ലോക ക്രിക്കറ്റിൽ പുതുചരിത്രമെഴുതിച്ചേർത്ത് സൽമാൻ നിസാർ (വീഡിയോ)

ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്.

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൺഡ്രം റോയൽസിനെതിരായ മൽസരത്തിൽ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുകയായിരുന്നു. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്.

കാര്യവട്ടത്ത് സൽമാൻ്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിൽ ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. 13 റൺസിനായിരുന്ന കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 173 റൺസിന് ഓൾ ഔട്ടായി. അവിസ്മരണീയ ഇന്നിങ്സുമായി കാലിക്കറ്റിന് വിജയമൊരുക്കിയ സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ എട്ട് പോയിൻ്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയ അജ്നാസിൻ്റെ ചെറുത്തുനില്പിനൊടുവിൽ സൽമാൻ നിസാറിൻ്റെ സംഹാരതാണ്ഡവം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിൻ്റെ ഇന്നിങ്സിനെ ഇങ്ങനെ ചുരുക്കിയെഴുതാം. കെസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. അതിനായിരുന്നു സൽമാൻ നിസാറിലൂടെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ കളിയിലെപ്പോലെ മോശം തുടക്കമായിരുന്നു റോയൽസിനെതിരെയും കാലിക്കറ്റിൻ്റേത്. ഓപ്പണർമാരായ പ്രീതിഷ് പവൻ ഏഴും രോഹൻ കുന്നുമ്മൽ 11ഉം റൺസെടുത്ത് പുറത്തായി. കഴിഞ്ഞ മല്സരങ്ങളിൽ മികച്ച ഇന്നിങ്സ് കാഴ്ച വച്ച അഖിൽ സ്കറിയയും സച്ചിൻ സുരേഷും കൂടി ചെറിയ സ്കോറുകളിൽ പുറത്തായതോടെ നാല് വിക്കറ്റിന് 76 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്.

എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അജ്നാസാണ് കാലിക്കറ്റിനെ മല്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. നിലയുറപ്പിക്കാൻ സമയമെടുത്തെങ്കിലും തുടർന്ന് ആഞ്ഞടിച്ച അജ്നാസ് 50 പന്തിൽ 51 റൺസ് നേടി. എങ്കിലും 16ആം ഓവറിൽ മാത്രമായിരുന്നു കാലിക്കറ്റിൻ്റെ സ്കോർ നൂറിലെത്തിയത്. 17ആം ഓവറിൽ അജ്നാസ് പുറത്താക്മ്പോൾ സ്കോർ 108 റൺസ് മാത്രം. 18ആം ഓവറിൽ പിറന്നത് അഞ്ച് റൺസ് മാത്രം. എന്നാൽ തുർന്നുള്ള രണ്ട് ഓവറുകളിലൂടെ കളിയുടെ തിരക്കഥ ഒറ്റയ്ക്ക് മാറ്റിയെഴുതുകയായിരുന്നു സൽമാൻ നിസാർ. ബേസിൽ തമ്പി എറിഞ്ഞ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്സർ. അവസാന പന്തിൽ സിംഗിൾ നേടിയ സൽമാൻ സ്ട്രൈക് നിലനിർത്തി.അവസാന ഓവർ സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങൾക്കാണ്. അഭിജിത് പ്രവീൺ എറിഞ്ഞ എല്ലാ പന്തുകളെയും സൽമാൻ സിക്സർ പായിച്ചു. നോ ബോളും വൈഡും കൂടി ചേർന്നപ്പോൾ 40 റൺസാണ് അവസാന ഓവറിൽ പിറന്നത്. അവസാന രണ്ടോവറിൽ നേടിയ 71 റൺസുമായി കാലിക്കറ്റിൻ്റെ സ്കോർ 186ലേക്ക്. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്. റോയൽസിന് വേണ്ടി എം നിഖിലും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കവും മികച്ചതായിരുന്നില്ല. വിഷ്ണുരാജ് 12 റൺസെടുത്ത് മടങ്ങി. റിയ ബഷീർ മികച്ച ഷോട്ടുകളുമായി പ്രതീക്ഷ നല്കിയെങ്കിലും 25 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കൃഷ്ണപ്രസാദ് 18 റൺസുമായി മടങ്ങി. തുടർന്നെത്തിയവരിൽ സഞ്ജീവ് സതീശന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. 23 പന്തുകളിൽ 34 റൺസാണ് സഞ്ജീവ് നേടിയത്. അബ്ദുൾ ബാസിദ് 11 പന്തുകളിൽ 22 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ ഒൻപത് പന്തുകളിൽ നിന്ന് 23 റൺസ് നേടിയ ബേസിൽ തമ്പിയുടെ പ്രകടനം മല്സരം അവസാന ഓവർ വരെ നീട്ടി. എങ്കിലും റോയൽസിൻ്റെ മറുപടി 173ൽ അവസാനിച്ചു. എം നിഖിൽ 18 റൺസുമായി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് നേടി. മൂന്നോവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഹരികൃഷ്ണനും കാലിക്കറ്റ് ബൌളിങ് നിരയിൽ തിളങ്ങി. ഇബ്നുൽ അഫ്താബും രണ്ട് വിക്കറ്റ് വീഴ്ത്തി.

