തരം താഴ്ത്തൽ ഭീഷണി യാഥാർഥ്യം ആവുന്നു, സെവിയ്യയോടും തോറ്റു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ സ്‌പെയിനിലെ വമ്പൻ ക്ലബുകളിൽ ഒന്നായ വലൻസിയ അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം വലിയ സംശയത്തിൽ. ഇന്ന് സെവിയ്യയോട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റതോടെ 29 മത്സരങ്ങൾക്ക് ശേഷം 18 സ്ഥാനത്ത് ആണ് അവർ. ജയത്തോടെ സെവിയ്യ 12 സ്ഥാനത്തേക്ക് കയറുകയും ചെയ്തു. കൂടുതൽ നേരം പന്ത് കൈവശം വച്ചതും കൂടുതൽ ഷോട്ടുകൾ ഉതിർത്തതും വലൻസിയ ആയിരുന്നു.

എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യം കണ്ട ലോയിക് ബേഡ് സെവിയ്യക്ക് മുൻതൂക്കം നൽകി. 75 മത്തെ മിനിറ്റിൽ മോണ്ടിയലിന്റെ മികച്ച നീക്കത്തിന് ഒടുവിൽ ലക്ഷ്യം കണ്ട സുസോ വലൻസിയ പരാജയം ഉറപ്പാക്കുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ ബ്രയാൻ ഗിലിനെ ഫൗൾ ചെയ്ത ഇലായിക്‌സ് മോറിബ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ വലൻസിയ പരാജയം പൂർണമായി. ഇനിയുള്ള 9 കളികളിൽ നിന്നു ലീഗിൽ നിലനിൽക്കാനുള്ള പോയിന്റുകൾ നേടുക ആവും വലൻസിയ ശ്രമം.

റാകിറ്റിച് അടക്കം 2 പേർക്ക് ചുവപ്പ് കാർഡ് ഒപ്പം പരാജയവും,സെവിയ്യയുടെ കഷ്ടകാലം തുടരുന്നു

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് റയൽ സോസിദാഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട സെവിയ്യ ഇതോടെ തരം താഴ്ത്തലിന് അരികിൽ 17 സ്ഥാനത്ത് തുടരുന്നു. ജയത്തോടെ സോസിദാഡ് മൂന്നാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 2 സെവിയ്യ താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടു. മത്സരത്തിൽ ഇരുപതാം മിനിറ്റിൽ മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു അലക്‌സാണ്ടർ സോർലോത്ത് സോസിദാഡിനു മുൻതൂക്കം സമ്മാനിച്ചു. 28 മത്തെ മിനിറ്റിൽ അപകടകരമായ ഫൗളിന് ഇവാൻ റാകിറ്റിച്ചിന് ചുവപ്പ് കാർഡ് കണ്ടു. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി മാറ്റുക ആയിരുന്നു.

34 മത്തെ മിനിറ്റിൽ പ്രതിരോധതാരം ടാൻഗെയ് നിനാസൗവിനും ചുവപ്പ് കാർഡ് കണ്ടതോടെ സെവിയ്യ 9 പേരായി ചുരുങ്ങി. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കാർഡ് ചുവപ്പ് കാർഡ് ആയി ഉയർത്തുക ആയിരുന്നു. 2 മിനിറ്റിനുള്ളിൽ ബ്രയിസ് മെന്റസ് സോസിദാഡിനു രണ്ടാം ഗോൾ സമ്മാനിച്ചു. സീസണിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്. മൈക്കിൾ മെറിനോയുടെ പാസിൽ നിന്നു തന്നെയായിരുന്നു മെന്റസിന്റെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 9 പേരുമായി സെവിയ്യ ഒരു ഗോൾ മടക്കി. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ എത്തിയ അലക്‌സ് ടെല്ലസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ റാഫ മിർ ആണ് സെവിയ്യക്ക് ആയി ഒരു ഗോൾ മടക്കിയത്. തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും സീസണിൽ സെവിയ്യയുടെ പ്രധാനശ്രമം.

