ആൻഫീൽഡിൽ ലിവർപൂൾ നാണംകെട്ടു!! ഫോറസ്റ്റിന്റെ താണ്ഡവം!


ആൻഫീൽഡിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലിവർപൂളിനെതിരെ 3-0 ന്റെ മികച്ച വിജയം നേടി ലീഗ് ചാമ്പ്യന്മാരെ ഞെട്ടിച്ചു. ഇന്ന് ഫോറസ്റ്റ് 33-ാം മിനിറ്റിൽ മുറില്ലോയുടെ കൃത്യമായ ഷോട്ടിലൂടെ ലീഡ് നേടി. ലിവർപൂൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഈ ഗോളിന് മറുപടി നൽകാൻ ആയില്ല.

രണ്ടാം പകുതിക്ക് തൊട്ടുപിന്നാലെ നെക്കോ വില്യംസിന്റെ അസിസ്റ്റിൽ നിന്ന് നിക്കോളോ സവോണ മികച്ച ഫിനിഷിലൂടെ ഫോറസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി, ഇത് ലിവർപൂളിനെ കടുത്ത സമ്മർദ്ദത്തിലാക്കി.
മുഹമ്മദ് സല, അലക്സിസ് മാക് അല്ലിസ്റ്റർ, ഡൊമിനിക് സൊബോസ്ലായ് എന്നിവരുടെ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും ലിവർപൂളിന് ഫോറസ്റ്റിന്റെ പ്രതിരോധം ഭേദിക്കാനായില്ല. 78-ാം മിനിറ്റിൽ മോർഗൻ ഗിബ്സ്-വൈറ്റ് ബോക്സിനുള്ളിൽ നിന്ന് ഇടത് കാൽ കൊണ്ട് ഗോൾ നേടി ഫോറസ്റ്റിന്റെ ലീഡ് വീണ്ടും ഉയർത്തുകയും വിജയമുറപ്പിക്കുകയും ചെയ്തു.


ഫെഡറിക്കോ കിയേസ, ആൻഡി റോബർട്ട്സൺ, ഫോർവേഡ് ഹ്യൂഗോ എകിറ്റികെ എന്നിവരെ കളത്തിലിറക്കി ലിവർപൂൾ പരീക്ഷണം നടത്തിയെങ്കിലും ഫോറസ്റ്റിന്റെ ഒതുക്കമുള്ള പ്രതിരോധവും ക്ലിനിക്കൽ ഫിനിഷും കാരണം ലിവർപൂളിന് കാര്യമായൊന്നും ചെയ്യാനായില്ല.

ഈ തോൽവി ലിവർപൂളിനെ ലീഗിൽ പത്താം സ്ഥാനത്ത് നിർത്തുകയാണ്.

ജയവുമായി ബോർൺമൗത് ലീഗിൽ രണ്ടാമത്, വോൾവ്സിന്റെ കഷ്ടകാലം തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച തുടക്കം തുടർന്ന് ബോർൺമൗത്. പുതിയ പരിശീലകനും ആയി എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ബോർൺമൗത് തോൽപ്പിച്ചത്. ജയത്തോടെ 9 മത്സരങ്ങൾക്ക് ശേഷം 18 പോയിന്റുകളും ആയി ലീഗിൽ രണ്ടാമത് എത്താനും അവർക്ക് ആയി. 25 മത്തെ മിനിറ്റിൽ നേരിട്ട് കോർണറിൽ നിന്നു ക്യാപ്റ്റൻ മാർകസ് ടാവർണിയർ നേടിയ ഗോളും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോൾ നേടിയ 19 കാരനായ എലി കോർപി 40 മത്തെ മിനിറ്റിൽ നേടിയ ഗോളും ആണ് ബോർൺമൗതിനു ജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ബേർൺലിയോട് 3-2 ന്റെ പരാജയം ഏറ്റുവാങ്ങി വോൾവ്സ്. ലീഗിൽ ഇത് വരെ ജയിക്കാൻ ആവാത്ത വോൾവ്സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്ത് ആണ്. അതേസമയം ജയത്തോടെ ബേർൺലി 16 സ്ഥാനത്തേക്ക് കയറി. സിയാൻ ഫ്ലമിങ്ങിന്റെ ഇരട്ടഗോളിൽ 30 മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ 2-0 മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാർസന്റെ പെനാൽട്ടിയും മാർഷലിന്റെ ഗോളും വോൾവ്സിന് സമനില നൽകി. രണ്ടാം പകുതിയിൽ വോൾവ്സിന് മുന്നിൽ ബേർൺലി ഗോൾ കീപ്പർ ഡുബ്രാവ്ക വില്ലനായി. തുടർന്ന് 95 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ പകരക്കാരൻ ലെയിൽ ഫോസ്റ്റർ വോൾവ്സിന് ലീഗിലെ ഏഴാം പരാജയം സമ്മാനിക്കുക ആയിരുന്നു.

