ഇറ്റാലിയൻ സ്ട്രൈക്കർ മാറ്റിയോ റെറ്റേഗി റെക്കോർഡ് തുകക്ക് അൽ-ഖാദിസിയയിൽ ചേർന്നു



ഇറ്റലി താരം മാറ്റിയോ റെറ്റേഗി അറ്റലാന്റയിൽ നിന്ന് സൗദി പ്രോ ലീഗ് ടീമായ അൽ-ഖാദിസിയയിലേക്ക് കൂടുമാറി. 65 ദശലക്ഷം യൂറോയോളം വരുന്ന ഈ കൈമാറ്റം റെറ്റേഗിയെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരമാക്കി മാറ്റിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


26 വയസ്സുകാരനായ ഈ സ്ട്രൈക്കർ സെരി എ-യിൽ തന്റെ അരങ്ങേറ്റ സീസണിൽ 25 ഗോളുകൾ നേടിയിരുന്നു. പരിക്കേറ്റ ജിയാൻലൂക്ക സ്കാമക്കയ്ക്ക് പകരക്കാരനായി ജെനോവയിൽ നിന്നാണ് റെറ്റേഗി അറ്റലാന്റയിലെത്തിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ‘ലാ ഡിയ’യെ ലീഗിൽ മൂന്നാം സ്ഥാനത്തെത്താനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും സഹായിച്ചു.



അർജന്റീനയിൽ ജനിച്ച റെറ്റേഗിക്ക് തന്റെ മുത്തശ്ശനിലൂടെയാണ് ഇറ്റലിക്ക് വേണ്ടി കളിക്കാൻ യോഗ്യത ലഭിച്ചത്. റോബർട്ടോ മാൻസിനിയുടെ കീഴിൽ 2023-ൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയാണ് അദ്ദേഹം ഇറ്റാലിയൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20 മത്സരങ്ങളിൽ നിന്ന് 6 അന്താരാഷ്ട്ര ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.


സൗദി അറേബ്യയിൽ ഏക സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ പിയറി-എമെറിക് ഔബമെയാങ്ങിന്റെ വിടവ് നികത്താൻ അൽ-ഖാദിസിയയിൽ റെറ്റേഗിക്ക് കഴിയുമെന്നാണ് ക്ലവ് പ്രതീക്ഷിക്കുന്നത്.
സൗദി ക്ലബ്ബുമായി നാല് വർഷത്തെ കരാറിലാണ് റെറ്റേഗി ഒപ്പുവെച്ചിരിക്കുന്നത്.

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ-അഹ്ലി ചർച്ചകൾ ആരംഭിച്ചു


ലയണൽ മെസ്സിയുമായി ചർച്ചകൾക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ-അഹ്ലി ഒരുങ്ങുന്നു. അർജന്റീന സൂപ്പർതാരത്തിന്റെ ഇന്റർ മിയാമിയുമായുള്ള കരാർ അവസാനിക്കാറായ സാഹചര്യത്തിലാണിത്. ലെക്വിപ്പ് റിപ്പോർട്ട് പ്രകാരം മെസ്സിയുമായി അവർ ഉടൻ നേരിട്ട് ചർച്ചകൾ നടത്തും.


മുമ്പ് ബാഴ്സലോണയ്ക്കും പാരീസ് സെന്റ് ജെർമെയ്‌നും വേണ്ടി കളിച്ചിട്ടുള്ള 38 വയസ്സുകാരനായ ഫോർവേഡിന്റെ മയാമിയുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. അദ്ദേഹത്തെ നിലനിർത്താൻ ഇന്റർ മയാമിക്ക് താൽപ്പര്യമുണ്ടെങ്കിലും, സൗദി അറേബ്യയിൽ നിന്നുള്ള താൽപ്പര്യം അവർക്ക് ഒരു വലിയ വെല്ലുവിളിയായേക്കാം.


