ലിവർപൂൾ ചരിത്രത്തിൽ ഇനി ജെറാർഡിനു ഒപ്പം സലാ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ആയി റെക്കോർഡ് പുസ്തകങ്ങളിൽ സാക്ഷാൽ സ്റ്റീവൻ ജെറാർഡിനു ഒപ്പമെത്തി മുഹമ്മദ് സലാഹ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ലിവർപൂളിന് ആയി 50 തിൽ അധികം ഗോളുകളും അസിസ്റ്റുകളും നേടുന്ന രണ്ടാമത്തെ താരമായി സലാ മാറി.

ആസ്റ്റൺ വില്ലക്ക് എതിരെ ആദ്യ ഗോൾ നേടിയ സലാ വാൻ ഡൈകിന്റെ രണ്ടാം ഗോളിന് അവസരം ഒരുക്കുക ആയിരുന്നു. ലിവർപൂളിന് ആയുള്ള സലായുടെ അമ്പതാം അസിസ്റ്റ് ആയിരുന്നു ഇത്. പ്രീമിയർ ലീഗിൽ 125 ഗോളുകളും 50 അസിസ്റ്റുകളും സലായുടെ പേരിൽ ഉണ്ട്. ലിവർപൂളിന് ആയി പ്രീമിയർ ലീഗിൽ 120 ഗോളുകളും 92 അസിസ്റ്റുകളും ആണ് സ്റ്റീവൻ ജെറാർഡിന്റെ നേട്ടം.

മിസ്റ്റർ ഹാളണ്ട്, വെൽക്കം ടു ആൻഫീൽഡ്! ഹാളണ്ടിനെയും സിറ്റിയെയും തടഞ്ഞു സലായുടെ ഗോളിൽ ജയം കണ്ടു ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏവരും കാത്തിരുന്ന വമ്പൻ പോരാട്ടത്തിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു ലിവർപൂൾ. സീസണിൽ മാഞ്ചസ്റ്റർ സിറ്റി വഴങ്ങുന്ന ആദ്യ പരാജയം ആണ് ഇത്. പ്രതീക്ഷിച്ച പോലെ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പന്ത് കൈവശം വക്കുന്നതിൽ കൂടുതൽ ആധിപത്യം പുലർത്തിയത്. എന്നാൽ ഗോൾ അടിച്ചു കൂട്ടുന്ന ഏർലിംഗ് ഹാളണ്ടിനോ സിറ്റിക്കോ ആലിസണിനെ വലുതായി പരീക്ഷിക്കാൻ ആയില്ല. ആൻഫീൽഡിലെ ആരാധകർക്ക് മുന്നിൽ തങ്ങൾ തന്നെ രാജാക്കന്മാർ എന്നു ഒരിക്കൽ കൂടി ലിവർപൂൾ അടിവരയിട്ടു പറഞ്ഞു.

ഇടക്ക് സിറ്റി സൃഷ്ടിച്ച അവസരങ്ങൾ ആലിസൺ അനായാസം തടഞ്ഞു. ഹാളണ്ടിന്റെ മികച്ച ഷോട്ടും ബ്രസീലിയൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. 54 മത്തെ മിനിറ്റിൽ ഫിൽ ഫോഡൻ ഗോൾ കണ്ടത്തിയെങ്കിലും ഇതിനു മുമ്പ് ഹാളണ്ട് ഫബീന്യോയെ ഫൗൾ ചെയ്തത് കണ്ടത്തിയ വാർ ഗോൾ അനുവദിച്ചില്ല. ഇടക്ക് ലഭിച്ച മികച്ച അവസരം മുതലാക്കാൻ മുഹമ്മദ് സലാഹിനും ആയില്ല. സലാഹിന്റെ മികച്ച ക്രോസിൽ നിന്നു ജോട്ടോ ഉതിർത്ത ഹെഡർ ബാറിൽ തട്ടി മടങ്ങിയതും ലിവർപൂളിന് തിരിച്ചടിയായി. മത്സരത്തിൽ 76 മത്തെ മിനിറ്റിൽ ആണ് വമ്പൻ ട്വിസ്റ്റ് വന്നത്. ആലിസണിന്റെ ക്ലിയറൻസ് പിടിച്ചെടുത്ത സലാഹ് അവസാന പ്രതിരോധ താരമായ കാൻസെലോയെ മറികടന്നു പന്തുമായി ഗോളിലേക്ക് കുതിച്ചു.