വെറും 39 ദിവസം!! പോസ്‌റ്റെകോഗ്ലുവിനെ നോട്ടിങ്ഹാം ഫോറസ്റ്റ് പുറത്താക്കി


നോട്ടിങ്ഹാം ഫോറസ്റ്റ് മുഖ്യ പരിശീലകനായുള്ള ആഞ്ജ് പോസ്‌റ്റെകോഗ്ലുവിൻ്റെ കസേര തെറിച്ചു. 39 ദിവസത്തെ ചെറിയ കാലയളവിൽ എട്ട് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാതെയാണ് അദ്ദേഹം ക്ലബ് വിടുന്നത്. 2025 സെപ്റ്റംബർ 9-ന് ചുമതലയേറ്റ പോസ്‌റ്റെകോഗ്ലുവിനെ 2025 ഒക്ടോബർ 18-ന് ചെൽസിയോട് 3-0ന് ഹോം ഗ്രൗണ്ടിൽ തോറ്റതിന് പിന്നാലെയാണ് പുറത്താക്കിയത്.

പോസ്‌റ്റെകോഗ്ലുവിൻ്റെ കീഴിൽ 0 വിജയങ്ങളും, 2 സമനിലകളും, 6 തോൽവികളുമായി അദ്ദേഹത്തിൻ്റേത് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പരിശീലക കാലയളവായി മാറി.
യൂറോപ്പ ലീഗിലെ തോൽവിക്കിടയിൽ ആരാധകർ “sacked in the morning” (നാളെ രാവിലെ പുറത്താക്കും) എന്ന് മുദ്രാവാക്യം വിളിച്ചത് ഉൾപ്പെടെ, പോസ്‌റ്റെകോഗ്ലുവിൻ്റെ കാലയളവിൽ ആരാധകരുടെ ഇടയിൽ വലിയ അസ്വസ്ഥതകൾ ഉടലെടുത്തു. ഫോറസ്റ്റ് പ്രീമിയർ ലീഗിൽ 17-ാം സ്ഥാനത്തേക്ക് വീണതോടെ നിരാശ വർദ്ധിച്ചു. ട്രോഫികൾ നേടുമെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം നിറഞ്ഞ പ്രസ്താവനകൾ ഉണ്ടായിരുന്നിട്ടും, ഫലങ്ങൾ മെച്ചപ്പെട്ടില്ല. പെഡ്രോ നെറ്റോ തിളങ്ങിയ ചെൽസിയോടുള്ള തോൽവി, അദ്ദേഹത്തിൻ്റെ വിധി പൂർണ്ണമാക്കി. തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ ഈ സീസണിൽ തങ്ങളുടെ മൂന്നാമത്തെ പരിശീലകനായുള്ള തിരച്ചിലിലാണ് ഇപ്പോൾ ഫോറസ്റ്റ്.

എമിറേറ്റ്സിൽ ആഴ്സണൽ ആധിപത്യം; നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ തകർപ്പൻ വിജയം


ലണ്ടൻ: എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 3-0 ന്റെ തകർപ്പൻ ജയം നേടി ആഴ്സണൽ. രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച മധ്യനിരതാരം സുബിമെൻഡി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 32-ാം മിനിറ്റ് വരെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും കോർണർ കിക്കിന് പിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് സുബിമെൻഡി വോളിയിലൂടെ ആദ്യ ഗോൾ നേടി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിക്ടർ ഗ്യോകെറസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. എബറെച്ചി എസെ പ്രതിരോധക്കാരെ മറികടന്ന് ഗ്യോകെറസിന് പന്ത് പാസ് ചെയ്തു. ഇത് അനായാസം ഗ്യോകെറസ് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ സീസണിലെ മൂന്നാം ഗോളായി ഇത്‌. 59-ാം മിനിറ്റിൽ ഫോറസ്റ്റിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതൊഴിച്ചാൽ അവർക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല.


