അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്

അർജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരുങ്ങുന്നു. 26 കാരനായ അർജന്റീനൻ താരത്തെ 11 മില്യൺ യൂറോ നൽകി സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നു സ്വന്തമാക്കാൻ ആണ് ഫോറസ്റ്റ് ശ്രമം. 2021 ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്.

സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. അർജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച പെനാൽട്ടി ലക്ഷ്യം കണ്ടത്.

വൻ ട്രാൻസ്ഫറുകൾ തുടർന്ന് അൽ ഹിലാൽ, മൊറോക്കോയുടെ ബോണോയെയും സ്വന്തമാക്കി

അൽ ഹിലാൽ അവരുടെ വലിയ ട്രാൻസ്ഫറുകൾ തുടരുന്നു. സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോണോയും ഇപ്പോൾ അൽ ഹിലാലിൽ എത്തിയിരികുകയാണ്. 21 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ആണ് അൽ ഹിലാൽ താരത്തെ സ്വന്തമാക്കുന്നത്. മൂന്നു വർഷത്തെ കരാർ ബോണോ അൽ ഹിലാലിൽ ഒപ്പുവെക്കും. ഇന്നലെ സൂപ്പർ കപ്പ് ഫൈനലിൽ ബോണോ സെവിയ്യക്ക് ആയി ഇറങ്ങിയിരുന്നു. അതാകും താരത്തിന്റെ സെവിയ്യക്ക് ആയുള്ള അവസാന മത്സരം.

45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോക്ക് വേതനമായി നൽകും. നെയ്മറിനെയും ബോണോയെയും സ്വന്തമാക്കിയ അൽ ഹിലാൽ ഇനി അടുത്തതായി മിട്രോവിചിനെ ടീമിൽ എത്തിക്കും.

നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി.

മാഞ്ചസ്റ്റർ സിറ്റി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി!! വിജയം പെനാൾട്ടി ഷൂട്ടൗട്ടിൽ

മാഞ്ചസ്റ്റർ സിറ്റി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി. ഇന്ന് സെവിയ്യയെ തോൽപ്പിച്ച് ആണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ഒരു കിരീടം കൂടെ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായതിനാൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം വന്നത്. ഷൂട്ടൗട്ടിൽ 5-4നാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് നേടുന്നത്.

യൂറോപ്യൻ സൂപ്പർ കപ്പിൽ ഇന്ന് സെവിയ്യക്ക് ആണ് നല്ല തുടക്കം ലഭിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ പതിവ് പ്രസിങ് ടാക്ടിക്സിന് പകരം പ്രസ് ചെയ്ത് ധൈര്യത്തോടെ കളിക്കാൻ സെവിയ്യക്ക് ആയി. മത്സരത്തിൽ 25ആം മിനുട്ടിൽ എൻ നെസിരിയുടെ ഹെഡറിലൂടെ സെവിയ്യ ലീഡ് എടുത്തു. അല്യൂണയുടെ ക്രോസിൽ നിന്നായിരുന്നു നെസിരിയുടെ ഹെഡർ. ഈ ഗോൾ സെവിയ്യക്ക് ലീഡ് നൽകി.

ഈ ലീഡ് മത്സരത്തിന്റെ 63ആം മിനുട്ട് വരെ നീണ്ടുനുന്നു. 63ആം മിനുട്ടിൽ റോഡ്രിയുടെ പാസ് സ്വീകരിച്ച് പാൾമർ സിറ്റിക്ക് സമനില നൽകി. നേരത്തെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആഴ്സണലിന് എതിരെയും പാൽമർ ഗോൾ നേടിയിരുന്നു.

90 മിനുട്ടിൽ വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആകാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. സിറ്റിക്കായി ആദ്യ പെനാൾട്ടി എടുത്ത ഹാളണ്ട് സെവിയ്യ കീപ്പർ ബോണോ അനായാസം കീഴ്പ്പെടുത്തി സിറ്റിക്ക് ഷൂട്ടൗട്ടിൽ മികച്ച തുടക്കം നൽകി. സെവിയ്യയുടെ കിക്ക് എടുത്ത ഒകോമ്പോസും പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1.