യുവതാരങ്ങളുടെ മികവിൽ സെവിയ്യയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്നലെ സെവിയ്യയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചാൽ സിറ്റി വിജയിച്ചത്. ഹാളണ്ട് ഇല്ലാതെ ആയിരുന്നു സിറ്റി ഇറങ്ങിയത്..

മത്സരത്തിന്റെ 31ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ റാഫേൽ മിർ സെവിയ്യക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ സെവിയ്യ ഈ ലീഡ് തുടർന്നു. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ജൂലിയൻ ആല്വരസിന്റെ അസിസ്റ്റിൽ നിന്ന് 18കാരൻ റികോ ലൂയിസ് ആണ് സിറ്റിക്ക് സമനില നൽകിയത്.

73ആം മിനുട്ടിൽ ഡി ബ്രുയിനെയുടെ പാസ് സ്വീകരിച്ച് കൊണ്ട് ജൂലിയൻ ആൽവാരസ് സിറ്റിക്ക് ലീഡും നൽകി. അതു കഴിഞ്ഞ് 83ആം മ്ക്നുട്ടിൽ മഹറസും കൂടെ സ്കോർ ചെയ്തതോടെ സിറ്റി ജയം പൂർത്തിയായി. ഈ ഗോളുകൾ ആല്വാരസ് ആണ് ഒരുക്കിയത്.

സിറ്റി ഗ്രൂപ്പ് ഘട്ടം 14 പോയിന്റുമായി ഒന്നാമത് അവസാനിപ്പിച്ചു. സെവിയ്യ 5 പോയിന്റുമായി മൂന്നാമതും നിന്നു.

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം കുറിച്ചു സെവിയ്യ

ചാമ്പ്യൻസ് ലീഗിൽ എഫ്.സി കോപ്പൻഹേഗനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. ജയത്തോടെ ഗ്രൂപ്പ് ജിയിൽ മൂന്നാമതുള്ള അവർ ചാമ്പ്യൻസ് അടുത്ത റൗണ്ടിൽ എത്താനുള്ള പ്രതീക്ഷ നിലനിർത്തി. സെവിയ്യ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇടക്ക് എതിരാളികളുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് ആശ്വാസമായി. രണ്ടാം പകുതിയിൽ ആണ് സെവിയ്യയുടെ ഗോളുകൾ പിറന്നത്.

61 മത്തെ മിനിറ്റിൽ പാപ ഗോമസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ യൂസഫ് എൻ നെസ്യിറി ആണ് അവർക്ക് മുൻതൂക്കം സമ്മാനിച്ചത്. 88 മത്തെ മിനിറ്റിൽ മാർകോസ് അക്യുനയുടെ പാസിൽ നിന്നു മനോഹരമായ ഒരു ഷോട്ടിലൂടെ ഇസ്കോ സെവിയ്യക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ഗോൾ നേടാനുള്ള എതിരാളികളുടെ ശ്രമം മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഗോൺസാലോ മോണ്ടിനൽ സെവിയ്യയുടെ വിജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷം ഇസ്കോക്ക് എതിരായ മോശം ഫൗളിന് ഖൊചോളവ ചുവപ്പ് കാർഡ് കണ്ടത് കോപ്പൻഹേഗനു തിരിച്ചടിയായി.

ഡോൺ കാർലോയുടെ പകരക്കാരുടെ മികവിൽ സെവിയ്യയെ വീഴ്ത്തി റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ ജയം തുടർന്ന് റയൽ മാഡ്രിഡ്. മോശം ഫോമിലുള്ള സെവിയ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് റയൽ തോൽപ്പിച്ചത്. പരിക്കേറ്റ കരീം ബെൻസീമ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. കളിക്ക് മുമ്പ് ബാലൻ ഡി യോർ ജേതാവ് ആയ ബെൻസീമ തന്റെ അവാർഡ് ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച തുടക്കം ആണ് റയലിന് ലഭിച്ചത്. അഞ്ചാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നു ലൂക മോഡ്രിച് റയലിന് മുൻതൂക്കം നൽകി. എന്നാൽ ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് മാത്രം ലക്ഷ്യത്തിലേക്ക് ഉതിർത്ത റയൽ അതിനു വില നൽകേണ്ടി വരുന്നത് ആണ് പിന്നീട് കണ്ടത്.രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഗോൺസാലോ മോണ്ടിയലിന്റെ ത്രൂ ബോളിൽ നിന്നു എറിക് ലമേല സെവിയ്യക്ക് സമനില സമ്മാനിച്ചു.

