ബാബർ അസമിന്റെയും റിസ്വാന്റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്


ഏപ്രിൽ 22ന് പഹൽഗാമിൽ 25 വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സർക്കാർ ശക്തമായ ഡിജിറ്റൽ നടപടി തുടരുകയാണ്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയ പ്രമുഖ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ബാൻ ചെയ്തു.


ലഷ്കർ-ഇ-തൊയ്ബ ആസൂത്രണം ചെയ്ത ആക്രമണത്തിന് ശേഷം ഉയർന്നുവന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഒരു പ്രധാന കമാൻഡറായ ഫാറൂഖ് അഹമ്മദിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പറയപ്പെടുന്നു. പ്രകോപനപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി, വലിയ തോതിൽ ഇന്ത്യൻ കാഴ്ചക്കാരുള്ള പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരായ ഒരു വലിയ നടപടിയുടെ ഭാഗമായാണ് ഈ നിയന്ത്രണം എന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


നിലവിൽ ബാബറും റിസ്വാനും ഷഹീനും 2025 ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) യഥാക്രമം പെഷവാർ സൽമി, മുൾട്ടാൻ സുൽത്താൻസ്, ലാഹോർ ഖലന്ദർസ് ടീമുകൾക്കായി കളിക്കുകയാണ്.

പാകിസ്ഥാന്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും നേരത്തെ ഇന്ത്യയിൽ തടഞ്ഞിരുന്നു. കൂടാതെ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, ബാസിത് അലി തുടങ്ങിയ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ യൂട്യൂബ് ചാനലുകളും ഇന്ത്യയിൽ നിയന്ത്രിച്ചിട്ടുണ്ട്.

ടി20യിൽ ആങ്കര്‍ റോള്‍ കളിക്കുന്നതിനെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നാറുണ്ട് – റിസ്വാന്‍

ചില സമയത്ത് ടി20യിൽ ആങ്കര്‍ റോള്‍ കളിക്കുന്നതിനെക്കുറിച്ചോര്‍ത്ത് തനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം മൊഹമ്മദ് റിസ്വാന്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിനിടെയാണ് താരം റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചത്. തന്നോട് കോമില വിക്ടോറിയന്‍സ് ആങ്കര്‍ റോളിൽ കളിക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥന് വേണ്ടി താന്‍ കളിക്കുന്ന ശൈലിയിൽ തന്നെ കളിക്കണമെന്നാണ് തന്നെ എടുക്കുന്ന ഫ്രാഞ്ചൈസികളുടെ ആവശ്യമെന്നും റിസ്വാന്‍ പറഞ്ഞു.

ടി20യിൽ ആങ്കര്‍ റോള്‍ വളരെ പ്രയാസമുള്ള റോളാണെന്നും ടി20യിൽ ഏവര്‍ക്കും സിക്സുകള്‍ നേടുവാനാണ് താല്പര്യമെങ്കിലും തനിക്ക് ടീം വിജയിക്കണമെന്നതാണ് പ്രധാനമെന്നും റിസ്വാന്‍ കൂട്ടിചേര്‍ത്തു.

താന്‍ സാഹചര്യങ്ങളും എതിരാളികളും എല്ലാം നോക്കിയാണ് ഇന്നിംഗ്സ് പടുത്തുയര്‍ത്തുന്നതെന്നും ടീമിന്റെ ആവശ്യം അനുസരിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും റിസ്വാന്‍ വ്യക്തമാക്കി.

ശതകവുമായി തിളങ്ങി ഫകര്‍ സമന്‍, മികച്ച പിന്തുണയുമായി റിസ്വാനും

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 280 റൺസ് നേടി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ ഷാന്‍ മസൂദിനെയും ബാബര്‍ അസമിനെയും നഷ്ടമായ ശേഷം മൊഹമ്മദ് റിസ്വാന്‍ – ഫകര്‍ സമന്‍ കൂട്ടുകെട്ട് 154 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഇരുവരും ഏതാനും ഓവറുകളുടെ വ്യത്യാസത്തിൽ പുറത്തായത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. റിസ്വാന്‍ 77 റൺസ് നേടിയപ്പോള്‍ ഫകര്‍ സമന്‍ 101 റൺസ് നേടി റണ്ണൗട്ട് ആകുകയായിരുന്നു. അഗ സൽമാന്‍ 45 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി അവസാന ഓവറുകളിൽ പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 280 റൺസ് നേടിയത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ രണ്ട് വിക്കറ്റ് നേടി.

