ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടെ കണ്ടെത്തി തന്റെ നേട്ടം 201 ഗോളിൽ എത്താൻ താരത്തിന് കഴിഞ്ഞു. 350 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോട്ടൻഹാമിലൂടെ വളർന്നു വന്ന കെയ്ൻ 2011ൽ ലൈറ്റണ് വേണ്ടിയായിരുന്നു ആദ്യ ഗോൾ നേടിയത്, തുടർന്ന് മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ലോണാടിസ്ഥാനത്തിൽ കളിച്ച കെയ്ൻ ഈ ക്ളബുകൾക്കായി 16 ഗോളുകളാണ് നേടിയത്. തുടർന്ന് 2013 – 14 സീസണിൽ ടോട്ടൻഹാമിൽ തിരിച്ചെത്തിയ കെയ്ൻ തൊട്ടടുത്ത സീസണിൽ ആണ് ഗോളടി യന്ത്രമായി മാറിയത്, 2014-15 സീസണിൽ 31 ഗോളുകൾ ആയിരുന്നു കെയ്ൻ അടിച്ചു കൂട്ടിയത്. ടോട്ടൻഹാമിന്‌ വേണ്ടി 285 കളികളിൽ നിന്നായി 185 ഗോളുകൾ ആണ് കെയ്ൻ നേടിയത്.

Exit mobile version