മെസ്സിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകൾ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. 2023-ൽ പിഎസ്ജി വിട്ടതിന് ശേഷം, സൗദി പ്രോ ലീഗിൽ നിന്ന് അദ്ദേഹത്തിന് വൻ ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഡേവിഡ് ബെക്കാം ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ, നിലവിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ-അഹ്ലി, ലോകകപ്പ് നേടിയ ഈ ഇതിഹാസ താരത്തെ ഗൾഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
കരാറിന്റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മെസ്സിയുടെ ഒപ്പ് ഉറപ്പാക്കാൻ സൗദി ഉദ്യോഗസ്ഥർ വലിയ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് വിശ്വസിക്കപ്പെടുന്നു.

അൽ-ഇത്തിഹാദ് സൗദി പ്രോ ലീഗ് ചാമ്പ്യൻമാർ!



അൽ-റായിദിനെ തകർത്ത് അൽ-ഇത്തിഹാദ് പത്താം സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി! അൽ-റായിദിനെ 3-1ന് തോൽപ്പിച്ചാണ് അൽ-ഇത്തിഹാദ് ഇന്ന് സൗദി പ്രോ ലീഗ് കിരീടം ഉറപ്പിച്ചത്. ഇത് അവരുടെ ചരിത്രത്തിലെ പത്താം ലീഗ് കിരീടമാണ്. ഇതിനുമുമ്പ് അവർ 2023 ലാണ് ഈ നേട്ടം കൈവരിച്ചത്.


രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ 77 പോയിന്റുമായി അൽ-ഇത്തിഹാദ് ഒന്നാം സ്ഥാനത്താണ്. അൽ ഹിലാലിന് അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചാലും അൽ-ഇത്തിഹാദിനെ മറികടക്കാൻ സാധിക്കില്ല. ബെൻസീമ ഈ ലീഗ് കിരീട നേട്ടത്തോടെ ഫ്രാൻസ്, സ്പെയിൻ എന്നി രാജ്യങ്ങൾക്ക് ഒപ്പം ഒരു പുതിയ രാജ്യത്ത് കൂടെ ലീഗ് നേടിയിരിക്കുകയാണ്.

ഔദ്യോഗിക പ്രഖ്യാപനം വന്നു ഐവൻ ടോണി ഇനി സൗദിയിൽ

ബ്രന്റ്ഫോർഡിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം ഐവൻ ടോണിയെ സൗദി പ്രൊ ലീഗ് ടീം ആയ അൽ അഹ്ലി സ്വന്തമാക്കി. ഏതാണ്ട് 40 മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കുന്ന സൗദി ക്ലബ് വമ്പൻ വേതനം ആണ് ഇംഗ്ലീഷ് താരത്തിന് 2028 വരെയുള്ള കരാറിൽ നൽകുക. യൂറോപ്യൻ ഫുട്‌ബോളിൽ തുടരാൻ താൽപ്പര്യം കാണിച്ച 28 കാരനായ ടോണിക്ക് ആയി പക്ഷെ വലിയ ക്ലബുകൾ രംഗത്ത് വന്നില്ല.

ടോണി

നേരത്തെ ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ താരത്തിന് ആയി താൽപ്പര്യം കാണിച്ചു എങ്കിലും ഇവർ ഒക്കെ പിന്നീട് പിന്മാറുക ആയിരുന്നു. തുടർന്ന് ആണ് സൗദി ക്ലബ് ആയ അൽ അഹ്ലി താരത്തിന് ആയി വലിയ ഓഫർ മുന്നോട്ടു വെച്ചത്. ഇറ്റാലിയൻ ക്ലബ് നാപോളിയും ആയി വിക്ടർ ഒസിമ്ഹന്റെ കാര്യത്തിലും അൽ അഹ്ലി ധാരണയിൽ എത്തിയെങ്കിലും താരവും ആയി ധാരണയിൽ എത്താൻ ആയില്ല, ഇതോടെ അവർ ടോണിയെ സ്വന്തമാക്കുക ആയിരുന്നു.