79-ാം മിനിറ്റിൽ സുബിമെൻഡിയിലൂടെ ആഴ്സണൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഫ്രീ കിക്കിൽ നിന്ന് ലിയാൻഡ്രോ ട്രോസാർഡ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് സുബിമെൻഡി ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രോസാർഡ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളെ ആഴ്സണൽ പകരക്കാരായി ഇറക്കി. ഫോറസ്റ്റും ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അതൊന്നും വിജയത്തിന് കാരണമായില്ല.

സീസണിലെ ആദ്യ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ആഴ്സണൽ നടത്തിയത്. എല്ലാ മത്സരങ്ങളിലും നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സണൽ സ്വന്തം തട്ടകത്തിൽ നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. ഈ 3-0 ജയം അവരെ പ്രീമിയർ ലീഗിൽ താൽക്കാലികമായി ഒന്നാം സ്ഥാനത്ത് നിർത്തുന്നു.

നുനോ സാന്റോക്ക് പകരക്കാരൻ ആയി, ആഞ്ചെ പോസ്റ്റെകോഗ്ലു നോട്ടിംഗ്ഹാം ഫോറസ്റ്റ് പരിശീലകനാകും


2025-26 പ്രീമിയർ ലീഗ് സീസൺ ആരംഭിച്ച് മൂന്ന് മത്സരങ്ങൾ മാത്രം പിന്നിട്ടപ്പോൾ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയതിന് പിന്നാലെ, പുതിയ പരിശീലകനായി ആഞ്ചെ പോസ്റ്റെകോഗ്ലുവിനെ നിയമിക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ് തീരുമാനിച്ചു. ടോട്ടൻഹാം ഹോട്‌സ്പറിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം അടുത്തിടെ ടോട്ടൻഹാമുമായി വേർപിരിഞ്ഞ 60-കാരനായ പോസ്റ്റെകോഗ്ലു ഉടൻ തന്നെ ഫോറസ്റ്റിന്റെ ചുമതലയേൽക്കും.

സിറ്റി ഗ്രൗണ്ടിൽ ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിലായിരിക്കും അദ്ദേഹത്തിന്റെ അരങ്ങേറ്റം. മുൻ സ്പർസ് പരിശീലക സംഘത്തിലെ നിരവധി അംഗങ്ങളും ഫോറസ്റ്റിലെ പുതിയ വെല്ലുവിളിയിൽ പോസ്റ്റെകോഗ്ലുവിനൊപ്പം ചേരും.


ക്ലബിന്റെ പുതിയ ഗ്ലോബൽ ഹെഡ് ഓഫ് ഫുട്ബോൾ എഡുവുമായി നൂനോക്ക് ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. ഫോറസ്റ്റ് ഉടമയായ ഇവാഞ്ചലോസ് മാരിനാകിസുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നില്ല. ഇതെല്ലാമാണ് നൂനോയെ പുറത്താക്കാൻ കാരണം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫോറസ്റ്റിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനും യൂറോപ്പ ലീഗ് യോഗ്യത നേടാനും നൂനോക്ക് സാധിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു യൂറോപ്യൻ പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ക്ലബ് നേതൃത്വവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം വഷളായത് നൂനോയെ പുറത്താക്കുന്നതിലേക്ക് നയിച്ചു.

അവസാന നിമിഷം ആഴ്‌സണലിന്റെ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ട്രാൻസ്‌ഫർ ജാലകം അടക്കുന്നതിനു തൊട്ടു മുമ്പ് ആഴ്‌സണലിന്റെ ഉക്രൈൻ പ്രതിരോധ താരം അലക്‌സാണ്ടർ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആണ് അവർ സിഞ്ചെങ്കോക്ക് ആയി ശ്രമം നടത്തിയത്.

തുടർന്നു അവസാന നിമിഷം 28 കാരനായ ഉക്രൈൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലോൺ അടിസ്‌ഥാനത്തിൽ ആണ് സിഞ്ചെങ്കോ ഫോറസ്റ്റിൽ എത്തുക. നേരത്തെ മാഴ്സെയും ആയുള്ള സിഞ്ചെങ്കോയുടെ ചർച്ചകൾ വേതന പ്രശ്നം കാരണം മുടങ്ങിയിരുന്നു. നിലവിൽ ഇരു ക്ലബുകളും താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിൽ ആണ്.

