ആസ്റ്റൺ വില്ലയുടെ ലിയോൺ ബെയ്‌ലി റോമയിലേക്ക്


റോം: ആസ്റ്റൺ വില്ല വിംഗർ ലിയോൺ ബെയ്‌ലിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് റോമ മുന്നിട്ടിറങ്ങിയതായി റിപ്പോർട്ട്. താരത്തിനായി തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസും സൗദി പ്രോ ലീഗ് ടീമുകളും രംഗത്തുണ്ടെങ്കിലും റോമയാണ് നിലവിൽ മുന്നിലുള്ളത്. 28-കാരനായ താരത്തിനായി റോമ ഔദ്യോഗികമായി ഒരു ഓഫർ മുന്നോട്ട് വെച്ചിട്ടില്ല.


2021-ൽ ബയേൺ ലെവർകൂസനിൽ നിന്ന് ഏകദേശം 30 മില്യൺ പൗണ്ടിനാണ് ബെയ്‌ലി ആസ്റ്റൺ വില്ലയിലെത്തുന്നത്. അതിനുശേഷം 144 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 24 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വില്ലയെ ചാമ്പ്യൻസ് ലീഗിലേക്കും കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്കും എത്തിക്കുന്നതിൽ ബെയ്‌ലി നിർണായക പങ്ക് വഹിച്ചു.

എന്നാൽ, സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായും താരത്തെ വിൽക്കാൻ വില്ലക്ക് താൽപ്പര്യമുണ്ട്.
ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് സ്ട്രൈക്കർ ഇവാൻ ഫെർഗൂസനെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കിയതിന് പിന്നാലെ റോമയുടെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗായിരിക്കും ബെയ്‌ലി.

റിച്ചാർഡ് റിയോസിനായി റോമ പുതിയ ബിഡ് സമർപ്പിച്ചു


പുതിയ സീരി എ സീസണിന് മുന്നോടിയായി കൊളംബിയൻ മിഡ്ഫീൽഡർ റിച്ചാർഡ് റിയോസിനെ സ്വന്തമാക്കാൻ റോമ ശ്രമം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി പാൽമീറാസിന് പുതിയൊരു ഓഫർ റോമ സമർപ്പിച്ചു. സ്കൈസ്പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിയൻ ക്ലബ്ബുമായി വേഗത്തിൽ കരാറിലെത്താൻ ലക്ഷ്യമിട്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസുകൾ ഉൾപ്പെടെ ഏകദേശം €30 മില്യൺ യൂറോയുടെ ഒരു പുതിയ ബിഡാണ് ഇറ്റാലിയൻ ക്ലബ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മുമ്പ് ഫ്ലെമെംഗോയ്ക്കും ഗ്വാറാനിക്കും വേണ്ടി കളിച്ചിട്ടുള്ള റിച്ചാർഡ് റിയോസ്, പാൽമീറാസിനായുള്ള മികച്ച പ്രകടനങ്ങളിലൂടെയും നിലവിലെ ഫിഫ ക്ലബ് ലോകകപ്പിലെ മികച്ച കളിയിലൂടെയും നിരവധി യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ബെൻഫിക്കയും ഒന്നിലധികം പ്രീമിയർ ലീഗ് ടീമുകളും താരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്, എന്നാൽ റോമയുടെ ബിഡാണ് നിലവിൽ ഏറ്റവും ശക്തമായത്.


പുതിയ ഹെഡ് കോച്ച് ജിയാൻ പിയറോ ഗാസ്പെരിനിയുടെ കീഴിൽ മധ്യനിര ശക്തിപ്പെടുത്താൻ റോമ ശ്രമിക്കുന്നുണ്ട്, റിയോസ് കോച്ചിന്റെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിലുണ്ടെന്നാണ് സൂചന. പാൽമീറാസിന്റെ പ്രധാന താരമായി മാറിയ ഈ കൊളംബിയൻ ഇന്റർനാഷണലിനെ സ്വന്തമാക്കാൻ തങ്ങളുടെ ഓഫർ മതിയാകുമെന്ന പ്രതീക്ഷയിലാണ് റോമ.