35ആം ഗോൾ!! ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിൽ റെക്കോർഡ് കുറിച്ചു. ഇന്ന് അൽ നസറിനായി ഇരട്ട ഗോളുകൾ അടിച്ച റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കുന്ന താരമായി മാറി. റൊണാൾഡോ ഈ സീസണിൽ 35 ഗോളുകൾ ആണ് ആകെ ലീഗിൽ അടിച്ചത്. ഹംദള്ളയുടെ റെക്കോർഡ് ആണ് റൊണാൾഡോ തകർത്തത്.

2019ൽ ഹംദള്ള 34 ഗോളുകൾ ലീഗിൽ ഒരു സീസണിൽ നേടിയിരുന്നു. റൊണാൾഡോ ഇന്ന് അൽ ഇത്തിഹാദിനെതിരെ രണ്ടു ഗോളുകൾ അടിച്ചു. 45ആം മിനുട്ടിലും 63ആം മിനുട്ടിലും ആയിരുന്നു ഈ ഗോളുകൾ. ആകെ 4-2 എന്ന സ്കോറിന് അൽ നസർ വിജയിച്ചു.

റൊണാൾഡോക്ക് ഈ ഗോളുകളോടെ 35 ഗോളുകൾ ഈ സീസൺ ലീഗിൽ ആയി. ഒപ്പം 11 അസിസ്റ്റും റൊണാൾഡോ ഈ സീസൺ ലീഗിൽ സംഭാവന നൽകിയിരുന്നു. ഇതോടെ റൊണാൾഡോ നാലു ലീഗിൽ ടോപ് സ്കോറർ ആകുന്ന ആദ്യ താരവുമായി. മുമ്പ് ലാലിഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവിടങ്ങളിലും റൊണാൾഡോ ടോപ് സ്കോറർ ആയിട്ടുണ്ട്.

റൊണാൾഡോയും അൽ നസറും ബഹുദൂരം പിന്നിൽ, അൽ ഹിലാൽ സൗദി ലീഗ് സ്വന്തമാക്കി

റൊണാൾഡോയുടെയും അൽ നസറിന്റെയും സൗദി ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു. സൗദി ലീഗ് കിരീടം അൽ ഹിലാൽ സ്വന്തമാക്കി. ഇന്ന് അൽ ഹസാമിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചതോടെയാണ് അൽ ഹിലാൽ കിരീടം ഉറപ്പിച്ചത്. ലീഗിൽ ഇനിയും മൂന്നു മത്സരങ്ങൾ ശേഷിക്കുകയാണ് അവർ കിരീടം ഉറപ്പിച്ചത്.

ഇന്ന് ഹിലാലിനു വേണ്ടി മിട്രോവിച് ഇരട്ട ഗോളുകളും മിലിങ്കോവിച് സാവിച് ഒരു ഗോളും നേടി. ഒരു സെൽഫ് ഗോളും ഉണ്ടായിരുന്നു. സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് അൽഹിലാൽ കിരീടത്തിലേക്ക് എത്തിയത്. 31 മത്സരങ്ങളിൽ നിന്ന് 89 പോയിന്റാണ് അവർക്ക് ഉള്ളത്. റൊണാൾഡോയുടെ അൽ നസർ 77 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. അവർ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാലും 86 പോയിന്റിൽ മാത്രമെ എത്തൂ.

അൽ ഹിലാലിന്റെ 19ആം സൗദി ലീഗ് കിരീടമാണ് ഇത്. സൗദിയിൽ എത്തി ആദ്യ രണ്ടു സീസണിലും ലീഗ് കിരീടം നേടാൻ ആയില്ല എന്നത് റൊണാൾഡോക്കും ആരാധകർക്കും ക്ഷീണമാകും.

റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ അൽ നസറിന് ലീഗിലെ അവസാന സ്ഥാനക്കാരോട് ജയിക്കാൻ ആയില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത മത്സരത്തിൽ അൽ നസറിന് സമനില. ഇന്ന് സൗദി ലീഗിൽ നടന്ന മത്സരത്തിൽ ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ അൽ ഹസമിനോടാണ് അൽ നാസർ സമനില വഴങ്ങിയത്. എട്ടു ഗോളുകൾ പിറന്ന മത്സരം 4-4 എന്നാണ് അവസാനിച്ചത്.

അൽ നാസറിനായി ടലിസ്ക്ക ഹാട്രിക് നേടിയെങ്കിലും ഫലം ഉണ്ടായില്ല. ഇന്ന് പോയിൻറ് നഷ്ടപ്പെടുത്തിയതോടെ അൽ നസർ അൽ ഹിലാലിന് ഏറെ പിറകിലായി. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അടിക്ക് തിരിച്ചടി എന്നപോലെ അൽ ഹസം ഒന്നിനു പിറകെ ഒന്നായി ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു കണ്ടത്. ആദ്യം ടെലിസ്ക ഹാട്രിക് നേടി മൂന്നുതവണ അൽനാസറിന് ലീഡ് നൽകി. മൂന്നുതവണയും അൽഹസമിന് തിരിച്ചടിച്ച് സമനില നേടാനായി.

അവസാനം 90 ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ സാഡിയോ മാനേ അൽ നസറിനെ 4-3ന് മുന്നിലെത്തിച്ചു. പക്ഷേ ആ ലീഡും നിലനിന്നില്ല. അധികം വൈകാതെ ഇഞ്ച്വറി ടൈമിൽ അൽ ഹസം റിക്കാർഡോയിലൂടെ സമനില നേടി. ഇതോടെ അൽ നസർ 22 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലീഗൽ രണ്ടാംസ്ഥാനത്ത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ ആറ് പോയിന്റിന് മുന്നിലാണ് ഇപ്പോൾ. ഇന്ന് സമനില നേടി എങ്കിലും അൽ ഹസം ലീഗിൽ അവസാന സ്ഥാനത്ത് തന്നെയാണ്. റൊണാൾഡോ വിലക്ക് കിട്ടിയത് കൊണ്ടായിരുന്നു ഇന്ന് കളിക്കാതിരുന്നത്.

സൗദി ലീഗ് ലോകത്തെ മികച്ച 3 ലീഗിൽ ഒന്നാകും എന്ന് റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി മാറാൻ സൗദി പ്രോ ലീഗിനാകും എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ ഒന്നാകാൻ സൗദി ലീഗിന് ആകും എന്ന് അൽ നസർ താരം പറയുന്നു. ഇപ്പോൾ തന്നെ സൗദി ലീഗ് ഫ്രഞ്ച് ലീഗിനെക്കാൾ മുകളിലാണ്. ഫ്രഞ്ച് ലീഗിനെക്കാൾ മികച്ച ഫുട്ബോൾ ആണ് സൗദിയിൽ നടക്കുന്നത്. റൊണാൾഡോ പറഞ്ഞു.

“സൗദി ലോകത്തിലെ ഏറ്റവും മികച്ച മൂന്നോ നാലോ ലീഗുകളിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഘട്ടം ഘട്ടമായി ഞങ്ങൾ അതിലെത്താൻ പോകുന്നു. സൗദി അറേബ്യ എനിക്ക് ഒരു നല്ല നീക്കമായിരിക്കുമെന്ന് ഞാൻ കരുതി.”ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡിൽ റൊണാൾഡോ പറഞ്ഞു

“കാര്യങ്ങൾ മാറുന്നു; ലോകം മാറുന്നു, ഫുട്ബോൾ മാറുന്നു, നിയമങ്ങൾ മാറുന്നു. എല്ലാം മാറുന്നു. എന്റെ നീക്കം ഒരു നല്ല നീക്കമായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നുന്നു; നിരവധി കളിക്കാർ, പരിശീലകർ, ഡയറക്ടർമാർ, അവിടേക്ക് നീങ്ങുന്നു. ഫുട്ബോളിന്റെ ഉയരങ്ങളിൽ എത്താനുള്ള ശ്രമത്തിലാണ് സൗദി. ഇതിന് വളരെ സമയമെടുക്കും, എന്നാൽ പടിപടിയായി ഉയരത്തിലെത്താൻ ആകും” റൊണാൾഡോ പറഞ്ഞു.

