തിരിച്ചു വന്നു മൊറോക്കോയെ വീഴ്ത്തി സ്‌പെയിൻ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് സ്‌പെയിൻ സ്വർണ മെഡലിന് ആയുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. ആദ്യ പകുതിയിൽ ആമിർ റിച്ചാർഡ്സനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു 37 മത്തെ മിനിറ്റിൽ സോഫിയാനെ റഹീമിയിലൂടെ മൊറോക്കോ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ഒളിമ്പിക്സിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സ്പാനിഷ് തിരിച്ചു വരവ് ആണ് കാണാൻ ആയത്. 65 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ബാഴ്‌സലോണ താരം ഫെർമിൻ ലോപ്പസ് സ്‌പെയിനിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. താരത്തിന്റെ ഒളിമ്പിക്സിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 85 മത്തെ മിനിറ്റിൽ സ്‌പെയിൻ വിജയഗോൾ കണ്ടെത്തുക ആയിരുന്നു. ഇത്തവണ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജുആൻലു സാഞ്ചസ് സ്പെയിനിന് വിജയം സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ഫ്രാൻസ്, ഈജിപ്ത് വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

റയൽ മാഡ്രിഡിന്റെ ബ്രാഹിം ഡിയസ് മൊറോക്കോ ദേശീയ ടീമിലേക്ക് മാറും

റയൽ മാഡ്രിഡ് യുവതാരം ബ്രാഹിം ഡിയസിനെ മൊറോക്കോ അവരുടെ ദേശീയ ടീമിനായി കളിപ്പിക്കും. ഇതുവരെ താരം സ്പെയിൻ ദേശീയ ടീം താരമായിരുന്നു. 2021ൽ സ്പെയിനു വേണ്ടി ഒരു മത്സരം കളിച്ചിരുന്നു. പിന്നീട് അവസരം കിട്ടിയില്ല. അതും കൂടെ കണക്കിലെടുത്താണ് അന്താരാഷ്ട്ര ഫുട്ബോളിൽ മൊറോക്കോയെ പ്രതിനിധീകരിക്കാൻ ഡിയസ് ശ്രമിക്കുന്നത്. ഇതിനായുള്ള നീക്കങ്ങൾ മൊറോക്കോ തുടങ്ങി കഴിഞ്ഞു.

ജനുവരിയിൽ ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോ ഇറങ്ങുമ്പോൾ ഡിയസ് അവർക്ക് ഒപ്പം ഉണ്ടാകും. അവസാന സീസണുകളിൽ മിലാനിൽ ലോണിൽ കളിക്കുക ആയിരുന്ന ബ്രാഹിം ഡയസിനെ ഇത്തവണ റയൽ ക്ലബിൽ നിലനിർത്തുകയാണ് ചെയ്തത്.. 2027വരെയുള്ള കരാറും താരം
പുതുതായി റയലിൽ ഒപ്പുവെച്ചു.

2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ ഡയസിനായിരുന്നു. അവസാന രണ്ടു സീസണിലും മിലാന്റെ പ്രധാന താരമായി പ്രവർത്തിക്കാനും 23കാരനായി. താരം 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്.

വൻ ട്രാൻസ്ഫറുകൾ തുടർന്ന് അൽ ഹിലാൽ, മൊറോക്കോയുടെ ബോണോയെയും സ്വന്തമാക്കി

അൽ ഹിലാൽ അവരുടെ വലിയ ട്രാൻസ്ഫറുകൾ തുടരുന്നു. സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോണോയും ഇപ്പോൾ അൽ ഹിലാലിൽ എത്തിയിരികുകയാണ്. 21 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ആണ് അൽ ഹിലാൽ താരത്തെ സ്വന്തമാക്കുന്നത്. മൂന്നു വർഷത്തെ കരാർ ബോണോ അൽ ഹിലാലിൽ ഒപ്പുവെക്കും. ഇന്നലെ സൂപ്പർ കപ്പ് ഫൈനലിൽ ബോണോ സെവിയ്യക്ക് ആയി ഇറങ്ങിയിരുന്നു. അതാകും താരത്തിന്റെ സെവിയ്യക്ക് ആയുള്ള അവസാന മത്സരം.

