ദക്ഷിണാഫ്രിക്കൻ ലീഗായ SA20: ലേലത്തിൽ 13 ഇന്ത്യൻ താരങ്ങൾ


ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ലീഗായ SA20-യുടെ നാലാം സീസണിനായുള്ള ലേലത്തിൽ 13 ഇന്ത്യൻ കളിക്കാർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോ അല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ്, ഐപിഎൽ എന്നിവയിൽ നിന്നുള്ള കളിക്കാനുള്ള അവകാശം ഉപേക്ഷിച്ചവരോ ആയ താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ബിസിസിഐ നിയമപ്രകാരമാണ് ഇവർക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.


മുതിർന്ന താരങ്ങളായ പീയുഷ് ചൗളയും സിദ്ധാർത്ഥ് കൗളും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 784 കളിക്കാരാണ് സെപ്റ്റംബർ 9-ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വൻ താരനിരയും ലേലത്തിൽ അണിനിരക്കും.


ഈ വർഷം എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ചൗളയുടെ അടിസ്ഥാന വില 1,000,000 റാൻഡ് ആണ്. കൗളും അങ്കിത് രാജ്പുത്തും ഉൾപ്പെടെയുള്ള മറ്റ് താരങ്ങളുടെ അടിസ്ഥാന വില 200,000 റാൻഡ് ആണ്. യുപിസിഎയിൽ നിന്നുള്ള ഇമ്രാൻ ഖാൻ മാത്രമാണ് 500,000 റാൻഡ് അടിസ്ഥാന വിലയുള്ള മറ്റൊരു ഇന്ത്യൻ താരം. ആകെ 7.4 മില്യൺ യുഎസ് ഡോളർ പഴ്സ് മണിയുമായി 84 ഒഴിവുകളാണ് ഫ്രാഞ്ചൈസികൾക്ക് നികത്താനുള്ളത്.
ദിനേശ് കാർത്തിക് നേരത്തെ പാൾ റോയൽസിനായി കളിച്ചിരുന്നു.

40 പാകിസ്താനി കളിക്കാരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ ടീമിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളായിട്ടും പാകിസ്താനി കളിക്കാരെ ആരും ഇതുവരെയും വാങ്ങിയിട്ടില്ല. 150-ൽ അധികം ഇംഗ്ലീഷ് കളിക്കാരും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ:

  • ​മഹേഷ് അഹിർ (ഗുജറാത്ത്)
  • ​സരൂൽ കൻവർ (പഞ്ചാബ്)
  • ​അനുരീത് സിംഗ് കത്തൂരിയ (ഡൽഹി)
  • ​നിഖിൽ ജാഗ (രാജസ്ഥാൻ)
  • ​മുഹമ്മദ് ഫൈദ് (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​കെ.എസ്. നവീൻ (തമിഴ്നാട്)
  • ​അൻസാരി മരൂഫ് (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​ഇമ്രാൻ ഖാൻ (യുപിസിഎ)
  • ​വെങ്കിടേഷ് ഗാലിപ്പള്ളി (സംസ്ഥാനം വ്യക്തമാക്കിയിട്ടില്ല)
  • ​അതുൽ യാദവ് (യുപിസിഎ)
  • പിയൂഷ് ചൗള
  • സിദ്ധാർത്ഥ് കൗൾ
  • അങ്കിത് രാജ്പുത്

പീയൂഷ് ചൗള ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


ഇന്ത്യയുടെ വെറ്ററൻ ലെഗ് സ്പിന്നറും രണ്ട് തവണ ലോകകപ്പ് ജേതാവുമായ പീയൂഷ് ചൗള 36-ാം വയസ്സിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് ഇതോടെ വിരാമമായത്.


മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും ഏഴ് ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ചൗള 43 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2007-ലെ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്ന ചുരുക്കം ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം.


ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഫ്രാഞ്ചൈസികൾക്കായി കളിച്ച ചൗള ഒരു ഐക്കൺ താരമായി മാറി. 192 വിക്കറ്റുകളോടെ ടൂർണമെന്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ നാലാം സ്ഥാനത്താണ് അദ്ദേഹം.


മുംബൈ ബൗളര്‍മാരെ തച്ച് തകര്‍ത്ത് പൂരന്‍, അര്‍ദ്ധ ശതകവുമായി രാഹുലും, ലക്നൗവിന് 214 റൺസ്

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടി. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്‍മ്മയും കസറി, പഞ്ചാബിന് കൂറ്റന്‍ സ്കോര്‍

മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കം പിഴച്ചുവെങ്കിലും മികച്ച സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ലിയാം – ജിതേഷ് എന്നിവരുടെ മികവുറ്റ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് കിംഗ്സിനെ 214/3 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്.

