മുംബൈയിൽ ഓഫീസ് തുറന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ്


ഇന്ത്യയിലെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുംബൈയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ത്യൻ ആരാധകരുമായി കൂടുതൽ അടുക്കാനും രാജ്യത്തുടനീളം താഴെത്തലം മുതൽ ഉയർന്ന തലം വരെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനുമുള്ള ലീഗിന്റെ ദീർഘകാല ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണിത്.


ഏകദേശം രണ്ട് പതിറ്റാണ്ടായി പ്രീമിയർ ലീഗ് ഇന്ത്യയിൽ സജീവമാണ്. 2007 മുതൽ, പ്രാദേശിക തലത്തിലുള്ള ഫുട്ബോൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രീമിയർ സ്കിൽസ് പ്രോഗ്രാം നടത്താൻ ലീഗ് ബ്രിട്ടീഷ് കൗൺസിലുമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ഈ സംരംഭത്തിലൂടെ 18 ഇന്ത്യൻ സംസ്ഥാനങ്ങളിലായി 7,300-ൽ അധികം പരിശീലകർ, റഫറിമാർ, അധ്യാപകർ എന്നിവർക്ക് പരിശീലനം നൽകുകയും 1.2 ലക്ഷത്തിലധികം യുവജനങ്ങളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.


2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗുമായും (ഐഎസ്എൽ) പ്രീമിയർ ലീഗ് ശക്തമായ ബന്ധം പുലർത്തുന്നു. 2019-ൽ ഐഎസ്എല്ലും റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച് ആരംഭിച്ച നെക്സ്റ്റ് ജെൻ കപ്പ്, ഇരു ലീഗുകളിലെയും യൂത്ത് ടീമുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ ഒരു വേദി നൽകുന്നുണ്ട്. ടൂർണമെന്റിന്റെ ആറാം പതിപ്പ് 2025 മെയ് മാസത്തിൽ മുംബൈയിൽ നടക്കും.


.

പ്രീമിയർ ലീഗിൽ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ വരുന്നു

ഏപ്രിൽ 12 മുതൽ പ്രീമിയർ ലീഗ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ നടപ്പിലാക്കും, മാച്ച് വീക്ക് 32 മുതൽ ഇത് നടപ്പിലാക്കും എന്ന് പ്രീമിയർ ലീഗ് അറിയിച്ചു. നേരത്തെ എഫ്എ കപ്പ് മത്സരങ്ങളിൽ ഈ സംവിധാനം പരീക്ഷിച്ചിരുന്നു.

വെർച്വൽ ഓഫ്‌സൈഡ് ലൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് ഈ സാങ്കേതികവിദ്യ ഒപ്റ്റിക്കൽ പ്ലെയർ ട്രാക്കിംഗ് ഉപയോഗിക്കുന്നു, കൂടാതെ സ്റ്റേഡിയങ്ങളിലും പ്രക്ഷേപണങ്ങളിലും ആരാധകർക്കായി തത്സമയ ഗ്രാഫിക്സും സൃഷ്ടിക്കും. ഈ നീക്കം ഓഫ്‌സൈഡ് കോളുകളുടെ സ്ഥിരതയും വേഗതയും വർദ്ധിപ്പിക്കുന്നതിനൊപ്പം തീരുമാനമെടുക്കൽ സമഗ്രത നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.

പിജിഎംഒഎല്ലുമായും ജീനിയസ് സ്‌പോർട്‌സുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ഏപ്രിൽ 12 ന് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മത്സരത്തിൽ ആകും അരങ്ങേറ്റം കുറിക്കുക.

ഡാലോട്ട് മാഞ്ചസ്റ്റർ ഡർബിക്ക് ഇല്ല, മാർഷ്യലും സംശയം

നാളെ നടക്കുന്ന മാഞ്ചസ്റ്റർ ഡർബിയിൽ രണ്ട് പ്രധാന മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ട് നാളെ കളിക്കാൻ ഉണ്ടാകില്ല എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് പറഞ്ഞു‌. പരിക്കേറ്റ് ഡാലോട്ട് ഇതുവരെ ഈ ആഴ്ച പരിശീലനം നടത്തിയിട്ടില്ല. ഡാലോട്ട് ആയിരുന്നു ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം റൈറ്റ് ബാക്ക്. ഡാലോട്ടിന്റെ അഭാവത്തിൽ വാൻ ബിസാകയാകും ആദ്യ ഇലവനിൽ ഇറങ്ങുക.