അവസാന നിമിഷങ്ങളിൽ ആഞ്ചലോട്ടി വരുത്തിയ മാറ്റങ്ങൾ കളി റയലിന് അനുകൂലമാക്കുന്നത് ആണ് പിന്നീട് കണ്ടത്. 79 മത്തെ മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ലൂകാസ് വാസ്ക്വസ് റയലിന് ഒരിക്കൽ കൂടി മുൻതൂക്കം നൽകി. തുടർന്ന് രണ്ട് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മാർകോ അസൻസിയോയുടെ ബോക്സിന് പാസിൽ നിന്നു പുറത്ത് നിന്ന് ഒരു അതുഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഫെഡറിക്കോ വാൽവെർഡെ റയൽ ജയം ഉറപ്പിക്കുക ആയിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഉറുഗ്വേ താരം ഗോൾ നേടുന്നത്. എന്നാൽ മത്സരശേഷം പപ ഗോമസും ആയി കൂട്ടിയിടിച്ച വാൽവെർഡെ പരിക്കേറ്റു പുറത്ത് പോയത് റയലിന് ആശങ്കയായി. നിലവിൽ ലീഗിൽ റയൽ ഒന്നാമത് തുടരുമ്പോൾ 14 സ്ഥാനത്ത് ആണ് സെവിയ്യ.

ലാ ലീഗയിൽ ബുള്ളറ്റ് ഗോളിൽ ജയം കണ്ടു സെവിയ്യ

സ്പാനിഷ് ലാ ലീഗയിൽ മയ്യോർകയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി സെവിയ്യ. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത് മയ്യോർക ആയിരുന്നു എങ്കിലും ലക്ഷ്യത്തിലേക്ക് ഉതിർത്ത ഒറ്റ ഷോട്ടിൽ ലക്ഷ്യം കണ്ട സെവിയ്യ മത്സരത്തിൽ ജയിക്കുക ആയിരുന്നു.

53 മത്തെ മിനിറ്റിൽ ഇസ്കോയുടെ പാസിൽ നിന്നു ബോക്സിന് ഒരുപാട് ദൂരെ നിന്ന് നെമാജ ഗുഡെ ഉതിർത്ത ബുള്ളറ്റ് ഷോട്ട് ആണ് സെവിയ്യക്ക് ജയം സമ്മാനിച്ചത്. നിലവിൽ ജയത്തോടെ സെവിയ്യക്ക് പതിമൂന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിച്ചു. അതേസമയം പന്ത്രണ്ടാം സ്ഥാനത്ത് ആണ് മയ്യോർക.

സാംപോളി സെവിയ്യയിൽ മടങ്ങിയെത്തി

പ്രതീക്ഷിച്ച പോലെ ജോർജെ സാംപോളി സെവിയ്യയിലേക്ക് മടങ്ങിയെത്തി. പുറത്താക്കിയ പരിശീലകൻ ലോപ്പറ്റെഗിക്ക് പകരക്കാരനായി അർജന്റീനകാരനെ എത്തിച്ചത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 വരെയാണ് അദ്ദേഹത്തിന് കരാർ ഉണ്ടാവുക. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനോടേറ്റ തോൽവിക്ക് പിറകെയാണ് ലോപ്പറ്റെഗിയെ സെവിയ്യ പുറത്താക്കിയത്.