ഹൂലിയൻ ആൽവാരസ് എടുത്ത സിറ്റിയുടെ രണ്ടാം പെനാൾട്ടി കിക്കും പെർഫെക്ട് ആയിരുന്നു. റാഫ മിയ സെവിയ്യക്ക് ആയും ഗോൾ നേടി. 2-2. സിറ്റിയുടെ പുതിയ സൈനിംഗ് കൊവാചിച് സിറ്റിക്കായി മൂന്നാം ഗോൾ ലക്ഷ്യത്തിൽ എത്തിച്ചു. റാകിറ്റിച് സ്പാനിഷ് ടീമിനായും ലക്ഷ്യം കണ്ടു‌. സ്കോർ 3-3.

ഗ്രീലിഷിലൂടെ നാലാം കിക്കും സിറ്റി പൊസിഷനിൽ എത്തിച്ചു. മോണ്ടിയൽ സെവിയ്യക്ക് ആയും. സ്കോർ 4-4. സിറ്റിയുടെ നാലാം കിക്ക് എടുത്തത് ക്യാപ്റ്റൻ വാൽക്കർ ആയിരുന്നു‌. ബോണോ പന്ത് തൊട്ടു എങ്കിലും വലയിൽ നിന്ന് അകറ്റാൻ ആയില്ല. സെവിയ്യയുടെ അഞ്ചാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി കിരീടം 5-4ന് ഉറപ്പിച്ചു.

അക്കൂന്യക്ക് പകരക്കാരൻ; ബോർനാ സോസക്ക് വേണ്ടി നീക്കം ആരംഭിച്ച് സെവിയ്യ

സ്റ്റുഗർട്ടിന്റെ ക്രോയേഷ്യൻ ലെഫ്റ്റ് ബാക്ക് ബോർനാ സോസക്ക് വേണ്ടി സെവിയ്യയുടെ നീക്കം. ടീമുകൾ തമ്മിലുള്ള ചർച്ചകൾ മുന്നേട്ടു പോയിട്ടുണ്ടെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ദേശിയ ടീമിന്റെ ലോകകപ്പ് സംഘത്തിലും അംഗമായിരുന്ന സോസക്ക് വേണ്ടി സെവിയ്യാ എത്ര തുക മുടക്കുമെന്ന് സൂചനയില്ല. അക്കൂന്യാ ടീം വിട്ടേക്കും എന്ന സൂചനകൾക്കിടെ മറ്റൊരു ലെഫ്റ്റ് ബാക്ക് ആയിരുന്ന ഓഗസ്റ്റിൻസൻ കൂടി ടീം വിട്ടത്തിനാൽ മികച്ച താരത്തെ തന്നെ ഈ സ്ഥാനത്തേക്ക് എത്തിക്കാനാണ് സ്പാനിഷ് ടീമിന്റെ ശ്രമം.

സ്റ്റുഗർട്ടിന് വേണ്ടി നൂറോളം മത്സരങ്ങൾ കളത്തിൽ ഇറങ്ങിയ താരം 2018ലാണ് ടീമിൽ എത്തുന്നത്. അഞ്ചു ഗോളുകളും കണ്ടെത്തിയിട്ടുള്ള താരം അക്കൂന്യായെ പോലെ ആക്രമണത്തിലും സഹായം നൽകാൻ പ്രാപ്തനായ താരമാണ്. സെവിയ്യ ടീം ഡയറക്ടർ ആയിരുന്ന മോഞ്ചി ആസ്റ്റൻ വില്ലയിൽ എത്തിയതിന് പിറകെയാണ് ടീം അക്കൂന്യാക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ലൂക്കസ് ഡീന്യെ സൗദിയിലേക്ക് ചേക്കേറുന്നതും ഒരു കാരണമായി. കോച്ച് ഉനയ് എമരിക്കും അർജന്റീനൻ താരത്തെ എത്തിക്കാൻ ആഗ്രഹമുണ്ട്. കൈമാറ്റം ഉടൻ പൂർത്തിയാവും എന്നു തന്നെയാണ് സൂചനകൾ. ഇതിനിടയിൽ കഴിഞ്ഞ സീസണിൽ ലോണിൽ ടീം വിട്ട ഓഗസ്റ്റിൻസനെ ഒരിക്കൽ കൂടി ലോണിൽ അയച്ച സെവിയ്യക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മികച്ച താരത്തെ എത്തിക്കേണ്ടത് അത്യവശ്യമായി വന്നിരിക്കുകയാണ്.

