ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം കുറിയ്ക്കുന്ന ആറാമത്തെ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയുള്ള ശതകം നേടിയപ്പോള്‍ സച്ചിന്‍ ബേബിയും 3000 റണ്‍സ് തികച്ചിരുന്നു.

രോഹന്‍ പ്രേം, സുനില്‍ ഒയാസിസ്, ശ്രീകുമാര്‍ നായര്‍, വി എ ജഗദീഷ് എന്നിവരാണ് 3000 റണ്‍സ് തികച്ചിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹന്‍ പ്രേം മാത്രമാണ് 4000 കടന്നിട്ടുള്ള ഏക താരം.

42 റണ്‍സ് വിജയം കരസ്ഥമാക്കി പ്രതിഭ സിസി, പരാജയപ്പെടുത്തിയത് കിഡ്സിനെ

സെലസ്റ്റിയല്‍ ട്രോഫിയില്‍ കിഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി പ്രതിഭ സിസ. മുന്‍ കേരള താരം വിഎ ജഗദീഷ് അടങ്ങിയ പ്രതിഭയുടെ ബാറ്റിംഗ് നിര ആദ്യം ബാറ്റ് ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. രഞ്ജിത്ത് രവീന്ദ്രന്‍ 43 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ജഗദീഷ്(35), സച്ചിന്‍(35) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കിഡ്സിനു വേണ്ടി ബിജു നാരായണന്‍ മൂന്നും ശ്രീജിത്ത് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിഡ്സിനു 27 ഓവറില്‍ 155 റണ്‍സേ നേടാനായുള്ളു. അഞ്ച് വിക്കറ്റാണ് ടീമിനു നഷ്ടമായത്. 47 റണ്‍സ് നേടി ഫര്‍സാന്‍ ആണ് കിഡ്സിന്റെ ടോപ് സ്കോറര്‍. നന്ദ കുമാര്‍ 28 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. രഞ്ജിത്ത് രവീന്ദ്രന്‍ ബാറ്റിംഗിലെ പോലെ ബൗളിംഗിലും 3 വിക്കറ്റുമായി തിളങ്ങി. 42 റണ്‍സിന്റെ വിജയമാണ് പ്രതിഭ സിസി സ്വന്തമാക്കിയത്.

143 റണ്‍സുമായി ജലജ് സക്സേന, കേരളം 291 റണ്‍സിനു പുറത്ത്

ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ 144 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം 291 റണ്‍സിനു കേരളം പുറത്താകുമ്പോള്‍ 143 റണ്‍സ് നേടിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. സക്സേനയ്ക്കൊപ്പം 39 റണ്‍സ് നേടിയ വിഎ ജഗദീഷും 32 റണ്‍സുമായി പുറത്താകാതെ നിന്ന അക്ഷയ് ചന്ദ്രനുമാണ് കേരളത്തിനായി തിളങ്ങിയ താരങ്ങള്‍.

യുവ താരം ഇഷാന്‍ പോറെലിന്റെ ബൗളിംഗാണ് കേരളത്തിന്റെ ഇന്നിംഗ്സിനെ ചുരുട്ടിക്കെട്ടിയത്. 114/5 എന്ന നിലയില്‍ നിന്ന് 119 റണ്‍സാണ് ആറാം വിക്കറ്റില്‍ ജലജും ജഗദീഷും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഇഷാന്‍ നേടിയത്. മുഹമ്മദ് ഷമി 3 വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ബംഗാള്‍ 5/1 എന്ന നിലയിലാണ്. ഒരു റണ്‍സ് നേടിയ കൗശിക് ഘോഷിനെ സന്ദീപ് വാര്യര്‍ പുറത്താക്കി. കേരളത്തിന്റെ സ്കോറിനു 139 റണ്‍സ് പിന്നിലായാണ് ബംഗാള്‍ നിലവില്‍ നില്‍ക്കുന്നത്.

ഡിക്ലയറേഷനുമായി കേരളം, നേടിയത് 495 റണ്‍സ്

വിഎ ജഗദീഷും സച്ചിന്‍ ബേബിയും ശതകങ്ങള്‍ നേടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളം. രണ്ടാം ദിവസം കളി പല തവണ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ടുവെങ്കിലും കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 231/4 എന്ന നിലയില്‍ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളംം അഞ്ചാം വിക്കറ്റില്‍ 182 റണ്‍സാണ് നേടിയത്.

