ലോകകപ്പിലെ ഏറ്റുമുട്ടലായിരുന്നു.

10 വിക്കറ്റിന്റെ ആധികാരിക വിജയം ടീം നേടിയപ്പോള്‍ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഷഹീന്‍ അഫ്രീദി ആയിരുന്നു. പാക്കിസ്ഥാന്‍ രാജ്യത്തിന് മൊത്തമായും യുഎഇയിലേക്ക് കളി കാണാനെത്തിയ ആരാ‍ധകര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് അഫ്രീദി പറഞ്ഞു.

ഈ വിജയത്തിന്റെ ബലത്തിൽ ബാക്കിയുള്ള മത്സരങ്ങളിലും മികവ് പുലര്‍ത്തുവാന്‍ പാക്കിസ്ഥാന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

21 വയസ്സുകാരന്‍ താരത്തിന്റെ ആദ്യ സ്പെല്ലിൽ തന്നെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും നഷ്ടമായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലില്‍ പതറിയ ഇന്ത്യയുടെ തിരിച്ചുവരവ് ഒരുക്കി കിംഗ് കോഹ്‍ലി

ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന് ഇന്ത്യയ്ക്ക് തുണയായി വിരാട് കോഹ്‍ലിയുടെയും ഋഷഭ് പന്തിന്റെയും ഇന്നിംഗ്സുകള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും ആദ്യ മൂന്നോവറിനുള്ളിൽ തന്നെ നഷ്ടമായി വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യ വീഴുമെന്ന ഘട്ടത്തിൽ നിന്നാണ് 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന സ്കോറിലേക്ക് ഇന്ത്യ എത്തിയത്.

രോഹിത് ശര്‍മ്മയെ ആദ്യ ഓവറിലും കെഎൽ രാഹുലിനെ തന്റെ രണ്ടാം ഓവറിലും ഷഹീന്‍ ഷാ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിൽ വെറും 6 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. പിന്നീട് കോഹ്‍ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 25 റൺസ് നേടി ഇന്ത്യയെ തിരിച്ച് ട്രാക്കിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഹസന്‍ അലി സൂര്യകുമാര്‍ യാദവിനെ(11) പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

പിന്നീട് 40 പന്തിൽ 53 റൺസ് നേടി ഋഷഭ് പന്ത് – വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 13ാം ഓവറിൽ ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 30 പന്തിൽ 39 റൺസാണ് ഋഷഭ് പന്ത് നേടിയത്.

ഇതിനിടെ കോഹ്‍ലി ഇന്ത്യയുടെ സ്കോര്‍ 100 കടത്തി. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 110/4 എന്ന നിലയിലായിരുന്നു. 45 പന്തിൽ നിന്ന് വിരാട് തന്റെ ടി20 അര്‍ദ്ധ ശതകം നേടി. അതേ ഓവറിൽ രണ്ട് ബൗണ്ടറി കൂടി കോഹ്‍ലിയും ജഡേജയും നേടിയെങ്കിലും ജഡേജയുടെ വിക്കറ്റ് ഹസന്‍ അലി നേടി. 41 റൺസാണ് കോഹ്‍ലി ജഡേജ കൂട്ടുകെട്ട് നേടിയത്. 13 റൺസാണ് ജഡേജ നേടിയത്.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ അഫ്രീദി വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടുകയായിരുന്നു. മൂന്ന് വിക്കറ്റാണ് അഫ്രീദി നേടിയത്. 49 പന്തിൽ 57 റൺസാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഹാര്‍ദ്ദിക് 7 പന്തിൽ 11 റൺസ് നേടിയും ഇന്ത്യയുടെ സ്കോറിലേക്ക് സംഭാവന ചെയ്തു.

219 റൺസിൽ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു, 109 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ് 219 റൺസിൽ അവസാനിച്ചപ്പോള്‍ 109 റൺസ് വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍. ആദ്യ ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയപ്പോള്‍ നൗമന്‍ അലി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് 150 റൺസിലാണ് അവസാനിച്ചത്. 47 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്(39) ചെറുത്ത് നില്പിന് ശ്രമിച്ചു.

കൈൽ മയേഴ്സ്(32) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ആദ്യ ടെസ്റ്റിൽ 1 വിക്കറ്റ് വിജയം വിന്‍ഡീസ് നേടിയിരുന്നു. ഷഹീന്‍ അഫ്രീദിയാണ് മത്സരത്തിലെ താരവും പരമ്പരയിലെ താരവമായി തിരഞ്ഞെടക്കപ്പെട്ടത്.

പാക്കിസ്ഥാന്‍ തങ്ങളുടെ ഇന്നിംഗ്സുകള്‍ 302/9, 176/6 എന്നിങ്ങനെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കൊടുങ്കാറ്റായി ഷഹീന്‍ അഫ്രീദി, വിന്‍ഡീസിന് തകര്‍ച്ച

ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട വെസ്റ്റിന്‍ഡീസ്. പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 302/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 39/3 എന്ന നിലയിൽ ആയിരുന്ന വെസ്റ്റിന്‍ഡീസ് നാലാം ദിവസം കളി പുനരാരംഭിച്ച ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 123/8 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിന്റെ നടുവൊടിച്ചത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 179 റൺസ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍. ബോണ്ണര്‍(37), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(33) എന്നിവരാണ് വെസ്റ്റിന്‍ഡീസിന്റെ പ്രധാന സ്കോറര്‍മാര്‍.

