ഇവരുടെ വയസ്സ് സത്യമാണോ എന്നത് സംശയിക്കേണം, പാക്കിസ്ഥാന്‍ യുവ പേസ് നിരയ്ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആസിഫ്

പാക്കിസ്ഥാന്‍ എന്നും മികച്ച പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ഒരു ക്രിക്കറ്റിംഗ് രാജ്യമാണ്. കാലാകാലങ്ങളില്‍ പുതു പുത്തന്‍ യുവ പേസര്‍മാര്‍ ആ ജഴ്സിയില്‍ വന്ന് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നസീം ഷീ, ഷഹീന്‍ അഫ്രീദി എന്നിവര്‍ അടങ്ങിയ യുവ നിരയിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്.

പാക്കിസ്ഥാന്‍ താരങ്ങളുടെ വയസ്സ് 17-18 എന്നുള്ളത് പേപ്പറില്‍ മാത്രമുള്ളതാണെന്ന് കരുതണമെന്നും ഇവര്‍ ശരിക്കും 27-28 വയസ്സായവരായിരിക്കുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇവര്‍ക്ക് 20-25 ഓവറുകള്‍ എറിയുവാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ലെന്നും അതാണ് തന്നെ ഇത്തരത്തില്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

താരങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നതിലും 9-10 വയസ്സ് വരെ താരങ്ങള്‍ക്ക് അധികമുണ്ടെന്നാണ് തോന്നുന്നതെന്നും ആസിഫ് പറഞ്ഞു.

Mohammadasif

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍‍സിന്റെ തോല്‍വിയ്ക്ക് ശേഷമായിരുന്നു മുന്‍ പാക് താരത്തിന്റെ പ്രതികരണം. 5-6 ഓവര്‍ സ്പെല്ലിന് ശേഷം താരങ്ങള്‍ക്ക് ഫീല്‍ഡില്‍ നില്‍ക്കുവാനുള്ള ശേഷിയില്ലെന്നും അവരുടെ ശരീരം ആവശ്യമുള്ള രീതിയില്‍ വളയ്ക്കുവാനുള്ള ഫ്ലെക്സിബിലിറ്റി താരങ്ങള്‍ക്കില്ലെന്നും ആസിഫ് പറഞ്ഞു.

തന്റെ കാലത്തെ ഏറ്റവും മികച്ച പേസര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ താരത്തെ ഇംഗ്ലണ്ടിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടതിന് ഐസിസി വിലക്കുകയായിരുന്നു.

Exit mobile version