തുടർച്ചയായ എവേ വിജയങ്ങളിൽ ലിവർപൂളിൽ ചരിത്രം കുറിച്ച് ക്ളോപ്പ്

ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ പോർച്ചുഗീസ് ക്ലബ് ബെനിഫിക്കയെ തോൽപ്പിച്ചിരുന്നു. ബെനിഫിക്കയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്ളോപ്പിന്റെ ലിവർപൂൾ വിജയിച്ചു കയറിയത്.

ഈ വിജയത്തോടെ ലിവർപൂൾ ചരിത്രത്തിലെ ഒരു റെക്കോർഡ് തന്നെയാണ് തിരുത്തപ്പെട്ടത്. ബെനിഫിക്കക്കെതിരായ വിജയത്തോടെ ലിവർപൂൾ തുടർച്ചയായ എട്ടാമത്തെ എവേ മത്സരമാണ് വിജയിക്കുന്നത്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടീം തുടർച്ചയായി എട്ടു എവേ മത്സരങ്ങൾ വിജയിക്കുന്നത്. ഈ എട്ടു മത്സരങ്ങളിൽ നിന്നായി പതിനാറു ഗോളുകൾ അടിച്ചപ്പോൾ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

1984 ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തുടർച്ചയായി അഞ്ചു എവേ മത്സരങ്ങൾ വിജയിച്ചു എന്ന റെക്കോർഡും ഇന്നലെ സ്വന്തമാക്കി. വിജയത്തോടെ ബെനിഫിക്കകെതിരെ വ്യക്തമായ ആധിപത്യം നേടാൻ ക്ലോപ്പിനും സംഘത്തിനുമായി. ഏപ്രിൽ പതിമൂന്നിനാണ് ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ അരങ്ങേറുക.

ബ്രൈറ്റണ് തിരിച്ചടി, സൂപ്പർ താരം ട്രൊസാർഡ് ചെൽസിക്കെതിരെ കളിച്ചേക്കില്ല

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ശക്തരായ ചെൽസിയെ നേരിടാൻ ഇറങ്ങുന്ന ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റണ് തിരിച്ചടിയായി ട്രൊസാർഡിന്റെ പരിക്ക്. നീണ്ട പന്ത്രണ്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയ ബ്രൈറ്റണ് ട്രൊസാർഡിന്റെ അഭാവം കനത്ത തിരിച്ചടിയായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ ആദ്യ പകുതിയിൽ തന്നെ ഗോൾ കണ്ടെത്തിയ ട്രൊസാർഡ് പക്ഷെ പരിക്ക് കാരണം പിൻവലിക്കപ്പെട്ടിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗ്രഹാം പോട്ടർ തന്നെ താരം ഹാംസ്ട്രിംഗ് പരിക്ക് മൂലം ചികിത്സയിൽ ആണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ട്രൊസാർഡിന്റെ അഭാവം ചെൽസിക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകും എന്ന കാര്യം ഉറപ്പാണ്. ട്രൊസാർഡ് ഇല്ലെങ്കിൽ മുൻ ആഴ്‌സണൽ താരം ഡാനി വെൽബെക് ബ്രൈറ്റണിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

പോട്ടറാശാനും ബ്രൈറ്റണും അവസാനം വിജയ വഴിയിൽ!!

നീണ്ട മൂന്നു മാസത്തിനും പന്ത്രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്കും ശേഷം ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ വിജയ വഴിയിൽ തിരിച്ചെത്തി. ലിയനാഡ്രോ ട്രൊസാർഡും നീൽ മൗപെയും ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളുടെ മികവിലാണ് ബ്രൈറ്റൺ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിന്റെ തോൽപ്പിച്ചത്. വിജയത്തോടെ ബ്രൈറ്റൺ പ്രീമിയർ ലീഗ് ടേബിളിൽ ആദ്യ പത്തിൽ തിരിച്ചെത്തി.