302 റൺസിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍, വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെ

2/3 എന്ന നിലയിൽ നിന്ന് 302/9 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. ജമൈക്കയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴ മത്സരത്തിന്റെ ഏറെ ഭാഗം കവര്‍ന്നുവെങ്കിലും 212/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 90 റൺസ് കൂടി ചേര്‍ത്ത ശേഷം തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 231/7 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണുവെങ്കിലും അവസാന മൂന്ന് വിക്കറ്റിൽ 71 റൺസ് കൂട്ടിചേര്‍ത്ത് ടീം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് ആയ ഫവദ് അലം തിരിച്ചു വന്ന് 124 റൺസുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

മുഹമ്മദ് റിസ്വാന്‍ 31 റൺസും ഫഹീം അഷ്റഫ് 26 റൺസും നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി 19 റൺസ് നേടി. വിന്‍ഡീസിന് വേണ്ടി സീൽസും റോച്ചും മൂന്ന് വീതം വിക്കറ്റ് നേടി. ജേസൺ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി.

തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 39/3 എന്ന നിലയിലാണ്. ഷഹീന്‍ അഫ്രീദി രണ്ടും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടിയപ്പോള്‍ എന്‍ക്രുമ ബോണ്ണര്‍ 18 റൺസുമായി ആതിഥേയര്‍ക്കായി ക്രീസിലുണ്ട്.

ഷഹീന്‍ അഫ്രീദിയുടെ തീപ്പൊരി സ്പെല്ലില്‍ വെസ്റ്റിന്‍ഡീസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ജമൈക്ക ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

168 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. താരത്തിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന് വെസ്റ്റിന്‍ഡീസ് 16/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അതിന് ശേഷം റോസ്ടൺ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് 22 റൺസ് നേടി ലഞ്ച് വരെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ 38/3 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ക്രെയിഗ് ബ്രാത്‍വൈറ്റ്, കീരന്‍ പവൽ, എന്‍ക്രു ബോണ്ണര്‍ എന്നിവരുടെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയാണ് നേടിയത്.

വിജയത്തിനായി ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് 130 റൺസ് കൂടിയാണ് നേടേണ്ടത്.

ലീഡ് 36 റൺസ് മാത്രം, വിന്‍ഡീസ് 253 റൺസിന് ഓള്‍ഔട്ട്

പാക്കിസ്ഥാനെതിരെ ജമൈക്ക ടെസ്റ്റിൽ വിന്‍ഡീസിന് 36 റൺസ് മാത്രം ലീഡ്. വിന്‍ഡീസ് 89.4 253 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ന് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും പാക്കിസ്ഥാന്‍ വേഗത്തിൽ നേടുകയായിരുന്നു.

ഷഹീന്‍ അഫ്രീദി നാല് വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടിയാണ് വിന്‍ഡീസിനെ വേഗത്തിൽ പുറത്താക്കിയത്. രണ്ടാം ദിവസം ക്രെയിഗ് ബ്രാത്‍വൈറ്റ്, ജേസൺ ഹോള്‍ഡര്‍ എന്നിവരുടെ ഇന്നിംഗ്സാണ് വിന്‍ഡീസിന് ലീഡ് നേടിക്കൊടുത്തത്.

തലേ ദിവസത്തെ സ്കോറിനോട് വെറും 2 റൺസാണ് വിന്‍ഡീസിന് നേടാനായത്.

റണ്ണൊഴുകിയ മത്സരത്തിൽ പാക്കിസ്ഥാന് ജയം, ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ശതകം വിഫലം

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഇരു ടീമുകളും 200ന് മേലെ റൺസ് സ്കോര്‍ ചെയ്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 232 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബാബര്‍ അസം(49 പന്തിൽ 85), മുഹമ്മദ് റിസ്വാന്‍(41 പന്തിൽ 63) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റിൽ 150 റൺസാണ് നേടിയത്. മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസും ഫകര്‍ സമന്‍ 8 പന്തിൽ 26 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഷാന്‍ മക്സൂദ്(9 പന്തിൽ 17 റൺസ്) ആണ് നിര്‍ണ്ണായക സംഭാവന നല്‍കിയ മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി ടോം കറന്‍ 2 വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും 43 പന്തിൽ 103 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ പ്രകടനം ആണ് തോല്‍വിയിലും ടീമിന് ആശ്വാസമായത്. 6 ഫോരും 9 സിക്സും നേടിയ താരത്തിന് പിന്തുണ നല്‍കിയത് ഓപ്പണര്‍ ജേസൺ റോയ് മാത്രമായിരുന്നു. റോയ് 13 പന്തിൽ 32 റൺസ് നേടി.

മൂന്ന് വീതം വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനും പാക് ബൗളര്‍മാരിൽ തിളങ്ങി. 31 റൺസിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്.

പാക്കിസ്ഥാന് ഇന്നിംഗ്സ് ജയം, പരമ്പര സ്വന്തം

സിംബാബ്‍വേയ്ക്കെതിരെ പാക്കിസ്ഥാന് ഇന്നിംഗ്സിന്റെയും 147 റണ്‍സിന്റെയും വിജയം. ഇന്ന് പാക്കിസ്ഥാനെ രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സിന് പുറത്താക്കിയാണ് പാക്കിസ്ഥാന്‍ ഈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. അവശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തി ഷഹീന്‍ അഫ്രീദി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു.

37 റണ്‍സ് നേടിയ ലൂക്ക് ജോംഗ്വേയുടെ വിക്കറ്റാണ് ഷഹീന്‍ പാക്കിസ്ഥാന്റെ വിജയത്തിനായി വീഴ്ത്തിയത്. ആബിദ് അലി കളിയിലെ താരമായും ഹസന്‍ അലി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ജയത്തോടെ പാക്കിസ്ഥാന്‍ പരമ്പര 2-0ന് സ്വന്തമാക്കി.

Exit mobile version