ക്യാമ്പ് നൗവ് തിരിച്ചു വരവ് ആഘോഷമാക്കി ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ തങ്ങളുടെ ഹോം മൈതാനം ആയ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ബാഴ്‌സലോണ. പുതിയ അറ്റകുറ്റപ്പണികൾക്ക് ശേഷം തങ്ങളുടെ പ്രസിദ്ധ മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ തിരിച്ചെത്തിയ ബാഴ്‌സലോണ ഗംഭീര പ്രകടനം ആണ് അത്ലറ്റിക് ബിൽബാവോക്ക് എതിരെ പുറത്ത് എടുത്തത്. 4-0 നു അവരെ തകർത്ത ബാഴ്‌സലോണ റയൽ മാഡ്രിഡിനെ മറികടന്നു ലീഗിൽ ഒന്നാമതും എത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ മത്സരത്തിൽ മുന്നിലെത്തി.

തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലമീൻ യമാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഫെർമിൻ ലോപ്പസ് കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ വലിയ ജയം ഉറപ്പിച്ചു. 54 മത്തെ മിനിറ്റിൽ ഫെർമിനു എതിരായ മോശം ഫൗളിന് സാൻസെറ്റിന് വാർ പരിശോധന ശേഷം ചുവപ്പ് കാർഡ് കൂടി ലഭിച്ചതോടെ അത്ലറ്റിക് ക്ലബ് പരാജയം സമ്മതിച്ചു. 90 മത്തെ മിനിറ്റിൽ യമാലിന്റെ ത്രൂ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സയുടെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടും മുമ്പ് ഈ ജയം ബാഴ്‌സക്ക് വലിയ ആത്മവിശ്വാസം ആവും നൽകുക.

റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌ക്വസിന് പരിക്കേറ്റു

പരിശീലനത്തിനിടെ റയൽ മാഡ്രിഡിന്റെ ലൂക്കാസ് വാസ്‌ക്വസിന് പരിക്കേറ്റു. ഹാംസ്ട്രിംഗ് ഇഞ്ച്വറ് ആണെന്നാണ് റിപ്പോർട്ടുകൾ. വൈദ്യപരിശോധനകൾക്ക് ശേഷം മാത്രമെ പരിക്കിന്റെ വ്യാപ്തി വ്യക്തമാവുകയുള്ളൂ. രണ്ട് ആഴ്ച എങ്കിലും വാസ്കസ് പുറത്തിരിക്കാൻ സാധ്യതയുണ്ട്‌.

ലെഗാനെസ്, എസ്പാൻയോൾ തുടങ്ങിയ ടീമുകൾക്ക് എതിരായ ലാലിഗ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ചാമ്പ്യൻസ് ലീഗിലെ ബ്രെസ്റ്റിന് എതിരായ മത്സരത്തിലും വാസ്ക്സ് ഉണ്ടാകില്ല. അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ കളിക്കു മുമ്പ് താരം തിരികെ വരും എന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.

അത്ലറ്റികോ മാഡ്രിഡിന്റെ വിജയ പരമ്പര അവസാനിപ്പിച്ച് ലെഗാനെസ്

ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡിന്റെ തുടർച്ചയായ 15 മത്സര വിജയ പരമ്പര ശനിയാഴ്ച ലെഗനേസിനോട് 1-0 ന് പരാജയപ്പെട്ടതോടെ അപ്രതീക്ഷിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാറ്റിജ നസ്റ്റാസിക് ഒരു കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഗോൾ നേടിയതാണ് മത്സരത്തിലെ ഏക ഗോൾ. നിരവധി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും, അത്‌ലറ്റിക്കോയ്ക്ക് ലെഗനേസിന്റെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല, കളിയുടെ അവസാന മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാൻ ഒരു പെനാൽറ്റിയും നഷ്ടപ്പെടുത്തി.