അൽ ഇത്തിഫാഖിൽ ജെറാഡിന് പുതിയ കരാർ, 2027 വരെ സൗദിയിൽ തുടരും

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിന്റെ കരാർ നീട്ടി. 2027വരെയുള്ള പുതിയ ഒരു കരാർ ജെറാഡ് അംഗീകരിച്ചതായി ക്ലബ് സ്ഥിരീകരിച്ചു. നിലവിൽ 2025 വരെ ആയിരുന്നു ജെറാഡിന്റെ കരാർ. ജെറാഡ് ക്ലബിൽ ഉണ്ടാക്കിയ മാറ്റങ്ങൾ പരിഗണിച്ചാണ് ഇത്തിഫാഖ് അദ്ദേഹത്തിന്റെ കരാർ പുതുക്കിയത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ജെറാഡ് ഇത്തിഫാഖിൽ എത്തിയത്.

ജെറാഡിന് കീഴിൽ അവർ സീസൺ നന്നായി തുടങ്ങി എങ്കിലും പിന്നീട് കാര്യങ്ങൾ അവർക്ക് അനുകൂലമായില്ല. അവസാനമായി കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇത്തിഫാഖ് ഒരു മത്സരം ജയിച്ചത്. ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്തുമാണ് അവർ. അവരുടെ പ്രധാന താരങ്ങളിൽ ഒരാളായ ഹെൻഡേഴ്സൺ ക്ലബ് വിടുകയും ചെയ്തിട്ടുണ്ട്‌.

റിയാദ് ഡെർബിയിൽ അൽ ഹിലാൽ; അൽ നാസറിനെ കീഴടക്കി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി

സൗദി പ്രോ ലീഗിലെ സൂപ്പർ ക്ലബ്ബുകൾ മുഖാമുഖം വന്ന പോരാട്ടത്തിൽ അൽ നാസറിനെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം. അൽ ഹിലാലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആയിരുന്നു ആതിഥേയരുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഏഴ് പോയിന്റിലേക്ക് ഉയർത്താനും അവർക്കായി. പതിനഞ്ച് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ സീസണിൽ ഇതുവരെ അൽ ഹിലാൽ തോൽവി അറിഞ്ഞിട്ടില്ല.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ലഭിച്ച മികച്ച അവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ബോക്സിനുള്ളിൽ നിന്നും തുറന്ന അവസരത്തിൽ മാൽക്കമിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. മാനെയുടെ ശ്രമവും പോസ്റ്റിൽ നിന്നും അകന്നു. രണ്ടാം പകുതിയിൽ അൽ ഹിലാൽ ഗോളുകൾ കണ്ടെത്തി. 64ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും സൗദ് അബ്ദുൽഹമീദിന്റെ ക്രോസിൽ തല വെച്ചു കൊണ്ട് മിലിങ്കോവിച്ച് സാവിക്ക് ടീമിന് ലീഡ് നൽകി. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ സമനില ഗോളിനായി അൽ നാസർ ശ്രമം നടത്തി എങ്കിലും 89ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് മിത്രോവിച്ച് അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. പിറകെ അൽ ബുലയ്ഹി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ആതിഥേയർ പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വീണ്ടും വല കുലുക്കി കൊണ്ട് മിത്രോവിച്ച് മത്സരം പൂർണ്ണമായും അൽ ഹിലാലിന്റെ വരുതിയിൽ ആക്കി. പിന്നീട് അൽ നാസർ ഒരു ഗോൾ മടക്കി എങ്കിലും ഓഫ് സൈഡ് കെണിയിൽ കുടുങ്ങി.