യുണൈറ്റഡ് സ്ട്രൈക്കറായ ആന്റണി മാർഷ്യലും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഉണ്ടാകാൻ സാധ്യത കുറവാണ്. മാർഷ്യൽ ഇന്ന് പരിശീലനം ആരംഭിച്ചു എങ്കിലും കളിക്കും എന്ന് ഉറപ്പില്ല എന്ന് യുണൈറ്റഡ് കോച്ച് പറയുന്നു. മാർഷ്യൽ ഇല്ല എങ്കിൽ റാഷ്ഫോർഡ് സ്ട്രൈക്കറായി കളിക്കും. പുതിയ സൈനിംഗ് ആയ വെഗോസ്റ്റ് നാളെ നടക്കുന്ന ഡാർബിയുടെ ഭാഗമാകില്ല എന്നും ടെൻ ഹാഗ് പറഞ്ഞു.

പ്രീമിയർ ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ സിഖ്-പഞ്ചാബി റഫറിയായി ഭുപീന്ദർ

ഇന്നലെ നോട്ടിങ്ഹാം ഫോറസ്റ്റും സതാമ്പ്ടണും തമ്മിലുള്ള മത്സരത്തിൽ ലൈൻ റഫറിയായി എത്തിയതോടെ ഭുപീന്ദർ സിംഗ് ഗിൽ ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു പ്രീമിയർ ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ സിഖ്-പഞ്ചാബി അസിസ്റ്റന്റ് റഫറിയായി അദ്ദേഹം മാറി. സെന്റ് മേരീസിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് സതാംപ്ടണെ 1-0ന് തോൽപ്പിച്ചിരുന്നു.

ഭൂപീന്ദറിന്റെ സഹോദരൻ സണ്ണി സിംഗ് ഗിൽ ഈ സീസൺ തുടക്കത്തി ഇംഗ്ലീഷ് ലീഗ് ഫുട്ബോളിൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു. ഇരുവരുടെയും പിതാവായ ജർനൈൽ സിങ് മുമ്പ് ഇ എഫ് എൽ മത്സരങ്ങൾ നിയന്ത്രിച്ച് കൊണ്ട് ചരിത്രത്തിലെ ആദ്യത്തെ തലപ്പാവ് അണിയുന്ന ഫുട്ബോൾ റഫറിയായി മാറിയിരുന്നു.

ഇതുവരെയുള്ള എന്റെ റഫറിയിംഗ് യാത്രയിലെ ഏറ്റവും അഭിമാനകരവും ആവേശകരവുമായ നിമിഷമാണിത് എന്നും, പക്ഷേ ഇത് എന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെയ്‌പ്പ് മാത്രമാണ് എന്നും ഭുപീന്ദർ പറഞ്ഞു.

പ്രീമിയർ ലീഗ് ഈസ് ബാക്ക്!!

ലോകകപ്പിന്റെ ഇടവേള കഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കും. ഇന്ന് പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങൾ ആണ് നടക്കുന്നത്. ആഴ്സണൽ, ലിവർപൂൾ, ന്യൂകാസിൽ, എവർട്ടൺ, സ്പർസ് എന്നിവർ എല്ലാം ഇന്ന് കളത്തിൽ ഇറങ്ങുന്നു. ലീഗ് ലീഡേഴ്സ് ആയ ആഴ്സണൽ ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട് കൊണ്ട് ലീഗ് പുനരാരംഭിക്കും.

ലിവർപൂളി‌ന് ആസ്റ്റൺ വില്ലയും, സ്പർസ് ബ്രെന്റ്ഫോർഡിനെയും ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെയും നേരിടും.

ഫിക്സ്ചർ:

ബ്രെന്റ്ഫോർഡ് vs സ്പർസ് 6PM
ക്രിസ്റ്റൽ പാലസ് vs ഫുൾഹാം 8.30PM
എവർട്ടൺ vs വോൾവ്സ് 8.30PM
ലെസ്റ്റർ സിറ്റി vs ന്യൂകാസിൽ 8.30PM
സതാമ്പ്ടൺ vs ബ്രൈറ്റൺ 8.30
ആസ്റ്റൺ വില്ല vs ലിവർപൂൾ 11PM
ആഴ്സണൽ vs വെസ്റ്റ് ഹാം 1.30PM

വില്ലാ പാർക്കിൽ വെള്ളം കുടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഉനായ് എമരിക്ക് സ്വപ്ന തുടക്കം

ആസ്റ്റൺ വില്ലയ് മുന്നിൽ പരാജയപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് എവേ മത്സരത്തിൽ ഒന്നിനെതിര മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. 9 മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുന്നത്.

