ടോട്ടൻഹാമിൻ്റെ പിഴവുകൾ മുതലെടുത്ത് വോൾവ്സ് ജയം!! പ്രീമിയർ ലീഗിൽ തുടരും എന്ന് ഉറപ്പിക്കുന്നു


ലണ്ടൻ: ടോട്ടൻഹാം ഹോട്ട്സ്പറിൻ്റെ തുടർച്ചയായ പിഴവുകൾ മുതലെടുത്ത് വോൾവ്സ് 4-2 ന് വിജയിച്ചതോടെ പ്രീമിയർ ലീഗിൽ അവർ സുരക്ഷിതത്വത്തിലേക്ക് ഒരു പടി കൂടി അടുത്തെത്തി. ഈ വിജയത്തോടെ വോൾവ്സ് 35 പോയിന്റുമായി 16-ാം സ്ഥാനത്തേക്ക് ഉയർന്നു. വെസ്റ്റ് ഹാമിന് തുല്യ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലാണ്. ഇനി ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് 14 പോയിന്റ് അകലെയാണ് വോൾവ്സ്.


മറുവശത്ത്, ടോട്ടൻഹാം അവരുടെ അവസാന ആറ് മത്സരങ്ങളിൽ നാലാമത്തെ തോൽവി ഏറ്റുവാങ്ങി. ഇത് പരിശീലകൻ ആംഗെ പോസ്റ്റെകോഗ്ലോയ്ക്ക മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ടീം ഇപ്പോൾ 15-ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു – വോൾവ്സിനേക്കാൾ വെറും രണ്ട് പോയിന്റ് മാത്രം മുന്നിലാണ് സ്പർസ് ഇപ്പോൾ.


വോൾവ്സ് മത്സരത്തിൽ ഇന്ന് വളരെ വേഗത്തിൽ ലീഡ് നേടി. ടോട്ടൻഹാം ഗോൾകീപ്പർ ഗുഗ്ലിയെൽമോ വികാരിയോയുടെ മോശം ക്ലിയറൻസിന് ശേഷം 85-ാം സെക്കൻഡിൽ റയാൻ ഐറ്റ്-നൗരി ഗോൾ നേടി. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് വികാരിയോ തടുത്തിട്ട പന്ത് സഹതാരം ജെഡ് സ്പെൻസിൻ്റെ ദേഹത്ത് തട്ടി വലയിൽ കയറിയതോടെ ടോട്ടൻഹാമിന് ഒരു സെൽഫ് ഗോളും വഴങ്ങേണ്ടി വന്നു.


59-ാം മിനിറ്റിൽ മാത്തിസ് ടെൽ ഒരു ഭാഗ്യ ഗോളിന്റെ സഹായത്തോടെ ടോട്ടൻഹാമിന് ഒരു പ്രതീക്ഷ നൽകി. എന്നാൽ ക്രിസ്റ്റ്യൻ റോമേറോയുടെ പിഴവ് ഉടൻ തന്നെ വോൾവ്സിന് മൂന്നാം ഗോൾ സമ്മാനിച്ചു – ജോർഗൻ സ്ട്രാൻഡ് ലാർസനാണ് ഗോൾ നേടിയത്. 85-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ഒരു ഗോൾ മടക്കിയെങ്കിലും, ലൂക്കാസ് ബെർഗ്‌വാളിൻ്റെ ഒരു പിഴവ് കുൻഹയ്ക്ക് വോൾവ്സിൻ്റെ വിജയം ഉറപ്പിക്കാൻ അവസരം നൽകി.

ടോട്ടനം സതാംപ്ടണിനെ അഞ്ച് ഗോളിന് തകർത്തു

സെൻ്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പർ തകർപ്പൻ പ്രകടനം നടത്തി. അവർ സതാംപ്ടണിനെതിരെ 5-0ന്റെ വിജയം നേടി. ഇന്ന് ആദ്യ 40 സെക്കൻഡിനുള്ളിൽ ജെയിംസ് മാഡിസൺ സ്‌കോറിംഗ് തുറന്നു, ഡിജെഡ് സ്പെൻസിൻ്റെ കൃത്യമായ ത്രൂ ബോളിൽ നിന്നായിരുന്നു ഈ ഗോൾ.