ഫോറസ്റ്റിനെ തകർത്തു സീസണിലെ ആദ്യ ജയവുമായി വെസ്റ്റ് ഹാം യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ജയം കുറിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ഗോൾ രഹിതം ആവും എന്നു കരുതിയ മത്സരത്തിൽ 84 മിനിറ്റിനു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. പകരക്കാരനായി ഇറങ്ങിയ സമ്മർവില്ലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജെറാർഡ് ബോവൻ ആണ് വെസ്റ്റ് ഹാമിനു മുൻതൂക്കം നൽകിയത്.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമ്മർവില്ലിനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടിയും ലഭിച്ചു. ഇത് ലക്ഷ്യം കണ്ട ലൂക്കാസ് പക്വറ്റ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി. 91 മത്തെ മിനിറ്റിൽ എൽ ഡിയോഫിന്റെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ കലം വിൽസൻ ആണ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ് മത്സരം 1-1 നു സമനിലയിൽ. പന്ത് കൈവശം വെക്കുന്നതിൽ ഫോറസ്റ്റ് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ക്രിസ്റ്റൽ പാലസ് ആണ് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്. സൂപ്പർ താരം എബിറെചി എസെ ആഴ്‌സണലിലേക്ക് പോയ അഭാവം കാണിക്കാതെയാണ് പാലസ് തുടങ്ങിയത്. 37 മത്തെ മിനിറ്റിൽ ഡാനിയേൽ മുനോസിന്റെ പാസിൽ നിന്നു ഇസ്മയില സാർ നേടിയ ഗോളിൽ അവർ മുൻതൂക്കം കണ്ടെത്തുകയും ചെയ്തു.

അതിനു ശേഷം ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ മാർക് ഗുഹെയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് പാലസിന് നിരാശ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഡാൻ എന്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹഡ്‌സൺ-ഒഡോയ് പാലസിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഇഗോർ ജീസുസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതും ഒമാരി ഹച്ചിസന്റെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയതും ഫോറസ്റ്റിന് നിരാശ സമ്മാനിച്ചു. പാലസിന് ഇത് ലീഗിൽ തുടർച്ചയായ രണ്ടാം സമനിലയാണ്.

ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക്


ലണ്ടൻ: നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രസീലിയൻ മിഡ്‌ഫീൽഡർ ഡഗ്ലസ് ലൂയിസിനെ യുവന്റസിൽ നിന്ന് സ്വന്തമാക്കി. 27-കാരനായ ലൂയിസ് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഫോറസ്റ്റിൽ ചേരുന്നത്. പ്രീമിയർ ലീഗ് ടീമിനായി നിശ്ചിത എണ്ണം മത്സരങ്ങൾ കളിച്ചാൽ ലൂയിസിനെ ടീമിൽ നിലനിർത്തും. അല്ലെങ്കിൽ 30 മില്യൺ യൂറോയ്ക്ക് താരത്തെ സ്ഥിരമായി ടീമിലെത്തിക്കാൻ ഫോറസ്റ്റിന് ഓപ്ഷനുണ്ട്.


കഴിഞ്ഞ വർഷം ആസ്റ്റൺ വില്ലയിൽ നിന്ന് 50 മില്യൺ യൂറോയ്ക്കാണ് ലൂയിസ് യുവന്റസിലെത്തിയത്. എന്നാൽ അവിടെ അദ്ദേഹത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. സെരി എ-യിൽ 27 മത്സരങ്ങളിൽ മാത്രമാണ് ലൂയിസ് കളിച്ചത്. അതിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടിയത്.

ഒമറി ഹച്ചിൻസൺ, ജെയിംസ് മകാറ്റി, അർനാഡ് കലിമുൻഡോ, ഡാൻ എൻഡോയ് തുടങ്ങിയ കളിക്കാരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഈ നീക്കം.


ഗോൾ വേട്ട തുടർന്ന് ക്രിസ് വുഡ്, ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിലെ തന്റെ ഗോൾ അടി മികവ് തുടർന്ന് ക്രിസ് വുഡ്. വുഡ് നേടിയ ഇരട്ടഗോൾ മികവിൽ 3-1 നു എന്ന സ്കോറിന് ബ്രന്റ്ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയവും കുറിച്ചു. ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ഗോൾ നേടിയ വുഡ് 47 മത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്സന്റെ പാസിൽ നിന്നു രണ്ടാം ഗോളും നേടി.