വില്ലാ പാർക്കിൽ ഉനായ് എമെറി ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് ഗംഭീര തുടക്കം ആണ് ലഭിച്ചത്. ആദ്യ 11 മിനുട്ടിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ചു ആറാം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ജേക്കബ് റാംസിയുടെ പാസ് സ്വീകരിച്ച് ലിയോൺ ബെയ്ലി ആണ് ഡി ഹിയയെ കീഴ്പ്പെടുത്തിയത്. ഈ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോളും വഴങ്ങി.

ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു വില്ലയുടെ രണ്ടാം ഗോൾ. ലൂക ഡീനെയുടെ ഫ്രീകിക്കിനു മുന്നിലും ഡി ഹിയ പരാജയപ്പെട്ടു‌. ഈ രണ്ട് ഗോളുകൾ വീണ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്ന് ഉണർന്നത്. അവർ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ അഭാവത്തിൽ ആദ്യ ഇലവനിൽ എത്തിയ വാൻ ഡെ ബീകും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ റൊണാൾഡോയും തീർത്തും നിരാശപ്പെടുത്തി.

ആദ്യ പകുതിയുടെ അവസാനം ലൂക് ഷോയുടെ ഒരു സ്ട്രൈക്ക് വലിയ ഡിഫ്ലക്ഷനോടെ സെൽഫ് ഗോളായി മാറിയത് യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി 2-1ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താം എന്ന് കരുതി ഇറങ്ങിയ യുണൈറ്റഡിന് പക്ഷെ തുടക്കത്തിൽ തന്നെ മൂന്നാം ഗോൾ വഴങ്ങേണ്ടി വന്നു. വാറ്റ്കിൻസിന്റെ പാസ് സ്വീകരിച്ച് ജേകബ് റാംസി ആണ് വില്ലയുടെ മൂന്നാം ഗോൾ നേടിയത്. 49 മിനുട്ടിൽ യുണൈറ്റഡ് 3-1ന് പിറകിൽ.

യുണൈറ്റഡ് പിന്നാലെ മൂന്ന് സബ് നടത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. പക്ഷെ ടെൻ ഹാഗിന്റെ തന്ത്രങ്ങൾ ഒന്നും ഇന്ന് വിജയിച്ചില്ല.

ഈ പരാജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 15 പോയിന്റുമായി പതിമൂന്നാമതും നിൽക്കുന്നു.

ടോട്ടനത്തെ ഞെട്ടിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കോണ്ടെയുടെ സ്പർസിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ലണ്ടണിൽ സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ
കോണ്ടെയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു ന്യൂകാസിലിന്റെ രണ്ടു ഗോളുകൾ വന്നത്. 31ആം മിനുട്ടിൽ ഗോൾ ലൈൻ വിട്ടു വന്ന ലോരിസിന് പറ്റിയ പിഴവ് മുതലെടുത്ത് ഒരു ലോംഗ് റേഞ്ചറിലൂടെ കാലം വിൽസൺ ആണ് ന്യൂകാസിലിന് ലീഡ് നൽകിയത്.

നാൽപ്പതാം മിനുട്ടിൽ ആൽമിറോണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ലോങ്സ്റ്റഫിന്റെ പാസു സ്വീകരിച്ച് മുന്നേറി ആയിരുന്നു ആൽമിറോനിന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ കെയ്നിലൂടെ ഒരു ഗോൾ സ്പർസ് മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സ്പർസ് ഇപ്പോഴും മൂന്നാമതാണ് ഉള്ളത്. 21 പോയിന്റുമായി ന്യൂകാസിൽ ലീഗിൽ നാലാമതും എത്തി.

ലീഡ്സിനെ വീഴ്ത്തി ക്രിസ്റ്റൽ പാലസ്

പൊരുതിക്കളിച്ച ലീഡ്സിനെ സ്വന്തം തട്ടകത്തിൽ വെച്ച് വീഴ്ത്തി ക്രിസ്റ്റൽ പാലസ്. സീസണിൽ എവെ മത്സരങ്ങളിൽ വിജയം നേടാനാവാത്ത ലീഡ്സിന് ആദ്യം ഗോൾ നേടാനായെങ്കിലും മത്സരം പാട്രിക് വിയേരയുടെ സംഘത്തിന് അടിയറ വെക്കാൻ ആയിരുന്നു വിധി. സീസണിൽ രണ്ടാം വിജയം നേടിയ ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ ലീഡ്സിന് തൊട്ടു താഴെ സ്ഥാനം ഉറപ്പിച്ചു. ഒൻപത് വീതം പോയിന്റുകൾ നേടി ലീഡ്സ് പതിനാലാമതും പാലസ് പതിനഞ്ചാമതും ആണ്.