45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോക്ക് വേതനമായി നൽകും. നെയ്മറിനെയും ബോണോയെയും സ്വന്തമാക്കിയ അൽ ഹിലാൽ ഇനി അടുത്തതായി മിട്രോവിചിനെ ടീമിൽ എത്തിക്കും.

നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി.

ചരിത്രം കുറിച്ച് മൊറോക്കോ!! വനിതാ ലോകകപ്പിൽ ആദ്യ വിജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ മൊറോക്കോ ചരിത്രം കുറിച്ചു. അവർ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ഈ വിജയവും ഇന്നത്തെ ഗോളും മൊറോക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും വിജയവും ആയിരുന്നു. മൊറോക്കോ ഈ വിജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി.

ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ഇബ്തിസാം റൈദി ആണ് മൊറോക്കക്ക് ലീഡ് നേടിയത്. മൊറോക്കോ ഒരിക്കലും മറക്കാത്ത ഗോളായിരിക്കും ഇത്. കൊറിയക്ക് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. പന്ത് കൈവശം വെച്ചെങ്കിലും കൃത്യമായ അവസരങ്ങൾ അവർ സൃഷ്ടിച്ചില്ല.

മൊറോക്കോ ആദ്യ മത്സരത്തിൽ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു. അവർ അവസാന മത്സരത്തിൽ ഇനി കൊളംബിയയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കൊറിയ ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.

മൊറോക്കയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക

ഇന്ന് നടന്ന ആവേശകരമായ ആഫ്രിക്ക നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മൊറോക്കോയെ തോൽപ്പിച്ചു. ഗ്രൂപ്പ് കെയിലെ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ 2-1 എന്ന സ്കോറിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്‌.

മൊറോക്കൻ താരം മുനീർ അഞ്ചാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോൾ കാരണം തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്ക മുന്നിൽ എത്തി. രണ്ടാം പകുതിയിൽ, 48-ാം മിനിറ്റിൽ ലെപാസ തന്റെ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. മൊറോക്കൻ മിഡ്ഫീൽഡർ സിയെച് ഒരു മികച്ച ഗോളിലൂടെ ഇ 2-1 എന്നാക്കി എങ്കിലും പരാജയം ഒഴിവാക്കാൻ വേണ്ടിയിരുന്ന രണ്ടാം ഗോൾ കണ്ടെത്താൻ മൊറോക്കയ്ക്ക് ആയില്ല.

ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ ആഫ്രിക്കൻ നേഷൺസ് കപ്പ് യോഗ്യത നേടിയിട്ടുണ്ട്.

മൊറോക്കോക്ക് മുൻപിൽ അടിപതറി, ബ്രസീലിന് തോൽവി

ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ വമ്പന്മാരായ ബ്രസീലിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോയാണ് ബ്രസീലിനെ തോൽപ്പിച്ചത്. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനം മൊറോക്കോ വീണ്ടും പുറത്തെടുത്തപ്പോൾ ബ്രസീലിന് മറുപടി നൽകാനായില്ല. യുവതാരങ്ങൾക്ക് അവസരം നൽകി ഇറങ്ങിയ ബ്രസീലിനെതിരെ മൊറോക്കോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൌണ്ടർ അറ്റാക്കിലൂടെ ബ്രസീലിനെ നിരവധി തവണ പരീക്ഷിച്ച മൊറോക്കോ ബൗഫലിന്റെ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ മുൻപിലെത്തുകയും ചെയ്തു.