എൽഡോർ ഷോമുറോഡോവ് റോമയിൽ നിന്ന് ഇസ്താംബുൾ ബഷക്ഷെഹിറിലേക്ക് ലോണിൽ


എൽഡോർ ഷോമുറോഡോവ് ഔദ്യോഗികമായി എഎസ് റോമയിൽ നിന്ന് തുർക്കി ക്ലബ്ബായ ഇസ്താംബുൾ ബഷക്ഷെഹിറിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറി. വാങ്ങാനുള്ള ഒരു വ്യവസ്ഥയോടുകൂടിയാണ് ഈ കൈമാറ്റം. റിപ്പോർട്ടുകൾ പ്രകാരം, 3 ദശലക്ഷം യൂറോ ലോൺ ഫീസും, 3 ദശലക്ഷം യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്ഷനും, കൂടാതെ 1 ദശലക്ഷം യൂറോ ബോണസും ഭാവിയിൽ വിൽക്കുമ്പോൾ റോമയ്ക്ക് ഒരു വിഹിതവും ഈ കരാറിൽ ഉൾപ്പെടുന്നുണ്ട്.


30 വയസ്സുകാരനായ ഉസ്ബെക്കിസ്ഥാൻ സ്ട്രൈക്കർ 2021-ൽ ജെനോവയിൽ നിന്ന് 19.6 ദശലക്ഷം യൂറോയ്ക്കാണ് റോമയിലെത്തിയത്. എന്നാൽ, അവിടെ സ്ഥിരമായ ഒരു സ്റ്റാർട്ടിംഗ് സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാല് സീസണുകളിലായി 85 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 11 അസിസ്റ്റുകളും നേടി. ഇതിൽ ഭൂരിഭാഗം സമയവും പകരക്കാരനായിട്ടാണ് കളിച്ചത്.

സ്പെസിയയിലും കാഗ്ലിയാരിയിലും ലോൺ സ്പെല്ലുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 5 അസിസ്റ്റുകളും നേടി മികച്ച ഫോം പ്രകടിപ്പിച്ചിരുന്നു.


ഉസ്ബെക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 2026-ൽ അവരുടെ ആദ്യത്തെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ പ്രധാന പങ്കും വഹിച്ചു.

അറ്റലാന്റ പരിശീലകൻ ഗാസ്പെരിനി റോമയിലേക്ക്


ജിയാൻ പിയറോ ഗാസ്പെരിനി റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. യുവന്റസും അറ്റലാന്റയും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ക്ലോഡിയോ റാനിയേരിയും ക്ലബ്ബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്‌കിനും ഉൾപ്പെടെയുള്ള റോമയുടെ പ്രതിനിധികളുമായി ടുസ്‌കാനിയിൽ ചർച്ചകൾ നടത്തിയ ശേഷം ഗാസ്പെരിനി കരാർ ഒപ്പുവെക്കാൻ സമ്മതിച്ചു.

അന്റോണിയോ കോണ്ടെ നാപ്പോളിയിൽ തുടരാൻ തീരുമാനിച്ചതിന് ശേഷം യുവന്റസ് അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും അറ്റലാന്റയുടെ പരിശീലകനെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ബെർഗാമോയിൽ ഒമ്പത് വിജയകരമായ സീസണുകൾക്ക് ശേഷമാണ് ഗസ്പെരെനി അറ്റലാന്റ വിടുന്നത്.

യൂറോപ്പാ ലീഗ് കിരീടം, കോപ്പ ഇറ്റാലിയ ഫൈനൽ പ്രവേശനം, അഞ്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ എന്നിവ ഈ കാലഘട്ടത്തിൽ അറ്റലാന്റ നേടി.

റോമയെ തോൽപ്പിച്ച് അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു


അറ്റലാന്റ റോമയെ 2-1ന് തോൽപ്പിച്ച് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഈ വിജയത്തോടെ അവർ സീരി എയിൽ ആദ്യ നാലിൽ ഇടം നേടി.