സന്ദർശക ടീമിന്റെ ഗോളോടെയാണ് മത്സരം ഉണർന്നത്. മുന്നേറ്റതാരം ആരോൻസൻ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നടത്തിയ അതിമനോഹരമായ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്‌. ഡ്രിബിൾ ചെയ്തു കയറിയ താരം ലക്ഷ്യത്തിലേക് ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു. ഊഴം കാത്ത് നിന്ന സ്ട്രൂയിക്കിന് പന്ത് വലയിൽ എത്തിക്കാൻ സാധിച്ചു. ബംഫോർഡിന് ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ഇരുപത്തിനാലാം മിനിറ്റിൽ സമനില ഗോൾ എത്തി. ഓലിസെയുടെ ഫ്രീകികിൽ തലവെച്ച് എഡ്വാർഡ്സ് ആണ് ക്രിസ്റ്റൽ പാലസിന്റെ രക്ഷക്ക് എത്തിയത്. ഓഫ്‌സൈഡ് മണമുള്ള ഗോൾ വാർ റഫറി നീണ്ട അവലോകനത്തിന് ശേഷമാണ് അനുവദിച്ചത്. വിജയ ഗോളിന് വേണ്ടി സമ്മർദ്ദം തുടർന്ന പാലസിന് എഴുപതിയാറാം മിനിറ്റിൽ കാത്തിരുന്ന ഗോൾ ലഭിച്ചു. വിൽഫ്രെഡ് സാഹയുടെ അസിസ്റ്റിൽ എസെയാണ് വലകുലുക്കിയത്.

പ്രീമിയർ ലീഗ് പുരസ്കാരങ്ങൾ തങ്ങളുടേതാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. മികച്ച പരിശീലകനുള്ള പുരസ്കാരം യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് സ്വന്തമാക്കിയപ്പോൾ ലീഗിലെ മികച്ച താരമായി മാർക്കസ് റാഷ്ഫോർഡ് മാറി. റാഷ്ഫോർഡ് സെപ്റ്റംബറിൽ 2 ഗോളും 2 അസിസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി. ഈ സീസൺ റാഷ്ഫോർഡ് അപാര ഫോമിലാണ് കളിക്കുന്നത്.

എറിക് ടെം ഹാഗ് സെപ്റ്റംബർ യുണൈറ്റഡിന് രണ്ട് പ്രീമിയർ ലീഗ് വിജയങ്ങൾ നൽകിയിരുന്നു. ലീഗിന്റെ തലപ്പത്ത് ഉള്ള ആഴ്സണലിനെയും ലെസ്റ്റർ സിറ്റിയെയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെപ്റ്റംബറിൽ പരാജയപ്പെടുത്തിയത്. ഒലെ ഗണ്ണാർ സോൾഷ്യർ ആയിരുന്നു ഇതിനു മുമ്പ് ഈ പുരസ്കാരം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് റാഷ്ഫോർഡ് ഈ പുരസ്കാരം നേടുന്നത്.

ആഴ്സണൽ ഉയരെ!!! ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഗണ്ണേഴ്സ്

ആഴ്സണൽ ലീഗിൽ ഇത്തവണ കിരീടത്തിനായി തന്നെ പോരാടാൻ ഒരുക്കമാണെന്ന് അടിവരയിട്ട് കൊണ്ട് ഒരു വലിയ വിജയവുമായി ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ പൂർണ്ണ ആധിപത്യത്തോടെ 3-0ന്റെ വിജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഇതേ സ്റ്റേഡിയത്തിൽ ബ്രെന്റ്ഫോർഡിനോട് ഏറ്റ പരാജയത്തിന്റെ കണക്കുകൾ എല്ലാം ആഴ്സണൽ ഇന്ന് പറഞ്ഞു തീർത്തു.

മത്സരം ആരംഭിച്ച് 17ആം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. സാക എടുത്ത കോർണർ ഫ്രണ്ട് നിയർ പോസ്റ്റിലേക്ക് ഓടി സാലിബ ഫ്ലിക്ക് ചെയ്ത് പോസ്റ്റിലേക്ക് ഇട്ടു. പന്ത് ക്ലിയർ ചെയ്യാൻ ബ്രെന്റ്ഫോർഡ് ഗോൾ കീപ്പർ ശ്രമിച്ചു എങ്കിലും ഗോൾ ലൈൻ ടെക്നോളജി അത് ഗോളെന്ന് വിധിച്ചു. സലിബയുടെ സീസണിലെ രണ്ടാമത്തെ ഗോളായി ഇത്.

