ലീഡ്‌സ് യുണൈറ്റഡിന്റെ തിരിച്ചുവരവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ജയം


ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-2ന്റെ ആവേശകരമായ വിജയം. ഫിൽ ഫോഡൻ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി സിറ്റിക്ക് മുൻതൂക്കം നൽകി കൊണ്ടാണ് മത്സരം ആരംഭിച്ചത്. 25-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. സിറ്റി സുഖമായി ജയിക്കും എന്ന് കരുതി എങ്കിലും ലീഡ്സ് തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ഡൊമിനിക് കാൽവെർട്ട്-ലെവിൻ ലീഡ്‌സിനായി ഒരു ഗോൾ കൂടി നേടിയതോടെ സ്കോർ 2-1 ആയി. 68-ാം മിനിറ്റിൽ ലൂക്കാസ് നെമെച്ച ഗോൾ നേടി സ്കോർ സമനിലയിലാക്കി. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും, ഇഞ്ചുറി ടൈമിൽ (90+1 മിനിറ്റ്) ഫിൽ ഫോഡൻ വിജയഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശകരമായ വിജയം ഉറപ്പാക്കി.


സെന്റ് ജെയിംസ് പാർക്കിൽ തീ പാറി, മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഉഗ്രൻ ഫോമിൽ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ സിറ്റിയെ വീഴ്ത്തിയത്. 2019 നു ശേഷം ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ സിറ്റിയെ ലീഗിൽ തോൽപ്പിക്കുന്നത്. ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. ഡോണരുമയുടെ ഉഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ് ആദ്യ പകുതിയിൽ സിറ്റിക്ക് തുണയായത്.

വോൾട്ട്മഡയുടെ ഷോട്ടുകൾ ഒക്കെ അസാധ്യമായാണ് ഇറ്റാലിയൻ ഗോൾ കീപ്പർ രക്ഷിച്ചത്. ഇടക്ക് കിട്ടിയ സുവർണാവസരം ഹാർവി ബാർൺസ് പാഴാക്കിയത് ന്യൂകാസ്റ്റിൽ ആരാധകർ അവിശ്വസനീയതോടെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും പെനാൽട്ടി അപ്പീലുകൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കുന്നതും കാണാൻ ആയി. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം ഹാളണ്ടിന് ലക്ഷ്യം കാണാനും ആയില്ല. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മികവ് കാണിച്ചെങ്കിലും ന്യൂകാസ്റ്റിൽ അവസരങ്ങൾ തുറന്നു. 63 മത്തെ മിനിറ്റിൽ ബ്രൂണോ ഗുമിരാസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ റൂബൻ ഡിയാസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനുള്ളിൽ ന്യൂകാസ്റ്റിൽ മുൻതൂക്കം തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ വോൾട്ട്മഡയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടാനുള്ള ബ്രൂണോ ഗുമിരാസിന്റെ ശ്രമം ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ലക്ഷ്യം കണ്ട ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് വീണ്ടും മുൻതൂക്കം നൽകി. ഓഫ് സൈഡിന് ആയി നീണ്ട വാർ പരിശോധന നടന്നെങ്കിലും റഫറി ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി ശ്രമം നടത്തിയെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിലവിൽ സിറ്റി ലീഗിൽ മൂന്നാമതും ന്യൂകാസ്റ്റിൽ പതിനാലാം സ്ഥാനത്തും ആണ്.