ആതിഥേയരായ അറ്റലാന്റയ്ക്ക് തുടക്കത്തിൽ തന്നെ അഡെമോള ലുക്ക്മാൻ ലീഡ് നൽകി. എന്നാൽ 32-ാം മിനിറ്റിൽ മുൻ അറ്റലാന്റ താരം ബ്രയൻ ക്രിസ്റ്റന്റെ ഒരു ഹെഡ്ഡറിലൂടെ റോമ സമനില നേടി. പിന്നീട് 76-ാം മിനിറ്റിൽ ഇബ്രാഹിം സുലെമാന നേടിയ ഗോളിലൂടെ അറ്റലാന്റ വിജയം ഉറപ്പിച്ചു. ഈ തോൽവി റോമയുടെ 19 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമമിട്ടു.


ഈ വിജയത്തോടെ അറ്റലാന്റ അഞ്ചാം സ്ഥാനത്തുള്ള ലാസിയോയെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്. ഇനിയും രണ്ട് മത്സരങ്ങൾ ശേഷിക്കെ ആണ് അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. അതേസമയം, ലാസിയോക്കും യുവന്റസിനും ഒരു പോയിന്റ് പിന്നിലുള്ള റോമയ്ക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നത് കഠിനമായ ദൗത്യമാണ്. അടുത്ത മത്സരത്തിൽ എസി മിലാനെ ആണ് റോമ നേരിടേണ്ടത്‌.

ഇന്റർ മിലാന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി റോമ


മിലാൻ: സാൻ സിറോയിൽ നടന്ന മത്സരത്തിൽ എ.എസ്. റോമയോട് 1-0ന് പരാജയപ്പെട്ടതോടെ ഇന്റർ മിലാന്റെ സീരി എ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടു. ഈ തോൽവി നാപ്പോളിക്ക് ഇന്ന് രാത്രി ടോറിനോയെ നേരിടുമ്പോൾ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റ് ലീഡ് നേടാൻ അവസരം വന്നിരിക്കുകയാണ്.


കോപ്പ ഇറ്റാലിയ സെമിഫൈനൽ രണ്ടാം പാദത്തിൽ എ.സി. മിലാനോട് 3-0ന് തോറ്റതിൻ്റെ ആഘാതത്തിൽ നിന്ന് അവർ മുക്തരായിട്ടില്ല. അപ്പോഴാണ് ഈ പരാജയം കൂടെ. ഞായറാഴ്ചത്തെ തോൽവി എല്ലാ മത്സരങ്ങളിലുമായി അവരുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്, ഇന്റർ 71 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ, നാപ്പോളിയും അതേ പോയിന്റിൽ ഒന്നാം സ്ഥാനത്താണ്. റോമ 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.


ഈ തോൽവിക്ക് പുറമെ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ ബാഴ്സലോണയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി പ്രധാന പ്രതിരോധ താരം ബെഞ്ചമിൻ പവാർഡിന് പരിക്കേറ്റത് ഇന്ററിന് വലിയ ആശങ്ക നൽകുന്നു.

ലോറെൻസോ പെല്ലെഗ്രിനിയുടെ ഷോട്ട് ബോക്സിനുള്ളിൽ വെച്ച് തടയപ്പെട്ടു, എന്നാൽ റീബൗണ്ട് ലഭിച്ച മാറ്റിയാസ് സൗലെ 22-ാം മിനിറ്റിൽ റോമക്ക് ലീഡ് നൽകി. ഈ ഗോൾ വിജയവും ഉറപ്പിച്ചു.

കസെമിറോയെ സ്വന്തമാക്കാൻ റോമ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയെ സ്വന്തമാക്കാൻ ഇറ്റാലിയ ക്ലബായ റോമ രംഗത്ത്. ബ്രസീലിയൻ താരം ഈ നീക്കത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. മുൻ റയൽ മാഡ്രിഡ് താരത്തിന് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം അവസരങ്ങൾ കിട്ടുന്നില്ല. ആറ് മാസത്തെ ലോണിൽ താരത്തെ ടീമിൽ എത്തിക്കാൻ ആണ് റോമ ശ്രമിക്കുന്നത്.

