ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഉൻമുക്ത് ചന്ദ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഉൻമുക്ത് ചന്ദ് മാറി. ബുധനാഴ്ച ഡ്രാഫ്റ്റിൽ 29 കാരനായ വലംകൈയ്യൻ ബാറ്ററെ ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ആണ് സ്വന്തമാക്കിയത്. ഒരാഴ്ച മുമ്പ് ബിപിഎൽ ഡ്രാഫ്റ്റിനായി ചന്ദ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ അമേരിക്കയിൽ ആണ് ഉന്മുക്ത് ചന്ദ് കളിക്കുന്നത്.

കഴിഞ്ഞ വർഷം ബിഗ് ബാഷിൽ മെൽബൺ റെനഗേഡ്സിനായി താരം കളിച്ചിരുന്നു. അന്ന് ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായും ചന്ദ് മാറിയിരുന്നു‌.

2021-ൽ, ചന്ദ് ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയിരുന്നു. 2012-ൽ ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു ചന്ദ്.

ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സുമായി കരാറിലെത്തി ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. ഇതോടെ ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായി ഉന്മുക്ത് മാറും.

ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത 28 വയസ്സുകാരന്‍ താരം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇതോടെ താരത്തിന് ബിഗ് ബാഷ് പോലുള്ള വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കുകയായിരുന്നു.

ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു, ഇനി ലക്ഷ്യം യുഎസ് ക്രിക്കറ്റ്

ഇന്ത്യയുടെ 2012 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെ നായകനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റ് ലോകത്തിലെ മറ്റ് അവസരങ്ങള്‍ക്കായി താന്‍ ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുകയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരെ 2012ലെ ഫൈനലില്‍ പുറത്താകാതെ 111 റൺസ് നേടിയ താരത്തിന് പക്ഷേ സീനിയര്‍ ടീമിലേക്ക് ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. തന്റെ കരിയറിൽ ചില മഹത്തരമായ നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുവാന്‍ സാധിക്കുന്നില്ലെന്നത് വളരെ വിഷമത്തോടെയാണ് താന്‍ ഓര്‍ക്കാറെന്ന് താരം വ്യക്തമാക്കി.

ഇന്ത്യ എ ടീമിനെ പലപ്പോഴായി നയിക്കുവാനും അവസരം ലഭിച്ച താരമാണ് ഉന്മുക്ത് ചന്ദ്. 18ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരത്തിന് എന്നാൽ ഐപിഎലിലും തിളങ്ങുവാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.

ഡല്‍ഹി ടീമിലെ സ്ഥാനവും താരത്തിന് 2016ന് ശേഷം നഷ്ടമായി തുടങ്ങിയതോടെ താരം ഉത്തരാഖണ്ഡിലേക്ക് 2019-20 സീസണിൽ മാറി. എന്നാൽ അവിടെയും താരത്തിന് കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ല.

ഡല്‍ഹി ഏകദിന ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് വിശ്വസിക്കാനായിട്ടില്ല

മുംബൈ ഇന്ത്യന്‍സ് താന്‍ വിട്ടത് അവിടെ കൂടുതല്‍ മത്സരം ലഭിക്കാതിരുന്നപ്പോളാണെന്ന് അഭിപ്രായപ്പെട്ട് ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ ഭാവി താരമെന്ന് വാഴ്ത്തപ്പെട്ട താരം പിന്നീട് ഇന്ത്യയെ 2012 അണ്ടര്‍ 19 ലോകകപ്പില്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 111 റണ്‍സാണ് പുറത്താകാതെ താരം നേടിയാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. വിരാട് കോഹ്‍ലിയെ പോലെ താരതമ്യം ചെയ്യപ്പെട്ട ഓപ്പണര്‍ എന്നാല്‍ പിന്നീട് നിറം മങ്ങി പോകുകയായിരുന്നു.

അണ്ടര്‍ 19 ലോകകപ്പിന് ശേഷം ഇന്ത്യ എ ടീമിനെ നയിച്ച താരം 2016ന് ശേഷം താഴേക്ക് പോകുകയായിരുന്നു. ഡല്‍ഹി ഏകദിന ടീമില്‍ നിന്ന് പുറത്ത് പോയ താരത്തിന് ഐപിഎല്‍ കരാറും നഷ്ടമാകുന്നതാണ് കണ്ടത്. പിന്നീട് ഇന്ത്യ എ ടീമില്‍ നിന്നും താരം പുറത്ത് പോയി. ഡല്‍ഹി ടീമില്‍ നിന്ന് പുറത്ത് പോയതാണ് തന്നെ ഏറെ ഞെട്ടിച്ചതെന്നും അത് തനിക്ക് വിശ്വസിക്കാനാകുന്ന ഒന്നായിരുന്നില്ലെന്നും താരം പറഞ്ഞു.

താന്‍ ഇന്ത്യ എ ടീമിനെ നയിക്കുകയും റണ്‍സ് കണ്ടെത്തുന്നതിനും ഇടയിലാണ് താന്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പം കളിച്ചിരുന്ന തന്നെ അവര്‍ പൊടുന്നനെ പുറത്താക്കുകയായിരുന്നുവെന്നും കാരണം തനിക്ക് അറിയില്ലെന്നും ചന്ദ് വ്യക്തമാക്കി. ഐപിഎലില്‍ തന്നോട് ഒരാള്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ഐപിഎലിലെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും പിന്നീടുള്ള ലേലത്തില്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.

മുംബൈ തന്നെ നിലനിര്‍ത്തിയെങ്കിലും തനിക്ക് അവസരം ലഭിക്കാത്തതിനാലാണ് താന്‍ ടീം മാറുവാന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉന്മുക്ത് ചന്ദ് വ്യക്തമാക്കി.