അർജന്റീനയുടെ മാർക്കോസ് അക്യൂനയെ ലക്ഷ്യമിട്ടു ആസ്റ്റൺ വില്ല

സെവിയ്യയുടെ അർജന്റീനൻ ലോകകപ്പ് ജേതാവ് മാർക്കോസ് അക്യൂനയെ ലക്ഷ്യമിട്ടു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല. തങ്ങളുടെ ലെഫ്റ്റ് ബാക്ക് ആയ ലൂകാസ് ഡീനെ സൗദി ക്ലബ് അൽ ഹിലാലിലേക്ക് പോവാൻ തയ്യാറാവുന്നതിനു പിന്നാലെയാണ് പകരക്കാരനായി അക്യൂനയെ കൊണ്ടു വരാൻ ആസ്റ്റൺ വില്ല ഒരുങ്ങുന്നത്. നിലവിൽ സെവിയ്യയും ആയി ചർച്ചകൾ തുടങ്ങിയ വില്ല അവരും ആയി ധാരണയിൽ എത്തിയിട്ടില്ല.

അക്യൂനക്ക് പ്രീമിയർ ലീഗിൽ കളിക്കണം എന്നാണ് താൽപ്പര്യം എന്നാണ് റിപ്പോർട്ടുകൾ. 31 കാരനായ അക്യൂന 2020 ൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നാണ് സെവിയ്യയിൽ എത്തുന്നത്. തുടർന്ന് അവർ യൂറോപ്പ ലീഗ് ജയിച്ചപ്പോൾ ആ ടീമിന് ഒപ്പവും അക്യൂന ഭാഗമായി. അർജന്റീനക്ക് ഒപ്പം കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ നേടിയ അക്യൂനയുടെ കളി മികവും പരിചയസമ്പത്തും വില്ലക്ക് വലിയ മുതൽക്കൂട്ട് ആവും.

തങ്ങളുടെ വല കാക്കാൻ യാസ്സിൻ ബോനോയെ എത്തിക്കാൻ അൽ ഹിലാൽ

സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോനോയെ ലക്ഷ്യമിട്ടു സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവർ സ്പാനിഷ് ക്ലബും ആയി നടത്തുകയാണ്. 18/19 മില്യൺ യൂറോ നൽകിയാവും താരത്തെ അൽ ഹിലാൽ ടീമിൽ എത്തിക്കുക. 3 വർഷത്തേക്ക് 45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോയുടെ മുന്നിൽ വെക്കുന്ന ശമ്പളം. നെയ്മർ അടക്കം നിരവധി താരങ്ങളെ അൽ ഹിലാൽ ഇതിനകം തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി. ട്രാൻസ്ഫർ നടന്നാൽ യൂറോപ്പിൽ നിന്നു സൗദിയിലേക്ക് പോവുന്ന ഏറ്റവും പുതിയ താരമാവും ബോനോ.

അലെമാനി ഇല്ലെങ്കിൽ എന്ത്, ആസ്റ്റൻ വില്ലക്ക് വേണ്ടി താരക്കമ്പോളത്തിൽ ചരട് വലിക്കാൻ എത്തുന്നത് മോൻച്ചി