പ്രഭ്സിമ്രാന്‍ സിംഗിനെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം ശിഖര്‍ ധവാനും(30) മാത്യു ഷോര്‍ട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടിയപ്പോള്‍ പിയൂഷ് ചൗള ധവാനെ പുറത്താക്കുകയായിരുന്നു.

ലിവിംഗ്സ്റ്റണും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് 33 റൺസ് നേടിയപ്പോള്‍ 27 റൺസ് നേടിയ ഷോര്‍ട്ടും പിയൂഷ് ചൗളയുടെ ഇരയായി മടങ്ങി. 11.2 ഓവറിൽ 95/3 എന്ന നിലയിലായിരുന്ന പഞ്ചാബിനെ പിന്നീട് ലിവിംഗ്സ്റ്റൺ – ജിതേഷ് ശര്‍മ്മ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ലിയാം ലിവിംഗ്റ്റണും ജിതേഷ് ശര്‍മ്മയും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബ് 15 ഓവറിൽ 145/3 എന്ന നിലയിലേക്ക് എത്തി. തുടര്‍ന്നും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്ത കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ജോഫ്ര എറിഞ്ഞ 19ാം ഓവറിൽ മൂന്ന് സിക്സുകളാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്. ഓവറിൽ നിന്ന് 27 റൺസ് വന്നപ്പോള്‍ പ‍ഞ്ചാബിന്റെ സ്കോര്‍ 200 കടന്നു.

ആകാശ് മാധ്വാൽ എറിഞ്ഞ അവസാന ഓവറിൽ വലിയ സ്കോര്‍ നേടുവാന്‍ പഞ്ചാബിനായില്ലെങ്കിലും 9 റൺസ് പിറന്നപ്പോള്‍ പഞ്ചാബ് 214/3 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ലിവിംഗ്സ്റ്റൺ – ജിതേഷ് കൂട്ടുകെട്ട് നേടിയത്.

ലിയാം 42 പന്തിൽ 82 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 27 പന്തിൽ 49 റൺസ് നേടി.

അവസാന അഞ്ചോവറിൽ 96 റൺസ്!!! വാങ്കഡേയിൽ മുംബൈ ബൗളിംഗിനെ തച്ചുടച്ച് പഞ്ചാബ്, 214 റൺസ്

മുംബൈയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 214 എന്ന മികച്ച സ്കോറാണ് നേടിയത്. അവസാന അഞ്ചോവറിൽ നിന്ന് 96 റൺസാണ് പഞ്ചാബ് നേടിയത്

മാത്യു ഷോര്‍ട്ടിനെ തുടക്കത്തിൽ നഷ്ടമായ ശേഷം പ്രഭ്സിമ്രാന്‍ സിംഗ് – അഥര്‍വ തൈഡേ കൂട്ടുകെട്ട് 47 റൺസ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് മികച്ചൊരു പവര്‍പ്ലേ നേടിക്കൊടുക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍(26) പുറത്താകുമ്പോള്‍ 6.4 ഓവറിൽ 65 റൺസായിരുന്നു പഞ്ചാബ് നേടിയത്. ഷോര്‍ട്ടിനെ ഗ്രീനും പ്രഭ്സിമ്രാനെ അര്‍ജ്ജുന്‍ ടെണ്ടുൽക്കറുമാണ് പുറത്താക്കിയത്.

ലിയാം ലിവിംഗ്സ്റ്റണിനെയും അഥര്‍വ തൈഡേയെയും(29) ഒരേ ഓവറിൽ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ പഞ്ചാബ് 83/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഹര്‍പ്രീത് സിംഗ് ഭാട്ടിയയും സാം കറനും ചേര്‍ന്ന് മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 92 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ എറിഞ്ഞ 16ാം ഓവറിൽ സാം കറനും ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ചേര്‍ന്ന് 31 റൺസാണ് നേടിയത്.

സാം കറന്‍ ഗ്രീ‍ന്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിലെ നാലാം പന്തിൽ 28 പന്തിൽ 41 റൺസ് നേടിയ ഭാട്ടിയയെ ഗ്രീന്‍ പുറത്താക്കുകയായിരുന്നു. പകരം എത്തിയ ജിതേഷ് ശര്‍മ്മ അവസാന രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്.

