Punjabkings

അവസാന അഞ്ചോവറിൽ 96 റൺസ്!!! വാങ്കഡേയിൽ മുംബൈ ബൗളിംഗിനെ തച്ചുടച്ച് പഞ്ചാബ്, 214 റൺസ്

മുംബൈയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 214 എന്ന മികച്ച സ്കോറാണ് നേടിയത്. അവസാന അഞ്ചോവറിൽ നിന്ന് 96 റൺസാണ് പഞ്ചാബ് നേടിയത്

മാത്യു ഷോര്‍ട്ടിനെ തുടക്കത്തിൽ നഷ്ടമായ ശേഷം പ്രഭ്സിമ്രാന്‍ സിംഗ് – അഥര്‍വ തൈഡേ കൂട്ടുകെട്ട് 47 റൺസ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് മികച്ചൊരു പവര്‍പ്ലേ നേടിക്കൊടുക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍(26) പുറത്താകുമ്പോള്‍ 6.4 ഓവറിൽ 65 റൺസായിരുന്നു പഞ്ചാബ് നേടിയത്. ഷോര്‍ട്ടിനെ ഗ്രീനും പ്രഭ്സിമ്രാനെ അര്‍ജ്ജുന്‍ ടെണ്ടുൽക്കറുമാണ് പുറത്താക്കിയത്.

ലിയാം ലിവിംഗ്സ്റ്റണിനെയും അഥര്‍വ തൈഡേയെയും(29) ഒരേ ഓവറിൽ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ പഞ്ചാബ് 83/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഹര്‍പ്രീത് സിംഗ് ഭാട്ടിയയും സാം കറനും ചേര്‍ന്ന് മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 92 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ എറിഞ്ഞ 16ാം ഓവറിൽ സാം കറനും ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ചേര്‍ന്ന് 31 റൺസാണ് നേടിയത്.

സാം കറന്‍ ഗ്രീ‍ന്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിലെ നാലാം പന്തിൽ 28 പന്തിൽ 41 റൺസ് നേടിയ ഭാട്ടിയയെ ഗ്രീന്‍ പുറത്താക്കുകയായിരുന്നു. പകരം എത്തിയ ജിതേഷ് ശര്‍മ്മ അവസാന രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്.

സാം കറന്‍ 26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരം 29 പന്തിൽ നിന്ന് 55 റൺസ് നേടി ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നൽകി മടങ്ങി.  ജിതേഷ് ശര്‍മ്മ അവസാന ഓവറിൽ രണ്ട് സിക്സ് നേടിയപ്പോള്‍ 7 പന്തിൽ 25 റൺസ് നേടി പുറത്തായി. ജേസൺ ബെഹ്രെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്.

Exit mobile version