കട്ടക്കലിപ്പിൽ സൽമാൻ!! അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. ടീം 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നപ്പോഴാണ് സൽമാൻ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറിൽ 115 റൺസിലെത്തി നിൽക്കുകയായിരുന്ന കാലിക്കറ്റിൻ്റെ സ്കോർ ബോർഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് സൽമാൻ്റെ ബാറ്റിങ് വെടിക്കെട്ടാണ്.

ബേസിൽ തമ്പി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ഡീപ്പ് ബാക്ക്‌വേർഡ് പോയിന്റിലൂടെ സിക്സടിച്ച് തുടങ്ങിയ സൽമാൻ, പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറിൽ 5 പന്തുകളും സിക്സറുകളാക്കി മാറ്റി 30 റൺസ് നേടി. അവസാന പന്തിൽ ഒരു റൺസ് എടുത്ത് സ്ട്രൈക്ക് നിലനിർത്തി.
അഭിജിത്ത് പ്രവീൺ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ ലോങ് ഓഫിലൂടെ വീണ്ടും സിക്സർ നേടി. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളിൽ രണ്ട് റൺസ് കൂടി നേടിയ സൽമാൻ, പിന്നീടുള്ള 5 പന്തുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറിൽ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് ആകെ നേടിയത് 40 റൺസാണ്.ഇതോടെ ടീം സ്കോർ 186 റൺസിലെത്തുകയായിരുന്നു.സൽമാൻ പുറത്താകാതെ 26 പന്തിൽ 12 സക്സറിന്റെ അകമ്പടിയോടെ 86 റൺസാണ് അടിച്ച് കൂട്ടിയത്. സൽമാൻ്റെ ബാറ്റിംഗ് മികവ് കെ.സി.എൽ. ചരിത്രത്തിലെ അവിസ്മരണീയമായ പ്രകടനമായി അടയാളപ്പെടുത്തും.

ദുലീപ് ട്രോഫി സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും, നമ്മുടെ അസറുദ്ദീൻ വൈസ് ക്യാപ്റ്റൻ


ദുലീപ് ട്രോഫി 2025-ൽ സൗത്ത് സോൺ ടീമിന്റെ നായകനായി തിലക് വർമ്മയെ തിരഞ്ഞെടുത്തു. പരമ്പരാഗതമായ ആറ് ടീം സോണൽ ഫോർമാറ്റിലേക്ക് ടൂർണമെന്റ് തിരിച്ചെത്തുന്ന ഈ സീസൺ ഓഗസ്റ്റ് 28-ന് ആരംഭിക്കും. യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന 16 അംഗ ടീമിനെയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ ഇടംകൈയ്യൻ താരം നയിക്കുക.


കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ അന്താരാഷ്ട്ര മത്സരങ്ങൾ കാരണം വിട്ടുനിന്നിട്ടും, പോണ്ടിച്ചേരിയിൽ ചേർന്ന സൗത്ത് സോൺ സെലക്ടർമാരുടെ യോഗത്തിലാണ് തിലകിനെ നായകനായി തിരഞ്ഞെടുത്തത്. കൗണ്ടിയിൽ ഹാംഷെയറിനായി കളിക്കുമ്പോൾ മികച്ച ഫോമിലായിരുന്നു തിലക്; അവസാന അഞ്ച് ഇന്നിംഗ്‌സുകളിൽ രണ്ട് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. കേരള ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിൽ നിന്ന് നാല് കളിക്കാർ സൗത്ത് സോൺ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അസറുദ്ദീന് പുറമെ സൽമാൻ നിസാർ, ബേസിൽ എൻ പി, നിധീഷ് എന്നിവരാണ് ടീമിൽ ഉള്ള കേരള താരങ്ങൾ.