അത്‌ലറ്റിക്കോയുടെ തോൽവി അവരുടെ കിരീട മോഹങ്ങൾക്ക് വലിയ തിരിച്ചടിയായി, റയൽ മാഡ്രിഡുൻ ബാഴ്‌സലോണയും തൊട്ടു പിറകിൽ ഉള്ളത് കൊണ്ട് ഈ പരാജയം ലാലിഗ ടൈറ്റിൽ റേസ് കൂടുതൽ ആവേശകരമാക്കും.

ഞായറാഴ്ച ലാസ് പാൽമാസിനെ തോൽപ്പിച്ചാൽ റയൽ മാഡ്രിഡിന് പോയിന്റ് ടേബിളിൽ അത്‌ലറ്റിക്കോയെ മറികടക്കാൻ കഴിയും, അതേസമയം ശനിയാഴ്ച ഗെറ്റാഫെയെ നേരിടുമ്പോൾ ബാഴ്‌സലോണയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡിനോട് അടുക്കാനും ആകും.

ചൊവ്വാഴ്ച ബേയർ ലെവർകുസനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്‌ലറ്റിക്കോ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

റയൽ മാഡ്രിഡ് താരം കാമവിംഗ പരിക്ക് കാരണം പുറത്ത്

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയ്ക്ക് പരിക്ക്. ഇടതു കാലിലെ ഫെമറൽ ബൈസെപ്സിൽ പേശി പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാഴ്ചത്തേക്ക് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

ഇന്നലെ നടന്ന സെൽറ്റ വിഗോയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ കോപ ഡെൽ റേ മത്സരത്തിൽ കാമവിംഗ ഇറങ്ങിയിരുന്നു. ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ തിരക്കേറിയ ഷെഡ്യൂൾ മുന്നിൽ ഇരിക്കെ കാമവിംഗയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.

അടുത്ത മാസം നിർണായക മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹം തിരിച്ചുവരും എന്നാണ് ക്ലബിന്റെ പ്രതീക്ഷ.

ഡാനി ഓൽമയുടെ രജിസ്‌ട്രേഷനു ബാഴ്‌സലോണ ഇനി കോടതിയിലേക്ക്

തങ്ങളുടെ സ്പാനിഷ് മധ്യനിര താരം ഡാനി ഓൽമയുടെ രജിസ്‌ട്രേഷനു ആയി ബാഴ്‌സലോണ ഇനി കോടതിയിലേക്ക്. അവസാന നിമിഷങ്ങളിൽ ഓൽമയെയും, മറ്റൊരു താരം പൗ വിക്ടറിനെയും രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ സ്പാനിഷ് ലാ ലീഗയും, സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും നിരസിക്കുക ആയിരുന്നു. ഫിനാഷ്യൽ ഫെയർ പ്ലെ നിയമങ്ങൾക്ക് കീഴിൽ ക്ലബിന്റെ ചിലവ് വരാൻ നിരവധി മാർഗങ്ങൾ ക്ലബ് സ്വീകരിച്ചു എങ്കിലും ഇതൊന്നും ലാ ലീഗ സമ്മതിച്ചില്ല.

നേരത്തെ ബാഴ്‌സലോണക്ക് ആയി മാത്രം നിയമ ഇളവ് നൽകുന്നതിന് എതിരെ മറ്റു സ്പാനിഷ് ക്ലബുകളും രംഗത്ത് വന്നിരുന്നു. ഇന്നലെ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ആവും എന്ന് പറഞ്ഞ ക്ലബ് പ്രസിഡന്റ് ലപോർട്ടെ താരങ്ങളോട് ഇന്ന് മാപ്പ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. നിലവിൽ ഈ തീരുമങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുക മാത്രമാണ് ബാഴ്‌സലോണക്ക് മുന്നിലുള്ള ഏക വഴി. നിലവിൽ തങ്ങളുടെ ഭാവിയുടെ കാര്യത്തിൽ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ ആർ.ബി ലൈപ്സിഗിൽ നിന്നു ബാഴ്‌സയിൽ എത്തിയ ഓൽമക്ക് അടക്കം കടുത്ത ആശങ്കയാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണക്ക് ആയി കളിക്കാൻ പറ്റാത്ത താരങ്ങളുടെ ഭാവി തുലാസിൽ ആണ്.