അനായാസം എഡേർസണിനെ മറികടന്ന സലാഹ് ഒരിക്കൽ കൂടി ലിവർപൂളിന് ജയം സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള സിറ്റി ശ്രമങ്ങൾ വിജയം കണ്ടില്ല. ഇടക്ക് സൈഡ് ലൈൻ റഫറിയും ആയി രൂക്ഷമായ ഭാഷയിൽ തർക്കിച്ച ക്ലോപ്പിന് നേരെ റഫറി ചുവപ്പ് കാർഡും വീശി. അവസാനം 100 മിനിറ്റുകൾക്ക് ശേഷം ലിവർപൂൾ ജയം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. കഴിഞ്ഞ ആഴ്ച ആഴ്‌സണലിനോട് തോറ്റ ലിവർപൂൾ കിരീടപോരാട്ടത്തിൽ തങ്ങൾ ഉണ്ടെന്നു ഇന്ന് വിളിച്ചു പറയുക ആയിരുന്നു. വാൻ ഡെയ്‌ക്കും സംഘവും ഹാളണ്ടിനെ ഗോൾ അടിക്കാതെ തടഞ്ഞത് തന്നെയാണ് ലിവർപൂൾ ജയത്തിൽ നിർണായകമായത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാമത് തുടരുമ്പോൾ ലിവർപൂൾ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

സല തന്നെ പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരം

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിവർപൂൾ താരം മുഹമ്മദ് സല. കഴിഞ്ഞ മാസം ലിവർപൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ബെൻ ചിൽവെൽ, മാക്‌സ്‌വെൽ കോർനെറ്റ്, ഫിൽ ഫോഡൻ, ലിവ്‌റമെന്റോ, റംസ്ഡെയ്ൽ, ഡെക്ലാൻ റൈസ്, ടീലമെനസ് എന്നിവരെ മറികടന്നാണ് സല അവാർഡ് സ്വന്തമാക്കിയത്.

ഒക്ടോബറിൽ സല 5 ഗോളുകളും 4 അസിസ്റ്റുകളും പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി സ്വന്തമാക്കിയിരുന്നു. ഇതിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള ഹാട്രിക്കും ഉൾപ്പെട്ടിരുന്നു. കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വാട്ഫോർഡിനെതിരെയും മികച്ച ഗോളുകൾ നേടാൻ സലക്കായിരുന്നു. കഴിഞ്ഞ മാസം ലിവർപൂൾ സലയുടെ മികവിൽ രണ്ട് മത്സരങ്ങൾ ജയിക്കുകയും 2 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

രണ്ട് ഗോളും ചുവപ്പ് കാർഡും വാങ്ങി ഗ്രീസ്മൻ, രണ്ട് ഗോളും വിജയവും നേടി സലാ, മൂന്ന് പോയിന്റുമായി ലിവർപൂൾ മാഡ്രിഡ് വിട്ടു

അവസാനം സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനെ ക്ലോപ്പിന്റെ ലിവർപൂൾ പരാജയപ്പെടുത്തി. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയം. ഇന്ന് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂൾ യൂറോപ്യൻ ഫുട്ബോളിലെ എല്ലാ ആവേശവും നാടകീയതും നിറഞ്ഞതായിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ പേരുകേട്ട അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ കോട്ട ക്ലോപ്പിന്റെ ലിവർപൂൾ തകർത്തു. മത്സരത്തിന്റെ ആദ്യ 12 മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ മൊ സലായുടെ ബ്രില്യൻസിൽ നിന്നായിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. ഇടത് വിങ്ങിൽ നിന്ന് കയറി വന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്ന് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് മാറ്റി സലായി തൊടുത്ത ഷോട്ട് വലയിൽ എത്തുക ആയിരുന്നു.

ഇതിനു പിന്നാലെ ലോകോത്തര ഗോളുമായി നാബി കെറ്റ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ വോളിയിലൂടെ ആയിരുന്നു നാബി കെറ്റയുടെ ഗോൾ. ലിവർപൂൾ വിജയ സ്വർഗ്ഗത്തിൽ എത്തി എന്ന് കുറച്ചു സമയം കരുതി എങ്കിലും സിമിയോണിയുടെ ടീം തിരിച്ചടിച്ചു. 20ആം മിനുട്ടിൽ ലെമാറിന്റെ കോർണർ ലൈൻ പിടിച്ചുള്ള ബോക്സിലേക്കുള്ള മനോഹര റൺ ലിവർപൂൾ ഡിഫൻസിനെ വിറപ്പിച്ചു. ആ നീക്കത്തിൽ പിറന്ന അവസരത്തിൽ നിന്ന് കൊകെയുടെ ഗോൾ മുഖത്തേക്കുള്ള ഷോട്ട്. അത് ഫ്ലിക്ക് ചെയ്ത് ഗ്രീസ്മൻ വലയിലേക്കും എത്തിച്ചു. സ്കോർ 1-2.

