ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്

ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്‍പിത് ഗുലേരിയയുടെ ബൗളിംഗിനു മുന്നില്‍ പിന്നീട് കേരളം തകരുന്ന കാഴ്ചയാണ് കാണുവാനായത്. 268/5 എന്ന നിലയില്‍ നിന്ന് 268/3 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. സഞ്ജു 50 റണ്‍സ് നേടി പുറത്തായപ്പോള്‍ ഋഷി ധവാന്‍ 127 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കി.

11 റണ്‍സ് അകലെ 286 റണ്‍സിനു കേരളം ഓള്‍ഔട്ട് ആവുകയായിരുന്നു. ബേസില് തമ്പി 14 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍പിത് ഗുലേരിയ 5 വിക്കറ്റും ഋഷി ധവാന്‍ മൂന്ന് വിക്കറ്റും നേടി ഹിമാച്ചല്‍ ബൗളര്‍മാരില്‍ തിളങ്ങി. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹിമാച്ചല്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് നേടിയിട്ടുണ്ട്. അങ്കുഷ് ബൈന്‍സ് 9 റണ്‍സും പ്രശാന്ത് ചോപ്ര 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

നിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു

ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 146/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ 73 റണ്‍സ് നേടി രാഹുലും സഞ്ജു സാംസണും കൂടിയാണ് രക്ഷപ്പെടുത്തിയത്.

രാഹുല്‍ കന്നി ശതകം നേടിയപ്പോള്‍ സഞ്ജു 32 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 103 റണ്‍സാണ് രാഹുലിന്റെ നേട്ടം. 40 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്കോറര്‍. ഹിമാച്ചലിനു വേണ്ടി അര്‍പിത് ഗുലേരിയ 2 വിക്കറ്റ് നേടി.

നേരത്തെ ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 297 റണ്‍സില്‍ അവസാനിച്ചിരുന്നു. അങ്കിത് കല്‍സി 101 റണ്‍സ് നേടി പുറത്തായപ്പോള്‍ നിധീഷ് എംഡി കേരളത്തിനായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് വാര്യറും ബേസില്‍ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി.

മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റ്, മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, പൊരുതി പുറത്തായി സഞ്ജു സാംസണ്‍, കേരളത്തിനു തോല്‍വി

തമിഴ്നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ കേരളം. പ്രതീക്ഷ നല്‍കിയ ആദ്യ സെഷനു ശേഷമുള്ള രണ്ട് സെഷനുകളിലായി നാല് വീതം വിക്കറ്റുകള്‍ വീണതാണ് കേരളത്തിനു തിരിച്ചടിയായത്. വിജയം അപ്രാപ്യമായിരുന്നതിനാല്‍ കേരളം തുടക്കം മുതല്‍ സമനിലയ്ക്കായിരുന്നു ശ്രമിച്ചത്. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടി സിജോമോന്‍ ജോസഫ്(55)-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് കേരളത്തിനു സമനില പ്രതീക്ഷ നല്‍കിയതായിരുന്നുവെങ്കിലും രണ്ടാം സെഷനില്‍ സിജോമോനെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനു ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. 157/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. 3 റണ്‍സ് നേടുന്നതിനിടയില്‍ നിര്‍ണ്ണായകമായ നാല് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 91 റണ്‍സ് നേടിയ സഞ്ജു സാംസണിനെയും വിഷ്ണു വിനോദിനെയും(14) പുറത്താക്കി 2 നിര്‍ണ്ണായക വിക്കറ്റാണ് മത്സരത്തില്‍ ബാബ അപരാജിത് നേടിയത്.

സന്ദീപ് വാര്യറെ വിക്കറ്റിനു മുന്നില്‍ കുടുക്കി ടി നടരാജന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ 89 ഓവറില്‍ കേരളം 217 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 151 റണ്‍സിന്റെ വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്.

കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനെ തിരികെ കൊണ്ടുവന്നു. അടുത്ത ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയും സച്ചിന്‍ ബേബി പൂജ്യത്തിനു പുറത്താകുകയും ചെയ്തതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷും റണ്‍സ് സ്കോര്‍ ചെയ്യാതെ മടങ്ങി.