വീണ്ടും സൗദിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം റൊണാൾഡോക്ക്

സൗദി പ്രൊ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും സ്വന്തമാക്കി. സെപ്റ്റംബർ മാസത്തിലെ മികച്ച താരമായാണ് റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ മാസത്തിൽ റൊണാൾഡോ അഞ്ചു ഗോളുകൾ സ്കോർ ചെയ്തിരുന്നു. ഈ സീസണിൽ ഇതുവരെ സൗദി ലീഗിൽ 10 ഗോളുകൾ നേടി അവിടെ ടോപ് സ്കോറർ ആണ് റൊണാൾഡോ.

ഓഗസ്റ്റ് മാസത്തിലും റൊണാൾഡോ ഈ പുരസ്കാരം നേടിയിരുന്നു. റൊണാൾഡോ സൗദിയിൽ എത്തിയ ശേഷം ഇത് മൂന്നാം തവണയാണ് ഈ പുരസ്കാരം നേടുന്നത്. അൽ നാസറിന്റെ പരിശീലകൻ ലുയിസ് കാസ്ട്രോ മികച്ച പരിശീലകനായും മാറി. സെപ്റ്റംബർ മാസത്തിലെ എല്ലാ മത്സരങ്ങളും അൽ നാസർ വിജയിച്ചിരുന്നു. ഇത്തിഹാദിന്റെ ഗോൾ കീപ്പർ മാർസെലോ ഗ്രോഹോ മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

സൗദി അറേബ്യ ഇങ്ങനെ പണം ഒഴുക്കുന്നതിനെ നിയന്ത്രിക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി

സൗദി അറേബ്യൻ ക്ലബുകൾ വൻ പണം നൽകി നല്ല താരങ്ങളെ സൈൻ ചെയ്യുന്നത് നിയന്ത്രിക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി. യൂറോപ്യൻ കളിക്കാർ സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് പോകുന്ന പ്രവണതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ഒഴുക്ക് തടയുന്നതിന് നിയന്ത്രണത്തിന്റെ ആവശ്യകത ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു‌.

പരിചയസമ്പന്നരായ വെറ്ററൻമാർ മാത്രമല്ല സൗദിയിലേക്ക് പോകുന്നത്, ഒരുപാട് നല്ല യുവതാരങ്ങൾൻ ഈ നീക്കം നടത്തുന്നുണ്ട്‌. ഇത് ശരിയല്ല. റോഡ്രി പറഞ്ഞു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മാത്രം സൗദി അറേബ്യൻ ക്ലബ്ബുകൾ ചെലവഴിച്ച തുക 1 ബില്യൺ യൂറോക്ക് മുകളിൽ ആയിരുന്നു‌. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ അതിനേക്കാൾ പണം ചിലവഴിച്ചത്.

നെയ്മർ, ബെൻസീമ, മാനെ, ഫിർമിനോ, കാന്റെ, മെഹ്റസ്, മിട്രോവിച്, ഹെൻഡേഴ്സൺ, ഫബിഞ്ഞോ, റൂബൻ നെവസ് തുടങ്ങി നിരവധി താരങ്ങൾ യൂറോപ്യൻ ക്ലബുകൾ വിട്ട് സൗദിയിൽ എത്തി‌. 2030വരെ ഇങ്ങനെ പണം ചിലവഴിച്ച് യൂറോപ്പിനോട് കിടപിടിക്കുന്ന ഒരു ലീഗ് ആക്കി സൗദി ലീഗിനെ മാറ്റാൻ ആണ് ഇപ്പോൾ സൗദി അറേബ്യ ശ്രമിക്കുന്നത്.

Exit mobile version