32ആം മിനിറ്റിൽ ലിയനാഡ്രോ ട്രൊസാർഡിന്റെ മികച്ചൊരു വോളിയിൽ പിറന്ന ഗോളിലൂടെയാണ് ബ്രൈറ്റൺ മത്സരത്തിൽ ലീഡ് എടുത്തത്. തുടർന്ന് എട്ടു മിനിട്ടിനു ശേഷം 42ആം മിനിറ്റിൽ മൗപേ ഒന്നാന്തരം ഒരു ഷോട്ടിലൂടെ പന്തിന്റെ ടോപ് കോര്ണറിലേക്ക് അടിച്ചു വിട്ടു ബ്രൈറ്റണിന്റെ ലീഡ് ഇരട്ടിയാക്കി ടീമിന്റെ വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ തിരിച്ചു വരവിനു ശ്രമിച്ച ബ്രെന്റ്ഫോർഡിനു തിരിച്ചടിയായി ബ്രൈറ്റൺ ഗോൾ കീപ്പർ റോബർട്ടോ സാഞ്ചസ് നിലകൊണ്ടു. ഗോളെന്നുറച്ച രണ്ടു ഷോട്ടുകൾ ആയിരുന്നു സാഞ്ചസ് തട്ടിയകറ്റിയത്. അതെ സമയം മികച്ചൊരു ഗോൾ ലൈൻ സേവുമായി ഡിഫൻഡർ കുകുറേലയും ബ്രൈറ്റണിന്റെ രക്ഷക്കെത്തി.

മത്സരം തുടങ്ങുമ്പോൾ ഇരു ടീമുകൾക്കും 16 മത്സരങ്ങളിൽ നിന്നും 20 പോയിന്റ് വീതമായിരുന്നു ഉണ്ടായിരുന്നത്. വിജയത്തോടെ ബ്രൈറ്റൻ 23 പോയിന്റോടെ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബ്രെന്റ്ഫോഡ് 13ആം സ്ഥാനത്താണ്. സെപ്റ്റംബർ 19നു ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ശേഷം ആദ്യമായാണ് ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ഒരു മത്സരം വിജയിക്കുന്നത്.

കെവിൻ ഡിബ്രൂയ്ൻ പ്രീമിയർ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ തരാം കെവിൻ ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരം. ലിവർപൂൾ താതാരങ്ങളായ ജോർദാൻ ഹെൻഡേഴ്‌സൺ, സാഡിയോ മാനെ, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് സൗത്താംപ്ടൺ താരം ഇങ്സ് ലെസ്റ്റർ തരാം ജാമി വാർഡി എന്നിവരെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി പ്ലേയ്‌മേക്കറായ കെഡിബി ഈ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.

https://twitter.com/premierleague/status/1294921955607564288

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഡിബ്രൂയ്നെയെ ഈ അവാർഡിനർഹനാക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ 13 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയ ഡി ബ്രൂയ്നെ 33 ഗോളുകളിൽ ആണ് പങ്കാളിയായത്. 136 ഗോളവസരങ്ങൾ സീസണിലാകെ ഡിബ്രൂയ്നെ ഉണ്ടാക്കിയിരുന്നു. എന്നാൽ ഫുട്ബാൾ എഴുത്തുകാരുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ജോർദാൻ ഹെൻഡേഴ്‌സൺ ഡിബ്രൂയ്നെ പിന്തള്ളി സ്വന്തമാക്കിയിരുന്നു.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലിയോണിനോട് തോറ്റ് പുറത്തായിരുന്നു.