അടുത്തിടെ ഇന്ത്യ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച തമിഴ്‌നാട് വിക്കറ്റ് കീപ്പർ എൻ. ജഗദീശൻ, അന്താരാഷ്ട്ര താരങ്ങളായ ദേവ്ദത്ത് പടിക്കൽ, ആർ. സായി കിഷോർ എന്നിവർ ടീമിലെ ശ്രദ്ധേയരായ ഉൾപ്പെടുന്നു. കഴിഞ്ഞ രഞ്ജി സീസണിൽ 934 റൺസ് നേടിയ ഹൈദരാബാദ് ഓപ്പണർ തന്മയ് അഗർവാളിനും ടീമിൽ സ്ഥാനമുണ്ട്. 516 റൺസ് നേടിയ കർണാടകയുടെ ആർ. സ്മരണയെ സ്റ്റാൻഡ്ബൈകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

South Zone Duleep Trophy 2025 squad: Tilak Varma (c) (Hyderabad), Mohammed Azharuddeen (vc) (Kerala), Tanmay Agarwal (Hyderabad), Devdutt Padikkal (Karnataka), Mohit Kale (Pondicherry), Salman Nizar (Kerala), Narayan Jagadeesan (Tamil Nadu), Tripurana Vijay (Andhra), R Sai Kishore (Tamil Nadu), Tanay Thyagarajan (Hyderabad), Vijaykumar Vyshak (Karnataka), Nidheesh MD (Kerala), Ricky Bhui (Andhra), Basil NP (Kerala), Gurjapneet Singh (Tamil Nadu), Snehal Kauthankar (Goa).


കേരളത്തെ രക്ഷിച്ച സൽമാൻ നിസാറിന്റെ ഹെൽമറ്റ്!!

ക്വാർട്ടർ ഫൈനലിൽ സൽമാൻ നിസാർ ബാറ്റു കൊണ്ടാണ് കേരളത്തെ രക്ഷിച്ച് 1 റൺസ് ലീഡ് നേടിക്കൊടുത്തത് എങ്കിൽ സെമിയിൽ കേരളത്തിന് 2 റൺ നേടി കൊടുത്തത് സൽമാൻ നിസാറിന്റെ ഹെൽമറ്റ് ആണെന്ന് പറയാം. ഇന്ന് ഗുജറാത്ത് ലീഡിലേക്ക് പോവുകയാണെന്ന് തോന്നിയ സമയത്ത് ആണ് നിസാറിന്റെ ഹെൽമറ്റിൽ തട്ടി അവസാന വിക്കറ്റ് വീണത്.

ചിത്രം: ജിയോ ഹോട്സ്റ്റാർ

നാഗസ്വാളയുടെ പവർഫുൾ ഹിറ്റ് ഷോർട്ട് ലെഗിൽ നിന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റി ഇടിച്ച് ഉയർന്ന് സ്ലിപ്പിൽ ഉള്ള സച്ചിൻ ബേബിയുടെ കൈകളിലേക്ക് എത്തുക ആയിരുന്നു. കേരളത്തിന് ചരിത്രം സമ്മാനിച്ചത് സൽമാൻ നിസാറിന്റെ ധീരമായ ഈ ഫീൽഡിംഗ് ആണെന്ന് പറയാം. ഇത്ര പവർ ഷോട്ട് വന്നിട്ടും സൽമാൻ ഭയപ്പെട്ട് പുറംതിരിയാതെ നിന്നത് ആണ് ആ ക്യാച്ചിന് കാരണമായത്.

ഈ ക്യാച്ചിന് ശേഷം സൽമാൻ നിസാറിനെ കൺകഷൻ പരിശോധനകൾക്ക് ആയി സ്ട്രെച്ചറിൽ ആണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടു പോയത്.