Casemiro

ബോക്ക ജൂനിയേഴ്‌സിലേക്ക് പോകാൻ സാധ്യതയുള്ള പരേഡിസിന് പകരക്കാരനായാണ് റോമ കാസെമിറോയെ കാണുന്നത്. അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്നതിനു ശേഷം മധ്യനിരയിൽ കസെമിറോക്ക് അവസരങ്ങൾ കുറഞ്ഞു വരികയാണ്.

ഡിബാല റോമയിൽ തുടരും, സൗദിയിൽ നിന്നുള്ള ഓഫർ നിരസിച്ചു

റോമ ഫോർവേഡ് പൗലോ ഡിബാല ക്ലബിൽ തുടരും. സൗദി ക്ലബായ അൽ ഖദ്സിയയുടെ ഓഫർ ഡിബാല പരിഗണിച്ചു എങ്കിലും അവസാനം റോമയിൽ തന്നെ തുടരാം എന്ന് തീരുമാനിക്കുക ആയിരുന്നു. യൂറോപ്പിൽ തുടരുന്നത് ആണ് തനിക്ക് നല്ലതെന്ന് ഡിബാല വിലയിരുത്തുന്നു. കഴിഞ്ഞ സീസണിലും റോമ വിടാൻ ഡിബാല ശ്രമിച്ചിരുന്നു എങ്കിലും അവസാനം അവിടെ തന്നെ തുടരുകയായിരുന്നു.

യുവന്റസ് വിട്ട് രണ്ട് സീസൺ മുമ്പ് ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി. അതിനു മുമ്പ് 2015 മുതൽ നീണ്ട ഏഴ് വർഷം യുവന്റസിനൊപ്പമായിരുന്നു ഡിബാല. അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 29 കാരനായ താരം യുവന്റസ് ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. റോമക്ക് ഒപ്പം കോൺഫറൻസ് ലീഗ് കിരീടവും നേടി.

ഓസ്ട്രേലിയൻ ഗോൾ കീപ്പർ മാത്യു റയാനെ റോമ സൈൻ ചെയ്തു

AZ അൽക്‌മാറിന്റെ താരവും ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര ഗോൾകീപ്പറുമായ മാത്യു റയാനെ ഒരു ഫ്രീ ഏജൻ്റായി റോമ സൈൻ ചെയ്തു. 32കാരൻ മുമ്പ് ആഴ്സണൽ, ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ, റിയൽ സോസിഡാഡ്, വലൻസിയ, കെആർസി ജെങ്ക്, എഫ്‌സി കോപ്പൻഹേഗൻ, ക്ലബ് ബ്രൂഷെ എന്നിവർക്കായി കളിച്ചിട്ടുണ്ട്.

2012 ഡിസംബറിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അദ്ദേഹം ഓസ്‌ട്രേലിയയ്‌ക്കായി 92 സീനിയർ ക്യാപ്പുകളും നേടിയിട്ടുണ്ട്. റോനയുടെ ഫസ്റ്റ് ചോയിസായി മൈൽ സ്വിലാറിനു കീഴിൽ രണ്ടാം ഗോൾ കീപ്പർ ആയാകും റയാൻ പ്രവർത്തിക്കുക.

ഇറാൻ സ്ട്രൈക്കർ സർദർ അസ്മൗൺ റോമയിലേക്ക്

ഇറാൻ അന്താരാഷ്ട്ര സ്‌ട്രൈക്കർ സർദർ അസ്‌മൗണെ ജോസെ മൗറീനീയുടെ റോമ സ്വന്തമാക്കാൻ സാധ്യത. ബയെർ ലെവർകൂസന്റെ താരം ഒരു ലോൺ കരാറിൽ റോമയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു‌. എ സി മിലാനും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ താരം റോമയിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്‌.

