വെടിക്കെട്ട് തുടക്കം മുതലാക്കാനാകാതെ കേരളം, കര്‍ണ്ണാടകയോടും തോല്‍വി

ഓപ്പണര്‍മാരായ സഞ്ജു സാംസണും വിഷ്ണു വിനോദും നല്‍കിയ സ്ഫോടനാത്മകമായ തുടക്കം മുതലാക്കാന്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ക്രീസിലെത്തിയ താരങ്ങള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കേരളത്തിനു സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകത്തോടും തോല്‍വി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 181/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ കേരളത്തിനു 161 റണ്‍സ് മാത്രമേ നേടാനായുള്ളു.

8 ഓവറില്‍ സഞ്ജുവും വിഷ്ണു വിനോദും കൂടി 96 റണ്‍സാണ് അടിച്ചത്. സഞ്ജു സാംസണ്‍ 26 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സ് നേടി പുറത്തായി. വിഷ്ണു പുറത്താകുമ്പോള്‍ കേരളം 9.3 ഓവറില്‍ 109 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിനയ് കുമാര്‍ പതിമൂന്നാം ഓവറില്‍ സഞ്ജുവിനെയും(71), സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ കേരളം വീണ്ടും പ്രതിരോധത്തിലായി. സഞ്ജു സാംസണ്‍ 41 പന്തുകളില്‍ നിന്നാണ് 71 റണ്‍സ് നേടിയത്.

109/0 എന്ന ശക്തമായ നിലയില്‍ നിന്ന് 128/3 എന്ന നിലയിലേക്ക് വീണ് കേരളം പതിയെ മത്സരം കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 36 പന്തില്‍ 47 റണ്‍സ് വേണമെന്ന സ്ഥിതിയില്‍ കേരളത്തിന്റെ കൈവശം 7 വിക്കറ്റുകള്‍ ലഭ്യമായിരുന്നുവെങ്കിലും പ്രവീണ്‍ ദുബേയുടെ ബൗളിംഗിനു മുന്നില്‍ കേരളത്തിന്റെ മധ്യനിര വെള്ളം കുടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഡാരില്‍ എസ് ഫെരാരിയോയെയും(7), അരുണ്‍ കാര്‍ത്തികിനെയും(13) വീഴ്ത്തി ദുബേ കേരളത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

കര്‍ണ്ണാടകയ്ക്കായി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ശ്രീനാഥ് അരവിന്ദ്, മിഥുന്‍ എ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മയാംഗ് അഗര്‍വാലിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 181 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ നഷ്ടമായ കര്‍ണ്ണാടകയ്ക്കായി 58 പന്തില്‍ നിന്നാണ് മയാംഗ് 86 റണ്‍സ് നേടിയത്. കേരളത്തിനായി കെഎം ആസിഫ് രണ്ടും അഭിഷേക് മോഹന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

സച്ചിന്‍ ബേബി ഇല്ലാതെ ഇറങ്ങിയ കേരളത്തിനെ സഞ്ജു സാംസണ്‍ ആണ് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തിനു ആദ്യ ജയം, സഞ്ജുവിന് അര്‍ദ്ധ ശതകം

നാലാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി കേരളം. ഇന്ന് ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിനു വിഷ്ണു വിനോദ് പതിവു പോലെ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി വിഷ്ണു പുറത്താകുമ്പോള്‍ കേരളം 4.5 ഓവറില്‍ 45 റണ്‍സ് നേടിയിരുന്നു.

മെല്ലെയാണ് തുടങ്ങിയതെങ്കിലും സഞ്ജു സാംസണും വിഷ്ണു പുറത്തായപ്പോള്‍ ക്രീസിലെത്തിയ അരുണ്‍ കാര്‍ത്തിക്കും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ നൂറ് കടത്തി. 95 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ സഖ്യം കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 44 പന്തില്‍ നിന്ന് 65 റണ്‍സാണ് സഞ്ജു നേടിയത്. അരു‍ണ്‍ കാര്‍ത്തിക്  33 പന്തില്‍ നിന്ന് 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.

15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയാണ് കേരളം 9 വിക്കറ്റ് വിജയം ഗോവയ്ക്കെതിരെ നേടിയത്. 40 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് നേരിട്ട നാല് പന്തുകളില്‍ നിന്ന് 12 റണ്‍സ് കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 ബൗണ്ടറിയും 4 സിക്സുമാണ് സഞ്ജു തന്റെ ഇന്നിംഗ്സില്‍ നേടിയത്. അരു‍ണ്‍ കാര്‍ത്തിക് 6 ബൗണ്ടറിയും നേടി.

നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഗോവയെ കേരളം 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. അവസാന ഓവറുകളിലാണ് ഗോവയുടെ റണ്ണൊഴുക്കിനു ഒരു ഗതി തന്നെ വന്നത്. 11.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടമായ ഗോവ 64 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്നു. അവസാന ഓവറുകളില്‍ കീനന്‍(36), ഗര്‍ഷന്‍ മിസാല്‍(23), 4 പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്ന ലക്ഷയ് ഗാര്‍ഗ് എന്നിവരുടെ പ്രകടനങ്ങളാണ് ടീം സ്കോര്‍ 138ല്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യം വെടിക്കെട്ട്, പിന്നെ തകര്‍ച്ച, കേരളം 120നു ഓള്‍ഔട്ട്

13 ഓവറാക്കി ചുരുക്കിയ ആന്ധ്ര കേരളം സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു 120 റണ്‍സ്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീണപ്പോള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്കോറെ കേരളത്തിനു നേടാനായുള്ളു. ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ വിഷ്ണു വിനോദും നല്‍കിയ തുടക്കം മുതലാക്കാന്‍ കേരളത്തിനു കഴിയാതെ പോകുകയായിരുന്നു. ആന്ധ്രയ്ക്കെതിരെയുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തിലാണ് കേരളം ആദ്യം ബാറ്റ് ചെയ്ത് 120 റണ്‍സ് നേടിയത്. ഏഴാം ഓവറില്‍ 83/1 എന്ന നിലയില്‍ നിന്നാണ് കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയത്.

ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 4.2 ഓവറില്‍ 50 റണ്‍സ് തികച്ച കേരളത്തിനു വേണ്ടി ഒന്നാം വിക്കറ്റില്‍ സഞ്ജു-വിഷ്ണു കൂട്ടുകെട്ട് 65 റണ്‍സാണ് നേടിയത്. സഞ്ജു 19 പന്തില്‍ 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്കോര്‍ 5.4 ഓവറില്‍ 65 റണ്‍സായിരുന്നു.

തൊട്ടടുത്ത ഓവറില്‍ വിഷ്ണു വിനോദും മടങ്ങിയതോടെ കേരളത്തിന്റെ സ്കോറിംഗ് നിരക്ക് മന്ദ ഗതിയിലായി. ഒപ്പം വിക്കറ്റുകളും ഏളുപ്പത്തില്‍ നഷ്ടമായത് ടീമിന്റെ സ്കോറിംഗിനെ വല്ലാതെ ബാധിച്ചു. 20 പന്തില്‍ 45 റണ്‍സാണ് വിഷ്ണു അടിച്ചുകൂട്ടിയത്. 3 ബൗണ്ടറിയും 4 സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സായിരുന്നു വിഷ്ണു വിനോദിന്റെ. അധികം വൈകാതെ അരുണ്‍ കാര്‍ത്തികിനെയും കേരളത്തിനു നഷ്ടമായി. 83/1 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് കേരളം വീഴുന്ന കാഴ്ചയാണ് പിന്നീട് വൈസാഗില്‍ കണ്ടത്. ഹരിശങ്കര്‍ റെഡ്ഢിയുടെ ബൗളിംഗിനു മുന്നില്‍ കേരള മധ്യനിര കുഴങ്ങിയപ്പോള്‍ 12 റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിനു 4 വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് 12ാം ഓവറില്‍ കേരളം 120 റണ്‍സിനു ഓള്‍ഔട്ട് ആയി.

മത്സരത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ച  ഹരിശങ്കര്‍ റെഡ്ഢി നാല് വിക്കറ്റും അയ്യപ്പ് ഭണ്ഡാരു മൂന്ന് വിക്കറ്റും നേടി. ഭാര്‍ഗവ് ഭട്ട്, ഹനുമന വിഹാരി, ഗിരിനാഥ് റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ മത്സരക്രമങ്ങള്‍ ഇപ്രകാരം

സയ്യദ് മുഷ്താഖ് അലി ട്രോഫി സൗത്ത് സോണ്‍ മത്സരങ്ങളില്‍ കേരളത്തിനു നാളെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഹൈദ്രാബാദ്. ജനുവരി 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 11നു ആന്ധ്രയെയും ജനുവരി 12നു ഗോവയെയും കേരളം നേരിടും. ജനുവരി 14നു ക്ര‍ണ്ണാടകയുമായാണ് കേരളത്തിന്റെ അവസാന മത്സരം.

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ മുന്‍ നിര താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരുടെ സാന്നിധ്യം ടീമിനെ ശക്തനാക്കുന്നു. ഡേവ് വാട്മോറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കേരളം രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് തോറ്റുവെങ്കിലും മികച്ച ഫോമില്‍ കളിച്ച ഒരു പിടി താരങ്ങള്‍ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും കേരളത്തിനു തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ ഇടം പിടിച്ച വിഷ്ണു വിനോദിനു അതിനു സാധിച്ചതും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കാരണമാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലം നടക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രാദേശിക താരങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version