ഉനയ് ഉമരിക്ക് കീഴിൽ ടീമിനെ പുതുക്കിപ്പണിയുന്ന ആസ്റ്റൻവില്ല, ഡയറക്ടർ സ്ഥാനത്തേക്ക് എത്തിക്കുന്നത് സെവിയ്യയിൽ നിന്നും റാമോൺ വർദെഹോ എന്ന മോൻച്ചിയെ. രണ്ടു ദശകത്തിൽ അധികമായി സ്പാനിഷ് ടീമിന്റെ കളത്തിന് പുറത്തുള്ള ഓരോ നീക്കത്തിലും മോൻച്ചിയുടെ കരുതലുണ്ട്. ഇടക്ക് ഏഎസ് റോമായിലും ഒരു കൈ നോക്കിയെങ്കിലും വീണ്ടും സേവിയ്യയിലേക്ക് തന്നെ തിരിച്ചു വന്നു. സ്‌പെയിനിലെ എന്നല്ല, യുറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും അനുഭവസമ്പത്തുള്ള ഡയറക്ടർ ഓഫ് ഫുട്ബോളിനെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ആസ്റ്റൻ വില്ലക്ക് വലിയ നേട്ടമാകും. 2026 വരെയുള്ള കരാർ ആണ് ഇംഗ്ലീഷ് ടീം അൻപത്തിനാലുകാരന് നൽകിയിരിക്കുന്നത്. വില്ലയിൽ പ്രസിഡന്റ് ഓഫ് ഫുട്ബോൾ ഓപ്പറേഷൻസ് എന്ന പദവി ആയിരിക്കും അദ്ദേഹം വഹിക്കുക.

നേരത്തെ യൂറോപ്പ ലീഗ് നേട്ടത്തിന് പിറകെ മോൻച്ചി സെവിയ്യ വിടുന്നതായി ടീം ഭാരവാഹികളെ അറിയിച്ചെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അലെമാനിയെ എതിക്കുന്നതിൽ പരാജയപ്പെട്ട ആസ്റ്റൻ വില്ല മോൻച്ചിക്ക് പിറകെ ഉണ്ടെന്നും സൂചനകൾ ലഭിച്ചു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായത്. ദീർഘകാലം സെവിയ്യക്ക് ഒപ്പം ചെലവഴിക്കാനും നിരവധി യുറോപ്യൻ കിരീടങ്ങൾ നേടാനും സാധിച്ച ശേഷം ഇപ്പോൾ ആസ്റ്റൻ വില്ലക്ക് ഒപ്പം നേട്ടങ്ങൾ തുടരാനാണ് താൻ ലക്ഷ്യം വെക്കുന്നത് എന്ന് മോൻച്ചി പ്രതികരിച്ചു.

മുൻ സെവിയ്യ താരം കൂടിയായ മോൻച്ചി ടീം രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ആയ 2000ൽ ആണ് ടീമിന്റെ ഡയറക്ടർ ചുമതലയിലേക്ക് എത്തുന്നത്. പിന്നീട് ഇദ്ദേഹത്തിന് കീഴിൽ ലാ ലീഗയിലേക്ക് തിരിച്ചെത്താനും ഇരുപതോളം കപ്പ് ഫൈനൽ മത്സരങ്ങൾ കളിക്കാനും ടീമിനായി. 11 കിരീടങ്ങൾ നേടി. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടത് കൂടാതെ പ്രതിഭകളെ കണ്ടെത്തി താരമൂല്യം ഉയർത്തി ടീമിന് വലിയ ട്രാൻസ്ഫർ തുക നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. സെർജിയോ റോമോസ്, ഡാനി ആൽവസ്, റകിട്ടിച്ച് എല്ലാം മോൻച്ചിയുടെ കാലയളവിൽ ടീമിൽ എത്തി പിന്നീട് ഉയർന്ന തുകക്ക് കൂടുമാറിയവർ തന്നെ. എങ്കിലും നിലവിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന സെവിയ്യക്ക് അദ്ദേഹം ടീം വിടുന്നത് വലിയ തിരിച്ചടി തന്നെ ആവും. കഴിഞ്ഞ സീസണിൽ ലീഗിൽ വലിയ പ്രതിസന്ധി നേരിട്ട സെവിയ്യ യൂറോപ്പ ലീഗ് നൽകിയ ഊർജത്തിൽ വീണ്ടും ടീം ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ ആണ്. ആസ്റ്റൻ വില്ലക്ക് ആവട്ടെ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച നേട്ടം കൊയ്യാൻ ആവുമെന്ന പ്രതീക്ഷയും