12-ാം മിനിറ്റിൽ മാഡിസൻ്റെ ക്രോസ് ഇടങ്കാൽ സ്ട്രൈക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച് സോൺ ഹ്യൂങ്-മിൻ ലീഡ് ഇരട്ടിയാക്കി. സതാംപ്ടണിൽ നിന്നുള്ള ഒരു പ്രതിരോധ പിഴവിന് ശേഷം 14ആൻ മിനിറ്റിൽ കുലുസെവ്സ്കി സ്പർസിനെ 3-0 ന് മുന്നിലെത്തിച്ചു.

25-ാം മിനിറ്റിൽ സാർ സ്പർസിന്റെ നാലാം ഗോളും നേടിയതോടെ ടോട്ടൻഹാമിൻ്റെ ആധിപത്യം തുടർന്നു. സോണിൻ്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് മാഡിസൺ തൻ്റെ രണ്ടാം ഗോൾ നേടിയപ്പോൾ സ്പർസ് ആദ്യ പകുതിയിൽ തന്നെ 5-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടിയില്ല എങ്കിലും സ്പർസ് ജയം ഉറപ്പിച്ചു. ഈ ജയത്തോടെ സ്പർസ് 23 പോയ്ന്റുമായി 10ആം സ്ഥാനത്ത് എത്തി. സ്പർസിന്റെ അവസാന 6 മത്സരങ്ങളിലെ ആദ്യ ജയമാണിത്. സതാംപ്ടൺ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്‌.

സോൺ ഹ്യൂങ്-മിനിനെതിരായ വംശീയ അധിക്ഷേപം നടത്തിയതിന് റോഡ്രിഗോ ബെൻ്റാൻകുറിന് ഏഴ് മത്സരങ്ങളിൽ വിലക്ക്

ടോട്ടൻഹാം മിഡ്ഫീൽഡർ റോഡ്രിഗോ ബെൻ്റാൻകൂറിനെ ഏഴ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്ക്. സഹതാരം സോൺ ഹ്യൂങ്-മിനിനെക്കുറിച്ച് വംശീയ അധിക്ഷേപം ഉൾപ്പെടുന്ന പരാമർശം നടത്തിയതിന് ആണ് ഫുട്ബോൾ അസോസിയേഷൻ നടപടിയെടുത്തത്. വിലക്കിന് ഒപ്പം 100,000 പൗണ്ട് പിഴയും ചുമത്തി.

ജൂണിൽ ഉറുഗ്വേയിൽ നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് സംഭവം നടന്നത്, ടോട്ടൻഹാം ജേഴ്സിക്കായി ഒരു അവതാരകൻ ചോദിച്ചപ്പോൾ ബെൻ്റാൻകൂർ ആക്ഷേപകരമായ മറുപടി നൽകുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവയ്‌ക്കെതിരായ പ്രധാന പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സ്പർസ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ നിന്നും വിലക്ക് അദ്ദേഹത്തെ പുറത്തിരുത്തുന്നു. എന്നിരുന്നാലും യൂറോപ്പ ലീഗ് ഗെയിമുകൾ അദ്ദേഹത്തിന് കളിക്കാം.

ടോട്ടനം കുതിക്കുന്നു, ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു

ടോട്ടൻ ഈ സീസണിൽ പതിവായി കണ്ടുവരുന്ന സ്പർസേ അല്ല. ഇന്ന് ക്രിസറ്റൽ പാലസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട സ്പർസ് ഒന്നിനെതരെ രണ്ടു ഗോളുകളുടെ വിജയമാണ് നേരിട്ടത്. പ്രീമിയർ ലീഗിലെ സ്പർസിന്റെ ഒന്നാം സ്ഥാനം ഉറപ്പിക്കുന്ന വിജയമാണ് ഇത്. ഇന്ന് മൂന്നു ഗോളുകളും രണ്ടാം പകുതിയിൽ ആണ് വന്നത്.

53ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു സ്പർസ് ലീഡ് എടുത്തത്. മാഡിസന്റെ പന്ത് തടയാൻ ശ്രമിക്കുന്നതിനിടയിൽ വാർഡ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 66ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ പാലസ് ജോർദ അയുവിലൂടെ ഒരു ഗോൾ മടക്കി. സ്കോർ 2-1. അവസാന മിനുട്ടുകൾ ഇത് ആവേശകരമാക്കി എങ്കിലും സ്പർസ് തന്നെ വിജയിച്ചു.

10 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് ആണ് സ്പർസിന് ഇള്ളത്. രണ്ടാമതുള്ള സിറ്റിയെക്കാൾ 5 പോയിന്റിന്റെ ലീഡ് സ്പർസിന് ഉണ്ട്. സ്പർസ് ലീഗിൽ ഇതുവരെ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.

സ്പർസിന് വീണ്ടും വിജയം, ആദ്യ ഗോളുമായി മാഡിസൺ

സ്പർസ് പ്രീമിയർ ലീഗിൽ വിജയം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച സ്പർസ് ഇന്ന് എവേ മത്സരത്തിൽ ബൗണ്മതിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു സ്പർസിന്റെ വിജയം.ആഞ്ചെ പോസ്റ്റകൊഗ്ലുവിന്റെ കീഴിൽ നല്ല കാലമാണ് സ്പർസിന് മുന്നിൽ ഉള്ളത് എന്ന് സൂചന നൽകുന്നതായിരുന്നു ഇന്നത്തെ പ്രകടനം.

മത്സരത്തിൽ തുടക്കം മുതൽ സ്പർസ് ആധിപത്യം പുലർത്തി. 17ആം മിനുട്ടിൽ സാറിന്റെ പാസിൽ നിന്ന് വന്ന അവസരം ഫിനിഷ് ചെയ്ത് മാഡിസൺ സ്പർസിന് ലീഡ് നൽകി. സ്പർസ് കരിയറിലെ മാഡിസന്റെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ കുളുസവേസ്കിയുടെ ഗോളിൽ സ്പർസ് ലീഡ് ഇരട്ടിയാക്കി.

ഈ വിജയത്തോടെ സ്പർസ് 3 മത്സരങ്ങള്ളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഗിൽ തൽക്കാലം ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌‌. ബൗണ്മത് അവരുടെ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം.

ഹ്യൂഗോ ലോരിസ് ഇനി സ്പർസിന് ഒപ്പം ഇല്ല

സ്പർസിന്റെ ഒന്നാം ഗോൾ കീപ്പർ ആയ ഹ്യൂഗോ ലോരിസ് ക്ലബ് വിടുമെന്ന് ഉറപ്പായി. ലോരിസിന് ക്ലബ് വിടാം എന്നും പരിശീലനത്തിന് ടീമിനൊപ്പം എത്തേണ്ടതില്ല എന്ന ഇളവും ക്ലബ് കൊടുത്തു. താരം ഉടൻ തന്നെ പുതിയ ക്ലബ് കണ്ടെത്തും. പല ക്ലബുകളുമായും ഇപ്പോൾ ലോരിസ് ചർച്ചകൾ നടത്തുന്നുണ്ട്.

അവസാന 11 വർഷമായി സ്പർസിനൊപ്പം ഉള്ള താരമാണ് ലോരിസ്. സ്പർസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവുമാണ് ലോരിസ്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ആകും ലോരിസിന്റെ അടുത്ത ക്ലബ് എന്ന് സൂചനകൾ ഉണ്ട്. താരവും അൽ ഹിലാലും തമ്മിലുള്ള ചർച്ചകൾ തുടരുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ലോരിസ് വിരമിച്ചിരുന്നു. ലോറിസ് നാല് ലോകകപ്പുകളിലും മൂന്ന് യൂറോകളിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ൽ ലോകകപ്പ് കിരീടത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. ടോട്ടനത്തിന് ഒപ്പം ഇത്ര നീണ്ടകാലം കളിച്ചു എങ്കിലും ഒരു കിരീടം നേടാൻ ആകാതെയാണ് ലോരിസ് ക്ലബ് വിടുന്നത്.