ഉഗ്രൻ ഗോളുകൾ, വിജയവുമായി റയൽ മാഡ്രിഡ് ലാ ലീഗയിൽ രണ്ടാമത്

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയെ 4-2 നു തോൽപ്പിച്ചു റയൽ മാഡ്രിഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ ഒന്നാം സ്ഥാനക്കാർ ആയ അത്ലറ്റികോ മാഡ്രിഡും ആയി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അവർക്ക് ഉള്ളത്. മത്സരത്തിൽ പത്താം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ നിന്നു ഉഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ കിലിയൻ എംബപ്പെയാണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. 20 മത്തെ മിനിറ്റിൽ കാമവിങയുടെ പാസിൽ നിന്നു സമാനമായ ഉഗ്രൻ ഗോൾ നേടിയ ഫെഡറിക്കോ വാൽവെർഡെ റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു.

34 മത്തെ മിനിറ്റിൽ ലൂകാസ് വാസ്കസിന്റെ പാസിൽ നിന്നു ഗോൾ നേടിയ റോഡ്രിഗോ ഏതാണ്ട് റയൽ ജയം ഉറപ്പിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സെവിയ്യ ഇസാക് റൊമേറോയുടെ ഗോളിൽ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ നേടിയ ബ്രാഹിം ഡിയാസ് റയൽ ജയം ഉറപ്പിച്ചു. മത്സരത്തിൽ 85 മത്തെ മിനിറ്റിൽ ലുകബാകികോ സെവിയ്യക്ക് ആയി ആശ്വാസ ഗോൾ നേടി. ലാ ലീഗ കിരീട പോരാട്ടത്തിൽ തങ്ങൾ ശക്തമായി ഉണ്ടാവും എന്ന സൂചന ആണ് ഇന്ന് റയൽ നൽകിയത്.

തിരിച്ചു വന്നു 96 മത്തെ മിനിറ്റിലെ ഗോളിൽ ബാഴ്‌സലോണയെ തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്

ലാ ലീഗ കിരീട പോരാട്ടത്തിൽ മുൻതൂക്കം നേടി അത്ലറ്റികോ മാഡ്രിഡ്. ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് 2-1 നു മറികടന്ന അവർ ലീഗിൽ ഒരു കളി കൂടുതൽ കളിച്ച ബാഴ്‌സയെക്കാൾ 3 പോയിന്റുകൾ മുന്നിൽ ആണ്. ബാഴ്‌സ ആധിപത്യം കണ്ട മത്സരത്തിൽ ഗാവിയുടെ പാസിൽ നിന്നു പെഡ്രിയാണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ ബാഴ്‌സ നിരവധി അവസരങ്ങൾ സമ്മാനിച്ചപ്പോൾ ഒരു ഷോട്ട് പോലും അത്ലറ്റികോ ആദ്യ പകുതിയിൽ അടിച്ചില്ല.

എന്നാൽ രണ്ടാം പകുതിയിൽ സിമിയോണിയുടെ ടീം തിരിച്ചു വന്നു. 60 മത്തെ മിനിറ്റിൽ ലോങ് ഷോട്ടിലൂടെ ഗോൾ നേടിയ അർജന്റീനൻ താരം റോഡ്രിഗോ ഡി പോൾ അത്ലറ്റികോയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് മുൻതൂക്കം നേടാൻ ബാഴ്‌സക്ക് അവസരം ലഭിച്ചെങ്കിലും റഫീന്യോയുടെ ഷോട്ടിൽ പോസ്റ്റിൽ ഇടിച്ചു മടങ്ങി. ലെവൻഡോവ്സ്കി അവരവും പാഴാക്കി. തുടർന്ന് 96 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു മൊളീന്യോയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ നോർവെ താരം അലക്‌സാണ്ടർ സോർലോത് സിമിയോണിയുടെ ടീമിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു.