മെന്റിലിബാർ ഒരു സീസണിലേക്ക് കൂടി സെവിയ്യയിൽ തുടരും

തകർന്നടിഞ്ഞ സീസണിനിടയിൽ രക്ഷകനായെത്തി യൂറോപ്പ കിരീടത്തിലേക്ക് നയിച്ച ജോസെ ലൂയിസ് മെന്റിലിബാറിനെ വീണ്ടും ഒരു സീസണിലേക്ക് കൂടി ടീമിൽ നിലനിർത്താൻ സെവിയ്യ. കോച്ച് അടുത്ത ഒരു വർഷത്തേക്ക് കൂടി ടീമിൽ ഉണ്ടാവുമെന്ന് സെവിയ്യ വൈസ് പ്രസിഡന്റ് ജോസെ മരിയ കരാസ്കൊ പറഞ്ഞു. ബുധനാഴ്ച മാധ്യമങ്ങളെ കാണുന്ന മെന്റിലിബാർ തന്റെ തുടർച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ക്ലബ്ബ് തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. നേരത്തെ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിൽ ആണ് അദ്ദേഹം സെവിയ്യയിൽ എത്തിയത്. എന്നാൽ ടീമിൽ തന്നെ തുടരാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സെവിയ്യ ആദ്യം കരാർ പുതുക്കാൻ സമീപിച്ചപ്പോൾ കോച്ച് നിരകരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റൊരു സീസണിലേക്ക് കൂടി ടീമിൽ തുടരാൻ പിന്നീട് അദ്ദേഹം സമ്മതം മൂളി.

മാർച്ച് 21ന് ടീമിൽ ചുമതലയേറ്റ അദ്ദേഹം സെവിയ്യയെ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നതിനും എല്ലാത്തിലും ഉപരി ഒരിക്കൽ കൂടി യൂറോപ്പ ജേതാക്കൾ ആവുന്നതിനും സഹായിച്ചു. യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, എഎസ് റോമ എന്നിവരെ ഇതിനിടയിൽ ടീം വീഴ്ത്തി. കോച്ച് ടീമിനോടൊപ്പം അതീവ സന്തുഷ്‌ടനാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. യൂറോപ്പ ഫൈനൽ മത്സരത്തിന് മുൻപ് തന്നെ അദ്ദേഹത്തോട് ടീമിൽ തുടരണമെന്ന ആവശ്യം തങ്ങൾ അറിയിച്ചിരുന്നതായും ജോസെ മരിയ കരാസ്കൊ വെളിപ്പെടുത്തി.

ഏത് ജോസെ വന്നാലും യൂറോപ്പ ലീഗ് സെവിയ്യക്ക് തന്നെ!! ഏഴാം കിരീടം

ജോസെ അല്ല ആരു വന്നാലും യൂറോപ്പ ലീഗ് സെവിയ്യയുടേതാണ് എന്ന് പറയാം. ഏഴാം യൂറോപ്പ ലീഗ് കിരീടമാണ് ബുഡാപെസ്റ്റിൽ സെവിയ്യ ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ റോമയെ അവർ പരാജയപ്പെടുത്തി. റോമ പരിശീലകൻ ജോസെ മൗറീനോയുടെ യൂറോപ്യൻ ഫൈനലിലെ ആദ്യ തോൽവി കൂടെ ഇതിലൂടെ സംഭവിച്ചു.