“കണ്ണീരൊപ്പനൊരു കളിക്കുപ്പായം”, ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സി ലേലത്തിന്

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെയും സെവൻസ് ഫുട്ബാൾ കളിക്കാൻ കേരളത്തിൽ വന്നു കോവിഡ് കാരണം നാട്ടിലേക്ക് തിരികെ പോവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ജേഴ്‌സി ലേലം ചെയ്യാനൊരുങ്ങി ഫുട്ബാൾ താരങ്ങൾ. 2019 ഏഷ്യ കപ്പിൽ കളിച്ച ഇന്ത്യൻ ഫുട്ബാൾ ടീമിലെ മുഴുവൻ താരങ്ങളും കോച്ചും ഒപ്പിട്ട ജേഴ്‌സിയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ തുടങ്ങിയവർ എല്ലാം ഈ കുപ്പായത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

വിദേശ മലയാളിയായ മുഹമ്മദ് മുനീറിനു ഇന്ത്യൻ താരങ്ങൾ സമ്മാനി ച്ച ജേഴ്‌സിയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ലേലത്തിന് ലഭിക്കുന്ന ലഭിക്കുന്ന തുക മുഴുവനും കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും സെവൻസ് കളിയ്ക്കാൻ വന്നു കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശ താരങ്ങൾക്കും നൽകാനാണ് തീരുമാനം. അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സികെ വിനീത്, മുഹമ്മദ് റാഫി തുടങ്ങിയ മലയാളി താരങ്ങൾ എല്ലാം ഈ ഉദ്യമത്തിന് പിൻതുണ അറിയിച്ചിട്ടുണ്ട്.

വാട്സ്ആപ് വഴിയായിരിക്കും ലേലം നടക്കുക, ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം: 7510686002

വില്യൻ ലണ്ടനിൽ തന്നെ തുടരും, ഇനി ആഴ്സണലിന്റെ ചുവന്ന കുപ്പായത്തിൽ

ബ്രസീലിയൻ ഫുട്ബാളർ വില്യൻ ഇനി ആഴ്സണലിൽ കളിക്കും. കരാർ അവസാനിച്ചതിനെ തുടർന്ന് ചെൽസി വിട്ട വില്യൻ ആഴ്സണലിൽ ഫ്രീ ട്രാൻസ്ഫറിൽ ചേരുകയായിരുന്നു. ആഴ്‌സനലിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് വില്യൻ ടീമിൽ ചേർന്ന കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്യൻ ചെൽസി വിടുന്ന കാര്യം പുറത്തുവിട്ടത്.

2013ൽ ചെൽസിയിൽ ചേർന്ന വില്യൻ 7 വർഷക്കാലയളവിൽ 339 മത്സരങ്ങളിൽ നീല ജേഴ്‌സി അണിഞ്ഞിരുന്നു. ഇതിനിടയിൽ 69 ഗോളുകളും 57 അസിസ്റ്റുകളും വില്യൻ നേടിയിരുന്നു. ഈ സീസണിൽ ലാംപാർടിന്റെ കീഴിൽ 47 മത്സരങ്ങളിൽ കളിച്ച വില്യൻ 11 ഗോളുകളും സ്വന്തമാക്കിയിരുന്നു. ചെൽസിക്ക് വേണ്ടി 2 പ്രീമിയർ ലീഗ് കിരീടങ്ങൾ, യൂറോപ്പ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും വില്യൻ സ്വന്തമാക്കിയിരുന്നു.

വില്യൻ ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ആഴ്‌സണൽ മാനേജർ ആർതേറ്റയും പറഞ്ഞു. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള താരമാണ് വില്യൻ എന്നാണ് ആർതേറ്റ പറഞ്ഞത്.