മൊറോക്കോ ആദ്യ ഗോൾ നേടുന്നതിന് മുൻപ് വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ഗോൾ നേടിയിരുന്നെങ്കിലും വാർ ഇടപെട്ട് ഓഫ് സൈഡ് വിളിച്ചത് അവർക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ മൊറോക്കോ ഗോൾ കീപ്പർ ബോനോയുടെപിഴവിൽ നിന്ന് ബ്രസീൽ മത്സരത്തിൽ സമനില പിടിച്ചു. കസെമിറോയാണ് മൊറോക്കൻ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ബ്രസീലിന് സമനില നേടിക്കൊടുത്തത്.

എന്നാൽ അധികം വൈകാതെ തന്നെ മൊറോക്കോ മത്സരത്തിൽ വീണ്ടും മുൻപിലെത്തി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്രസീൽ പ്രതിരോധ നിരക്ക് പിഴച്ചപ്പോൾ സാബിരിയിലൂടെ മൊറോക്കോ വീണ്ടും ലീഡ് നേടുകയായിരുന്നു. തുടർന്ന് ഗോൾ നേടാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് മൊറോക്കോ ജയം സ്വന്തമാക്കി.

റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു.

മൊറോക്കോ ടീമിന് സ്വപ്ന തുല്യമായ വരവേൽപ്പ്

ലോകകപ്പിൽ സ്വപ്ന തുല്യമായ പ്രകടനം നടത്തിയ മൊറോക്കോക്ക് സ്വന്തം രാജ്യത്ത് സ്വപ്ന തുല്യമായ വരവേൽപ്പ്. ഇന്നലെ മൊറോക്കൻ തലസ്ഥാനമായ റബാതിൽ വിമാനം ഇറങ്ങിയ ടീമിനെ പതിനായിര കണക്കിന് ആരാധകർ ചേർന്നാണ് വരവേറ്റത്‌. മൊറോക്കോ ടീം തലസ്ഥാന നഗരിയിലൂടെ തുറന്ന ബസ്സിൽ പര്യടനം നടത്തി ആരാധകരെ അഭിവാദ്യം ചെയ്തു.

ഈ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സെമി ഫൈനലിൽ എത്താൻ മൊറോക്കോക്ക് ആയിരുന്നു. ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മാറാൻ മൊറോക്കോക്ക് ആയിരുന്നു.സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട മൊറോക്കോ ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയോടും പരാജയപ്പെട്ടിരുന്നു.

എന്നാൽ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിവരെ അട്ടിമറിക്കാൻ ഖത്തറിൽ മൊറോക്കോക്ക് ആയി. ഇനി വരും ലോകകപ്പുകളിൽ മൊറോക്കോ വലിയ ശക്തിയായി ഉണ്ടാകും എന്ന സൂചന കൂടിയാണ് മൊറോക്കോ ഇത്തവണ നൽകിയത്.

ലോകത്തെ ഏറ്റവും മികച്ച നാലു ടീമിൽ ഒന്നാണ് മൊറോക്കോ എന്നത് സന്തോഷം നൽകുന്നു

മൊറോക്കോയുടെ ഈ ലോകകപ്പിലെ പ്രകടനം ഏറെ സന്തോഷം നൽകുന്നതാണ് എന്ന് പരിശീലകൻ വലിദ്. ഇന്നലെ മൂന്നാം സ്ഥാനത്തിനായുള്ള പോരട്ടത്തിൽ ഞങ്ങൾ ഇപ്പോഴും സന്തുഷ്ടരാണ്. ലോകത്തിലെ ഏറ്റവും മികച്ച നാല് ടീമുകളിൽ ഒന്നാണ് ഞങ്ങൾ. റെഗ്രഗുയി പറഞ്ഞു.