ലിവർപൂൾ നിലം തൊട്ടില്ല! മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം


പ്രീമിയർ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-0ന്റെ ആധികാരിക വിജയം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആതിഥേയർ വ്യക്തമായ ആധിപത്യം പുലർത്തി. പതിമൂന്നാം മിനിറ്റിൽ എർലിംഗ് ഹാലൻഡിന് പെനാൽറ്റി നഷ്ടമായെങ്കിലും, ഇരുപത്തിയൊൻപതാം മിനിറ്റിൽ മാത്യൂസ് നൂനസിന്റെ അസിസ്റ്റിൽ ഹാലൻഡ് ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെർണാഡോ സിൽവയുടെ പാസിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ലോ ഷോട്ടിലൂടെ നിക്കോളാസ് ഗോൺസാലസ് സിറ്റിയുടെ ലീഡ് 2-0 ആയി ഉയർത്തി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആധിപത്യം തുടർന്നു. രണ്ട് ഗോളുകൾക്ക് പിന്നിലായിട്ടും മുഹമ്മദ് സലാ, കോഡി ഗാക്പോ എന്നിവരുടെ നേതൃത്വത്തിൽ പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ ലിവർപൂളിന് സാധിച്ചില്ല. എന്നാൽ, സിറ്റി സമ്മർദ്ദം തുടർന്നു.

അറുപത്തിമൂന്നാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ജെറമി ഡോക്കുവിന്റെ മനോഹരമായ വലത് കാൽ ഷോട്ട് ലീഡ് 3-0 ആക്കി ഉയർത്തി. ഡോക്കുവിന്റെ ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്.


ഈ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിന് തൊട്ടുപിന്നിൽ സിറ്റി തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കി. സിറ്റിക്ക് 22 പോയിന്റും ആഴ്സണലിന് 26 പോയിന്റുമാണ് ഉള്ളത്. ലിവർപൂൾ നിലവിൽ എട്ടാം സ്ഥാനത്താണ്.

പെപ് ഗ്വാർഡിയോളക്ക് പരിശീലകൻ എന്ന നിലയിൽ മത്സരം നമ്പർ 1,000!


മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു സുപ്രധാന നാഴികക്കല്ലിനരികിലാണ്. ഒരു പ്രൊഫഷണൽ ഫുട്ബോൾ മാനേജരെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ 1,000-ാം മത്സരം ഈ ഞായറാഴ്ച നടക്കും. സിറ്റി ഈ മത്സരത്തിൽ ലിവർപൂളിനെ ആണ് നേരിടുന്നത്.

2007-ൽ ബാഴ്സലോണ ബി-യോടൊപ്പം തന്റെ പരിശീലക ജീവിതം ആരംഭിച്ചതു മുതൽ, 12 ആഭ്യന്തര ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടി ഫുട്ബോളിലെ ഏറ്റവും വിജയകരമായ മാനേജർമാരിൽ ഒരാളായി ഗ്വാർഡിയോള മാറി.


999 മത്സരങ്ങളിൽ നിന്ന് 715 വിജയങ്ങൾ എന്ന മഹത്തായ റെക്കോർഡ് ഗ്വാർഡിയോളക്ക് ഉണ്ട്.

ഗോൾ വേട്ട തുടർന്ന് മിസ്റ്റർ റോബോട്ട്! ജയം കണ്ടു മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോർൺമൗതിനെ തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ സിറ്റി അവരെ മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്കും കയറി. സീസണിൽ അവിശ്വസനീയം ആയ ഫോമിൽ കളിക്കുന്ന ഏർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകൾ ആണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. സീസണിൽ 10 കളികളിൽ നിന്നു 12 ഗോളുകൾ ഹാളണ്ട് ഇതിനകം നേടിക്കഴിഞ്ഞു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയുടെ ത്രൂ ബോളിൽ നിന്നു ഉഗ്രൻ ഗോൾ കണ്ടെത്തിയ ഹാളണ്ട് സിറ്റിയുടെ ഗോൾ വേട്ട ആരംഭിച്ചു.