അസറുദ്ദീന് സെഞ്ച്വറി, സൽമാൻ നിസാറിന് ഫിഫ്റ്റി!! കേരളം 350 കടന്നു

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം ചായക്ക് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 354 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി എങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്.

ഇപ്പോൾ സൽമാൻ നിസാർ 199 പന്തിൽ 52 റൺസുമായും അസറുദ്ദീൻ 231 പന്തിൽ 120 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 14 ബൗണ്ടറികൾ ഇതുവരെ അടിച്ചു. അസറുദ്ദീന്റെ ഈ സീസണിൽ ആദ്യ സെഞ്ച്വറി ആണിത്. ഫസ്റ്റ് ക്ലാസിലെ 2ആം സെഞ്ച്വറിയും.

സൽമാൻ നിസാർ ഇന്ന് ഒരു സിക്സ് അടിച്ച് കൊണ്ടാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 1 സിക്സും 4 ഫോറും നിസാർ ആകെ തന്റെ ഇന്നിംഗ്സിൽ അടിച്ചു.

രഞ്ജി ട്രോഫി; അസറുദ്ദീന് അർധ സെഞ്ച്വറി, കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നു

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം ലഞ്ചിന് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്. ഈ സെഷനിൽ 87 റൺസ് കേരളം എടുത്തു.

ഇതിനു ശേഷം അസറുദ്ദീനും സൽമാൻ നിസാറും കേരളത്തിനായി ഉറച്ചു നിന്നു. ഇപ്പോൾ സൽമാൻ നിസാർ 90 പന്തിൽ 28 റൺസുമായും അസറുദ്ദീൻ 85 പന്തിൽ 160 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 10 ബൗണ്ടറികൾ ഇതുവരെ അടിച്ചു.

സെഞ്ച്വറിയേക്കാൾ സന്തോഷം നൽകിയത് 1 റൺ ലീഡ് – സൽമാൻ നിസാർ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിൻറെ ഹീറോ ആയ സൽമാൻ നിസാർ ഇന്ന് രഞ്ജിയിൽ ഫൈനലിൽ എത്താൻ ആയതിലെ തൻറെ സന്തോഷം മാധ്യമങ്ങളുമായി പങ്കുവെച്ചു. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ച സൽമാൻ നിസാർ തൻറെ സെഞ്ച്വറിയെക്കാൾ തനിക്ക് മോട്ടിവേഷനും സന്തോഷവും തന്നത് ആദ്യ ഇന്നിങ്സിലെ ഒരു റൺസ് ലീഡ് ആണെന്ന് താരം പറഞ്ഞു.

ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 112 എണ്ണമായി പുറത്താകാതെ നിന്ന സൽമാൻ നിസാർ കേരളത്തിന് ഒരു റൺസിന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. ഈ ലീഡാണ് കേരളത്തെ സെമിയിൽ എത്തിക്കുന്നതിൽ നിർണായകമായി മാറിയത്. സെഞ്ച്വറി തനിക്ക് സീസണിൽ എപ്പോൾ വേണമെങ്കിലും കിട്ടാമെന്നും അത് തന്റെ ഹാർഡ്‌വർക്കിന്റെ ഫലമായി എപ്പോൾ വേണം എങ്കിലും അയാൾ വന്നുകൊള്ളും എന്നും, എന്നാൽ അതിനേക്കാൾ പ്രധാനമാണ് ടീമിൻറെ മുന്നോട്ടുള്ള പ്രയാണം എന്നും, അതുകൊണ്ടുതന്നെ ഒരു റൺസ് ലീഡിനെയാണ് താൻ തന്റെ സെഞ്ച്വറിയെക്കാൾ വിലയോടെ കാണുന്നത് എന്നും സൽമാൻ നിസാർ മത്സരശേഷം പറഞ്ഞു.

ഇന്ന് രണ്ടാം ഇന്നിങ്സിലും സൽമാൻ നിസാർ പുറത്താകാതെ നിന്ന് കേരളത്തെ പരാജയത്തിൽ നിന്ന് രക്ഷിക്കുകയും സെമിഫൈനലിലേക്ക് മുന്നേറാൻ സഹായിക്കുകയും ചെയ്തിരുന്നു. കേരളം ഇനി സെമിയിൽ ഗുജറാത്തിനെ ആകും നേരിടുക.