ഇന്ന് ബുഡാപെസ്റ്റിലെ പുസ്കസ് അരീനയിൽ കൃത്യമായ പ്ലാനുകളുമായാണ് ജോസെ മൗറീനോ ഇറങ്ങിയത്. എല്ലാവരെയും സർപ്രൈസ് ചെയ്ത് ഡിബാലയെ റോമ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഡിഫൻസിൽ ഊന്നി കളിച്ച റോമ സെവിയ്യക്ക് താളം നൽകാതിരിക്കാൻ ആണ് ശ്രമിച്ചത്. മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഡിബാലയിലൂടെ തന്നെ റോമ ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് മാഞ്ചിനി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡിബാല മൊറോക്കൻ ഗോൾകീപ്പർ ബോണോയെ മറികടന്ന് പന്ത് ലക്ഷ്യത്തിൽ എത്തി. 1-0

ഈ ലീഡ് റോമ ആദ്യ പകുതി അവസാനിക്കും വ്രെ നിലനിർത്തി. ഇടക്ക് റാകിറ്റിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങിയതായിരുന്നു സെവിയ്യയുടെ മികച്ച അവസരം. രണ്ടാം പകുതിയിൽ സെവിയ്യ കളി മെച്ചപ്പെടുത്തി. 55ആം മിനുട്ടിൽ അവർ അവരുടെ നീക്കങ്ങളുടെ ഫലവും കണ്ടു. നെവസിന്റെ ഒരു ക്രോസ് മാഞ്ചിനിയിലൂടെ സെൽഫ് ഗോളായി. സ്കോർ 1-1.

പിന്നീട് 90 മിനുട്ട് വരെ ഗോൾ വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ വന്നില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് കളി എത്തി. അവിടെ സെവിയ്യ റോമയെ 4-1ന് വീഴ്ത്തി ഒരിക്കൽ കൂടെ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു. ലോകകപ്പിൽ മൊറോക്കോയുടെ ഹീറോ ആയ ബോണോ ആണ് ഫൈനലിൽ സെവിയ്യയുടെയും ഹീറോ ആയി മാറിയത്‌

സെവിയ്യ വീണ്ടും യൂറോപ്പ ലീഗ് ഫൈനലിൽ, യുവന്റസിനെ പുറത്താക്കി

യൂറോപ്പ ലീഗ് സെവിയ്യയുടെ സ്വന്തം ടൂർണമെന്റ് തന്നെ. അവർ ഒരിക്കൽ കൂടെ യൂറോപ്പ ലീഗ് ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ 2-1ന് യുവന്റസിനെ തോൽപ്പിച്ചതോടെയാണ് സെവിയ്യ ഫൈനൽ ഉറപ്പിച്ചത്‌. ആദ്യ പാദം 1-1 എന്നായിരുന്നു അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോർ 3-2ന് സെവിയ്യ വിജയിച്ചു‌. സെവിയ്യയുടെ ഏഴാം യൂറോപ്പ ലീഗ് ഫൈനൽ ആണിത്‌.

ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളിലൂടെ യുവന്റസ് ആയിരുന്നു ലീഡ് എടുത്തത്. 71ആം മിനുട്ടിൽ സുസോയിലൂടെ അവർ തിരിച്ചടിച്ചു. സ്കോർ 1-1. തുടർന്ന് കളി എക്സ്ട്രാ ടൈമിൽ എത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലമേലയിലൂടെ സെവിയ്യക്ക് ലീഡ് നൽകിയ ഗോൾ. ഈ ഗോൾ വിജയ ഗോളായും മാറി.

ലെവർകൂസനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച റോമയാകും സെവിയ്യയുടെ ഫൈനലിലെ എതിരാളികൾ.

അവസാന നിമിഷ സമനിലയിൽ യുവന്റസ് രക്ഷപ്പെട്ടു

യൂറോപ്പ ലീഗിൽ ഒരു നല്ല പ്രകടനം കൂടെ നടത്തി സ്പാനിഷ് ക്ലബ് സെവിയ്യ. ഇന്ന് ടൂറിനിൽ നടന്ന യൂറോപ്പ സെമിഫൈനൽ ആദ്യ പാദത്തിൽ യുവന്റസിനെ ഞെട്ടിക്കാനും സമനിലയിൽ തളക്കാനും സെവിയ്യക്ക് ആയി. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് 1-0ന്റെ വിജയം വിയ്യറയൽ ഇന്ന് സ്വന്തമാക്കുമായിരുന്നു. എന്നാൽ അവസാന നിമിഷത്തെ സമനില ഗോൾ അവരെ വിജയത്തിൽ നിന്ന് തടഞ്ഞു.