ടോട്ടനം ആണ് തനിക്ക് ആത്മബന്ധം തോന്നാത്ത ഒരേയൊരു ക്ലബ് എന്ന് ജോസെ

AS റോമയുടെ നിലവിലെ മാനേജർ, ജോസെ മൗറീഞ്ഞോ, ടോട്ടനം ഹോട്‌സ്‌പർ ആണ് താൻ പരിശ്വെലിപ്പിച്ചതിൽ തനിക്ക് ഒരു ആത്മബന്ധവും തോന്നാത്ത ക്ലബ് എന്ന് പറഞ്ഞു. ഇതിന് രണ്ട് കാരണങ്ങൾ ആണ് ജോസെ പറയുന്നത്. ഒന്ന് ടോട്ടൻഹാമിലെ തന്റെ കാലയളവിൽ സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലായിരുന്നു എന്നത്. COVID-19 പാൻഡെമിക്ക് കാരണം ആരാധകർ ഇല്ലാതെ കളിക്കേണ്ടി വന്നത് തനിക്ക് ക്ലബുമായി ഒരു കണക്ഷൻ ഉണ്ടാകാതിരിക്കാൻ കാരണമായി എന്ന് ജോസെ പറഞ്ഞു.

ടോട്ടൻഹാമിൽ തന്റെ കാലത്ത് ഒരു ട്രോഫി ഉയർത്താനുള്ള അവസരം നിഷേധിക്കപ്പെട്ടതും ഇതിനു കാരണമായി എന്ന് ജോസെ പറഞ്ഞു. സ്പർസ് ലീഗ് കപ്പ് ഫൈനലിൽ നിൽക്കെ ആയിരുന്നു ജോസെയെ സ്പർസ് പുറത്താക്കിയത്. ആ ഫൈനലിൽ സ്പർസ് പിന്നീട് തോൽക്കുകയും ചെയ്തത്. ക്ലബിന്റെ ചെയർമാൻ ഡാനിയൽ ലെവിയാണ് ഈ തീരുമാനത്തിന് കാരണമെന്നും ജോസെ പറഞ്ഞു.

റോമയുടെ പരിശീലകനായ ജോസെ ഇപ്പോൾ തുടർച്ചയായ രണ്ടാം വർഷവും അവരെ യൂറോപ്യൻ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്.

ആസ്റ്റൺ വില്ലയോട് തോറ്റു, ടോട്ടനത്തിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു

ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ആസ്റ്റൻവില്ലക്ക് വിജയം. സ്പർസിനെ സകലമേഖലകളിലും പിന്തള്ളി കൊണ്ട് മികച്ച പ്രകടനത്തോടെയാണ് ഉനയ് ഉമരിയുടെ ടീം വീണ്ടും വിജയപാതയിൽ തിരിച്ചെത്തിയത്. ഡഗ്ലസ് ലൂയിസ്, റാംസെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ ടോട്ടനത്തിന്റെ ആശ്വാസ ഗോൾ ഹാരി കെയ്ൻ നേടി. ഇതോടെ പോയിന്റ് നിലയിൽ ടോട്ടനത്തിന് ഒപ്പമെത്താനും ആസ്റ്റൻ വില്ലക്കായി. 57 പോയിന്റ് വീതമുള്ള ഇരുവരും ആറും ഏഴും സ്ഥാനത്താണ്.