എന്നാൽ 25 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ നേടിയ ടെയ്‌ലർ ആദംസ് ബോർൺമൗതിനായി ഗോൾ മടക്കി. 33 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ബോർൺമൗതിന്റെ ഹൈലൈൻ ചെർക്കിയുടെ പാസ് ഭേദിച്ചപ്പോൾ അനായാസം ഗോൾ നേടിയ ഹാളണ്ട് സിറ്റിക്ക് വീണ്ടും മുൻതൂക്കം നൽകി. തുടർന്ന് ഗോളിനായി ബോർൺമൗത് ശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം കുലുങ്ങിയില്ല. രണ്ടാം പകുതിയിൽ ഫിൽ ഫോഡന്റെ പാസിൽ നിന്നു ഗോൾ നേടിയ നിക്കോ ഒ’റെയിലി മാഞ്ചസ്റ്റർ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. ആസ്റ്റൺ വില്ലയോട് ഏറ്റ പരാജയത്തിൽ നിന്നു സിറ്റിയുടെ മടങ്ങി വരവ് ആയി ഈ ജയം. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിട്ട ശേഷം അടുത്ത ആഴ്ച രണ്ടാം സ്ഥാനക്കാർ ആയ സിറ്റി മൂന്നാമതുള്ള ലിവർപൂളിനെ ആണ് നേരിടുക.

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി മറികടന്നത്. 12 മത്തെ മിനിറ്റിൽ ഗോൺസാലോ ഫ്രാങ്കോയുടെ ഗോളിൽ പിറകിൽ പോയ സിറ്റി തിരിച്ചു വന്നു ജയം കാണുക ആയിരുന്നു. 39 മത്തെ മിനിറ്റിൽ അയിറ്റ് നൂറിയുടെ പാസിൽ നിന്നു ജെറമി ഡോക്കു അവർക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ഒമർ മർമോഷും 93 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയും സിറ്റിക്ക് വിജയഗോളുകൾ സമ്മാനിക്കുക ആയിരുന്നു.

അതേസമയം 7 ഗോൾ ത്രില്ലറിൽ വോൾവ്സിനെ 4-3 നു തോൽപ്പിച്ച ചെൽസിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ ആന്ദ്ര സാന്റോസ്, ടൈറിക് ജോർജ്‌, എസ്റ്റെവോ എന്നിവരിലൂടെ ചെൽസി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ് ടോലു, ഡേവിഡ് വോൾഫെ എന്നിവരിലൂടെ രണ്ടു ഗോളുകൾ മടക്കി. 86 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ലിയാം ഡിലാപ്പ് പുറത്ത് പോയതോടെ ചെൽസി 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജെയ്മി ഗിറ്റൻസ് ഏതാണ്ട് ചെൽസി ജയം ഉറപ്പിച്ചു. 91 മത്തെ മിനിറ്റിൽ വോൾവ്സ് ഡേവിഡിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും അത് പരാജയം ഒഴിവാക്കാൻ മതി ആയിരുന്നില്ല.

ആസ്റ്റൺ വില്ലക്ക് മുന്നിൽ മാഞ്ചസ്റ്റർ സിറ്റി വീണു

ചാമ്പ്യൻസ് ലീഗിൽ ജയിച്ചു വന്ന ആത്മവിശ്വാസത്തിൽ ജയം തുടരാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു ഉനയ് എമറെയുടെ ആസ്റ്റൺ വില്ല. യൂറോപ്പ ലീഗിൽ പരാജയപ്പെട്ടു വന്ന അവർ പക്ഷെ സിറ്റിയെ സ്വന്തം മൈതാനത്ത് ഞെട്ടിക്കുക ആയിരുന്നു. ഹാളണ്ടിന്റെ അവിശ്വസനീയം ആയ ഹോളടി മികവ് പിടിച്ചു കെട്ടിയ വില്ല എതിരില്ലാത്ത ഏക ഗോളിന് ആണ് ജയം കണ്ടത്. 19 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് വില്ല വിജയഗോൾ കണ്ടെത്തിയത്.

