അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ നേടിയ അര്‍ദ്ധ ശതകത്തിന്റെയും അലെക്സ് കാറെയുടെ ചെറുത്ത് നില്പിന്റെയും ബലമായി ഓസ്ട്രേലിയ 79/5 എന്ന നിലയില്‍ നിന്ന് 288 എന്ന സ്കോറിലേക്ക് ഉയരുകയായിരുന്നു. കോള്‍ട്ടര്‍-നൈല്‍ എത്തിയ ശേഷമാണ് ഓസ്ട്രേലിയയുടെ സ്കോറിംഗിനു വേഗത കൂടിയത്. 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്തായ കോള്‍ട്ടര്‍-നൈലിന്റെ ഇന്നിംഗ്സാണ് മത്സരഗതിയെ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 8 ഫോറും 4 സിക്സുമാണ് കോള്‍ട്ടര്‍-നൈല്‍ നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 38/4 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആദ്യം ആരംഭിച്ചത്. 41 റണ്‍സ് നേടി കൂട്ടുകെട്ടിനെ മുന്നോട്ട് നയിക്കവെ സ്റ്റോയിനിസിനെ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ പുറത്താക്കി 19 റണ്‍സാണ് താരം നേടിയത്. പിന്നീട് ഓസ്ട്രേലിയയെ 67 റണ്‍സുമായി ആറാം വിക്കറ്റില്‍ സ്മിത്ത്-കാറെ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

45 റണ്‍സ് നേടിയ കാറെയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ നഥാന്‍ കോള്‍ട്ര്‍ നൈല്‍ സ്മിത്തിനു മികച്ച പിന്തുണ നല്‍കി. കോള്‍ട്ടര്‍-നൈല്‍ അതിവേഗം സ്കോറിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടുക കൂടി ചെയ്തപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങി.

73 റണ്‍സ് നേടി സ്മിത്തിനെ പുറത്താക്കി ഒഷെയ്‍ന്‍ തോമസ് ആണ് ഓസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 103 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. 49 ഓവറില്‍ 288 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കാണികളുടെ പെരുമാറ്റം പ്രതീക്ഷിച്ചത്, അവ നേരിടുവാന്‍ തയ്യാറെടുത്ത് തന്നെയാണ് എത്തിയത്

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് എത്തിയ ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ടിലെ കാണികള്‍ വരവേറ്റത്ത് കൂകി വിളികളോടു കൂടിയാണ്. സന്നാഹ മത്സരത്തില്‍ ഇവയെ മറികടന്ന് സ്മിത്ത് ശതകം നേടിയപ്പോള്‍ ഇന്നലെ ബ്രിസ്റ്റോളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള നിയോഗം വാര്‍ണര്‍ക്കായിരുന്നു. താരം ഇന്നലെ പുറത്താകാതെ 89 റണ്‍സ് നേടിയാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

തന്റെ പതിവ് ശൈലിയില്‍ അല്ലെങ്കിലും നിര്‍ണ്ണായക പ്രകടനമാണ് വാര്‍ണര്‍ ഇന്നലെ പുറത്തെടുത്തത്. ഇന്നലെയും പ്രതീക്ഷിച്ച പെരുമാറ്റം തന്നെയാണ് കാണികളില്‍ നിന്ന് നേരിട്ടത്. ബ്രിസ്ബെയിനിലെ ക്യാമ്പില്‍ തന്നെ ഇതിനെക്കുറിച്ച് തങ്ങള്‍ വിശദീകരിച്ചുവെന്ന് ഓരോരുത്തരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ വെളിപ്പെടുത്തിയത്. ഈ പെരുമാറ്റത്തെ എങ്ങനെ നേരിടുമെന്നും എങ്ങനെ പ്രതികരിക്കുമെന്നു ടീം കൂട്ടായി ചര്‍ച്ച ചെയ്തതാണെന്നാണ് ഓസ്ട്രേലിയന്‍ താരം ആഡം സംപയും പറയുന്നത്.

ഇംഗ്ലണ്ടില്‍ സാധാരണ വരുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാവുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. സ്ക്വാഡിലെ ഓരോരുത്തുരും ഇതിനു വേണ്ടി തയ്യാറെടുപ്പ് നടത്തിയെന്നും കോള്‍ട്ടര്‍-നൈല്‍ വ്യക്തമാക്കി.