ഇരു ടീമുകൾക്കും മുന്തൂക്കമില്ലാതെ ആരംഭിച്ച ആദ്യ മിനിട്ടുകൾക്ക് ശേഷം ആസ്റ്റൻ വില്ല മത്സരത്തിൽ ലീഡ് എടുത്തു. ബെയ്ലെയുമായി ചേർന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ ജെക്കോബ് റാംസെ യാണ് എട്ടാം മിനിറ്റിൽ വല കുലുക്കിയത്. പിന്നെ കെയിനിന്റെ പാസിൽ സോണിന് ലഭിച്ച അവസരത്തിൽ താരത്തിന് ഗോൾ നേടാനാവാതെ പോയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു. ബെയിലിയുടെ ശ്രമം ഫോസ്റ്റർ തടുത്തു. വാട്കിനസിനെ എമേഴ്‌സൻ വീഴ്ത്തിയതിന് വാർ ചെക്കിൽ പെനാൽറ്റി വിധിച്ചില്ല. മോറെനോയുടെ ക്രോസിൽ വാട്കിൻസിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ബ്വെന്റിയയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. ആദ്യ പകുതിയിൽ ടോട്ടനം കൂടുതൽ ഗോളുകൾ വഴങ്ങാതെ രക്ഷപ്പെട്ടു.

രണ്ടാം പകുതിയിലും ആസ്റ്റൻവില്ല തന്നെ തുടക്കത്തിൽ അവസരങ്ങൾ സൃഷ്ടിച്ചു. 53ആം മിനിറ്റിൽ ഹൊയ്‌ബെർഗിന്റെ പാസിൽ നിന്നും ഗോൾ നേടാനുള്ള കെയിനിന്റെ ശ്രമം മർട്ടിനസ് തടുത്തു. കുലുസെവ്സ്കിയുടെ ശ്രമം പോസ്റ്റിൽ നിന്നും അകന്ന് പോയി. 72 ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് രണ്ടാക്കി ഉയർത്തി. ഡഗ്ലസ് ലൂയിസിന്റെ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഫോസ്റ്ററുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. 90ആം മിനിറ്റിൽ റഫറി വിഡിയോ ചെക്കിന് ശേഷം അനുവദിച്ച പെനാൽറ്റിയിലൂടെ കെയിൻ ടോട്ടനത്തിന്റെ ആശ്വാസ ഗോൾ നേടി. മർട്ടിനസ് കെയിനിനെ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. ഇഞ്ചുറി ടൈമിൽ കുലുസെവ്സ്കിയിലൂടെ ലഭിച്ച അവസരവും ഗോളാകാതെ പോയതോടെ ആസ്റ്റൻവില്ല വിജയം സ്വന്തമാക്കി.

നാഗെൽസ്മാൻ സ്പർസിലേക്കും ഇല്ല

നഗെൽസ്മാനും സ്പർസും തമ്മിലുള്ള ചർച്ചകൾ അവസാനിപ്പിച്ചു. മുൻ ബയേൺ മ്യൂണിക്ക് ബോസ് ജൂലിയൻ നാഗെൽസ്മാൻ ടോട്ടൻഹാമിന്റെ അടുത്ത മാനേജർ ആയി എത്തില്ല എന്ന് ഇതോടെ ഉറപ്പായി. നാഗെൽസ്മാൻ വരണം എങ്കിൽ അദ്ദേഹം ആവശ്യപ്പെടുന്ന സ്പോർട്സ് ഡയറക്ടറെ നിയമിക്കണം എന്ന ഒരു ഡിമാൻഡ് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് നടക്കാതെ പോയതാണ് ചർച്ചകൾ അവസാനിക്കാൻ കാരണം.

പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള സ്പർസ് മാർച്ചിൽ അന്റോണിയോ കോണ്ടെയെ പുറത്താക്കിയതു മുതൽ സ്ഥിരം മാനേജർ ഇല്ലാതെ നിൽക്കുകയാണ്. റയാൻ മേസൺ ആണ് ഇപ്പോൾ സ്പർസിന്റെ പരിശീലകൻ. അദ്ദേഹത്തിന് സ്ഥിര കരാർ നൽകാനും സ്പർസ് ഇപ്പോൾ ആലോചിക്കുന്നുണ്ട്‌. നേരത്തെ നഗൽസ്മാനും ചെൽസിയുമായും ചർച്ചകൾ നടത്തിയിരുന്നു. ആ ചർച്ചകളും പകുതിക്ക് അവസാനിക്കുക ആയിരുന്നു.

