സഞ്ജു മറ്റാരും ആകേണ്ടതില്ല, സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജുവായി തുടരും, തരൂരിന് മറുപടിയുമായി ഗൗതം ഗംഭീര്‍

14ാം വയസ്സ് മുതല്‍ തനിക്ക് അറിയാവുന്ന സഞ്ജു സാംസണിനോട് താന്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ധോണിയാകുമെന്ന് പറയുമായിരുന്നുവെന്ന ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടിയുമായി ഗൗതം ഗംഭീര്‍. സഞ്ജു സാംസണ്‍ ക്രിക്കറ്റില്‍ മറ്റാരുടെയും പിന്മുറക്കാരനാകേണ്ടതില്ലെന്നും സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണ്‍ ആയി തന്നെ നിലകൊള്ളുമെന്നുമാണ് ഗംഭീറിന്റെ മറുപടി.

ഐപിഎലില്‍ സഞ്ജുവിന്റെ മിന്നും പ്രകടനങ്ങള്‍ കാണികള്‍‍ക്കും ഇത് പോലെ ട്വിറ്റര്‍ സെലിബ്രിറ്റികള്‍ക്കും മുന്‍ താരങ്ങള്‍ക്കുമെല്ലാം ഹരമായി മാറുകയാണിപ്പോള്‍. സഞ്ജുവിന്റെ കടുത്ത ആരാധകനും എന്നാല്‍ ധോണിയുടെ കടുത്ത വിമര്‍ശകനുമായി മാറിയിട്ടുള്ള ഗൗതം ഗംഭീറിന് തരൂരിന്റെ ധോണി പരാമര്‍ശം അത്ര സുഖിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

ഏറെ കാലമായി ധോണിയുടെ വിമര്‍ശനങ്ങളും സഞ്ജുവിന്റെ പ്രകടനങ്ങളുടെ പ്രശംസയുമായാണ് ഗംഭീര്‍ നിലകൊള്ളുന്നത്.

യോ-യോ കടമ്പ കടന്ന് സഞ്ജു സാംസണ്‍, ടെസ്റ്റിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് തരൂര്‍

17.4 എന്ന മികച്ച സ്കോര്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍ യോ-യോ ഫിറ്റ്നെസ് ടെസ്റ്റ് പാസായി. നേരത്തെ ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ നിന്ന് താരത്തെ ഇതെ ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പുറത്താക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ടെസ്റ്റ് കേരള താരം പാസ് ആവുകയാണുണ്ടായത്. 16.1 എന്നതാണ് ടെസ്റ്റ് പാസാവാനുള്ള സ്കോറെന്നിരിക്കെ മികച്ച വിജയമാണ് സഞ്ജുവിന്റേത്. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുന്നേയാണ് സഞ്ജു തന്റെ ടെസ്റ്റ് പരാജയപ്പെട്ടത്.

മുമ്പ് പരാജയപ്പെട്ട ടെസ്റ്റ് വീണ്ടും എടുത്ത് താരങ്ങള്‍ പാസാവുമ്പോള്‍ എന്താണിതിനു അടിസ്ഥാനമെന്നാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുക്കല്‍ മാനദണ്ഡമായി ഇതിനെ പരിഗണിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. നാലാഴ്ചയ്ക്കുള്ളില്‍ 15.6 എന്ന സ്കോറില്‍ നിന്ന് 17.3 എന്ന സ്കോറിലേക്ക് താരം ഉയര്‍ന്നുവെങ്കിലും ഇതിനിടയില്‍ താരത്തിനു ഇന്ത്യ എ ടൂര്‍ തന്നെ നഷ്ടമായത് മറക്കരുതെന്നാണ് ശശി തരൂര്‍ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version