ഓപ്പണര്‍മാര്‍ തിളങ്ങി, പാക്കിസ്ഥാന്‍ ഫൈനലില്‍

ടി20 ലോകകപ്പ് സെമിയിൽ ന്യൂസിലാണ്ടിനെ 7 വിക്കറ്റുകള്‍ക്ക് തോല്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍. ഇന്ന് ഓപ്പണര്‍മാരായ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നൽകിയ മികച്ച തുടക്കത്തിന് ശേഷം 19.1 ഓവറിലാണ് ടീം 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.

റിസ്വാനും ബാബറും ചേര്‍ന്ന് മികച്ച തുടക്കം ആണ് പാക്കിസ്ഥാന് നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 55/0 എന്ന നിലയിലായിരുന്നു. റിസ്വാനും ബാബറും ചേര്‍ന്ന് 12.4 ഓവറിൽ 105 റൺസാണ് നേടിയത്. 42 പന്തിൽ 53 റൺസ് നേടിയ ബാബറിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി.

ലക്ഷ്യത്തിന് 21 റൺസ് അകലെ റിസ്വാനെയും ബോള്‍ട്ട് തന്നെ പുറത്താക്കുകയായിരുന്നു. 43 പന്തിൽ 57 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്തായ ശേഷം ഫെര്‍ഗൂസൺ എറിഞ്ഞ 18ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി മൊഹമ്മദ് ഹാരിസ് അവസാന ഓവറിലെ ലക്ഷ്യം വെറും 8 റൺസാക്കി മാറ്റി. ലക്ഷ്യത്തിന് രണ്ട് റൺസ് അകലെ വരെ ടീമിനെ എത്തിച്ചുവെങ്കിലും സാന്റനര്‍ ഹാരിസിനെ പുറത്താക്കി. 26 പന്തിൽ 30 റൺസാണ് ഹാരിസ് നേടിയത്.

 

ബാബറിന്റെ ഫോമില്ലായ്മ തുടരുന്നു, പാക്കിസ്ഥാന് ആദ്യ വിജയം സമ്മാനിച്ച് റിസ്വാന്‍

ടി20 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ 91 റൺസിന് നെതര്‍ലാണ്ട്സിനെ എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 13.5 ഓവറിലാണ് പാക്കിസ്ഥാന്‍ മറികടന്നത്.

മൊഹമ്മദ് റിസ്വാന്‍ 49 റൺസുമായി തിളങ്ങിയപ്പോള്‍ ബാബര്‍ അസം വീണ്ടും ചെറിയ സ്കോറിന് പുറത്തായി. ഫകര്‍ സമന്‍ 20 റൺസ് നേടി പുറത്താകുകയായിരുന്നു.

രക്ഷകന്‍ റിസ്വാന്‍ തന്നെ!!! പാക്കിസ്ഥാന് ബംഗ്ലാദേശിനെതിരെ 167 റൺസ്

ന്യൂസിലാണ്ടിൽ ബംഗ്ലാദേശിനെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാന് 167/5 എന്ന സ്കോര്‍ നേടിക്കടുത്ത് മൊഹമ്മദ് റിസ്വാന്‍. താരം 50 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഷാന്‍ മസൂദ് 31 റൺസും ബാബര്‍ അസം 22 റൺസും നേടി പുറത്തായി.

ഒന്നാം വിക്കറ്റിൽ 52 റൺസ് പാക് താരങ്ങള്‍ കൂട്ടിചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റിൽ ഷാന്‍ മസൂദുമായി 42 റൺസ് കൂടി റിസ്വാന്‍ നേടി. താരത്തിന് വേണ്ടത്ര പിന്തുണ വേറെ താരങ്ങളിൽ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ റിസ്വാന്‍ പുറത്താകാതെ നിന്നു.

ഒറ്റയാള്‍ പ്രകടനവുമായി റിസ്വാന്‍, ലാഹോറിൽ പാക്കിസ്ഥാന് 145 റൺസ്

മൊഹമ്മദ് റിസ്വാന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തിൽ 145 റൺസുമായി നേടി പാക്കിസ്ഥാന്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

എന്നാൽ ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ച റിസ്വാന്‍ പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. റിസ്വാന്‍ 46 പന്തിൽ 63 റൺസ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. റിസ്വാന്റെ വിക്കറ്റ് സാം കറന്‍ ആണ് നേടിയത്.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും ഡേവിഡ് വില്ലി, സാം കറന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

ഫോം തുടര്‍ന്ന് റിസ്വാന്‍, ഇംഗ്ലണ്ടിനെതിരെ 166 റൺസ് നേടി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെ കറാച്ചിയിലെ നാലാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന് 166 റൺസ്. 4 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

പതിവ് പോലെ ഓപ്പണര്‍മാരായ മൊഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 97 റൺസ് നേടിയപ്പോള്‍ ലിയാം ഡോസൺ 36 റൺസ് നേടിയ ബാബറിനെ പുറത്താക്കുകയായിരുന്നു.