ഈ ഗോൾ പിറന്ന് 11 മിനുട്ടുകൾക്ക് അപ്പുറം ഗബ്രിയേൽ ജീസുസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. സാക്ക തന്റെ ഇടം കാലു കൊണ്ട് അളന്നുമുറിച്ചു നൽകിയ പന്ത് ജീസുസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. ഗോളിന് ശേഷം നൃത്തം ചെയ്ത് കൊണ്ട് വിനീഷ്യസിനുള്ള പിന്തുണയും ജീസുസ് അറിയിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫാബിയോ വിയേരയുടെ ഒരു ഇടം കാലൻ സ്ക്രീമർ ആണ് ആഴ്സണലിന് മൂന്നാം ഗോൾ നൽകിയത്. സാകയിൽ നിന്ന് പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിനും പുറത്ത് നിന്നായിരുന്നു വിയേരയുടെ സ്ട്രൈക്ക്. ഈ ഗോൾ ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. ഇതിനു ശേഷവും ആഴ്സണൽ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. പതിനഞ്ചു വയസ്സുകാരനായ ഏഥൻ എൻവാനെരി ഇന്ന് ആഴ്സണലിനായി സബ്ബ് ആയി എത്തിക്കൊണ്ട് പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

ഈ ജയത്തോടെ ആഴ്സണൽ ഏഴ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി, സ്പർസ് എന്നിവരെക്കാൾ ഒരു പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ബ്രെബ്റ്റ്ഫോർഡ് 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിയെ തടയാൻ ആരുമില്ല, ലീഗിൽ ഒന്നാമത്

മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയ പരമ്പര തുടരുകയാണ്. ഇന്ന് ലീഗിലെ മികച്ച ഡിഫൻസ് എന്ന് പേരെടുത്ത് കൊണ്ടിരിക്കുക ആയിരുന്നു വോൾവ്സും സിറ്റിയിൽ നിന്ന് ഗോളുകൾ വാങ്ങിക്കൂട്ടി. മോളൊനെക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്. ആദ്യ പകുതിയിൽ വോൾവ്സ് താരം കോളിൻസ് ചുവപ്പ് കണ്ടത് സിറ്റിയുടെ വിജയം എളുപ്പമാക്കി.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ സിറ്റി വല കുലുക്കി. ഗോൾ നേടുന്നില്ല എന്ന് വിമർശനം നേരിട്ടു കൊണ്ടിരിക്കുന്ന ഗ്രീലിഷിന്റെ വക ആയിരുന്നു ഗോൾ. ഡിബ്രുയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അധികം താമസിയാതെ ഹാളണ്ടിന്റെ വക രണ്ടാം ഗോൾ വന്നു. 16ആം മിനുട്ടിൽ ഒരു വലം കാൽ സ്ട്രൈക്കിലൂടെ ആണ് ഹാളണ്ട് വല കണ്ടത്. താരത്തിന്റെ സീസണിലെ പതിനാലാം ഗോളാണിത്.

33ആം മിനുട്ടിൽ ഗ്രീലിഷിനെ ഫൗൾ ചെയ്തതിനാണ് കോളിൻസിന് ചുവപ്പ് കിട്ടിയത്. ഇതിനു ശേഷം സിറ്റി അനായാസം കളിച്ചു. കൂടുതൽ ഗോളടിക്കാനും അവർ കാര്യമായി ശ്രമിച്ചില്ല. എങ്കിലും ഫോഡനിലൂടെ 69ആം മിനുട്ടിൽ അവർ ഒരു ഗോളു കൂടെ നേടി. വീണ്ടും ഒരു ഡിബ്രുയിൻ അസിസ്റ്റ്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തൽക്കാലം 17 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. രണ്ടാമതുള്ള ആഴ്സണലിന് 15 പോയിന്റ് ആണുള്ളത്. അവർ ഒരു മത്സരം കുറവാണ് കളിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ തകർത്തു | Highlights Video

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ വെച്ച് ആഴ്സണലിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകളും പുതിയ സൈനിംഗ് ആയ ആന്റണി ഒരു ഗോളും നേടി. ഈ ഗോളുകളും കളിയുടെ പ്രധാന ഹൈലൈറ്റ്സും ഇപ്പോൾ കാണാം.

വീഡിയോ ചുവടെ;

Exit mobile version