ജർമ്മൻ ക്ലബായ ബയേർ ലെവർകൂസണിൽ കഴിഞ്ഞ വർഷമായിരുന്നു താരം എത്തിയത്. കഴിഞ്ഞ സീസണിൽ അഞ്ചു ഗോളുകൾ മാത്രമെ താരത്തിന് നേടാൻ ആയിരുന്നുള്ളൂ. ടാമി അബ്രഹാമിനു പരിക്കേറ്റതിനാൽ അവസാന ഒരു മാസമായി റോമ സ്ട്രൈക്കർമാർക്കുള്ള അന്വേഷണത്തിൽ ആയിരുന്നു.

റഷ്യൻ ടീമായ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ലെവർകുസണിൽ ചേർന്നത്. ഇറാൻ ഇന്റർനാഷണൽ സ്വന്തം രാജ്യത്തിനായി 71 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

പരെദസ് പി എസ് ജി വിട്ട് റോമയിൽ

ലിയാൻഡ്രോ പരെദസ് ഇനി റോമയിൽ. പി എഅ ജി താരം റോമയിൽ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 4 മില്യൺ ആണ് ട്രാൻസ്ഫർ ഫീ ആയി പി എസ് ജിക്ക് ലഭിക്കുക. പരെദസ് രണ്ട് വർഷത്തെ കരാർ റോമയിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ യുവന്റസിനൊപ് ഇറ്റലിയിൽ തന്നെ ആയിരുന്നു പരെദസ് കളിച്ചത്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ ആവാത്തത് കൊണ്ട് താരം ലോൺ കഴിഞ്ഞപ്പോൾ തിരികെ പി എസ് ജിയിലേക്ക് തന്നെ വന്നു.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. മുമ്പും റോമയ്ക്കായി താരം കളിച്ചിട്ടുണ്ട്. ഇറ്റലിയുൽ എമ്പോളിക്കായും വെറോണക്ക് ആയും താരം കളിച്ചിട്ടുണ്ട്.

പിഎസ്ജിക്കൊപ്പം പരേഡസ് രണ്ട് തവണ ഫ്രഞ്ച് കപ്പും മൂന്ന് തവണ ഫ്രഞ്ച് സൂപ്പർ കപ്പും ഒരു തവണ ഫ്രഞ്ച് ലീഗ് കപ്പും മൂന്ന് തവണ ലീഗ് 1 കിരീടവും നേടിയിട്ടുണ്ട്‌

മാറ്റിച് റോമ വിടാൻ സാധ്യത, ഫ്രഞ്ച് ക്ലബ് രംഗത്ത്

നെമാഞ്ച മാറ്റിച് റോമ വിടാൻ സാധ്യത. താരത്തിനായി ഫ്രഞ്ച് ക്ലബായ റെന്നെ രംഗത്ത് ഉണ്ട്. അവർ രണ്ട് വർഷത്തെ കരാർ താരത്തിനായി വാഗ്ദാനം ചെയ്തു. ഫ്രഞ്ച് ക്ലബ് ഒരു ഓഫറുമായി റോമയെ സമീപിച്ചിട്ടുണ്ട്. താരവും റോമ വിടാൻ താല്പര്യപ്പെടുന്നതായി പരിശീലകൻ ജോസെയെ അറിയിച്ചു. 2024 സമ്മർ വരെ ഉള്ള കരാർ മാറ്റിചിന് റോമയിൽ ഉണ്ട്.

ഒരു സീസൺ മുന്നെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മാറ്റിച് റോമയിലേക്ക് എത്തിയത്‌. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയുടെ സാന്നിദ്ധ്യമാണ് റോമയിലേക്ക് മാറ്റിചിനെ എത്തിച്ചത്. ജോസെയുടെ വിശ്വസ്ത കളിക്കാരിൽ ഒരാളാണ് മാറ്റിച്. എങ്കിലും 35കാരന്റെ വേഗത പ്രശ്നമായതിനാൽ ഇപ്പോൾ റോമ ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം കിട്ടാറില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിലും ചെൽസിയിലും മാറ്റിച് ജോസെക്ക് കീഴിൽ വലിയ പ്രകടനങ്ങൾ മുമ്പ് കാഴ്ചവെച്ചിട്ടുണ്ട്. മുമ്പ് അഞ്ചു വർഷം മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആയിരുന്നു. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.

Exit mobile version