പൊരുതി നേടി! രഞ്ജി ട്രോഫിയിൽ കേരളം സെമി ഫൈനലിൽ!!

രഞ്ജി ട്രോഫിയിൽ കേരളം സെമി ഫൈനലിൽ എത്തി. ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെതിരെ സമനില നേടിയതോടെയാണ് സെമി ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 1 റൺസിന്റെ ലീഡ് കേരളം നേടിയിരുന്നു. അതാണ് കേരളത്തിന് തുണയായത്.

ഇന്ന് അഞ്ചാം ദിനം ജമ്മു കാശ്മീർ ഉയർത്തിയ 399 എന്ന ലക്ഷ്യം പിന്തുടർന്ന കേരളം 295/6 എന്ന നിലയിലാണ്‌ കളി അവസാനിപ്പിച്ചത്. ഏഴാം വിക്കറ്റിൽ മുഹമ്മദ് അസറുദ്ദീനും സൽമാൻ നിസാറും അപരാജിത കൂട്ടുകെട്ടിൽ 115 റൺസ് ചേർത്താണ് സമനില ഉറപ്പിച്ചത്. സൽമാൻ നിസാർ 44 റൺസ് എടുത്തും, അസറുദ്ദീൻ 67 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് രാവിലെ 2 വിക്കറ്റ് നഷ്ടത്തിൽ കളി ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും നന്നായി ബാറ്റു ചെയ്തു. ക്ഷമയോടെ ബാറ്റു ചെയ്ത ഇരുവരും ആദ്യ സെഷനിൽ കാശ്മീർ ബൗളിംഗിനെ പ്രതിരോധിച്ചു. അക്ഷയ് ചന്ദ്രൻ 183 പന്തിൽ നിന്ന് 48 റൺസും സച്ചിൻ ബേബി 162 പന്തിൽ നിന്ന് 48 റൺസും എടുത്ത് പുറത്തായി‌.

ജലജ് സക്സേന 18, സാർവതെ 8 എന്നിവരും പെട്ടെന്ന് മടങ്ങി. 180-6 എന്ന നിലയിൽ പതറിയ സ്ഥലത്ത് നിന്നായിരുന്നു സൽമാൻ-അസറുദ്ദീൻ കൂട്ടുകെട്ട്. ആദ്യ ഇന്നിംഗ്സിലും സൽമാൻ നിസാർ ആയിരുന്നു കേരളത്തിന്റെ ഹീറോ. ആദ്യ ഇന്നിംഗ്സിൽ അവസന വിക്കറ്റിൽ 82 റൺസ് ചേർത്തായിരുന്നു സൽമാൻ കേരളത്തിന് ലീഡ് നൽകിയത്. ആദ്യ ഇന്നിംഗ്സിൽ സൽമാൻ 112 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫി; കേരളത്തിന് എതിരെ ജമ്മു 180/3 എന്ന നിലയിൽ

പൂനെ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെതിരെ ശക്തമായി തിരിച്ചു വന്ന് കേരളം. ഒരു റണ്ണിൻ്റെ നിർണ്ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 281 റൺസിന് അവസാനിച്ചു.തുടർച്ചയായ രണ്ടാം മല്സരത്തിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിൻ്റെ പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീർ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ്.

ആദ്യ സെഷനിൽ കണ്ട കേരളത്തിൻ്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒൻപത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടങ്ങിയ കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. എന്നാൽ അസംഭവ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കുകയായിരുന്നു സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന്.ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാൻ്റെ പ്രകടനമാണ് കേരളത്തിന് നിർണ്ണായക ലീഡ് സമ്മാനിച്ചത്. മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നല്കി.12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെ നിന്നു . 35 പന്തുകളിൽ 15 റൺസെടുത്ത ബേസിൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. ലീഡ് നേടാനായതോടെ മല്സരം സമനിലയിൽ അവസാനിച്ചാൽ കേരളം സെമിയിലേക്ക് മുന്നേറും. കശ്മീരിന് വേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസ്സനെയും പുറത്താക്കി എം ഡി നിധീഷാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്. ക്യാപ്റ്റൻ പരസ് ദോഗ്രയും വിവ്രാന്ത് ശർമ്മയും ചേർന്ന 39 റൺസ് കൂട്ടുകെട്ടാണ് കശ്മീരിനെ കരകയറ്റിയത്. 37 റൺസെടുത്ത വിവ്രാന്ത് ശർമ്മയെ ബേസിൽ എൻ പി പുറത്താക്കിയെങ്കിലും തുടർന്നെത്തിയ കനയ്യ വാധ്വാൻ ക്യാപ്റ്റന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളി നിർത്തുമ്പോൾ പരസ് ജോഗ്ര 73 ഉം കനയ്യ വാധ്വാൻ 42ഉം റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.