സാം കറന്‍ 26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരം 29 പന്തിൽ നിന്ന് 55 റൺസ് നേടി ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നൽകി മടങ്ങി.  ജിതേഷ് ശര്‍മ്മ അവസാന ഓവറിൽ രണ്ട് സിക്സ് നേടിയപ്പോള്‍ 7 പന്തിൽ 25 റൺസ് നേടി പുറത്തായി. ജേസൺ ബെഹ്രെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്.

പിയൂഷ് ചൗള മുംബൈയിലേക്ക്, അമിത് മിശ്രയെ സ്വന്തമാക്കി ലക്നൗ, മയാംഗ് ഡാഗറിനെ 1.80 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ്

ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍മാരായ പിയൂഷ് ചൗളയെയും അമിത് മിശ്രയെയും സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സും ലക്നൗ സൂപ്പര്‍ ജയന്റ്സും. 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് പിയൂഷ് ചൗളയെ മുംബൈയെും അമിത് മിശ്രയെ ലക്നൗ സൂപ്പര്‍ ജയന്റ്സും സ്വന്തമാക്കിയത്.

ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ 40 ലക്ഷത്തിന് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ മനോജ് ഭണ്ടാഗേയെ 20 ലക്ഷത്തിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. മയാംഗ് ഡാഗറിനായി സൺറൈസേഴ്സും രാജസ്ഥാനും രംഗത്തെത്തിയപ്പോള്‍ താരത്തെ 1.80 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കുകയായിരുന്നു.

പിയൂഷ് ചൗളയുടെ പരിചയസമ്പത്ത് വിലമതിക്കാനാകാത്തത് – സഹീര്‍ ഖാന്‍

2.4 കോടി രൂപയ്ക്കാണ് ഐപിഎല്‍ 2021 ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് പിയൂഷ് ചൗളയെ സ്വന്തമാക്കിയത്. താരത്തിനെ മുംബൈ വാങ്ങിയത് താരത്തിന്റെ പരിചയസമ്പത്ത് പരിഗണിച്ചാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ കോച്ചിംഗ് സംഘത്തിന്റെ ഭാഗമായ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്.

പിയൂഷ് ചൗള 2008ല്‍ പഞ്ചാബ് കിംഗ്സ്(അന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ്) സംഘത്തിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2013 വരെ ടീമിനൊപ്പം തുടര്‍ന്ന പിയൂഷ് പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുകയും അവിടെ കിരീടം നേടുകയും ചെയ്തു. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

7 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമാണ് 2020 ഐപിഎലില്‍ താരം നേടിയത്. തുടര്‍ന്ന് താരത്തെ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. ഇത്രയും കോടി രൂപ കൊടുത്ത് പിയൂഷിനെ സ്വന്തമാക്കിയതിന് മുംബൈയുടെ തീരുമാനം പാളിയെന്ന് പലരും അഭിപ്രായപ്പെട്ടുവെങ്കിലും മുംബൈ ഇന്ത്യന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കൂടിയായ സഹീര്‍ പറയുന്നത് ടീമിലെ യുവ താരങ്ങള്‍ക്ക് പിയൂഷില്‍ നിന്ന് ഏറെക്കാര്യങ്ങള്‍ പഠിക്കാനാകുമെന്നാണ്.

182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയപ്പോള്‍ ആന്ധ്ര 41.2 ഓവറില്‍ 182 റണ്‍സിന് ഓള്‍ഔട്ട് ആയി.

അര്‍സന്‍ നാലും പിയൂഷ് ചൗള മൂന്ന് വിക്കറ്റുമാണ് ഗുജറാത്തിന് വേണ്ടി നേടിയത്. ആന്ധ്രയ്ക്ക് വേണ്ടി റിക്കി ഭുയി 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നരേന്‍ റെഡ്ഡി(28), ഷൊയ്ബ് മുഹമ്മദ് ഖാന്‍(23), കെവി ശശികാന്ത്(25) എന്നിവര്‍ ചേര്‍ന്നാണ് തോല്‍വിയുടെ ഭാരം കുറച്ചത്.

ഡല്‍ഹി ഓപ്പണര്‍മാരുടെ മികവിന് ശേഷം ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവ്

പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 87 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോര്‍ 175/3 എന്ന നിലയില്‍ അവസാനിച്ചു.