 

 

 

യുവന്റസ് വിട്ട മറ്റ്യുഡി ബെക്കാമിന്റെ ഇന്റർ മിയാമിയിലിയ്ക്ക്

ഫ്രഞ്ച് ഫുട്ബാൾ താരം ബ്ലൈസ് മറ്റ്യുഡി എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ചേരും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബായ ഇന്റർ മിയാമിയിൽ ചേരുമെന്ന് മറ്റ്യുഡി ട്വിറ്ററിൽ കുറിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി യുവന്റസിലായിരുന്നു മറ്റ്യുഡി കളിച്ചിരുന്നത്, എന്നാൽ കരാർ അവസാനിച്ചതോടെ താരം യുവന്റസ് വിടുകയായിരുന്നു. ലോകകപ്പ് ജേതാവായ മറ്റ്യുഡി യുവന്റസിന്റെ കൂടെ 3 സീരി എ കിരീടങ്ങളും പിഎസ്ജിയുടെ കൂടെ നാല് ലീഗ് 1 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്റർ മിയാമിക്കൊപ്പം 8-ാം നമ്പർ ഷർട്ട് ധരിക്കുന്ന മറ്റ്യുഡി നിലവിൽ എം‌എൽ‌എസിൽ കളിക്കുന്ന ഏക ലോകകപ്പ് ജേതാവാകും.

കൊറോണ മൂലം മുടങ്ങിയിരിക്കുന്ന എംഎസ്എൽ ഈ മാസം 22 നു പുനരാരംഭിക്കാനിരിക്കുകയാണ്.

 

ഫിൽ ജോൺസിനോടും മാഞ്ചസ്റർ യുണൈറ്റഡിനോടും ക്ഷമ ചോദിച്ചു ട്വിറ്റർ

തങ്ങളുടെ ഒഫിഷ്യൽ അക്കൗണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ഫിൽ ജോൺസിനെ പരിഹസിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തതിനെ തുടർന്ന് ട്വിറ്റർ ഫിൽ ജോൺസിനോഡും മാഞ്ചസ്റ്റർ യുണൈറ്റഡിനോടും ക്ഷമ ചോദിച്ചു.

റിപ്ലെ ഓപ്‌ഷൻ ഓഫ് ചെയ്ത ശേഷം “Name a better footballer than Phil Jones.” എന്നായിരുന്നു ട്വിറ്റെർ UK ട്വീറ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ബുള്ളിയിങ്ങിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരാണ് എന്ന് പറയുന്ന ട്വിറ്റര് തന്നെ അവരുടെ ഒഫിഷ്യൽ അകൗണ്ടിൽ നിന്നും ഇങ്ങനെ ഒരു ട്വീറ്റ് വന്നതിനെ ട്വിറ്ററിൽ നിരവധി പേർ വിമർശിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ട്വിറ്ററിനോട് നേരിട്ട് പരാതിപ്പെട്ടതിനെ പേരിലാണ് ട്വിറ്ററിന്റെ ക്ഷമാപണം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ട്വിറ്റര് ആ ട്വീറ്റ് ഡിലീറ്റ് ചെയുകയും ചെയ്തിരുന്നു.

യൂറോപ്പിൽ കൊറോണയെ തുടർന്ന് ഫുട്ബാൾ പുനരാംഭിച്ചെങ്കിലും പരിക്കിനെ തുടർന്ന് കളത്തിനു പുറത്തിരിക്കുകയാണ് ഫിൽ ജോൺസ്.

ബേൺമൗത്, വാറ്റ്‌ഫോഡ്, നോർവിച്ച് പ്രീമിയർ ലീഗിൽ നിന്നും പുറത്ത്, അവസാനം രക്ഷപെട്ട് ആസ്റ്റൺ വില്ല

2019/ 20 ലെ പ്രീമിയർ ലീഗ് സീസൺ അവസാനിച്ചപ്പോൾ ബേൺമൗത്, വാറ്റ്‌ഫോഡ്, നോർവിച്ച് ടീമുകൾ പ്രീമിയർ ലീഗിൽ നിന്നും പുറത്തായി. അതെ സമയം വെസ്റ്റ് ഹാമിനോട് സമനില പിടിച്ച ആസ്റ്റൺ വില്ല റെലിഗെഷൻ ഒഴിവാക്കി പ്രീമിയർ ലീഗിൽ തുടരുകയും ചെയ്യും.