എമിലിയാന ബുണ്ടിയെയുടെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഡോണറൂമയെ മറികടന്ന വില്ല പ്രതിരോധ താരം മാറ്റി കാശ് ആണ് അവർക്ക് വിജയം സമ്മാനിച്ചത്. സിറ്റിക്ക് എതിരെ സ്വന്തം മൈതാനത്ത് തുടർച്ചയായ മൂന്നാം ജയം ആണ് വില്ല ഇന്ന് കുറിച്ചത്. ഹാളണ്ടിന് വലിയ ഒരവസരവും അവർ നൽകാതിരുന്നതോടെ സിറ്റി തോൽവി സമ്മതിച്ചു. ജയത്തോടെ വില്ല സിറ്റിക്ക് ഒരു പോയിന്റ് 15 പോയിന്റും ആയി ഏഴാം സ്ഥാനത്തേക്ക് കയറി, സിറ്റി അതേസമയം നാലാം സ്ഥാനത്തേക്ക് വീണു.

മൊണാക്കോയുടെ വൈകിയെത്തിയ സമനില; ഹാലൻഡിൻ്റെ ഇരട്ട ഗോളിനും സിറ്റിയെ രക്ഷിക്കാനായില്ല


ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം വിജയം നിഷേധിച്ചു കൊണ്ട് മൊണാക്കോ നാടകീയമായി സമനില പിടിച്ചു. ബുധനാഴ്ച രാത്രി സ്റ്റേഡ് ലൂയിസ് II-ൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്‌കോറിനാണ് മൊണാക്കോ സിറ്റിയെ സമനിലയിൽ തളർത്തിയത്. ആദ്യ പകുതിയിൽ എർലിംഗ് ഹാലൻഡ് ഇരട്ട ഗോൾ നേടി മുന്നിലെത്തിച്ചെങ്കിലും, 90-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എറിക് ഡയർ നേടിയ ഗോൾ മൊണാക്കോയ്ക്ക് ടൂർണമെൻ്റിലെ ആദ്യ പോയിൻ്റ് നേടിക്കൊടുത്തു.


മത്സരത്തിൻ്റെ 15-ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളിൻ്റെ ഉയർന്ന് വന്ന പന്ത് സ്വീകരിച്ച് ഫിലിപ്പ് കോഹനെ മറികടന്ന് ഹാലൻഡ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. തുടർന്നും മൊണാക്കോ സമ്മർദ്ദത്തിലായിരുന്നെങ്കിലും, മൂന്ന് മിനിറ്റിന് ശേഷം ജോർദാൻ ടെസെ ദൂരെ നിന്ന് തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ സമനില കണ്ടെത്തി. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സിറ്റി വീണ്ടും മുന്നിലെത്തി. നിക്കോ ഓറെയ്‌ലിയുടെ ക്രോസിൽ തലവെച്ച് ഹാലൻഡ് തൻ്റെ രണ്ടാം ഗോൾ നേടി. ഇതോടെ വെറും 50 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഹാലൻഡ് 52 ഗോളുകൾ എന്ന നേട്ടം കൈവരിച്ചു.


സിറ്റിയുടെ ആധിപത്യം തുടർന്നുവെങ്കിലും മൊണാക്കോ പിന്മാറാൻ തയ്യാറായില്ല. മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, നിക്കോ ഗോൺസാലസ് ഡയറിനെതിരെ അപകടകരമായ രീതിയിൽ ഉയർത്തിയ ബൂട്ടിന് സ്പാനിഷ് റഫറി ജെസ്യൂസ് ഗിൽ മൻസാനോ വി.എ.ആർ. (VAR) സഹായത്തോടെ പെനാൽറ്റി വിധിച്ചു. കിട്ടിയ അവസരം മുതലെടുത്ത് എറിക് ഡയർ ശാന്തമായി പന്ത് ജിയാൻലൂജി ഡൊണ്ണറുമ്മയെ മറികടന്ന് വലയിലെത്തിച്ച് ഫ്രഞ്ച് ടീമിന് നിർണ്ണായകമായ ഒരു പോയിന്റ് നേടിക്കൊടുത്തു.