42 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്‌സ് വൈറ്റിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ക്ലബിന് ആയി തന്റെ ആദ്യ ഗോൾ നേടിയ ഡാൻ എന്റോയെ ആണ് ഫോറസ്റ്റ് ഗോൾ വേട്ട പൂർത്തിയാക്കിയത്. 78 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പുതിയ താരം ഇഗോർ തിയാഗോയാണ് ബ്രന്റ്ഫോർഡിന് ആയി ആശ്വാസ ഗോൾ നേടിയത്. നിരവധി താരങ്ങളെയും പരിശീലകനെയും ട്രാൻസ്ഫർ വിപണിയിൽ നഷ്ടമായ ബ്രന്റ്ഫോർഡിന് കഠിനമായ ദിനങ്ങൾ ആണ് വരാനുള്ളത് എന്ന സൂചന ആയിരുന്നു ഈ മത്സരം.

നോട്ടിങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ സിറ്റിയുടെ ജെയിംസ് മക്ആറ്റിയെ സ്വന്തമാക്കി


മാഞ്ചസ്റ്റർ സിറ്റിയുടെ യുവ മിഡ്ഫീൽഡർ ജെയിംസ് മക്ആറ്റിയെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് 30 മില്യൺ പൗണ്ടിന്റെ കരാർ ധാരണയിലെത്തി. 22-കാരനായ താരത്തെ സ്ഥിരമായി ടീമിലെത്തിക്കുന്ന ഈ കരാറിൽ ഒരു ‘സെൽ-ഓൺ’, ‘ബൈ-ബാക്ക്’ ക്ലോസുകളും ഉൾപ്പെടുന്നുണ്ട്.

ഇംഗ്ലണ്ടിലെയും ജർമനിയിലെയും പ്രമുഖ ക്ലബ്ബുകളായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് ഉൾപ്പെടെ പല ക്ലബ്ബുകളും മക്ആറ്റിക്കായി ശ്രമിച്ചിരുന്നു. എന്നാൽ നോട്ടിങ്ഹാം ഫോറസ്റ്റ് വിജയം കാണുകയായിരുന്നു.
മിഡ്ഫീൽഡിൽ No. 8 അല്ലെങ്കിൽ No. 10 സ്ഥാനങ്ങളിൽ കളിക്കാൻ കഴിവുള്ള മക്ആറ്റി, ഡാനിലോയുടെയും ലൂയിസ് ഒബ്രിയന്റെയും ഒഴിവുകൾ നികത്തും.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ കുറഞ്ഞ മത്സരങ്ങളിലാണ് കളിച്ചതെങ്കിലും, എല്ലാ മത്സരങ്ങളിലുമായി 27 തവണ കളത്തിലിറങ്ങുകയും ഏഴ് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ ജെയിംസ് മക്കാറ്റിയെ ടീമിലെത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്



മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജെയിംസ് മക്കാറ്റിയെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരുങ്ങുന്നു. 20 ദശലക്ഷം പൗണ്ടിന് മുകളിലായിരിക്കും കരാർ തുകയെന്നാണ് സൂചന. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്, ഉടൻ തന്നെ കരാർ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.


22 വയസ്സുകാരനായ ഇംഗ്ലീഷ് മിഡ്ഫീൽഡർക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പെപ് ഗ്വാർഡിയോളയുടെ ദീർഘകാല പദ്ധതികളിൽ മക്കാറ്റിക്ക് വലിയ സ്ഥാനമില്ല. 35 ദശലക്ഷം പൗണ്ടിന് മുകളിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ സിറ്റി നേരത്തെ 25 ദശലക്ഷം പൗണ്ടിന്റെ ഓഫറുകൾ നിരസിച്ചിരുന്നു. എന്നാൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ തുടർച്ചയായ ശ്രമങ്ങളും മക്കാറ്റിയുടെ താൽപ്പര്യവും കാരണം കരാർ യാഥാർത്ഥ്യമാവുകയായിരുന്നു.


മറ്റനേകം ക്ലബ്ബുകൾക്ക് താൽപ്പര്യമുണ്ടായിരുന്നിട്ടും നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് മാറാൻ ആണ് മക്കാറ്റിയുടെ ആഗ്രഹം.

Exit mobile version