റിസ്വാനും ഷാന്‍ മസൂദും പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ഇവര്‍ 52 റൺസാണ് നേടിയത്. ഷാന്‍ മസൂദ് 21 റൺസ് നേടി പുറത്തായപ്പോള്‍ റിസ്വാന്‍ അവസാന ഓവറിൽ 67 പന്തിൽ നിന്ന് 88 റൺസ് നേടി പുറത്തായി.

ഫോമിലായി ബാബര്‍, ഫോം തുടര്‍ന്ന് റിസ്വാന്‍, പാക്കിസ്ഥാന് വിജയം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ മിന്നും വിജയവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 200 എന്ന വിജയ ലക്ഷ്യം പാക്കിസ്ഥാന് നൽകിയപ്പോള്‍ ഓപ്പണര്‍മാരുടെ അഭേദ്യമായ കൂട്ടുകെട്ട് പാക്കിസ്ഥാനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാബര്‍ അസം 66 പന്തിൽ 110റൺസും മൊഹമ്മദ് റിസ്വാന്‍ 51 പന്തിൽ 88 റൺസും നേടിയാണ് പാക്കിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നേടിയത്. 19.3 ഓവറിൽ 203 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് പാക് വിജയം ഉറപ്പാക്കിയത്.

പത്തോവറിൽ 87 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ന്നും ഓപ്പണര്‍മാര്‍ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ 13ാം ഓവര്‍ എറിഞ്ഞ മോയിന്‍ അലിയെ ബാബര്‍ അസം രണ്ട് സിക്സും റിസ്വാന്‍ ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.

ആദിൽ റഷീദ് എറിഞ്ഞ 15ാം ഓവറിൽ രണ്ട് സിക്സ് അടക്കം 16 റൺസ് വന്നപ്പോള്‍ പാക്കിസ്ഥാന് അവസാന അഞ്ചോവറിൽ വെറും 49 റൺസ് മാത്രമായിരുന്നു വേണ്ടത്. പിന്നീടുള്ള ഓവറുകളിലും റൺ ഒഴുക്ക് തടയുവാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ പോയപ്പോള്‍ 18 പന്തിൽ വിജയ ലക്ഷ്യം 24 ആയി മാറി.

സാം കറന്‍ എറിഞ്ഞ 18ാം ഓവറിൽ വെറും നാല് റൺസ് മാത്രം പിറന്നപ്പോള്‍ 12 പന്തിൽ 20 എന്നായി ലക്ഷ്യം. 62 പന്തിൽ തന്റെ ശതകം തികച്ച ബാബറും റിസ്വാനും ക്രീസിൽ നിൽക്കുന്നതിനാൽ തന്നെ പാക് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം ഇല്ലായിരുന്നു.

ലൂക്ക് വുഡ് എറിഞ്ഞ 19ാം ഓവറിൽ ബാബറും റിസ്വാനും ഓരോ ഫോര്‍ നേടിയപ്പോള്‍ വുഡ് എക്സ്ട്രാസും എറിഞ്ഞ് പാക്കിസ്ഥാന്റെ ലക്ഷ്യം ചെറുതാക്കി കൊടുത്തു. ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ ജയത്തിനായി വെറും 3 റൺസ് മാത്രം പാക്കിസ്ഥാന്‍ നേടിയാൽ മതിയായിരുന്നു.

സൂര്യകുമാര്‍ യാദവ് ഇനി മൂന്നാമന്‍, ടി20 റാങ്കിംഗിൽ ഒന്നാമത് റിസ്വാന്‍

ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് സൂര്യകുമാര്‍ യാദവ്. ഒന്നാം സ്ഥാനത്ത് 825 റേറ്റിംഗ് പോയിന്റുമായി പാക്കിസ്ഥാന്റെ മൊഹമ്മദ് റിസ്വാന്‍ ആണ്. രണ്ടാം സ്ഥാനത്ത് 792 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം നിലകൊള്ളുന്നു.

780 റേറ്റിംഗ് പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവിനുള്ളത്. നാലാം സ്ഥാനത്ത് 771 പോയിന്റുമായി ബാബര്‍ അസവും 725 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ദാവിദ് മലന്‍ അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു.

