ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടെ കണ്ടെത്തി തന്റെ നേട്ടം 201 ഗോളിൽ എത്താൻ താരത്തിന് കഴിഞ്ഞു. 350 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോട്ടൻഹാമിലൂടെ വളർന്നു വന്ന കെയ്ൻ 2011ൽ ലൈറ്റണ് വേണ്ടിയായിരുന്നു ആദ്യ ഗോൾ നേടിയത്, തുടർന്ന് മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ലോണാടിസ്ഥാനത്തിൽ കളിച്ച കെയ്ൻ ഈ ക്ളബുകൾക്കായി 16 ഗോളുകളാണ് നേടിയത്. തുടർന്ന് 2013 – 14 സീസണിൽ ടോട്ടൻഹാമിൽ തിരിച്ചെത്തിയ കെയ്ൻ തൊട്ടടുത്ത സീസണിൽ ആണ് ഗോളടി യന്ത്രമായി മാറിയത്, 2014-15 സീസണിൽ 31 ഗോളുകൾ ആയിരുന്നു കെയ്ൻ അടിച്ചു കൂട്ടിയത്. ടോട്ടൻഹാമിന്‌ വേണ്ടി 285 കളികളിൽ നിന്നായി 185 ഗോളുകൾ ആണ് കെയ്ൻ നേടിയത്.

പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശ് വനിത ക്രിക്കറ്റിനെ ബാധിക്കുമെന്ന് താരങ്ങള്‍

ബംഗ്ലാദേശ് വനിത താരങ്ങള്‍ പണം സമ്പാദിക്കുന്നത് പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടാണെന്നും കൊറോണ മൂലം ഇത് ഉപേക്ഷിക്കുന്ന സാഹചര്യമാണെങ്കില്‍ തങ്ങളുടെ വരുമാനത്തെ അത് വല്ലാതെ ബാധിക്കുമെന്ന് താരങ്ങള്‍. വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വനിത ടീമില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ഏക താരം മുര്‍ഷിദ ഖാടുന്‍ പറയുന്നത് തോല്‍വിയ്ക്ക് ശേഷം ടീമായി ഒത്തുചേര്‍ന്ന് തിരിച്ചുവരുവാനുള്ള അവസരമാണ് ഇപ്പോള്‍ കൊറോണ മൂലം നഷ്ടമായതെന്നാണ്.

എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നും താരം പറഞ്ഞു. വനിത താരങ്ങള്‍ക്ക് സ്ഥിരമായി കളിക്കാന്‍ അവസരം ലഭിക്കാറില്ല, ഈ വര്‍ഷം ചില അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് കരുതിയതെങ്കിലും ഇനിയിപ്പോള്‍ അത് സാധ്യമല്ലെന്നും താരം വ്യക്തമാക്കി.

ഇപ്പോള്‍ വനിത പ്രീമിയര്‍ ലീഗ് സാധ്യതയല്ലാതെ മാറുമ്പോള്‍ അത് വനിത താരങ്ങളെ വളരെയധികം ബാധിക്കുമെന്ന് താരം പറഞ്ഞു. വലിയ വിഭാഗം വനിത താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്നത് പ്രീമിയര്‍ ലീഗിലെ വേതനം ആണ്. അതാണിപ്പോള്‍ ഇല്ലാതാകുന്നത്, ഇത് ഞങ്ങളെയെല്ലാം വല്ലാതെ ബാധിക്കുമെന്ന് മുര്‍ഷിദ ഖാട്ടുന്‍ പറഞ്ഞു

ഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ

ആൻഫീൽഡിൽ വിറപ്പിച്ച ലെസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈം പെനാൽറ്റിയിൽ മറികടന്ന് ലിവർപൂൾ വിജയ കുതിപ്പ് തുടരുന്നു. 2-1 നാണ് ക്ളോപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്.