ഈ ഗോൾ അത്ലറ്റിക്കോ മാഡ്രിഡിന് വലിയ വിശ്വാസം നൽകി. 34ആം മിനുട്ടിൽ വീണ്ടും ഗ്രീസ്മന്റെ വക ഗോൾ. ഇത്തവണ ജാവോ ഫെലിക്സിന്റെ മാജിക്ക് കാലുകൾ ആണ് ഗ്രീസ്മന്റെ രണ്ടാം ഗോൾ ഒരുക്കി നൽകിയത്. സ്കോർ 2-2. ഇതിനു ശേഷവും മുമ്പുമായി നാലോളം മികച്ച അവസരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് സൃഷ്ടിച്ചു എങ്കിലും എല്ലാം അലിസൺ തടഞ്ഞു.

കളി അത്ലറ്റിക്കോ മാഡ്രിഡിന് അനുകൂലമാവുകയാണ് എന്ന് തോന്നിയപ്പോൾ ആണ് 52ആം മിനുട്ടിൽ ഗ്രീസ്മന് ചുവപ്പ് കാർഡ് കിട്ടുന്നത്. ഫർമീനോയ്ക്ക് എതിരെ ഹൈഫീറ്റ് ഫൗളിനായിരുന്നു ഗ്രീസ്മന് ചുവപ്പ് കിട്ടിയത്. അത്ലറ്റിക്കോ മാഡ്രിഡ് 10 പേരായി ചുരുങ്ങിയ ശേഷം കളി ലിവർപൂളിന്റെ നിയന്ത്രണത്തിലായി‌‌‌.

76ആം മിനുട്ടിൽ ഒരു പെനാൾട്ടി ലിവർപൂളിന് ലീഡ് തിരികെ നൽകി. പെനാൾട്ടി എടുത്ത സലാക്ക് ഒട്ടും പിഴച്ചില്ല. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന് നാലു പോയിന്റാണ് ഉള്ളത്.

സലായുടെ ഫോമിൽ ആശങ്കപ്പെടാനില്ല – ക്ളോപ്പ്

മുഹമ്മദ് സലായുടെ ഫോമിൽ തനിക്ക് ആശങ്കയൊന്നും ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. കഴിഞ്ഞ 3 മത്സരങ്ങളിലും ഗോൾ നേടാനാവാതെ വിഷമിച്ച താരത്തിന് പിന്തുണയുമായി പരിശീലകൻ.

ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ക്ക് എതിരെ ലിവർപൂൾ ജയിച്ചെങ്കിലും സലാക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. കൂടാതെ എംബപ്പേയുടെ ഗോളിന് വഴി ഒരുക്കിയ പിഴവും താരത്തിന്റേതായിരുന്നു. ഇതോടെയാണ് സലായുടെ ഫോമിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

കഴിഞ്ഞ സീസണിൽ സലായുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ സലായുടെ അടുത്ത് നിന്ന് മികച്ചത് പ്രതീക്ഷിക്കുന്നത് സ്വാഭാവികം ആണെങ്കിലും താൻ ആശങ്കപ്പെടുന്നില്ലെന്നു ക്ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ആദ്യത്തെ 6 കളികളിൽ നിന്ന് 3 ഗോൾ നേടിയ താരം ഈ സീസണിൽ 6 കളികളിൽ നിന്ന് 2 ഗോളുകൾ നേടിയിട്ടുണ്ടെന്നും അത് പ്രതിസന്ധിയല്ലെന്നുമാണ് ക്ളോപ്പിന്റെ പക്ഷം.

സലായുടെ ഫോമിൽ ഇടിവ് ഉണ്ടായെങ്കിലും മാനേയും ഫിർമിനോയും ഗോൾ കണ്ടെത്തുന്നത് ക്ളോപ്പിന് ആശ്വാസമാകും. ഡാനിയേൽ സ്റ്ററിഡ്ജും താളം കണ്ടെത്തിയിട്ടുണ്ട് എന്നതും ലിവർപൂളിന് കരുത്താകും.

ടോറസിനെയും സുവാരസിനേയും പിന്തള്ളി മുഹമ്മദ് സലാ

ലിവർപൂളിന്റെ സൂപ്പർ താരങ്ങളായിരുന്നു ഫെർണാണ്ടോ റ്റോറീസിനെയും ലൂയി സുവാരസിനേയും പിന്തള്ളി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി മുഹമ്മദ് സലാ. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി ഏറ്റവും വേഗത്തിൽ 20 ഗോളുകൾ നേടുന്ന താരമായി മാറി മുഹമ്മദ് സലാ. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളോടെയാണ് സലാ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടു കൂടി 25 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ സലാ റെഡ്‌സിന് വേണ്ടി അടിച്ചു കൂട്ടി. ഗോൾഡൻ ബൂട്ടിനായുള്ള റെയിസിലും സലാ മുൻപന്തിയിലാണ്.