ഇന്ന് മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ സെവിയ്യ ഗോൾ നേടി. ഒകാമ്പസിന്റെ അസിസ്റ്റിൽ നിന്ന് അൽ നസീരി ആണ് സെവിയ്യയുടെ ഗോൾ നേടിയത്. 90 മിനുട്ട് പൊരുതിയിട്ടും ഈ ഗോളിന് മറുപടി നൽകാൻ യുവന്റസിന് ആയില്ല. 97ആം മിനുട്ടിൽ പോൾ പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് ഫെഡെറികോ ഗെറ്റി ആണ് സമനില ഗോൾ നേടിയത്. ഇനി അടുത്ത ആഴ്ച സ്പെയിനിൽ വെച്ച് രണ്ടാം പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

അബദ്ധങ്ങളുടെ പെരുന്നാൾ!! മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുറത്താക്കി സെവിയ്യ സെമിയിൽ

യൂറോപ്പ ലീഗിൽ സെവിയ്യക്ക് മുകളിൽ ആരുമില്ല. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ അവർ അത് മനസ്സിലാക്കി കൊടുത്തു. ഇന്ന് സ്പെയിനിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ 3-0ന്റെ വിജയം നേടിക്കൊണ്ട് സെവിയ്യ സെമി ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ മാഞ്ചസ്റ്ററിൽ ചെന്ന് മാഞ്ചസ്റ്ററിനെ 2-2ന് സമനിലയിൽ പിടിക്കാനും സെവിയ്യക്ക് ആയിരുന്നു.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തുടക്കമാണ് ലഭിച്ചത്. എട്ടാം മിനുട്ടിൽ യുണൈറ്റഡ് താരങ്ങളായ ഡി ഹിയയും ഹാരി മഗ്വയറും ചേർന്ന് സെവിയ്യക്ക് ഒരു ഗോൾ സമ്മാനിച്ചു. മഗ്വയർ സമ്മാനമായി നൽകിയ പാസ് കൈക്കലാക്കി എൻ നസീരി അനായസം പന്ത് വലയിലേക്ക് എത്തിച്ചു. 1-0 അഗ്രിഗേറ്റിൽ 3-2ന് സെവിയ്യ മുന്നിൽ.

ഈ ഗോളിന് തിരിച്ചടി നൽകാനുള്ള ഒരു ഊർജ്ജവും യുണൈറ്റഡ് ആദ്യ പകുതിയിൽ കാണിച്ചില്ല. ടീമിൽ ബ്രൂണോയുടെ അഭാവവും വളരെ വ്യക്തമായിരുന്നു. 43ആം മിനുട്ടിൽ ഒകാമ്പസിലൂടെ സെവിയ്യ രണ്ടാം ഗോൾ നേടി എങ്കിലും ഓഫ്സൈഡ് മാഞ്ചസ്റ്ററിന്റെ രക്ഷക്ക് എത്തി.

റാഷ്ഫോർഡിനെയും ലൂക് ഷോയെയും കളത്തിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. പക്ഷെ രണ്ടാം പകുതിയും നന്നായി തുടങ്ങിയത് സെവിയ്യ ആയിരുന്നു. 47ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബാഡെ സെവിയ്യക്കായി രണ്ടാം ഗോൾ നേടി. സ്കോർ 2-0. അഗ്രിഗേറ്റിൽ 4-2.

ഈ ഗോളിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിക്കാൻ എങ്കിലും തുടങ്ങിയത്. പക്ഷെ കാര്യം ഒന്നും ഉണ്ടായില്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ ഡി ഹിയയുടെ വലിയ മണ്ടത്തരം വന്നു. ഡി ഹിയ സമ്മാനിച്ച പന്ത് എൻ നസീരി ഒഴിഞ്ഞ വലയിൽ എത്തിച്ച് സെവിയ്യയുടെ വിജയം ഉറപ്പിച്ചു.

Exit mobile version