പരിക്കേറ്റ മാറ്റിപ്പിന് പകരം ലോവ്രനും, ഹെൻഡേഴ്സണ് പകരം മിൽനറും ലിവർപൂൾ ആദ്യ ഇലവനിൽ ഉൾപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചതോടെ ഗോൾ അവസരങ്ങൾ തീർത്തും കുറഞ്ഞു. ജെയിംസ് മിൽനറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പക്ഷെ നാൽപതാം മിനുട്ടിൽ മാനെയുടെ ഗോളിന് വഴി ഒരുക്കി താരം അതിന് പ്രായശ്ചിത്തം ചെയ്തു. .
ഈ ഗോളോടെ ലിവർപൂളിനായി ലീഗിൽ 50 ഗോൾ എന്ന നേട്ടവും താരം പൂർത്തിയാക്കി.

രണ്ടാം പകുതിയിലും ഇരു ടീമുകളും കരുതലോടെ കളിച്ചതോടെ അവസരങ്ങൾ കാര്യമായി പിറന്നില്ല. അയേസോ പെരസിനെ രണ്ടാം പകുതിയിൽ കളത്തിൽ ഇറക്കിയതിന് 80 ആം മിനുട്ടിൽ ലെസ്റ്ററിന് ഫലം ലഭിച്ചു. താരം ഒരുക്കിയ അവസരം മുതലാക്കി ജെയിംസ് മാഡിസൻ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. പക്ഷെ ഇഞ്ചുറി ടൈമിൽ മാനെയെ ഓൾബ്രൈറ്റൻ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മിൽനർ പന്ത് വലയിലാക്കിയതോടെ അവർ ജയം ഉറപ്പാക്കി.

പ്രീമിയർ ലീഗ് ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യസാധ്യകൾ നൽകി പന്തയക്കാർ

വിദഗ്ധരുടെ എന്ന പോലെ പന്തയക്കാരുടെ കണക്കിലും ഈ സീസണിലും പ്രീമിയർ ലീഗ് കിരീടപോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ തന്നെ. ഏതാണ്ട് തുല്യ സാധ്യതകൾ ആണ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂലിനും മിക്ക പന്തയകമ്പനികളും നൽകുന്നത്. ചെറിയ മുൻതൂക്കം നിലവിലെ ജേതാക്കൾക്ക് പലരും നൽകുന്നുമുണ്ട്. അതേ പോലെ ഏതാണ്ട് ആദ്യ നാലിൽ ടോട്ടനം ഹോട്ട്സ്പർ ഉണ്ടാകും എന്ന ഉറപ്പും പന്തയാക്കാർ നൽകുന്നു. ടീമിൽ വലിയ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും ഹാരി കെയിൻ അടക്കമുള്ള താരങ്ങളും പരിശീലകൻ മൊറീസിയോ പോച്ചറ്റീനയും ടീമിനൊപ്പം തുടരുന്നതിൽ ആണ് ടോട്ടനത്തിനു ഇത്ര സാധ്യതകൾ നൽകാൻ പന്തയക്കാരെ പ്രേരിപ്പിച്ച ഘടകം.

എന്നാൽ ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യ സാധ്യതകൾ ആണ് പന്തയക്കാർ നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് താരങ്ങളെ ഒന്നും ടീമിൽ എത്തിക്കാതിരുന്നതും ട്രാസ്ഫർ നിരോധനം കാരണം താരങ്ങളെ എത്തിക്കാൻ ചെൽസിക്ക് സാധിക്കാത്തതും പന്തയക്കാർ ഇങ്ങനെ ചിന്തിക്കാൻ കാരണമായി. ഒപ്പം ഇരു ടീമുകളിലും പരിശീലകരുടെ അനുഭവപരിചയവും വിഷയമായി. രണ്ടാമത്തെ മാത്രം സീസൺ ആണ് ഓലെക്ക് ഇത് യുണൈറ്റഡിൽ എങ്കിൽ തന്റെ ആദ്യ ചെൽസി സീസൺ ആണ് ലംപാർഡിനു മുന്നിൽ.