ആൻഫീൽഡിൽ പൊടിപൂരം!! സ്പർസിന്റെ തിരിച്ചുവരവിന് ചെക്കിട്ട് ലിവർപൂളിന്റെ അവസാന നിമിഷ വിന്നർ

ഇന്ന് ആൻഫീൽഡ് ഈ സീസൺ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ മത്സരത്തിന് ഒന്നിനാണ് സാക്ഷ്യം വഹിച്ചത്. ലിവർപൂളും സ്പർസും തമ്മിൽ നടന്ന മത്സരം ആദ്യ 15 മിനുട്ട് കഴിഞ്ഞപ്പോൾ ലിവർപൂൾ 3-0നു മുന്നിൽ ആയിരുന്നു. മത്സരം 93ആം മിനുട്ടിൽ എത്തിയപ്പോൾ സ്കോർ 3-3 എന്നായിരുന്നു‌. ഫൈനൽ വിസിൽ വന്നപ്പോൾ ലിവർപൂളിന് അനുകൂലമായി 4-3 എന്ന വിജയവും.

സ്പർസിന് സമീപകാല മത്സരങ്ങളിൽ എന്ന പോലെ ഇന്നും മോശം തുടക്കമാണ് ലഭിച്ചത്. അവർ മൂന്നാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ വഴങ്ങി. കർടിസ് ജോൺസിന്റെ ഫിനിഷ്. പിന്നാലെ പരിക്ക് മാറി എത്തിയ ലൂയിസ് ഡിയസിന്റെ വക അഞ്ചാം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കിയ ഗോൾ. 15ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് സലായും ഗോൾ നേടി. സ്കോർ 3-0.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ 2-0ന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില നേടിയ സ്പർസ് ഇന്നും പൊരുതി. 35ആം മിനുട്ടിൽ പെരിസിചിന്റെ ക്രോസിൽ നിന്ന് കെയ്നിന്റെ അനായാസ ഫിനിഷ്. സ്കോർ 3-1. ഇതിനു ശേഷം രണ്ടു തവണ സ്പർസിനെ ഗോൾ പോസ്റ്റ് ഗോളിൽ നിന്ന് തടഞ്ഞു. 77ആം മിനുട്ടിൽ സോണിന്റെ ഫിനിഷിൽ സ്പർസ് സ്കോർ 3-2 എന്നാക്കി. പിന്നെ സമനില ഗോളിനായുള്ള അന്വേഷണം.

ഇഞ്ച്വറി ടൈമിൽ റിച്ചാർലിസന്റെ ഫിനിഷിൽ സ്കോർ 3-3. ലിവർപൂൾ പക്ഷെ വിജയം കൈവിടാൻ തയ്യാറായിരുന്നില്ല. അവസാന നിമിഷം ജോടയുടെ ഗോളിൽ ലിവർപൂൾ 3 പോയിന്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ ലിവർപൂൾ 33 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. സ്പർസ് 54 പോയിന്റുമായി ആറാം സ്ഥാനത്താണ്.

സ്പർസ് നഗൽസ്മാനെ പരിശീലകനാക്കി എത്തിക്കണം എന്ന് റാഗ്നിക്ക്

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പുതിയ മാനേജറായി നഗൽസ്മാൻ ചുമതലയേൽക്കണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൽഫ് റാങ്‌നിക്ക്. ചെൽസിയുമായി നേരത്തെ നഗൽസ്മാൻ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്നെ ചെൽസി പരിശീലകനായി താൻ എത്തില്ല എന്നു പറഞ്ഞു. ഒരു മാസം മുമ്പ് ആയിരിന്നു നഗൽസ്മാൻ ബയേൺ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്.