ഇന്ന് നടന്ന മത്സരത്തിൽ ബേൺമൗത് എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിരുന്നു എങ്കിലും 34 പോയിന്റിൽ എത്താനേ ടീമിന് സാധിച്ചുള്ളൂ. 18ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബേൺമൗത് 17ആം സ്ഥാനത്തുള്ള ആസ്റ്റൺ വിലയേക്കാൾ ഒരു പോയിന്റ് പിന്നിലാണ്.

മറ്റൊരു നിർണായക മത്സരത്തിൽ ആഴ്‌സണൽ വാറ്റ്‌ഫോഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരിചയപ്പെടുത്തി. സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ റെലിഗെഷൻ ഒഴിവാക്കാമായിരുന്ന വാറ്റ്‌ഫോഡ് അവസാന നിമിഷം വരെ പൊരുതിയാണ് തോൽവി സമ്മതിച്ചത്. പ്രീമിയർ ലീഗിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്ന നോർവിച്ച് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോറ്റ് പതനം പൂർത്തിയാക്കി. 38 മത്സരങ്ങളിൽ നിന്നും വെറും 21 പോയിന്റ് ആണ് നോർവിച് സ്വന്തമാക്കിയിട്ടുള്ളത്.

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടെ കണ്ടെത്തി തന്റെ നേട്ടം 201 ഗോളിൽ എത്താൻ താരത്തിന് കഴിഞ്ഞു. 350 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോട്ടൻഹാമിലൂടെ വളർന്നു വന്ന കെയ്ൻ 2011ൽ ലൈറ്റണ് വേണ്ടിയായിരുന്നു ആദ്യ ഗോൾ നേടിയത്, തുടർന്ന് മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ലോണാടിസ്ഥാനത്തിൽ കളിച്ച കെയ്ൻ ഈ ക്ളബുകൾക്കായി 16 ഗോളുകളാണ് നേടിയത്. തുടർന്ന് 2013 – 14 സീസണിൽ ടോട്ടൻഹാമിൽ തിരിച്ചെത്തിയ കെയ്ൻ തൊട്ടടുത്ത സീസണിൽ ആണ് ഗോളടി യന്ത്രമായി മാറിയത്, 2014-15 സീസണിൽ 31 ഗോളുകൾ ആയിരുന്നു കെയ്ൻ അടിച്ചു കൂട്ടിയത്. ടോട്ടൻഹാമിന്‌ വേണ്ടി 285 കളികളിൽ നിന്നായി 185 ഗോളുകൾ ആണ് കെയ്ൻ നേടിയത്.

സോൾഷ്യറിനെതിരെ വാ തുറക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ

ജോസെ മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആയിരുന്ന സമയത്ത് ടീമിന്റെയും ജോസേ മൗറീഞ്ഞോയുടെയും പ്രധാന വിമർശകർ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളായിരുന്ന ക്ലാസ് ഓഫ് 92ലെ പോൾ സ്‌കോൾസും ഗാരി നെവില്ലെയും എല്ലാം. ടീം മികച്ച പ്രകടനം നടത്തുമ്പോൾ പോലും കടുത്ത വിമർശനങ്ങളുമായി ഇരുവരും മാധ്യമങ്ങളിൽ എത്തിയിരുന്നു.

ജോസെ മൗറീഞ്ഞോയുടെ ശൈലി മാഞ്ചസ്റ്റർ യുണൈറ്റഡിന് ചേർന്നതല്ല എന്ന് പറഞ്ഞായിരുന്നു സ്‌കോൾസ് മിക്ക സമയവും മൗറിഞ്ഞോയെ വിമർശിച്ചിരുന്നത്‌. ഒരു സമനില പോലും നെവില്ലെയെയും സ്‌കോൾസിനെയും ടീമിനെതിരെയും മൗറിഞ്ഞോക്കെതിരെയും കടുത്ത വിമർശനം ഉന്നയിക്കുന്നതിലേക്ക് നയിച്ചിരുന്നു. ഒരു വിഭാഗം യുണൈറ്റഡ് ആരാധകരെ മൗറിഞ്ഞോക്ക് നേരെ തിരിക്കുന്നതിൽ പോലും ഇരുവർക്കും പങ്കുണ്ടായിരുന്നു. എന്നാൽ മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം പ്രകടനം നടത്തുമ്പോൾ പോലും ഇരുവരും ഒരുവാക്ക് പോലും മിണ്ടുന്നില്ല എന്നതാണ് പ്രത്യേകത.