സഞ്ജു സാംസണ്‍ 77 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ 74 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ കേരളം 195 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിനു കൂട്ടായി 14 റണ്‍സുമായി വിഷ്ണു വിനോദാണ് ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായത് കേരളത്തിനു തിരിച്ചടിയായി മാറിയപ്പോള്‍ മത്സരത്തില്‍ പരാജയം ഒഴിവാക്കുവാന്‍ കേരളം ഒരു സെഷന്‍ അതിജീവിക്കേണ്ടതുണ്ട്. നാല് വിക്കറ്റുകളാണ് ടീമിന്റെ കൈവശമുള്ളത്.

കരുതലോടെ കേരളം, ഒന്നാം സെഷനില്‍ നഷ്ടമായത് ഒരു വിക്കറ്റ് മാത്രം, സഞ്ജു സാംസണ് അര്‍ദ്ധ ശതകം

രഞ്ജി ട്രോഫി അവസാന ദിവസം തമിഴ്നാടിനെതിരെ കരുതലോടെ ബാറ്റ് വീശി കേരളം. 27/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം 143/2 എന്ന നിലയിലാണ്. രണ്ട് സെഷനുകള്‍ അവശേഷിക്കെ കേരളത്തിന്റെ കൈവശം 8 വിക്കറ്റുള്ളപ്പോള്‍ നേടേണ്ടത് 226 റണ്‍സ് കൂടിയാണ്. മത്സരം സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാവും കേരളം അടുത്ത രണ്ട് സെഷനുകളെ സമീപിക്കുക.

കേരളത്തിനായി സഞ്ജു സാംസണ്‍ 52 റണ്‍സും സിജോമോന്‍ ജോസഫ് 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 33 റണ്‍സ് നേടി അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. സായി കിഷോറിനാണ് വിക്കറ്റ്.

സ്മിത്തിനെയും സഞ്ജുവിനെയും നിലനിര്‍ത്തി രാജസ്ഥാന്‍, ജയ്ദേവ് ഉനഡ്കടിനു വിട

വിവാദ താരം സ്റ്റീവ് സ്മത്തിനെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍. അത്ര മികച്ച ഫോമിലല്ലാത്ത സഞ്ജു സാംസണെയും ടീമില്‍ നിലനിര്‍ത്തുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലൗഗ്ലിന്‍, ഹെയിന്‍റിച്ച് ക്ലാസെന്‍ എന്നീ വിദേശ താരങ്ങളെയും കഴിഞ്ഞ തവണ വലിയ വില കൊടുത്ത് വാങ്ങിയ ജയ്ദേവ് ഉനഡ്കടിനെയും ടീം റിലീസ് ചെയ്തിട്ടുണ്ട്.

16 താരങ്ങളെ ടീം നിലനിര്‍ത്തുവാന്‍ തീരുമാനിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ വീണ്ടും സ്ഥാനം പിടിച്ചു. 10 താരങ്ങളെയാണ് ടീം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്.

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 392/3 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ഡല്‍ഹി കേരളത്തിനെ 227/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു.

59 റണ്‍സ് നേടി പുറത്താകാതെ നിന്ന വിഎ ജഗദീഷ് ആണ് കേരള നിരയിലെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയും സഞ്ജു സാംസണും 47 റണ്‍സ് വീതം നേടി പുറത്തായി. ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരങ്ങളായ പവന്‍ നേഗി മൂന്നും നിതീഷ് റാണ രണ്ടും വിക്കറ്റ് നേടി. നവ്ദീപ് സൈനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

ഹൈദ്രാബാദ്, ഉത്തര്‍പ്രദേശ്, സൗരാഷ്ട്ര എന്നിവരുമായാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു സാസംണ്‍ 25 റണ്‍സ് നേടി പുറത്തായ ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് ടീമിനെ വിജയത്തിനടുത്തെത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബി(41) പുറത്താകുമ്പോള്‍ കേരളത്തിനു വിജയം ഏഴ് റണ്‍സ് അകലെയായിരുന്നു. സല്‍മാന്‍ നിസാര്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു

നേരത്തെ ബൗളര്‍മാരില്‍ അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി ഒഡീഷയുടെ നടുവൊടിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരെ വിജയത്തിനു 20 റണ്‍സ് അകലെ ഏഴ് വിക്കറ്റ് കൈയ്യിലുണ്ടായിരുന്ന കേരളം 5 പന്ത് ശേഷിക്കെ 7 റണ്‍സ് അകലെ വെച്ച് ഓള്‍ഔട്ട് ആയി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു.

കേരള താരങ്ങള്‍ക്ക് പിഴ, പിഴ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശം

സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍സ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനു 13 കേരള താരങ്ങള്‍ക്ക് സസ്പെന്‍ഷനും പിഴയും വിധിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാ‍ണ് കെസിഎ താരങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില താരങ്ങള്‍ക്ക് ചെറിയ കാലയളവിലേക്കുള്ള സസ്പെന്‍ഷനും വിധിച്ചിട്ടുണ്ട്. പതിമൂന്ന് താരങ്ങളില്‍ അഞ്ച് പേര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കും 8 താരങ്ങള്‍ക്ക് പിഴയുമാണ് കെസിഎ വിധിച്ച്. പിഴയായി മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

സഞ്ജു സാംസണ്‍, റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് വാര്യര്‍ തുടങ്ങി സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും അസോസ്സിയേഷന്റെ നടപടി നേരിടുന്നുണ്ട്. ഇവര്‍ക്ക് പുറമേ രോഹന്‍ പ്രേം, വി എ ‍ജഗദീഷ്, അക്ഷയ് കെസി, സിജോമോന്‍ ജോസഫ്, ആസിഫ് കെഎം, സല്‍മാന്‍ നിസാര്‍, നിധീഷ് എംഡി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഫാബിദ് ഫറൂക്ക്, അക്ഷയ് കെസി, അഭിഷേക് മോഹന്‍ എന്നിവര്‍ക്കും എതിരെയാണ് നടപടികള്‍.

ടീമിനുള്ളിലെ സാഹോദര്യത്തെയും സ്ഥിരതയെയും തകര്‍ക്കുവാനായി നായകനെതിരെ ഒപ്പു ശേഖരണത്തിനു മുതിര്‍ന്നതിനും ഇത് വഴി കെസിഎയുടെ പേരിനും കളങ്കം വരുത്തിയതിനാണ് താരങ്ങള്‍ക്കെതിരെ നടപടി.

നേരത്തെ ഈ താരങ്ങള്‍ക്കെതിരെ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ച്ചിരുന്നു. അത് വഴി തന്നെ ടീമില്‍ അച്ചടക്കമില്ലായ്മ വെച്ച് പൊറുപ്പിക്കില്ലെന്ന സൂചന കെസിഎ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേരളത്തിന്റെ വരുന്ന സീസണില്‍ ഈ നടപടികള്‍ എങ്ങനെ സ്വാധിനീക്കുന്നു എന്നതും ഉറ്റുനോക്കേണ്ട കാര്യമാണ്.

ഇന്ത്യ എ ടീമില്‍ മടങ്ങിയെത്തി സഞ്ജു സാംസണ്‍

യോ-യോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന ടീമിലെ അംഗമായ ടീം ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എ ടീമുകള്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ എ-ബി ടീമുകളെ ഇന്ന് പ്രഖ്യാപിച്ചു.

ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, ആര്‍ സമര്‍ത്ഥ്, സൂര്യ കുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലാഡ്, സഞ്ജു സാംസണ്‍, മയാംഗ് മാര്‍ക്കണ്ടേ, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്

ഇന്ത്യ ബി: മനീഷ് പാണ്ഡേ, മയാംഗ് അഗര്‍വാല്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശ്രേയസ്സ് ഗോപാല്‍, ജയന്ത് യാദവ്, ധര്‍മ്മേന്ദ്ര ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, പ്രസിദ്ധ കൃഷ്ണ, ഖുല്‍വന്ത് ഖജ്രോലിയ, നവദീപ് സൈനി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യോ-യോ കടമ്പ കടന്ന് സഞ്ജു സാംസണ്‍, ടെസ്റ്റിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് തരൂര്‍

17.4 എന്ന മികച്ച സ്കോര്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍ യോ-യോ ഫിറ്റ്നെസ് ടെസ്റ്റ് പാസായി. നേരത്തെ ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ നിന്ന് താരത്തെ ഇതെ ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പുറത്താക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ടെസ്റ്റ് കേരള താരം പാസ് ആവുകയാണുണ്ടായത്. 16.1 എന്നതാണ് ടെസ്റ്റ് പാസാവാനുള്ള സ്കോറെന്നിരിക്കെ മികച്ച വിജയമാണ് സഞ്ജുവിന്റേത്. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുന്നേയാണ് സഞ്ജു തന്റെ ടെസ്റ്റ് പരാജയപ്പെട്ടത്.

മുമ്പ് പരാജയപ്പെട്ട ടെസ്റ്റ് വീണ്ടും എടുത്ത് താരങ്ങള്‍ പാസാവുമ്പോള്‍ എന്താണിതിനു അടിസ്ഥാനമെന്നാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുക്കല്‍ മാനദണ്ഡമായി ഇതിനെ പരിഗണിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. നാലാഴ്ചയ്ക്കുള്ളില്‍ 15.6 എന്ന സ്കോറില്‍ നിന്ന് 17.3 എന്ന സ്കോറിലേക്ക് താരം ഉയര്‍ന്നുവെങ്കിലും ഇതിനിടയില്‍ താരത്തിനു ഇന്ത്യ എ ടൂര്‍ തന്നെ നഷ്ടമായത് മറക്കരുതെന്നാണ് ശശി തരൂര്‍ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏതൊരു മലപ്പുറംകാരനെയും പോലെ താനും ഫുട്ബോള്‍ കളിക്കാരന്‍ ആവാന്‍ ആഗ്രഹിച്ചിരുന്നു

കേരള ക്രിക്കറ്റ് അസോസ്സിയേഷനും സഞ്ജു സാംസണും താന്‍ നന്ദി അറിയിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് കെഎം ആസിഫ്. ഐപിഎല്‍ 11ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. U-22, 25 ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം താരത്തെ രഞ്ജി ട്രോഫി ടീം വരെ എത്തിച്ചിരുന്നു. എന്നാല്‍ 24 വയസ്സുകാരന് ഈ സീസണില്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാനായില്ലെങ്കിലും ഐപിഎല്‍ കരാര്‍ സ്വന്തമാക്കുവാന്‍ തന്റെ പേസ് ആസിഫിനു സഹായകരമായി.

തിരുവനന്തപുരത്ത് ബിജു ജോര്‍ജ്ജിനൊപ്പമാണ് താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ജഴ്സി അണിഞ്ഞ ആസിഫ് 2 മത്സരങ്ങളിലായി 5 വിക്കറ്റ് നേടിയിരുന്നു. നിരവധി ഐപിഎല്‍ ടീമുകളില്‍ ട്രയല്‍സ് സംഘടിപ്പിച്ചു നല്‍കിയതിനു പിന്നില്‍ സഞ്ജു സാംസണ്‍ ആണെന്ന് പറഞ്ഞ താരം സഞ്ജുവിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അറിയിച്ചു. സ്പോര്‍ട്സ് സ്റ്റാറിനു നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് തന്റെ മനസ്സ് തുറന്നത്.

ചെറുപ്പത്തില്‍ ഏതൊരു മലപ്പുറംകാരനെ പോലെ ഫുട്ബോള്‍ താരം ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും സ്കൂള്‍ മാറിയതോടെ ക്രിക്കറ്റിനെ കൂടുതല്‍ ശ്രദ്ധയോടെ താരം സമീപിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version