“പല തരത്തിൽ ടോട്ടൻഹാം ഒരു ആവേശകരമായ ക്ലബ്ബാണ്,” റാംഗ്നിക്ക് പറഞ്ഞു. “അവർക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ്. അവർക്ക് ഏറ്റവും മികച്ച പരിശീലന സൗകര്യമുണ്ട്, കൂടാതെ നിരവധി വർഷങ്ങളായി ക്ലബ്ബ് നടത്തുന്ന ഡാനിയൽ ലെവി മികച്ച ഉടയുമാണ്.”

“ടോട്ടൻഹാമിന് ശരിക്കും ജൂലിയൻ നാഗെൽസ്മാനെ പരിശീലകനാക്കി എത്തിക്കണം. അദ്ദേഹത്തിന് അനുയോജ്യമായ ക്ലബാണിത്. നഗൽസ്മാനെ പിന്തുണയ്ക്കാൻ ഒരു സ്പോർടിംഗ് ഡയറക്ടറെയും സ്പർസ് കൊണ്ടു വരണം” നഗൽസ്മാൻ പറഞ്ഞു. ടോട്ടൻഹാം ഒരു കോച്ചിൽ നിന്ന് പെട്ടെന്നു തന്നെ കിരീടങ്ങൾ ആഗ്രഹിക്കുന്ന ഒരു ക്ലബല്ല. അതുകൊണ്ട് തന്നെ നഗൽസ്മാൻ അവിടെ എത്തിയാൽ ആവശ്യത്തിന് സമയം കിട്ടും എന്നും റാഗ്നിക്ക് പറഞ്ഞു.

ഇന്ന് ടോപ് 4 ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പർസിന്റെ ഗ്രൗണ്ടിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മറ്റൊരു വലിയ മത്സരം നടക്കും. ടോപ് 4 യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഇന്ന് നേർക്കുനേർ വരും. ലണ്ടണിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. ന്യൂകാസിലിനോട് ഏറ്റ വലിയ പരാജയത്തിന്റെ ക്ഷീണവുമായാണ് സ്പർസ് വരുന്നത്. ആ പരാജയത്തിന്റെ പ്രതികരണം ആകും ഏവരും പ്രതീക്ഷിക്കുന്നത്. പുതിയ സഹപരിശീലകൻ റയാൻ മേസണ് സ്പർസിനെ നേർവഴിക്ക് നടത്താൻ ആകുമോ എന്നതും ഇന്ന് അറിയാം.

ഇപ്പോൾ ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സ്പർസ് ഉള്ളത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് 30 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്ന് വിജയിച്ചില്ല എങ്കിൽ സ്പർസിന് നാലാം സ്ഥാനം മറക്കേണ്ടി വരും. ഇന്ന് വിജയിച്ചാൽ യുണൈറ്റഡ് ഏതാണ്ട് ടോപ് 4 ഉറപ്പിച്ചു എന്നും പറയാം. എന്നാൽ യുണൈറ്റഡിന്റെ എവേ ഫോം അത്ര മികച്ചതല്ല. ഒപ്പം ഇന്ന് അവരുടെ പ്രധാനതാരം ബ്രൂണോ ഫെർണാണ്ടസ് കളിക്കാനും സാധ്യതയില്ല. ബ്രൂണോ പരിക്കിന്റെ പിടിയിലാണ്‌.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ഗർനാചോ തുടങ്ങി പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്‌. ഇന്ന് മഗ്വയറും ലിൻഡെലോഫും സെന്റർ ബാക്ക് കൂട്ടുകെട്ട് ആകുമോ അതോ ലൂക് ഷോ സെന്റർ ബാക്ക് പൊസിഷനിൽ തുടരുമോ എന്നതും കണ്ടറിയാം. ഇന്ന് രാത്രി 12.45നാണ് മത്സരം നടക്കുക.

Exit mobile version