147 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സാകേത് ആണ് ഹൈദ്രാബാദിനു ഒരു ബ്രേക്ക് നല്‍കിയത്. സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ സാകേത് നേടുന്ന മൂന്നാമത്തെ വിക്കറ്റായിരുന്നു അത്. 404/6 എന്ന നിലയില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് വിഎ ജഗദീഷ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

113 റണ്‍സ് നേടി ജഗദീഷും 48 റണ്‍സ് നേടി അക്ഷയ് ചന്ദ്രനും ക്രീസില്‍ നില്‍ക്കവെയാണ് കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നത്. അതേ സമയം ഹൈദ്രാബാദ് ഇന്നിംഗ്സിന്റെ ഒരോവര്‍ പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി വീണ്ടും തടസ്സപ്പെടുകയും മത്സരത്തിന്റെ രണ്ടാം ദിവസം നേരത്തെ അവസാനിപ്പിക്കുകയും ആയിരുന്നു. ഹൈദ്രാബാദ് ഒരു റണ്‍സാണ് നേടിയിട്ടുള്ളത്.

ശതകവുമായി സച്ചിന്‍ ബേബി, കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം. സച്ചിന്‍ ബേബിയുടെ ശകത്തിന്റെയും ജഗദീഷിന്റെയും പ്രകടനത്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 335/4 എന്ന നിലയിലാണ്. 113 റണ്‍സുമായി സച്ചിന്‍ ബേബിയും 46 റണ്‍സ് നേടി വിഎ ജഗദീഷുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് കേരളം നേടിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ജലജ് സക്സേന(57), സഞ്ജു സാംസണ്‍(53) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഎ ജഗദീഷ്(82), സല്‍മാന്‍ നിസാര്‍(43), ജലജ് സക്സേന(36), വിഷ്ണു വിനോദ്(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 228 റണ്‍സ് നേടുന്നത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ കേരളം ഓള്‍ഔട്ട് ആവുകയും ചെയ്തു. യുപിയ്ക്കായി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

സുരേഷ് റെയ്‍ന 66 റണ്‍സ് നേടി യുപിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സമര്‍ത്ഥ് സിംഗ് 42 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 152/3 എന്ന ശക്തമായ നിലയില്‍ നിന്ന് സുരേഷ് റെയ്‍നയുടെ റണ്ണൗട്ടോടു കൂടിയാണ് ഉത്തര്‍ പ്രദേശിന്റെ തകര്‍ച്ചയുടെ തുടക്കം. തുടര്‍ന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ യുപി 49.5 ഓവറില്‍ 227 റണ്‍സിനു ഓള്‍ഔട്ട് ആയി.

ജലജ് സക്സേന, അക്ഷയ് കെസി, വിനൂപ് മനോഹരന്‍ എന്നിര്‍ രണ്ടും അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിര്‍ണ്ണായകമായ അവസാന വിക്കറ്റ് വീഴ്ത്തിയത് അക്ഷയ് ചന്ദ്രനായിരുന്നു.

കേരളത്തിനെതിരെ അനായാസ ജയം സ്വന്തമാക്കി ഹൈദ്രാബാദ്

ഡല്‍ഹിയ്ക്കെതിരെയുള്ള നാണംകെട്ട് തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ് ഹസാരെ ട്രോഫിയ്ക്കിറങ്ങിക കേരളത്തിനു തോല്‍വി. കേരളത്തിനെതിരെ ഹൈദ്രാബാദ് 7 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിനു 50 ഓവറില്‍ നിന്ന് 189/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 62 റണ്‍സ് നേടിയ വിഎ ജഗദീഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി 31 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഹൈദ്രാബാദ് രോഹിത് റായിഡു(57*), ബി സന്ദീപ്(48*) എന്നിവര്‍ക്കൊപ്പം ആശിഷ് റെഡ്ഢി(37), അക്ഷത് റെഡ്ഢി(39) എന്നിവരുടെ ബാറ്റിംഗ് കൂടി ചേര്‍ന്നപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 46.4 ഓവറില്‍ 190 റണ്‍സ് നേടി വിജയം സ്വന്തമാക്കി.

കേരളത്തിനായി ജലജ് സക്സേന 2 വിക്കറ്റ് നേടി. 10 ഓവറില്‍ 22 റണ്‍സാണ് താരം വഴങ്ങിയത്. മറ്റു ബൗളര്‍മാര്‍ക്ക് സമാനമായ രീതിയില്‍ സമ്മര്‍ദ്ദം ഉയര്‍ത്താനാകാതെ പോയപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദ്രാബാദിനെ വിജയത്തിലേക്ക് നയിച്ചു.

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 392/3 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ഡല്‍ഹി കേരളത്തിനെ 227/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു.

59 റണ്‍സ് നേടി പുറത്താകാതെ നിന്ന വിഎ ജഗദീഷ് ആണ് കേരള നിരയിലെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയും സഞ്ജു സാംസണും 47 റണ്‍സ് വീതം നേടി പുറത്തായി. ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരങ്ങളായ പവന്‍ നേഗി മൂന്നും നിതീഷ് റാണ രണ്ടും വിക്കറ്റ് നേടി. നവ്ദീപ് സൈനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

ഹൈദ്രാബാദ്, ഉത്തര്‍പ്രദേശ്, സൗരാഷ്ട്ര എന്നിവരുമായാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

Exit mobile version