“ഞങ്ങൾ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നൽകി, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുത്തില്ല. ക്രൊയേഷ്യയ്ക്ക് അഭിനന്ദനങ്ങൾ, അവർ അവരുടെ മൂന്നാം സ്ഥാനത്തിന് അർഹരാണ്. ഞങ്ങൾ ഇപ്പോഴും ഒരു യുവ ടീമാണ്.” അദ്ദേഹം പറഞ്ഞു

നാല് വർഷത്തിന് ശേഷം മാത്രമെ ഖത്തറിൽ എന്താണ് ഞങ്ങൾ നേടിയതെന്ന് നമുക്ക് മനസ്സിലാകൂ. അന്ന് നമുക്ക് ചുറ്റും പ്രതീക്ഷയുണ്ടാകും. അദ്ദേഹം പറഞ്ഞു

മൂന്നാം സ്ഥാനം ക്രൊയേഷ്യ കൊണ്ടു പോയി, മൊറോക്കോക്ക് നിരാശ

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ മൊറോക്കോയ്ക്ക് മൂന്നാം സ്ഥാനം സ്വന്തമാക്കുന്ന സൗത് അമേരിക്കയിലെയും യൂറോപ്പിലെയും അല്ലാത്ത ആദ്യ രാജ്യം ആയേനെ.

ഇന്ന് ആദ്യ 8 മിനുട്ടിൽ തന്നെ മത്സരം 1-1 എന്നായിരുന്നു. ഏഴാം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോൾ. മനോഹരമായി പ്ലാൻ ചെയ്ത സെറ്റ് പീസ് അവസാനം ഗ്വാർഡിയോളിന്റെ പവർഫുൾ ഹെഡറിലൂടെ ഗോളായി മാറി. പെരിസിച് ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്.

ഈ ഗോൾ കഴിഞ്ഞ് രണ്ട് മിനുട്ടിനകം ദാരിയിലൂടെ മൊറോക്കോ സമനില നേടി. ദാരിയുടെ ഗോളും ഒരു സെറ്റ് പീസിൽ നിന്നായിരുന്നു. ഇതിനു ശേഷം മത്സരം ആവേശകരമായിരുന്നു. നിരവധി ചാൻസുകൾ ഇരു ഭാഗത്തും വന്നു. അവസാനം 42ആം മിനുട്ടിൽ ക്രൊയേഷ്യ ലീഡ് എടുത്തു. ഒരിസിഛിന്റെ മനോഹര സ്ട്രൈക്ക് ആയിരുന്നു വിജയം ഉറപ്പിച്ച ക്രൊയേഷ്യൻ ഗോളായി മാറിയത്.

രണ്ടാം പകുതിയിൽ മൊറോക്കോ സമനില നേടാനും ക്രൊയേഷ്യ ലീഡ് ഉയർത്താനും ശ്രമിച്ചു എങ്കിലും സ്കോർ നില മാറിയില്ല.

മൂന്നാം സ്ഥാനത്തിന് വേണ്ടി മൊറോക്കോയും ക്രൊയേഷ്യയും

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ ഉള്ള പോരാട്ടത്തിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം അഭിമാന പോരാട്ടം ആണെങ്കിൽ, ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമായ മൊറോക്കോക് തങ്ങളുടെ അപൂർവമായ കുതിപ്പിന് മികച്ച പരിസമാപ്തി നൽകേണ്ടതുണ്ട്. അവസാന ശ്വാസം വരെ പൊരുതാൻ ഇച്ഛാശക്തിയുള്ള ടീമുകൾ നേർക്കുനേർ വരുമ്പോൾ മികച്ചൊരു പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും നേർക്കുവേർ വന്നപ്പോൾ സമനില ആയിരുന്നു ഫലം.