40 മില്യണിലേറെ മുടക്കിയാണ് റോമയിൽ നിന്നും മുഹമ്മദ് സാലയെ ലിവർപൂൾ സ്വന്തമാക്കിയത്. നിലവിൽ വെസ്റ്റ് ബ്രോമിലുള്ള ഡാനിയേൽ സ്റ്റാർഡ്‌ജിന്റെതായിരുന്നു ഏറ്റവും വേഗതയേറിയ 20 ഗോൾ നേട്ടം. 27 മത്സരങ്ങളിൽ നിന്നാണ് സ്റ്ററിഡ്ജും ഫെർണാണ്ടോ ടോറസും ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇതിഹാസ താരം റോബി ഫൗളറാണ് നാലാം സ്ഥാനത്ത്. 37 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ മൈക്കൽ ഓവനും (39) സ്റ്റാൻ കൊള്ളിമോറുമുണ്ട്(46). 50 മത്സരങ്ങളിൽ നിന്നാണ് സുവാരസ് 20 ഗോളുകൾ ലിവര്പൂളിനായി അടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം എഡിസൺ കവാനിയുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരുപത് ഗോളുകളും നാൽപ്പത് പോയിന്റുമായി ബാഴ്‌സയുടെ ലയണൽ മെസിയും ഇറ്റാലിയൻ ടീമായ ലാസിയോയുടെ താരം ഇമ്മൊബിലും ഒപ്പത്തിനൊപ്പമാണ്.

ഈ ഇഷ്ടതാരങ്ങളിൽ ആരെങ്കിലും ഗോൾഡൻ ബൂട്ട് ഉറപ്പിക്കുമെന്നു കരുതിയാൽ തെറ്റി. തൊട്ടുപിന്നാലെ തന്നെ തകർപ്പൻ പ്രകടനവുമായി വൻ താരനിരയുണ്ട്. 36 പോയിന്റുമായി ഇന്ററിന്റെ ഇക്കാർഡിയും ബെൻഫിക്കയുടെ ജോനാസും ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയും ലിവർപൂൾ താരം മുഹമ്മദ് സലായുമുണ്ട്. മറ്റു താരങ്ങൾ എല്ലാം 18 ഗോളുകൾ വീതം നേടിയപ്പോൾ ബെൻഫിക്കയുടെ 33 കാരനായ സ്ട്രൈക്കെർ ജോനാസ് 24 ഗോളുകൾ നേടിയെങ്കിലും പോർച്ചുഗീസ് പ്രിമിയേറ ലീഗയിലെ ഗോളുകൾക്ക് 1 .5 പോയന്റുകൾ മാത്രമുള്ളതിനാലാണ് അദ്ദേഹത്തിന് 36 പോയന്റുകൾ മാത്രമായത്. പിഎസ്ജിയുടെ ബ്രസീലിയൻ താരം, നെയ്മർ 17 ഗോളുകളും 34 പോയന്റുകളുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്.

സമകാലിക ഫുട്ബോൾ താരങ്ങളിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നാല് തവണ വീതം നേടിയിട്ടുണ്ട്. രണ്ടു വീതം തവണ സുവാരസും ഡിയാഗോ ഫോർലാനും ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ആദ്യമായി ഈ അവാർഡ് രണ്ടു തവണ നേടുന്നത് ബയേൺ ഇതിഹാസം ജറാഡ്‌ മുള്ളറും മൂന്നു തവണ നേടുന്നത് ലയണൽ മെസിയുമാണ്. അതോടൊപ്പം നൂറു പോയന്റ് നേടുന്ന ഏക താരവും ലയണൽ മെസിയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ

ലിവർപൂൾ താരം സാദിയോ മാനെയെ മറികടന്ന് മുഹമ്മദ് സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാലാഹ്ക്കും മാനെക്കും പുറമെ ഡോർട്മുണ്ട് ഫോർവേഡ് ഒബാമയാങ് ആയിരുന്നു ഫൈനലിൽ ഉണ്ടായിരുന്ന മൂന്നാമത്തെ താരം.

വർഷത്തിന്റെ തുടക്കത്തിൽ റോമക്ക് വേണ്ടിയും ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹ്ക്ക് അവാർഡ് നേടി കൊടുത്ത്. ലിവർപൂളിന് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈജിപ്ത് ദേശിയ ടീമിന് വേണ്ടിയും സലാഹ് മികച്ച പ്രകടനം നടത്തിയിരുന്നു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനവും 1990ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യതയും ഈജിപ്ത് നേടിയിരുന്നു.

ഫുട്ബാൾ ടീം പരിശീലകരും പത്ര പ്രവർത്തകരും ചേർന്ന സംഘമാണ് അവാർഡ് വിജയിയെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബി.ബി.സി ഫുട്ബോളർ ഓഫ് ദി ഇയർ ആയും സലാഹ് നേരത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യമായാണ് സലാഹ് ഈ അവാർഡ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version