മാഴ്സെ ആയിരുന്നു സാംപോളിയുടെ അവസാന തട്ടകം. എന്നാൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ ഭിന്നാഭിപ്രായം വന്നതോടെ ടീം വിടുകയായിരുന്നു. മുൻപ് സാംപൊളിക്കൊപ്പം മികച്ച പ്രകടനമാണ് സെവിയ്യ കാഴ്ച്ചവെച്ചിരുന്നത്. പിന്നീട് അർജന്റീനയുടെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് ടീം വിട്ടത്. അറുപതിരണ്ടുകാരനെ തിരിച്ചു കൊണ്ടുവരുമ്പോൾ സെവിയ്യ ആഗ്രഹിക്കുന്നതും അന്നത്തെ പ്രകടനം തന്നെയാണ്. മുൻപ് ചിലിക്കൊപ്പം കോപ്പ അമേരിക്ക ഉയർത്താനും സാംപൊളിക്ക് സാധിച്ചിരുന്നു.

ലോപ്പറ്റെഗിയെ പുറത്താക്കി സെവിയ്യ, പകരക്കാരനാവാൻ സാമ്പോളി

ജുലൻ ലോപ്പറ്റെഗിക്ക് മുകളിൽ മൂടിക്കെട്ടി നിന്ന കാർമേഘങ്ങൾ ഒടുവിൽ പൊട്ടിത്തെറിച്ചു. ഡോർട്മുണ്ടിനോട് സ്വന്തം തട്ടകത്തിൽ ഏട്ട തോൽവിക്ക് പിറകെ കോച്ചിനെ പുറത്താക്കിയതായി സെവിയ്യയുടെ പ്രഖ്യാപനം എത്തി. മത്സരത്തിന് മുൻപ് തന്നെ സ്പാനിഷ് കോച്ചിന്റെ അവസാന മത്സരം ആയിരിക്കും എന്ന് ഉറപ്പായിരുന്നു. മത്സര ശേഷം അദ്ദേഹം തന്നെ ഈ കാര്യം സൂചിപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയം പോലും നേടാൻ ടീമിനായിട്ടില്ല. ലാ ലീഗയിൽ ആവട്ടെ ഒരേയൊരു വിജയവുമായി പതിനേഴാം സ്ഥാനത്തും. സെവിയ്യക്ക് എന്നും തന്റെ ഹൃദയത്തിൽ ആയിരിക്കും സ്ഥാനമെന്ന് ലോപ്പറ്റെഗി പ്രതികരിച്ചു. താരങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും അദ്ദേഹം നന്ദി അറിയിച്ചു.

മികച്ച താരങ്ങളെ നഷ്ടമാവുകയും പരിക്ക് അലട്ടിയതും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. യൂറോപ്പ ലീഗ് നേടിയതും തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിതന്നതും ലോപ്പറ്റെഗിയെ ക്ലബ്ബിന്റെ ചാരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് സെവിയ്യ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. മുൻ അർജന്റീന കോച്ച് ജോർജെ സംപോളി ആവും ക്ലബ്ബിന്റെ പുതിയ പരിശീലകൻ എന്നാണ് സൂചനകൾ. സേവിയ്യയെയും മുൻപ് ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

സ്വന്തം തട്ടകത്തിൽ വിജയം നേടാൻ ആവാതെ വിയ്യാറയൽ, സെവിയ്യയുമായി സമനില

വമ്പന്മാരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് വിയ്യാറായലും സെവിയ്യയും. വിയ്യാറയലിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടി കൊണ്ട് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു. ആറു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പതിനൊന്ന് പോയിന്റുമായി വിയ്യാറയൽ ആറാമതും അഞ്ചു പോയിന്റുമായി സെവിയ്യ ലീഗിൽ പതിനഞ്ചാമതുമാണ്.