അർജന്റീനയോടേറ്റ തോൽവി മറന്നാകും ക്രൊയേഷ്യ കളത്തിൽ ഇറങ്ങുന്നത്. തങ്ങളുടെ ഇതിഹാസ താരം മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരം ആകും എന്നതിനാൽ അനുയോജ്യമായ യാത്രയയപ്പാവും ടീമിന്റെ മനസിൽ. ബ്രോൻസോവിച്ച്, പേരിസിച്ച് എന്നിവർക്കും ഇനിയൊരു ലോകകപ്പിന് ബാല്യമില്ല. വിജയം തന്നെ ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ മുന്നേറ്റ നിരയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ക്രൊയേഷ്യ പ്രതീക്ഷിക്കുന്നുണ്ട്. അർജന്റീനക്കെതിരെ ആദ്യ നിമിഷങ്ങളിൽ മത്സരം കയ്യിൽ ഉണ്ടായിരുന്നിട്ടും ഗോൾ മാത്രം അകന്ന് നിന്നത് ടീമിന് വലിയ തിരിച്ചടി ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരാണ് മൊറോക്കോ. വമ്പന്മാരെ ഓരോന്നായി വീഴ്ത്തി സെമി ഫൈനൽ വരെ എത്താൻ കഴിഞ്ഞത് ടീമിന് പുതിയ ഊർജമാണ് നൽകുന്നത്. ഹകീമി, മസ്രോയി, ഒനാഹി അടക്കം ടീമിന്റെ ഭാവിക്ക് കരുത്തു പകരാൻ കഴിയുന്ന താരങ്ങൾക്ക് ദേശിയ ടീമിന്റെ ജേഴ്‌സിയിൽ ഈ ടൂർണമെന്റ് ഒരു പുത്തൻ അനുഭവമാകും. നേരത്തെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആയിട്ടുള്ള ടീമിന് ലോകവേദിയിൽ തങ്ങളുടെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിക്കാൻ മത്സരത്തിലൂടെ കഴിയും. പരിക്കാണ് ടീമിനെ അലട്ടുന്നത്. പ്രതിരോധത്തിലെ നെടുംതൂണുകളായ സായ്സിനും ആഗ്വെർഡിനും പരിക്കേറ്റത് ഫ്രാൻസിനെതിരെ തിരിച്ചടി ആയിരുന്നു. എങ്കിലും സെമിയിൽ പല വട്ടം ഗോൾ മടക്കുന്നതിന് അടുത്തെത്തിയ ടീമിന് ക്രൊയേഷ്യൻ പ്രതിരോധത്തിനും കാര്യമായ തലവേദന സൃഷ്ടിക്കാൻ കഴിയും. ഇരു ടീമുകളും ടൂർണമെന്റിൽ പെനാൽറ്റിയിൽ വിജയം നേടിയിട്ടുള്ളതിനാൽ മത്സരം ഷൂട്ട്ഔട്ടിലേക് നീണ്ടാലും ആവേശകരമായിരിക്കും.

ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 8.30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക.

“ഞങ്ങൾ എല്ലാം നൽകി, പരിക്കുകൾ തിരിച്ചടിയായി” – മൊറോക്കോ കോച്ച്

ഇന്ന് ഫ്രാൻസിന് എതിരെ പരാജയപ്പെട്ടു എങ്കിലും തന്റെ ടീമിനെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ട് എന്ന് മൊറോക്കോ കോച്ച് വലിദ്. പരിക്കുകൾ ഞങ്ങളെ സഹായിച്ചില്ല. പരിക്കുകൾ ഞങ്ങൾക്ക് അധികമായിരുന്നു. വലിദ് പറഞ്ഞു. ഞങ്ങൾ ഇന്ന് ഞങ്ങളുടെ പരമാവധി നൽകി. അദ്ദേഹം പറഞ്ഞു.