പരിക്ക് ഭേദമായി, റയാൻ ഷെർക്കി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു


മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർക്ക് സന്തോഷ വാർത്ത. ക്ലബ്ബിന്റെ പുതിയ സൈനിംഗായ റയാൻ ഷെർക്കിക്ക് ഏറ്റ ഹാംസ്ട്രിങ് പരിക്ക് പൂർണ്ണമായും ഭേദമായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, നാപോളി, ആഴ്സണൽ തുടങ്ങിയ പ്രധാന മത്സരങ്ങൾ നഷ്ട്ടപെട്ട ചെർക്കി, ഈ ആഴ്ച നടത്തിയ എം.ആർ.ഐ സ്കാനിൽ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയതായി സ്ഥിരീകരിച്ചു.


ഷെർക്കി ഇപ്പോൾ പുനരധിവാസ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ടീമിനൊപ്പം മുഴുവൻ പരിശീലനത്തിലും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊണാക്കോയ്‌ക്കോ ബ്രെന്റ്ഫോഡിനോ എതിരായ മത്സരത്തിൽ അദ്ദേഹത്തിന് അവസരം നൽകിയേക്കാം.
എങ്കിലും, പരിശീലകൻ പെപ് ഗ്വാർഡിയോള അദ്ദേഹത്തെ ഉടൻ കളിക്കളത്തിലേക്ക് ഇറക്കാൻ സാധ്യതയില്ല. ഈ വാരാന്ത്യത്തിൽ ബേൺലിക്കെതിരായ മത്സരത്തിൽ ഷെർക്കി കളിക്കില്ലെന്നും, പടിപടിയായി അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്നും ഗ്വാർഡിയോള സൂചിപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റി സാവിഞ്ഞോയുമായി പുതിയ കരാറിലേക്ക്


ബ്രസീലിയൻ വിംഗർ സാവിഞ്ഞോയുമായി 2031 വരെ നീളുന്ന പുതിയ ദീർഘകാല കരാർ ഒപ്പിടാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്ലബ്ബും താരവും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് 70 ദശലക്ഷം യൂറോയുടെ രണ്ട് വലിയ ഓഫറുകൾ സിറ്റി നിരസിച്ചതിന് പിന്നാലെയാണ് ഈ പുതിയ കരാർ.

2026 ലോകകപ്പിന് മുമ്പ് കൂടുതൽ കളിക്കാനുള്ള അവസരം ലഭിക്കുമെന്നതിനാൽ ഒരു കൂടുമാറ്റം പരിഗണിക്കാൻ സാവിഞ്ഞോ തയ്യാറായിരുന്നെങ്കിലും, 21-കാരനായ താരത്തെ ഭാവിയിലെ നിർണായക ശക്തിയായി കാണുന്ന സിറ്റി തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ അവസാന നിമിഷം സമനില നേടി ആഴ്സണൽ


എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ തകർപ്പൻ ഗോളാണ് ആഴ്സണലിന് നിർണായകമായ ഒരു പോയിന്റ് നേടിക്കൊടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ എർലിംഗ് ഹാലൻഡിന്റെ ഗോളിൽ സിറ്റി ലീഡ് നേടിയെങ്കിലും, അവസാന നിമിഷം വരെ പൊരുതിയ ആഴ്സണലിന്റെ പോരാട്ടവീര്യം വിജയം കണ്ടു.



ടൈറ്റിൽ പോരാട്ടത്തിലെ തങ്ങളുടെ പ്രധാന എതിരാളികൾക്കെതിരെ ആഴ്സണൽ മികച്ച തുടക്കമാണ് നടത്തിയത്. ആദ്യ പകുതിയിൽ 67.5% പന്തടക്കം കൈവശം വെച്ച അവർ കൃത്യമായ പാസുകളിലൂടെ സിറ്റിയുടെ പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി. എന്നാൽ, കളിയുടെ ഒഴുക്കിനെതിരായി ഒമ്പതാം മിനിറ്റിൽ സിറ്റി മുന്നിലെത്തി. ഹാലൻഡ് ടിജാനി റെയ്ൻഡേഴ്സിന് പന്ത് നൽകി മുന്നോട്ട് കയറി, റെയ്ൻഡേഴ്സ് തിരിച്ചുകൊടുത്ത പാസ് ഗോൾകീപ്പർ ഡേവിഡ് റായയെ മറികടന്ന് അനായാസം വലയിലെത്തിച്ചു. ഈ സീസണിൽ ഹാലൻഡിന്റെ ആറാം ലീഗ് ഗോളായിരുന്നു ഇത്.