രണ്ട് താരങ്ങള്‍ ശതകം നേടിയിട്ടും പാക്കിസ്ഥാന് ജയമില്ല, ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

278 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 6 റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പരയിലെ നാലാം മത്സരത്തിലും അടിയറവ് പറഞ്ഞു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 98 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(62), അലെക്സ് കാറെ(55) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ ആബിദ് അലിയും മുഹമ്മദ് റിസ്വാനും ശതകങ്ങള്‍ നേടിയെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നത് ടീമിനു തിരിച്ചടിയായി.

218/2 എന്ന നിലയില്‍ നിന്നാരംഭിച്ച തകര്‍ച്ച 271/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. 112 റണ്‍സ് നേടിയ ആബിദ് അലി പുറത്തായതോടെയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് പതറിയത്. അവസാന ഓവറില്‍ 104 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെയും നഷ്ടമായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

17 റണ്‍സായിരുന്നു അവസാന ഓവറില്‍ പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. സ്റ്റോയിനിസ് എറിഞ്ഞ ഓവറില്‍ നിന്ന് 10 റണ്‍സെ ടീമിനു നേടാനായുള്ളു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ് 2 വിക്കറ്റും നേടി. 47ാം ഓവര്‍ വരെ മത്സരത്തില്‍ സജീവമായി നിന്ന ശേഷമാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്.

മൂവര്‍ സംഘത്തിനു ലോകകപ്പിനു മുമ്പുള്ള അവസാന അവസരങ്ങള്‍

പാറ്റ് കമ്മിന്‍സിനു വിശ്രമം നല്‍കുവാന്‍ ഓസ്ട്രേലിയ നിശ്ചയിച്ചതോടെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ പാക്കിസ്ഥാനെ കശക്കിയെറിയുവാനുള്ള ദൗത്യം വന്നെത്തിയിരിക്കുന്നത് നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നീ ബൗളര്‍മാര്‍ക്കുമേലാണ്. ഇവരില്‍ തിളങ്ങുന്നവര്‍ക്ക് ലോകകപ്പിനു സാധ്യതയുണ്ടെന്നതും അടുത്ത രണ്ട് മത്സരങ്ങളിലെ ഇവരുടെ പ്രകടനങ്ങള്‍ ഏറെ നിര്‍ണ്ണായകമാക്കി മാറ്റുന്നു.

പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹാസല്‍വുഡും ലോകകപ്പിനു യോഗ്യത നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്റ്റാര്‍ക്കും ഹാസല്‍വുഡും പരിക്ക് മൂലം ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ശതകവുമായി മുഹമ്മദ് റിസ്വാന്‍, പാക്കിസ്ഥാന് 284 റണ്‍സ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് 284 റണ്‍സ്. മുഹമ്മദ് റിസ്വാന്റെ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. ഷൊയ്ബ് മാലിക് 60 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 34 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്സണും നഥാന്‍ കോള്‍ട്ടര്‍-നൈലും രണ്ട് വിക്കറ്റ് നേടി.

5 ഓവര്‍ മാത്രം എറിഞ്ഞ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത് പോയത് ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. 5 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കിയ റിച്ചാര്‍ഡ്സണ്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കുകയായിരുന്നു.

രാഹുലിന്റെ മികച്ച തുടക്കത്തിനു ശേഷം ഇഴഞ്ഞ് നീങ്ങി ഇന്ത്യ, നേടിയത് 126 റണ്‍സ്

ഒരു ഘടത്തില്‍ 80/2 എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ആദ്യ ടി20യില്‍ 126 റണ്‍സ് മാത്രം നേടി ആതിഥേയര്‍. ഇന്ന് വിശാഖപട്ടണത്ത് കെഎല്‍ രാഹുല്‍ തന്റെ മികച്ച അര്‍ദ്ധ ശതകം നേടി തിളങ്ങിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് വരാത്തത് ടീമിനു തിരിച്ചടിയായി. രോഹിത് ശര്‍മ്മയെ വേഗത്തില്‍ നഷ്ടമായെങ്കിലും രാഹുലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

24 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയെ നഷ്ടമായ ശേഷം കോള്‍ട്ടര്‍നൈലിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ പ്രതിരോധത്തിലായത്. 36 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുലിനെ(50) ഉള്‍പ്പെടെ മൂന്ന് മധ്യ നിര വിക്കറ്റുകള്‍ വീഴ്ത്തി കോള്‍ട്ടര്‍-നൈല്‍ ഇന്ത്യയെ വെളളം കുടിപ്പിക്കുകയായിരുന്നു.