രഞ്ജി ട്രോഫി ക്വാർട്ടർ ഉറപ്പിച്ച് കേരളം!! ബീഹാറിനെ ഇന്നിങ്സിനും 169 റൺസിനും ജയം

രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചു. ഇന്ന് ബീഹാറിന് എതിരായ രണ്ടാം ദിവസം കേരളം ബീഹാറിനെ ഇന്നൊംഗ്സിനിം 169 റൺസിനുമാണ് തോൽപ്പിച്ചത്.

ഇന്ന് ബീഹാറിനെ ആദ്യ ഇന്നിംഗ്സിൽ വെറും 64ൽ എറിഞ്ഞിട്ട കേരളം രണ്ടാം ഇന്നിങ്സിൽ അവരെ 118 റൺസിനും ഓളൗട്ട് ആക്കി. കേരളം ഇതോടെ ക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിലും ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. ഒപ്പം സർവതെ 3 വിക്കറ്റും വൈശാഖ്, നിധീഷ് എന്നിവർ ഒരോ വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തി.

ഇന്ന് കേരളം രാവിലെ ആദ്യ സെഷനിൽ 351ന് ഓളൗട്ട് ആയി. സൽമാൻ നിസാർ 150 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബീഹാർ ഒന്നാം ഇന്നിംഗ്സിൽ 40/1 എന്ന നിലയിൽ നിന്നാണ് 64-10 എന്ന നിലയിലേക്ക് ഓളൗട്ട് ആയത്.

കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. നിധീഷ് 2 വിക്കറ്റും വൈശാക്, സാർവത്രെ എന്നിവർ ഒരോ വിക്കറ്റും നേടി.

രഞ്ജി ട്രോഫി; സൽമാൻ നിസാർ സെഞ്ച്വറിയുമായി കേരളത്തിന്റെ രക്ഷയ്ക്ക് എത്തി

രഞ്ജി ട്രോഫിയുടെ ആദ്യ ദിനം തിരുവനന്തപുരം സ്പോർട്സ് ഹബിൽ കേരളത്തിന്റെ രക്ഷകനായി സൽമാൻ നിസാർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഇന്ന് കളി അവസാനിക്കുമ്പോൾ 84 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ്‌.

തുടക്കത്തിൽ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായപ്പോൾ സൽമാൻ നിസാറിന്റെയും ഷോൺ റോജറിന്റെയും കൂട്ടുകെട്ട് കേരളത്തിന് തുണയായി. 172 പന്തുകളിൽ 111 റൺസ് (11 ഫോറും 1 സിക്‌സും) നേടിയ സൽമാൻ ഇപ്പോഴും ക്രീസിൽ തുടരുകയാണ്. ഷൗൺ റോജറിന്റെ 59 (119 പന്ത്, 9 ഫോർ) റൺസും അക്ഷയ് ചന്ദ്രൻ 38 (77 പന്ത്, 6 ഫോർ) റൺസും നേടി.

അവസാന ഘട്ടത്തിൽ നിധീഷിന്റെ 30 റൺസും (43 പന്ത്, 4 ഫോറും 1 സിക്‌സും) സ്കോർ മുന്നോട്ടു നയിച്ചു.

ബീഹാറിനായി ഹർഷ് വിക്രം സിംഗും സച്ചിൻ കുമാർ സിംഗും രണ്ട് വിക്കറ്റുകൾ വീതം നേടി. വീർ പ്രതാപ് സിംഗ്, അബിഷേക്, ഘുലാം റബ്ബാനി, എസ് ഗനി, വൈ പി യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇപ്പോൾ സൽമാൻ നിസാറും വൈശാക് ചന്ദ്രനും ആണ് ക്രീസിൽ ഉള്ളത്.

Exit mobile version