ഒരു ഘട്ടത്തില്‍ 200നടുത്തേക്ക് സ്കോര്‍ എത്തുമെന്ന് കരുതിയെങ്കിലും പിയൂഷ് ചൗളയുടെ വിക്കറ്റുകള്‍ ആണ് കളിയുടെ ഗതി മാറ്റിയത്. 25 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ഋഷഭ് പന്തും ശ്രദ്ധേയമായ ഇന്നിംഗ്സ് പുറത്തെടുത്തു.

94 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പിയൂഷ് ചൗള ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 103/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് നേടിയെങ്കിലും ഡല്‍ഹി ഇന്നിംഗ്സിന് വേണ്ടത്ര വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 26 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ 19ാം ഓവറില്‍ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

 

ഡല്‍ഹി ഓപ്പണര്‍മാരെ പുറത്താക്കി ചെന്നൈയ്ക്ക് ആശ്വാസമായി പിയൂഷ് ചൗള

പവര്‍പ്ലേയില്‍ പേസര്‍മാര്‍ നല്‍കിയ ആനുകൂല്യം ചെന്നൈ സ്പിന്നര്‍മാര്‍ കൈമോശം വരുത്തിയെങ്കിലും ഡല്‍ഹി ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും പുറത്താക്കി പിയൂഷ് ചൗള. 94 റണ്‍സ് കൂട്ടുകെട്ടുമായി കുതിയ്ക്കുകയായിരുന്ന ഡല്‍ഹി ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ പിയൂഷ് ചൗള തകര്‍ത്തത് ശിഖര്‍ ധവാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയായിരുന്നു. 27 പന്തില്‍ നിന്ന് 35 റണ്‍സാണ് ധവാന്‍ നേടിയത്.

അധികം വൈകാതെ പൃഥ്വി ഷായെയും പുറത്താക്കി പിയൂഷ് ചൗള മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. 43 പന്തില്‍ നിന്ന് 64 റണ്‍സാണ് പൃഥ്വി ഷാ നേടിയത്.

തന്റെ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് പിയൂഷ് ചൗള ഇരു വിക്കറ്റുകളും നേടിയത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ഡല്‍ഹി നേടിയിട്ടുള്ളത്.

ഐ.പി.എൽ വിക്കറ്റുകളുടെ എണ്ണത്തിൽ ഹർഭജനെ മറികടന്ന് പിയുഷ് ചൗള

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളർ പിയുഷ് ചൗള മൂന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ആദ്യ ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്ത്തിയാണ് ചൗള വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

150 വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ്ങിനെയാണ് ചൗള മറികടന്നത്. രോഹിത് ശർമ്മയുടെ വിക്കറ്റ് നേടിയതോടെ പിയുഷ് ചൗള ഐ.പി.എല്ലിൽ 151 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 157 വിക്കറ്റുകൾ വീഴ്ത്തിയ അമിത് മിശ്രയും 170 വിക്കറ്റുകൾ വീഴ്ത്തിയ മലിംഗയുമാണ് ചൗളക്ക് മുൻപിലുള്ളത്. നേരത്തെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഹർഭജൻ സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിട്ടുനിന്നിരുന്നു.

മികച്ച തുടക്കത്തിന് ശേഷം പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടമായി മുംബൈ

ഐപിഎലിന്റെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കം നേടി മുംബൈ ഇന്ത്യന്‍സ്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് പോകാമെന്ന മുംബൈ മോഹങ്ങള്‍ക്ക് പിയൂഷ് ചൗളയാണ് വിലങ്ങ് തടിയായത്. 16 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗില്‍ അടിച്ച് തകര്‍ത്തത് നാലോവറില്‍ 45 റണ്‍സാണ് നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം ലുംഗിസാനി ഗിഡിയെയാണ് ഡി കോക്ക് കടന്നാക്രമിച്ചത്. ലുംഗി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലും താരത്തിന്റെ ആദ്യ ഓവറില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 18 റണ്‍സാണ് ഡി കോക്ക് നേടിയത്. രോഹിത് ശര്‍മ്മ പത്ത് പന്തില്‍ നിന്ന് 12 റണ്‍സ് നേടി പിയൂഷിന് വിക്കറ്റ് നല്‍കി മടങ്ങി.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ കറന്‍ 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഡി കോക്കിനെയും മുംബൈയ്ക്ക് നഷ്ടമായി. ഷെയിന്‍ വാട്സണ്‍ ആണ് ക്യാച്ച് സ്വന്തമാക്കിയത്. ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ മുംബൈ 51 റണ്‍സാണ് നേടിയിട്ടുള്ളത്.

Exit mobile version