പ്രതിരോധത്തിലെ വിള്ളലുകളും പുതിയ താരങ്ങൾ ഒന്നും പ്രതിരോധത്തിൽ എത്തതാത്തതും ആഴ്സണലിന് വിനയാകും എന്നാണ് പന്തയക്കാരുടെ വിലയിരുത്തൽ. ചില പന്തയക്കാർ ഉനയ് എമറെയുടെ ടീം പ്രീമിയർ ലീഗ് കിരീടം ഉയർത്തുന്നതിനേക്കാൾ കൂടുതൽ സാധ്യത ഈ വർഷം അന്യഗ്രഹജീവികളെ കണ്ടത്താൻ നൽകുന്നുണ്ട് പല പന്തയാക്കാരും എന്നതാണ് മറ്റൊരു രസകരമായ വസ്‌തുത.

വാർഡിക്ക് അപൂർവ്വ റെക്കോർഡ്

ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ ജെമി വാർഡിക്ക് അപൂർവ്വ റെക്കോർഡ്. ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് വാർഡി അപൂർവ്വ നേട്ടത്തിൽ എത്തിയത്. ഒരൊറ്റ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ചെൽസി, ലിവർപൂൾ, ടോട്ടൻഹാം എന്നീ ടീമുകൾക്കെതിരെയെല്ലാം ഗോൾ അടിക്കുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ താരമായിരിക്കുകയാണ് ഇന്നലത്തെ ഗോളോടെ വാർഡി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാണികളുടെ എണ്ണത്തിൽ പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ്

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ട മത്സരത്തിൽ ടോട്ടൻഹാം വീണ്ടും റെക്കോർഡ് ഇട്ടു. ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൺ ഡെർബിയിലാണ് പ്രീമിയർ ലീഗിലെ പുതിയ റെക്കോർഡ് പിറന്നത്. 83,222 ആളുകളാണ് ഇന്ന് ആഴ്സണൽ ടോട്ടൻഹാം മത്സരം കാണാൻ എത്തിയത്. മത്സരം ടോട്ടൻഹാം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.

10 ദിവസം മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 81,878 പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ആ റെക്കോർഡ് ആണ് ഇന്ന് തകർന്നത്. ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹാർട്ട് ലൈൻ പുതുക്കി പണിയുന്നതിനാലാണ് ടോട്ടൻഹാം ഈ‌ സീസണിൽ വെംബ്ലിയിൽ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവ്ര വീണ്ടും പ്രീമിയർ ലീഗിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ലെഫ്റ്റ് ബാക്ക് പാട്രിസ് എവ്ര വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. വെസ്റ്റ് ഹാം യുണൈറ്റഡാണ് എവ്രയെ‌ ടീമിലെത്തിക്കുന്നത്. ഫ്രീ ഏജന്റായ എവ്രയുമായി അവസാന വട്ട ചർച്ചകളിലാണ് വെസ്റ്റ് ഹാം യുണൈറ്റഡ്.

ഫ്രഞ്ച് ക്ലബായ മാർസെയുടെ താരമായിരുന്നു എവ്ര ഒരു ആരാധകനെ ചവിട്ടിയതിനെ തുടർന്ന് ക്ലബ് താരവുമായുള്ള കരാർ അവസാനിപ്പിക്കുക ആയിരുന്നു. എട്ടു വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച എവ്ര യുവന്റസിനായും ബൂട്ടു കെട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ വെസ്റ്റ് ഹാം മാനേജർ ഡേവിഡ് മോയിസിന് കീഴിൽ യുണൈറ്റഡിൽ കളിച്ചിട്ടുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോറസിനെയും സുവാരസിനേയും പിന്തള്ളി മുഹമ്മദ് സലാ

ലിവർപൂളിന്റെ സൂപ്പർ താരങ്ങളായിരുന്നു ഫെർണാണ്ടോ റ്റോറീസിനെയും ലൂയി സുവാരസിനേയും പിന്തള്ളി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി മുഹമ്മദ് സലാ. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി ഏറ്റവും വേഗത്തിൽ 20 ഗോളുകൾ നേടുന്ന താരമായി മാറി മുഹമ്മദ് സലാ. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളോടെയാണ് സലാ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടു കൂടി 25 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ സലാ റെഡ്‌സിന് വേണ്ടി അടിച്ചു കൂട്ടി. ഗോൾഡൻ ബൂട്ടിനായുള്ള റെയിസിലും സലാ മുൻപന്തിയിലാണ്.