ബാഴ്സലോണ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി, ഒന്നാം സ്ഥാനം നഷ്ടമാകാൻ സാധ്യത

ലാലിഗയിലെ ബാഴ്സലോണയുടെ ഒന്നാം സ്ഥാനം നഷ്ടമാകാൻ സാധ്യത. അവർ ഇന്നലെ നടന്ന മത്സരത്തിൽ ലെഗനെസിനോട് പരാജയപ്പെട്ടു. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ പരാജയം.

കളി ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ലെഗനെസ് ലീഡ് എടുത്തു. സെർജിയോ ഗോൺസാലസ് ആണ് സന്ദർശകർക്ക് ആയി ഗോൾ നേടിയത്. ബാഴ്സലോണ പല വിധത്തിലും മുന്നേറ്റങ്ങൾ നടത്തി നോക്കി എങ്കിലും ബാഴ്സലോണക്ക് മറുപടിയായി ഒരു ഗോൾ പോലും നേടാൻ ആയില്ല.

ഈ പരാജയത്തോടെ ബാഴ്സലോണ 18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുന്നു. എന്നാൽ 17 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡും 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള റയൽ മാഡ്രിഡും ബാഴ്സക്ക് തൊട്ടു പിറകിൽ ഉണ്ട്.

ബാഴ്സലോണ പതറുന്നു!! ലാസ് പാൽമാസിനോട് പരാജയം

സ്വന്തം ഹോം ഗ്രൗണ്ടിൽ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് ലാസ് പാൽമാസിനോട് ബാഴ്‌സലോണ 2-1ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ പെനയെ മറികടന്ന് സാൻഡ്രോ സന്ദർശകർക്ക് ലീഡ് നൽകി.

ഈ ഗോളിനോട് നന്നായൊ പ്രതികരിച്ച ബാഴ്സലോണ റാഫിഞ്ഞയിലൂടെ 61-ാം മിനിറ്റിൽ സമനില പിടിച്ചു. എന്നിരുന്നാലും, 67-ാം മിനിറ്റിൽ സിൽവ ലാസ് പാമസിന്റെ ലീഡ് പുനഃസ്ഥാപിച്ചു. ഹാവിയർ മ്യൂനോസിൻ്റെ ഒരു പെർഫെക്റ്റ് പാസിൽ നിന്നായി സിൽവയുടെ ഗോൾ. അദ്ദേഹത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണിത്.

15 മത്സരങ്ങളിൽ നിന്ന് 34 പോയിൻ്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും തോൽവി ബാഴ്‌സലോണയുടെ കുതിപ്പിന് തിരിച്ചടിയായി. റയൽ മാഡ്രിഡ് രണ്ട് കളികൾ ശേഷിക്കെ നാല് പോയിൻ്റ് പിന്നിലായി ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയർത്തുന്നു.

റയൽ മാഡ്രിഡിന് വിജയം, ബാഴ്സലോണയോട് അടുക്കുന്നു

എസ്റ്റാഡിയോ മുനിസിപ്പൽ ഡി ബ്യൂട്ടാർക്കിൽ ലെഗാനെസിനെ 3-0ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ലാ ലിഗ പോയിന്റ് ടേബിളിൽ ബാഴ്‌സലോണയുടെ അടുത്ത് എത്തിയിരിക്കുകയാണ് റയൽ. ഈ ജയത്തോടെ ബാഴ്സലോണക്ക് 4 പോയിന്റ് മാത്രം പിറകിലാണ് റയൽ. റയൽ ആകട്ടെ ഒരു മത്സരം കുറവാണ് കളിച്ചതും.

43-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് കൈലിയൻ എംബാപ്പെയാണ് സ്കോറിംഗ് ആരംഭിച്ചത്. 66-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്നുള്ള പവർ ഷോട്ടിലൂടെ ഫെഡറിക്കോ വാൽവെർഡെ ലീഡ് ഇരട്ടിയാക്കി. ജൂഡ് ബെല്ലിംഗ്ഹാം കൂടെ വല കണ്ടെത്തിയതോടെ വിജയം റയൽ പൂർത്തിയാക്കി.