സ്വന്തം തട്ടകത്തിൽ അവസരങ്ങൾ ഏറെ ലഭിച്ചിട്ടും വിജയം നേടാൻ കഴിയാത്ത നിരാശയിലാണ് വിയ്യാറയൽ കളം വിട്ടത്. കരുത്തരായ എതിരാളികൾക്കെതിരെ ഇരു നിരയും വിജയം നേടാൻ ഉറച്ചു തന്നെയാണ് ഇറങ്ങിയത്. എട്ടാം മിനിറ്റിൽ തന്നെ എമരിയുടെ ടീമിനെ ഞെട്ടിച്ചു കൊണ്ട് സെവിയ്യ ലീഡ് എടുത്തു. ഇസ്കോയുടെ പാസിൽ നിന്നും ഒലിവർ ടോറസ് ആണ് സെവിയ്യക്ക് ലീഡ് നൽകിയത്. പന്ത് കൂടുതൽ കൈവശം വെച്ചു സെവിയ്യ മത്സരം നിയന്ത്രണത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും വിയ്യാറയൽ പലപ്പോഴും എതിർ ഗോൾ മുഖത്ത് അപകടം സൃഷ്ടിച്ചു. പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ സെവിയ്യയുടെ ലീഡിൽ തന്നെയാണ് മത്സരം പിരിഞ്ഞത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ വിയ്യാറയൽ കാത്തിരുന്ന ഗോൾ എത്തി. കൗണ്ടർ വഴി എത്തിയ ബോൾ മുന്നേറ്റ താരം ബീന പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത് എതിർ കീപ്പർ സേവ് ചെയ്‌തെങ്കിലും വീണ്ടും താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് തന്നെ എത്തി. തുടർന്നും പലപ്പോഴും എതിർ പോസ്റ്റിലേക്ക് അവർ ലക്ഷ്യം വെച്ചെങ്കിലും ലീഡ് നേടാൻ കഴിഞ്ഞില്ല.

ജോസെ ആഞ്ചൽ കാർമോണ! യുവതാരത്തിന്റെ മികവിൽ ത്രില്ലറിൽ സീസണിൽ സെവിയ്യക്ക് ആദ്യ ജയം

സ്പാനിഷ് ലാ ലീഗയിൽ ആദ്യ ജയം നേടി സെവിയ്യ. എസ്പന്യോളിന്റെ തിരിച്ചു വരവ് അതിജീവിച്ചു ത്രില്ലറിൽ 3-2 നു ആണ് സെവിയ്യ മത്സരത്തിൽ ജയം കണ്ടത്. കടുത്ത സമ്മർദത്തിൽ ആയ സെവിയ്യ പരിശീലകൻ ലോപറ്റ്യൂഗിക്ക് ഈ ജയം കച്ചിത്തുരുമ്പായി. കളം നിറഞ്ഞു കളിച്ചു ഇരട്ടഗോളുകളും ഒരു അസിസ്റ്റും നേടിയ 20 കാരൻ യുവതാരം ജോസെ ആഞ്ചൽ കാർമോണയുടെ മികവ് ആണ് സെവിയ്യക്ക് ജയം സമ്മാനിച്ചത്. കരിയറിൽ തന്റെ രണ്ടാം മത്സരത്തിന് മാത്രം ഇറങ്ങിയ സെവിയ്യ അക്കാദമി താരവും വലത് ബാക്കും ആയ കാർമോണ ആദ്യ മിനിറ്റിൽ തന്നെ എറിക് ലമേലക്ക് ആയി ഗോൾ ഒരുക്കി.

26 മത്തെ മിനിറ്റിൽ കാർമോണ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടത്തി. ക്ലബിന് ആയി താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 45 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും യുവതാരം കുറിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം മാർകോസ് അകുനയുടെ ഹാന്റ് ബോളിന് എസ്പന്യോളിനു പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി ഹോസലു ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ മാർട്ടിൻ ബ്രത്വെയിറ്റ് ഗോൾ നേടിയതോടെ എസ്പന്യോളിനു തിരിച്ചു വരവ് പ്രതീക്ഷ വന്നു. 84 മത്തെ മിനിറ്റിൽ എറിക് ലമേല രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തായതോടെ സെവിയ്യ പ്രതിരോധത്തിലായി. 10 പേരായി ചുരുങ്ങിയെങ്കിലും അവസാനം എസ്പന്യോൾ വെല്ലുവിളി അതിജീവിച്ചു സെവിയ്യ സീസണിലെ ആദ്യ ജയം കുറിക്കുക ആയിരുന്നു.