ആരോൺ ഫിഞ്ച്, ഡെവൺ കോൺവേ, പതും നിസ്സങ്ക, മുഹമ്മദ് വസീം(യുഎഇ), റീസ ഹെന്‍ഡ്രിക്സ് എന്നിവരാണ് റാങ്കിംഗിൽ ആറ് മുതൽ പത്ത് സ്ഥാനത്തുള്ളത്.

ഏഷ്യ കപ്പിലെ ഫോം തുടര്‍ന്ന് റിസ്വാന്‍, ഇംഗ്ലണ്ടിനെതിരെ 158 റൺസ് നേടി പാക്കിസ്ഥാന്‍

കറാച്ചിയിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 158 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. മൊഹമ്മദ് റിസ്വാന്റെയും ബാബര്‍ അസമിന്റെയും ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നൽകിയ 85 റൺസ് തുടക്കത്തിന്റെ ബലത്തിൽ ആണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ബാബര്‍ 31 റൺസ് നേടി പുറത്തായപ്പോള്‍ തന്റെ മികച്ച ഫോം തുടര്‍ന്ന റിസ്വാന്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 46 പന്തിൽ 68 റൺസ് നേടിയ റിസ്വാന്‍ പുറത്താകുമ്പോള്‍ പാക്കിസ്ഥാന്‍ 117/3 എന്ന നിലയിലായിരുന്നു. പിന്നീട് അരങ്ങേറ്റക്കാരന്‍ ലൂക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന്റെ സ്കോര്‍ 158/7 എന്ന നിലയിൽ ഒതുങ്ങി. ഇഫ്തിക്കര്‍ അഹമ്മദ് 28 റൺസ് നേടി.

ലങ്ക ലങ്ക നീ ഒന്നാം നമ്പര്‍!!! ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിലംപരിശാക്കി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പ്

ഏഷ്യ കപ്പിന്റെ തുടക്കത്തിൽ ആര് കരുതി കിരീടം ശ്രീലങ്കയ്ക്കാകുമെന്ന്. എന്നാൽ ആദ്യ മത്സരത്തിലെ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റിൽ ഉടനീളം കണ്ടത്. പിന്നീട് ഒരു കളി പോലും തോല്‍ക്കാതെ ആണ് ഇന്ന് പാക്കിസ്ഥാനെതിരെ 23 റൺസ് നേടി വിജയം ഉറപ്പാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചത്.

58/5 എന്ന നിലയിലേക്ക് വീണ ശേഷം170/6 എന്ന സ്കോര്‍ നേടിയ ലങ്കയുടെ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബൗളര്‍മാരും എത്തിയപ്പോള്‍ പാക്കിസ്ഥാനെ 147 എന്ന സ്കോറിന് ഓള്‍ഔട്ട് ആക്കിയാണ് കിരീടം ലങ്ക സ്വന്തമാക്കിയത്.

ബാബര്‍ അസമും ഫകര്‍ സമനും പ്രമോദ് മധുഷന്റെ ഇരയായി പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 22/2 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് മുഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്.

71 റൺസ് കൂട്ടുകട്ട് തകര്‍ത്ത് പ്രമോദ് മധുഷന്‍ ശ്രീലങ്കയ്ക്ക് ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. 32 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദ് ആണ് പ്രമോദിന്റെ മൂന്നാം വിക്കറ്റായി മാറിയത്. മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. കരുണാരത്നേയെ ആ ഓവറിൽ സിക്സര്‍ പറത്തി 24 പന്തിൽ ലക്ഷ്യം 61 റൺസാക്കി റിസ്വാന്‍ മാറ്റി.

എന്നാൽ തൊട്ടടുത്ത ഓവറിൽ വനിന്‍ഡു ഹസരംഗ റിസ്വാന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ചു. 49 പന്തിൽ 55 റൺസായിരുന്നു റിസ്വാന്റെ സംഭാവന. അതേ ഓവറിൽ ആസിഫ് അലിയെയും ഹസരംഗ പുറത്താക്കി. ഖുഷ്ദിൽ ഷായുടെ വിക്കറ്റും ഹസരംഗ നേടിയപ്പോള്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

മഹീഷ് തീക്ഷണ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഷദബ് ഖാനെ പുറത്താക്കിയപ്പോള്‍ 12 പന്തിൽ 51 റൺസായിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. നസീം ഷായുടെ വിക്കറ്റ് പ്രമോദ് തന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ താരം 4 വിക്കറ്റാണ് തന്റെ സ്പെല്ലിൽ നേടിയത്. എന്നാൽ താരം ഓവറിൽ നിന്ന് 19 റൺസാണ് വഴങ്ങിയത്. ഇതോടെ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 6 പന്തിൽ 32 ആയി മാറി.

Exit mobile version