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 392/3 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ഡല്‍ഹി കേരളത്തിനെ 227/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു.

59 റണ്‍സ് നേടി പുറത്താകാതെ നിന്ന വിഎ ജഗദീഷ് ആണ് കേരള നിരയിലെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയും സഞ്ജു സാംസണും 47 റണ്‍സ് വീതം നേടി പുറത്തായി. ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരങ്ങളായ പവന്‍ നേഗി മൂന്നും നിതീഷ് റാണ രണ്ടും വിക്കറ്റ് നേടി. നവ്ദീപ് സൈനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

ഹൈദ്രാബാദ്, ഉത്തര്‍പ്രദേശ്, സൗരാഷ്ട്ര എന്നിവരുമായാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

വിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കളിക്കുവാനായി ചന്ദ് ശസ്ത്രക്രിയ വൈകിപ്പിക്കും

കഴിഞ്ഞ ദിവസം ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച ഉന്മുക്ത് ചന്ദ് താടിയെല്ലിനു പൊട്ടലേറ്റ ശേഷവും ബാറ്റിംഗ് തുടര്‍ന്ന് ശതകം നേടിയിരുന്നു. താരത്തിന്റോട് മെഡിക്കല്‍ ടീം ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് തീരുന്നത് വരെ അത് വൈകിപ്പിക്കുവാനാണ് താരത്തിന്റെ തീരുമാനം. ഒരു മാസത്തോളം കട്ടിയുള്ള ആഹാരം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് താരം അറിയിച്ചത്.

രഞ്ജി ട്രോഫി ടീമില്‍ നിന്ന് സ്ഥാനം തെറിച്ച ഉന്മുക്ത് സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലാണ് വീണ്ടും ഡല്‍ഹി നിരയിലേക്ക് എത്തിയത്. ടൂര്‍ണ്ണമെന്റില്‍ റണ്‍ കണ്ടെത്തിയതോടെ വിജയ് ഹസാരെ ട്രോഫി ടീമിലും മുന്‍ U-19 ലോകകപ്പ് ജേതാവ് ഇടം പിടിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊട്ടിയ താടിയെല്ലുമായി കളിച്ച് ഉന്മുക്ത് ചന്ദ്, യുപിയ്ക്കെതിരെ മികച്ച ജയവുമായി ഡല്‍ഹി

ഉന്മുക്ത് ചന്ദ് പൊട്ടിയ താടിയെല്ലുമായി കളിച്ച് നേടിയ ശതകത്തിന്റെ(116) ബലത്തില്‍ യുപിയെ വീഴ്ത്തി ഡല്‍ഹിയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി നേടിയത്. ചന്ദിനു പുറമേ ഹിതെന്‍ ദലാല്‍(55), ധ്രുവ് ഷോറെ(31), നിതീഷ് റാണ(31) എന്നിവരുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഡല്‍ഹി 307/6 എന്ന സ്കോറില്‍ എത്തുകയായിരുന്നു. യുപിയ്ക്കായി അങ്കിത് രാജ്പുത്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ യുപിയ്ക്കായി ഉമംഗ് ശര്‍മ്മ(102) ശതകം നേടിയെങ്കിലും ടീമിനു വിജയത്തിലെത്താനായില്ല. അക്ഷ്ദീപ് നാഥ്(54) റണ്‍സുമായി തിളങ്ങിയെങ്കിലും 45.3 ഓവറില്‍ യുപി 252 റണ്‍സിനു ഓള്‍ഔട്ട് ആയി. ഖുല്‍വന്ത് ഖജ്രോലിയ നാലും പ്രദീപ് സാംഗ്വാന്‍ മൂന്നും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍

മുന്‍ അണ്ടര്‍-19 ലോകകപ്പ് ജേതാവും(നായകനും) വരും കാലത്തെ മികച്ച താരമായി മാറുമെന്നും ഏറെ വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍. ഏറെ പ്രതീക്ഷകളുമായാണ് താരം ജുനിയര്‍ ക്രിക്കറ്റില്‍ നിന്ന് എത്തിയതെങ്കിലും ആ പ്രകടനം പിന്നീട് തുടരാന്‍ താരത്തിനു സാധിക്കാതെ വന്നപ്പോള്‍ ഐപിഎലിലും പിന്നീട് സംസ്ഥാന ടീമിലും ഇടം പിടിക്കുവാന്‍ താരം ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോള്‍ രഞ്ജിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരം ഏവരെയും ഞെട്ടിച്ച് ഡല്‍ഹിയുടെ ടി20 ടീമിിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗിലേക്ക് ഡല്‍ഹി യോഗ്യത നേടിയപ്പോളാണ് ഉന്മുക്ത് ചന്ദിനെ പോലെ സീനിയര്‍ താരങ്ങളെ ഡല്‍ഹി തിരികെ ടീമിലെത്തിച്ചത്.

U-23 ഏകദിന ടൂര്‍ണ്ണമെന്റും ടി20 ലീഗിനു സമാന്തരമായി നടക്കുന്നതിനാല്‍ ടി20 സ്ക്വാഡിലുള്ള ചില താരങ്ങളെ U-23 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോള്‍ ടീമില്‍ വന്ന ഒഴിവുകളിലേക്കാണ് ചന്ദിനെപ്പോലുള്ള താരങ്ങള്‍ മടങ്ങിയെത്തിയതെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഋഷഭ് പന്ത് മിന്നും ഫോമില്‍ കളിക്കുന്ന ഡല്‍ഹിയെ പ്രദീപ് സാംഗ്വാന്‍ ആണ് നയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version