കോച്ചിന് വേണ്ട കളിക്കാരെ മാനേജ്‌മെന്റ് എത്തിച്ചു നൽകുന്നില്ല എന്നത് വ്യക്തമായിരുന്നിട്ടും ജോസേ മൗറീഞ്ഞോയുടെ പിഴവാണ് മോശം പ്രകടനത്തിന് കാരണം എന്ന നിലയിൽ ആയിരുന്നു ഇരുവരുടെയും വിമർശനം. ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിന് ചേർന്ന കളിക്കാരൻ അല്ല തുടങ്ങി ബോഡി ഷെമിങ് വരെ നടത്തി ലുക്കാക്കുവിനെ വിൽക്കുന്നതിലേക്ക് വരെ എത്തിച്ചത് ഇരുവരും ചേർന്നായിരുന്നു. എന്നാലിപ്പോൾ ലുക്കാക്കുവിന് പകരം സ്‌ട്രൈക്കർ റോളിൽ കളിക്കുന്ന റാഷ്‌ഫോഡ് ഒരു ഗോൾ പോയിട്ട് ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും നേടുന്നതിൽ പരാജയപ്പെടുമ്പോളും മൗനം പാലിക്കുകയാണ് ഇരുവരും.

ഇരുവരുടെയും സഹ കളിക്കാരനായിരുന്ന സോൾഷ്യർ മാനേജർ ആയത് കൊണ്ട് മാത്രം മാനേജ്‌മെന്റ് പിഴവാണ് മോശം പ്രകടനത്തിന് കാരണം എന്നത് ഇരുവരും മനസിലാക്കിയതാവുമോ?

മെസ്സിയുടേത് സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പ് കാർഡ്

കോപ്പ അമേരിക്കയിലെ ഇന്നലെ നടന്ന മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോൽപ്പിച്ചിരുന്നു. ഡിബാല, അഗ്യൂറോ എന്നിവർ നേടിയ ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. റഫറിയിൽ നിന്നും നിരവധി വിവാദപരമായ തീരുമാനങ്ങൾ പിറന്ന മത്സരത്തിൽ ലയണൽ മെസ്സിയടക്കം രണ്ടു പേര് ചുവപ്പ് കാർഡ് കണ്ടു പുറത്തായിരുന്നു.

മല്സരത്തിട്നെ 37ആം മിനിറ്റിൽ ചിലിയുടെ ഗാരി മെഡലിനോടൊപ്പം വാക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെട്ടതിനാണ് റഫറി മെസ്സിക്കും ഗാരി മെഡലിനും ചുവപ്പ് കാർഡ് നൽകിയത്. ലയണൽ മെസ്സിയുടെ സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ് കാർഡാണിത്. 2005ൽ തന്റെ അർജന്റീനയിലെ അരങ്ങേറ്റ മത്സരത്തിൽ ഹങ്കറിക്കെതിർ കളത്തിൽ ഇറങ്ങി രണ്ടാം മിനിറ്റിൽ തന്നെ ചുവപ്പ് കാർഡ് വാങ്ങിയതായിരുന്നു മെസ്സിയുടെ ഇതിന് മുൻപുള്ള ഏക ചുവപ്പ് കാർഡ്. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ മെസ്സി ഇതുവരെ ഒരു ചുവപ്പ് കാർഡും നേടിയിട്ടില്ല.

Exit mobile version