സമനിലയ്ക്കായി ആഴ്സണൽ ശക്തമായി തിരിച്ചടിച്ചെങ്കിലും, സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ മഡ്യുക്കെയുടെ ഒരു ഷോട്ട് ഡൊണ്ണറുമ്മ മികച്ച രീതിയിൽ രക്ഷപ്പെടുത്തി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി. ആതിഥേയർ നിരന്തരം ആക്രമിച്ചു കയറി ഇസെ, സുബിമെൻഡി എന്നിവരിലൂടെ ഡൊണ്ണറുമ്മയെ പരീക്ഷിച്ചു. എന്നാൽ, സിറ്റിയുടെ പ്രതിരോധം കൂടുതൽ ശക്തമായി.


ആഴ്സണലിന്റെ ആക്രമണത്തെ ചെറുത്ത് നിന്ന സിറ്റി, മധ്യനിരയിൽ മാറ്റങ്ങൾ വരുത്തി കളി നിയന്ത്രിക്കാൻ ശ്രമിച്ചു. ഹാലൻഡിന് പകരം നിക്കോ ഗോൺസാലസിനെ ഇറക്കിയ പെപ് ഗ്വാർഡിയോള കൂടുതൽ പ്രതിരോധ താരങ്ങളെയും പിന്നീട് കളത്തിലിറക്കി. എന്നാൽ, ആഴ്സണൽ മാർട്ടിനെല്ലിയെയും എൻവാനേറിയെയും കളത്തിലിറക്കി ആക്രമണം കൂടുതൽ ശക്തമാക്കി.


സിറ്റി വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച ഘട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ആഴ്സണലിന് ആശ്വാസമായി സമനില ഗോൾ പിറന്നു. എബെറെച്ചി ഇസെ നൽകിയ മനോഹരമായൊരു ലോങ് ബോൾ സ്വീകരിച്ച മാർട്ടിനെല്ലി, മുന്നോട്ട് കയറിയ ഗോൾകീപ്പർ ഡൊണ്ണറുമ്മയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ൽ

മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി!


പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് തകർത്തത്. ഫിൽ ഫോഡൻ, എർലിങ് ഹാലൻഡ് എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലൻഡ് ഇരട്ട ഗോളുകളോടെ തിളങ്ങി.


മത്സരത്തിന്റെ തുടക്കം മുതൽ സിറ്റിയുടെ ആക്രമണമായിരുന്നു. ജെറമി ഡോകുവിന്റെ മികച്ച മുന്നേറ്റങ്ങളാണ് സിറ്റിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 18-ാം മിനിറ്റിൽ ഡോകുവിന്റെ കൃത്യമായ പാസിൽ നിന്ന് ഫിൽ ഫോഡൻ ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എർലിങ് ഹാലൻഡ് തന്റെ 150-ാം സിറ്റി മത്സരത്തിൽ ഗോൾ നേടി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡോകു ആയിരുന്നു.

പിന്നീട് 68-ാം മിനിറ്റിൽ ബെർണാഡോ സിൽവ നൽകിയ മനോഹരമായ പാസിൽ നിന്ന് ഹാലൻഡ് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വിജയം ഉറപ്പിച്ചു.

യുണൈറ്റഡിന്റെ ചില മുന്നേറ്റങ്ങൾ സിറ്റി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ്മ രക്ഷപ്പെടുത്തി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. സിറ്റി ഈ ജയത്തോടെ ടേബിളിൽ യുണൈറ്റഡിന് മറികടന്ന് മുന്നേറി.

Exit mobile version