സെൽറ്റയ്‌ക്കെതിരായ ബാഴ്‌സലോണയുടെ മത്സരം ലമിൻ യമാലിന് നഷ്ടമാകും

സെൽറ്റയ്‌ക്കെതിരായ ബാഴ്‌സലോണയുടെ വാരാന്ത്യ മത്സരം ലമിൻ യമാലിന് നഷ്ടമാകും. അന്താരാഷ്‌ട്ര ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഉണ്ടായ പരിക്ക് കാരണമാണ് കൗമാരക്കാരനായ ലാമിൻ യമൽ പുറത്തായത്. താരം സുഖം പ്രാപിക്കുന്ന സാഹചര്യത്തിൽ ഒരു റിസ്കും ഇപ്പോൾ എടുക്കേണ്ടതില്ലെന്ന് മാനേജർ ഹൻസി ഫ്ലിക്ക് തീരുമാനിച്ചു.

ബ്രെസ്റ്റിനെതിരായ ബാഴ്‌സലോണയുടെ നിർണായക ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലിൻ്റെ സമയത്ത് യമൽ ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലിക്ക് വന്നത് മുതൽ ബാഴ്സലോണയുടെ പ്രധാന അറ്റാക്കിങ് ത്രെറ്റ് ആയി യമാൽ വളർന്നിട്ടുണ്ട്. എങ്കിലും താരത്തിന്റെ ജോലി ഭാരം നിയന്ത്രിച്ച് വലിയ പരിക്കുകൾ താരത്തെ ബാധിക്കാത്ത രീതിയിൽ കളിപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.

പരിക്കുകൾ റയൽ മാഡ്രിഡിനെ വേട്ടയാടുന്നു, 3 താരങ്ങൾക്ക് കൂടെ പരിക്കേറ്റു

ഒസാസുനയ്‌ക്കെതിരായ റയൽ മാഡ്രിഡിൻ്റെ 4-0 വിജയത്തിന്റെ സന്തോഷം പരിക്കുകൾ കാരണം ആഘോഷിക്കാൻ ആവാത്ത അവസ്ഥയിൽ ആണ് റയൽ മാഡ്രിഡ് ആരാധകർ. 3 താരങ്ങൾക്ക് ഇന്നലെ നടന്ന മത്സരത്തിനിടയിൽ പരിക്കേറ്റു.

സെൻ്റർ-ബാക്ക് എഡർ മിലിറ്റാവോയുടെ വലത് കാൽമുട്ടിന് എസിഎൽ ഇഞ്ച്വറി ഉണ്ടായി. മാസങ്ങളോളം അദ്ദേഹത്തിന് ഇനി കളിക്കാൻ ആകില്ല‌. ഈ സീസണിൽ തിരികെ വരുന്നത് സംശയമാണ്. ഒരു റീബൗണ്ട് ചെയ്ത പന്ത് ക്ലിയർ ചെയ്യാൻ മിലിറ്റോ ശ്രമിക്കുന്നതിനിടയിലാണ് പരിക്ക് സംഭവിച്ചത്,

ഫോർവേഡ് റോഡ്രിഗോ കാലിന് പരിക്കേറ്റതിനാൽ ബെഞ്ചിൽ ഐസ് വെച്ച് ചികിത്സ സ്വീകരിക്കുന്നത് ഇന്നലെ കാണപ്പെട്ടു. കൂടാതെ റൈറ്റ് ബാക്ക് ലൂക്കാസ് വാസ്ക്വസ് ഹാഫ് ടൈമിൽ കാലിന് പ്രശ്‌നമുണ്ടായതിനെ തുടർന്ന് പകരക്കാരനായി കളം വിടേണ്ടതായും വന്നു. ഇതിനകം തന്നെ റയലിന്റെ തിബോട്ട് കോർതോ, ഡാനി കാർവാഹൽ തുടങ്ങിയവർ പരിക്കേറ്റ് പുറത്താണ്‌.

Exit mobile version