ലോകകപ്പ് പോലൊരു സ്റ്റേജിൽ നിങ്ങൾക്ക് അബദ്ധം സംഭവിക്കാൻ പാടില്ല. നിങ്ങൾ ഒരു തെറ്റ് ചെയ്താൽ അതിന് ഉടൻ വില കൊടുക്കേണ്ടി വരും. വലിദ് പറഞ്ഞു ഞങ്ങൾക്ക് ഇതും വെച്ച് ഫൈനലിലേക്ക് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ പരാകയം ഞങ്ങൾ ഈ ലോകകപ്പിൽ ചെയ്‌തതിൽ നിന്ന് ഒന്നും എടുത്തുകളയുന്നില്ല. ഇനി ലൂസേഴ്സ് ഫൈനൽ മാനസികമായി കഠിനമായിരിക്കും. കളിക്കാത്തവർക്ക് ഞങ്ങൾ പ്രത്യേകിച്ച് കളിക്കാനുള്ള സമയം ആ മത്സരത്തിൽ നൽകും. ഞങ്ങൾ മൂന്നാം സ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നു എന്നും മൊറോക്കോ കോച്ച് കൂട്ടിച്ചേർത്തു.

തല ഉയർത്തി തന്നെ മടങ്ങാം!!! മൊറോക്കോ

മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇന്ന് സെമി ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അവസാനിച്ചു എങ്കിലും ഖത്തറിൽ മൊറോക്കൻ ജേഴ്സി അണിഞ്ഞ ഒരോ താരത്തിനും അഭിമാനത്തോടെ തല ഉയർത്തി തന്നെ നാട്ടിലേക്ക് മടങ്ങാം. ഈ മൊറോക്കോയെ ഫുട്ബോൾ ലോകം അടുത്ത് ഒന്നും മറക്കില്ല. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന ചരിത്രം എഴുതിയാണ് വലിദിന്റെ ടീം ഖത്തറിൽ നിന്ന് മടങ്ങുന്നത്.

ആരുടെയും പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്ന മൊറോക്കോ ഫുട്ബോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് തന്നെ പ്രതീക്ഷ നൽകിയാണ് നാട്ടിലെക്ക് തിരികെ കയറുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ പിടിച്ചു കൊണ്ടായിരുന്നു മൊറോക്കോ ഖത്തറിലെ പോരാട്ടം തുടങ്ങിയത്.

രണ്ടാം മത്സരത്തിൽ അവർ ബെൽജിയഥെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ആണ് ഫുട്ബോൾ ലോകം മൊറോക്കോയെ ശരിക്കു ശ്രദ്ധിക്കുന്നത്. പിന്നെ ലോക ഫുട്ബോളിന്റെ ശ്രദ്ധ മുഴുവൻ മൊറോക്കോയിലേക്ക് ആയി. കാനഡയെ കൂടെ തോൽപ്പിച്ച് അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക്.

പ്രീ ക്വാർട്ടറിൽ മുന്നിൽ വന്ന സ്പെയിനിന്റെ ടികി ടാക ഒടിച്ച് എൻറികെയുടെ കയ്യിൽ കൊടുത്ത് മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടറിൽ സൂപ്പർ താരങ്ങളുടെ വലിയ നിരയുള്ള പോർച്ചുഗലും മൊറോക്കോക്ക് മുന്നിൽ മുട്ടുമടക്കി.

സെമി ഫൈനലിൽ ഫ്രാൻസിനോട് രണ്ടു ഗോളിന് തോറ്റു എങ്കിലും കളിയിലെ ഭൂരിഭാഗം സമയവും മൊറോക്കോക്ക് മുന്നിൽ ഫ്രാൻസ് വിറക്കുന്നതാണ് കണ്ടത്. ഈ രണ്ട് ഗോളുകൾക്ക് മുന്നെ ഒരു എതിർ താരത്തിനും മൊറോക്കോക്ക് എതിരെ ഗോൾ നേടാൻ ആയിരുന്നില്ല എന്നത് തന്നെ മൊറോക്കോയുടെ മികവ് കാണിക്കുന്നു.

സൊഫ്യാൻ അമ്രബാതും സൈസും ബോനോയുൻ ഹകീമിക്കും സിയെചിനും ഒപ്പം ഏറെ കാലം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിൽക്കാനും ഈ ലോകകപ്പ് കാരണമാകും.

Exit mobile version