എംഎസ് ധോണി 29 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യ 20 ഓവറില്‍ നിന്ന് 126 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ മൂന്നും ആഡം സംപ, പാറ്റ് കമ്മിന്‍സ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അവസാന പത്ത് ഓവറില്‍ നിന്ന് ഇന്ത്യയ്ക്ക് 45 റണ്‍സ് മാത്രമാണ് നേടാനായത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 9ാം ഓവറിനു ശേഷം അവസാന ഓവറില്‍ ധോണി നേടിയ സിക്സ് മാത്രമാണ് ഈ ഓവറുകളില്‍ ഇന്ത്യ നേടിയ ബൗണ്ടറി.

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 155/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ക്ലിംഗര്‍ തന്റെ അവസാന മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 69 റണ്‍സ് നേടി ആഷ്ടണ്‍ ടര്‍ണറും 27 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ടീമിനായി തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ജോഷ് ഇംഗ്ലിസ് 26 റണ്‍സ് നേടി.

ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയെങ്കിലും ജയം നേടുവാന്‍ ടീമിനു സാധിച്ചില്ല. മാക്സ്വെല്‍ 40 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ സ്റ്റോയിനിസ് 49 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം വിക്കറ്റുകളുമായി പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. 20 ഓവര്‍ അവസാനിച്ചപ്പോള്‍ 155 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് നേടിയത്.

മൂന്ന് വീതം വിക്കറ്റുമായി മാത്യൂ കെല്ലിയും നഥാന്‍ കോള്‍ട്ടര്‍-നൈലുമാണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയവര്‍. ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് നേടി.

മുജീബ് മാന്‍ ഓഫ് ദി മാച്ച്, ബ്രിസ്ബെ‍യിനിനു ജയം

അഫ്ഗാന്‍ യുവ താരം മുജീബ് ഉര്‍ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ പിടിച്ചുകെട്ടിയ ബ്രിസ്ബെയിന്‍ ഹീറ്റിനു 5 വിക്കറ്റഅ ജയം. 20 ഓവറില്‍ നിന്ന് പെര്‍ത്ത് 135/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 18. ഓവറില്‍ 139/5 എന്ന സ്കോര്‍ നേടി ഹീറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. മുജീബ് തന്റെ 4 ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

ആഷ്ടണ്‍ ടര്‍ണറുടെ 30 പന്തില്‍ 47 റണ്‍സ് നേടിയ ഇന്നിംഗ്സാണ് പെര്‍ത്തിനെ 135 റണ്‍സിലേക്ക് നയിച്ചത്. മൈക്കല്‍ ക്ലിംഗര്‍(26), കാമറൂണ്‍ ബാന്‍ക്രോഫ്ട്(24) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ബെന്‍ കട്ടിംഗും രണ്ട് വിക്കറ്റ് നേടി.

32 റണ്‍സ് നേടിയ ക്രിസ് ലിന്‍ ആണ് ഹീറ്റിന്റെ ടോപ് സ്കോറര്‍. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്രിസ് ലിന്‍ നല്‍കിയ അടിത്തറയ്ക്കുമേല്‍ നിന്ന് ജോ ബേണ്‍സ്(20*) ബെന്‍ കട്ടിംഗ്(26*) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

അവസാന ടി20യില്‍ ഓസ്ട്രേലിയയ്ക്ക് കരുത്തേകുവാന്‍ സ്റ്റാര്‍ക്ക് എത്തുന്നു

ഇന്ത്യയ്ക്കെതിരെ അവസാന ടി20യില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ എത്തുന്നു. ബില്ലി സ്റ്റാന്‍ലേക്കിനു പകരക്കാരനെന്ന നിലയിലാണ് താരം ടീമിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം ടി20യില്‍ സ്റ്റാന്‍ലേക്ക് പകരം ടീമിലെത്തിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇതോടെ സിഡ്നിയില്‍ കളിക്കില്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

സ്റ്റാന്‍ലേക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെയാണ് ടീമിനു പുറത്ത് പോകുന്നത്. സ്റ്റാര്‍ക്ക് 2016ലാണ് അവസാനമായി അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സിഡ്നിയില്‍ നവംബര്‍ 25നു ആണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തുവാനാകുള്ളു.