യനുസായിനെ സ്വന്തമാക്കാൻ സെവിയ്യ, താരം ലാ ലീഗയിൽ തന്നെ തുടർന്നേക്കും

ബെൽജിയൻ താരം അദ്നാൻ യനുസായിനെ ടീമിൽ എത്തിക്കാൻ സെവിയ്യയുടെ നീക്കം. റയൽ സോസിഡാഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റ് ആയ താരം പുതിയ തട്ടകം തേടിക്കൊണ്ടിരിക്കുകയായിരുന്നു. താരത്തിന്റെ മുൻ കോച്ച് കൂടിയായ മോയസ് യനുസായിനെ വെസ്റ്റ്ഹാമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ സൂചന ഉണ്ടായിരുന്നു. എന്നാൽ താരവുമായി സെവിയ്യ ചർച്ചകൾ നടത്തി വരുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം തന്നെ താരത്തെ ടീമിലേക്ക് എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സെവിയ്യ.

തങ്ങളുടെ വിങ്ങർ ലുകാസ് ഒകാമ്പോസിന് വേണ്ടി അയാക്സ് ശ്രമങ്ങൾ ആരംഭിച്ചതിന് പിറകെയാണ് യനുസായിനെ എത്തിക്കാൻ സെവിയ്യ ശ്രമങ്ങൾ ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. യുനൈറ്റഡിലേക്ക് ചേക്കേറിയ ആന്റണിക്ക് പകരക്കാരൻ ആയി അയാക്‌സ് കാണുന്ന താരമാണ് ഒകാമ്പോസ്. താരം ടീം വിടുകയാണെങ്കിൽ ഫ്രീ ഏജന്റ് ആയ യനുസായിനെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ വലിയ തലവേദന കൂടാതെ ടീമിൽ എത്തിക്കാൻ സാധിക്കും എന്നതും സെവിയ്യ പരിഗണിച്ചിരിക്കണം.

യുനൈറ്റഡിൽ നിന്നും 2016ൽ സോസിഡാഡിൽ എത്തിയ ശേഷം ടീമിനായി നൂറ്റിയിറുപത്തോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതോടെ ഇരുപത്തിയേഴുകാരനായ താരത്തിന് ലാ ലീഗയിൽ തന്നെ തുടരാൻ ആവും.

ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്‌സ് ശ്രമം

സെവിയ്യ താരത്തിനെ ആന്റണിക്ക് പകരക്കാരനാക്കാൻ അയാക്‌സ് ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ സ്വന്തമാക്കാൻ അയാക്‌സ് ശ്രമം. നേരത്തെ മുൻ താരം കൂടിയായ ഹകിം സിയെചിനെ ചെൽസിയിൽ നിന്നു എത്തിക്കാൻ ആയിരുന്നു ഡച്ച് ടീമിന്റെ ശ്രമം.

എന്നാൽ നിലവിൽ സിയെചിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്താൻ ആവാത്തതിനാൽ സെവിയ്യ താരമായ ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്‌സ് ശ്രമിക്കുന്നു എന്നാണ് നിലവിലെ വാർത്തകൾ. 28 കാരനായ താരത്തിനെ 15 മില്യൺ യൂറോക്ക് എങ്കിലും സ്വന്തമാക്കാൻ ആണ് ഡച്ച് ടീം ശ്രമം. ആരാധകരുടെ പ്രിയപ്പെട്ട ഒകാമ്പോസിനെ അത്ര എളുപ്പത്തിൽ സെവിയ്യ വിൽക്കുമോ എന്നു വരും മണിക്കൂറുകളിൽ അറിയാം.

Story Highlight : Ajax trying to replace Antony with Ocampos.

Exit mobile version