40 മില്യണിലേറെ മുടക്കിയാണ് റോമയിൽ നിന്നും മുഹമ്മദ് സാലയെ ലിവർപൂൾ സ്വന്തമാക്കിയത്. നിലവിൽ വെസ്റ്റ് ബ്രോമിലുള്ള ഡാനിയേൽ സ്റ്റാർഡ്‌ജിന്റെതായിരുന്നു ഏറ്റവും വേഗതയേറിയ 20 ഗോൾ നേട്ടം. 27 മത്സരങ്ങളിൽ നിന്നാണ് സ്റ്ററിഡ്ജും ഫെർണാണ്ടോ ടോറസും ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇതിഹാസ താരം റോബി ഫൗളറാണ് നാലാം സ്ഥാനത്ത്. 37 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ മൈക്കൽ ഓവനും (39) സ്റ്റാൻ കൊള്ളിമോറുമുണ്ട്(46). 50 മത്സരങ്ങളിൽ നിന്നാണ് സുവാരസ് 20 ഗോളുകൾ ലിവര്പൂളിനായി അടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറാം ലീഗ് ഗോളുമായി ഈഡൻ ഹസാർഡ്

ചെൽസിക്ക് വേണ്ടി ബ്രയ്ട്ടണെതിരായ ആദ്യ ഗോളിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈഡൻ ഹസാർഡ്. 100 ലിഗ് ഗോളുകൾ എന്ന നേട്ടമാണ് ഈഡൻ ഹസാർഡ് ഇന്ന് സ്വന്തമാക്കിയത്. അമേക്സ് സ്റ്റേഡിയത്തിൽ വെച്ച് 12 യാർഡിനപ്പുറത്ത് നിന്നും ബെൽജിയൻ താരമടിച്ചത് പ്രീമിയർ ലീഗിലെ തന്റെ 64 മത്തെ ഗോളായിരുന്നു. ലീഗ് വണ്ണിൽ ലിലേയ്ക്ക് വേണ്ടി 36 ഗോളുകൾ അടിച്ചിട്ടുള്ള ഹസാർഡ് അതോടു കൂടി ലീഗ് ഗോളുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്ച്ചു.

ഗോൾ വരൾച്ചയ്ക്ക് അവസാനം കുറിച്ചാണ് ചെൽസി പ്രീമിയർ ലീഗിൽ ഈ വർഷത്തെ ആദ്യ ജയം സ്വന്തമാക്കിയത്. ഏകപക്ഷിയമായ നാല് ഗോളുകൾക്ക് ചെൽസി ജയിച്ചപ്പോൾ ഇരട്ട ഗോളുകൾ നേടി ഈഡൻ ഹസാർഡ് തന്റെ വ്യക്തിഗത നേട്ടം 101 ഗോളാക്കി മാറ്റി. ഹസാർഡിന്റെ മികച്ച പ്രീമിയർ ലീഗ് സീസൺ കഴിഞ്ഞ സീസൺ ആയിരുന്നു. പതിനാറു ഗോളുകളുമായി ബ്ലൂസിനോടൊപ്പം പ്രീമിയർ ലീഗും സ്വന്തമാക്കാൻ ഹസാർഡിനു കഴിഞ്ഞു. ഈ സീസണിൽ ഇതുവരെ ഏഴു പ്രീമിയർ ലീഗ് ഗോളുകളാണ് ഹസാർഡിന്റെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version