ദുരിതം അവസാനിക്കാതെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 152 റണ്‍സിനു പുറത്ത്

പാക്കിസ്ഥാനെതിരെയുള്ള നാണക്കേടുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയോടെ തകര്‍ന്ന് ഓസ്ട്രേലിയ. ഇന്ന് ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 152 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38.1 ഓവറിലാണ് ഓസ്ട്രേലിയ പുറത്തായത്. 34 റണ്‍സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയത്. 33 റണ്‍സ് നേടിയ അലക്സ് കാറെയെയും ഒഴിച്ച് നിര്‍ത്തിയാല്‍ ഓസീസ് നിരയില്‍ ആര്‍ക്കും 20 റണ്‍സിനു മുകളില്‍ നേടാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്വായോ മൂന്നും ഡെയില്‍ സ്റ്റെയിന്‍ , ലുംഗിസാനി ഗിഡി, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ലഞ്ച് ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 ഓവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. ക്വിന്റണ്‍ ഡിക്കോക്ക്(19*), റീസ ഹെന്‍ഡ്രിക്സ്(3*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

വസീം വീണ്ടും, ഓസ്ട്രേലിയയ്ക്കെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 136/8 എന്ന സ്കോറിലേക്ക് മാത്രമേ ചേസ് ചെയ്ത് എത്തുവാനായുള്ളു. 4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഇമാദ് വസീം ആണ് കളിയിലെ താരം.

ഓസ്ട്രേലിയയ്ക്കായി ഗ്ലെന്‍ മാക്സ്വെല്‍ 37 പന്തില്‍ 52 റണ്‍സുമായി പൊരുതിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 17 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ മിച്ചല്‍ മാര്‍ഷ് 21 റണ്‍സ് നേടി. അനായാസ ലക്ഷ്യം കളഞ്ഞ് കുളിച്ചതിനു ബാറ്റ്സ്മാന്മാരെ മാത്രമേ ഓസ്ട്രേലിയയ്ക്ക് പഴി ചാരാനാകുള്ളു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയെങ്കിലും ഇമാദ് വസീമിന്റെ സ്പെല്ലാണ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(40) എന്നിവരാണ് തിളങ്ങിയത്. എന്നാലും ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കുവാന്‍ പാക് ബാറ്റ്സ്മാന്മാര്‍ക്കായിരുന്നില്ല. 10 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി ഫഹീം അഷ്റഫിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 147 റണ്‍സിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 3 വിക്കറ്റും ബില്ലി സ്റ്റാന്‍ലേക്ക് രണ്ട് വിക്കറ്റും നേടി.

ടി20യിലും ഓസ്ട്രേലിയന്‍ നാണക്കേട്

പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടില്‍ മുങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 155/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 89 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമാദ് വസീം മൂന്ന് വിക്കറ്റും ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയാണ് ഓസ്ട്രേലിയയെ 66റണ്‍സിന്റെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

34 റണ്‍സ് നേടിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് താരം പുറത്തായത്. 22 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയ 89 റണ്‍സിലേക്ക് എത്തിയത് കോള്‍ട്ടര്‍ നൈലും ആഷ്ടണ്‍ അഗറും(19) നടത്തിയ ചെറുത്ത് നില്പിന്റെ ഫലമായാണ്.

ബാബര്‍ അസം പുറത്താകാതെ നേടിയ 68 റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 155 റണ്‍സ് നേടിയത്. മുഹമ്മദ് ഹഫീസ് 39 റണ്‍സ് നേടി. 130/3 എന്ന നിലയില്‍ നിന്ന് 25 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റാണ് പാക്കിസ്ഥാനു നഷ്ടമായത്. ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി 3 വീതം വിക്കറ്റ് നേടി.

Exit mobile version