പാക് ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല, ഹോങ്കോംഗ് 38 റൺസിന് ഓള്‍ഔട്ട്, ടോപ് സ്കോറര്‍ ആയത് എക്സ്ട്രാസ്

ഇന്ത്യയ്ക്കെതിരെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യുവാന്‍ ഹോങ്കോംഗിന് സാധിച്ചുവെങ്കിലും പാക്കിസ്ഥാനെതിരെ അത് സാധിച്ചില്ല. ടീം 10.4 ഓവറിൽ 38 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 155 റൺസിന്റെ കൂറ്റന്‍ ജയം ആണ് പാക്കിസ്ഥാന്‍ ഇന്ന് നേടിയത്.

ഷദബ് ഖാന്‍ നാലും മുഹമ്മദ് നവാസ് 3 വിക്കറ്റും നേടിയാണ് ഹോങ്കോംഗിനെ ചുരുട്ടിക്കെട്ടിയത്. നസീം ഷായ്ക്ക് 2 വിക്കറ്റ് ലഭിച്ചു. ഹോങ്കോംഗ് നിരയിൽ ഒരാള്‍ക്ക് പോലും രണ്ടക്ക സ്കോര്‍ നേടാനായില്ല. 10 റൺസ് നേടിയ എക്സ്ട്രാസ് ആണ് ടോപ് സ്കോറര്‍.

10-15 റൺസ് അധികം വേണമായിരുന്നു – ബാബര്‍ അസം

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിൽ 10-15 റൺസ് അധികം ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബൗളിംഗിൽ മികച്ച രീതിയിലാണ് പാക്കിസ്ഥാന്‍ തുടങ്ങിയതെന്നും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിച്ചുവെങ്കിലും ഹാര്‍ദ്ദിക് മത്സരം മികച്ച രീതിയിൽ അവസാനിപ്പിച്ചുവെന്ന് ബാബര്‍ അസം വ്യക്തമാക്കി.

നസീം ഷാ തന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച ആക്രമോത്സുകതയോടെയാണ് പന്തെറിഞ്ഞതെന്നും ബാബര്‍ കൂട്ടിചേര്‍ത്തു. പാക്കിസ്ഥാന്‍ വാലറ്റത്തിന്റെ സംഭാവനകള്‍ നിര്‍ണ്ണായകമായിരുന്നുവെന്നും ബാബര്‍ അസം പറഞ്ഞു.

ത്രില്ലറിൽ വിജയം ഇന്ത്യയ്ക്ക്, വിജയ ശില്പിയായി ജഡേജയും ഹാര്‍ദ്ദിക്കും

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മുഴുവന്‍ വന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഇന്ത്യ. 2 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സര്‍ ആണ്. ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്.

കെഎൽ രാഹുലിനെ ആദ്യ ഓവറിൽ പുറത്താക്കി നസീം ഷാ തന്റെ അരങ്ങേറ്റ ടി20 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് 49 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

50/1 എന്ന നിലയിൽ നിന്ന് 53/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ മുഹമ്മദ് നവാസ് ആണ് ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്. രോഹിത് 12 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലിയും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി.

വിരാട് കോഹ്‍ലി 35 റൺസ് നേടി പുറത്തായപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസായിരുന്നു ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 36 റൺസ് നേടിയെങ്കിലും നസീം ഷാ മടങ്ങിയെത്തി 18 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി.

അവസാന അഞ്ചോവറിൽ ഇന്ത്യ 51 റൺസായിരുന്നു നേടേണ്ടിയിരുന്നത്. അവിടെ നിന്ന് ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും കൂടി മത്സരം 18 പന്തിൽ 32 റൺസാക്കി മാറ്റി. നസീം ഷാ എറിഞ്ഞ തന്റെ നാലാം ഓവറിൽ ഒരു സിക്സ് അടക്കം 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തിൽ 21 റൺസായി മാറി.

ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ 3 ഫോര്‍ അടിച്ചപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ 7 റൺസ് മാത്രമായി ഇന്ത്യയുടെ വിജയ ലക്ഷ്യം. മുഹമ്മദ് നവാസ് അവസാന ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും മാറി മറിയുമെന്ന നിലയിലേക്കായി. 35 റൺസാണ് ജഡേജ നേടിയത്. 29 പന്തിൽ നിന്ന് 52 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

17 പന്തിൽ 33 റൺസുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഒരുക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നവാസ് മൂന്നും നസീം ഷാ 2 വിക്കറ്റും നേടി.

ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി.

പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇന്ന് അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ ഇരുവരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

നന്ദി നസീം ഷായ്ക്ക് – ബാബര്‍ അസം

പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ലീഡ് 4 റൺസാക്കി കുറയ്ക്കുവാന്‍ സഹായിച്ചതിന് വാലറ്റക്കാര്‍ക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പ്രത്യേകിച്ച് നസീം ഷായുടെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അസം വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞ് 222 റൺസിന് എതിരാളികളെ ഒതുക്കിയെങ്കിലും പാക്കിസ്ഥാന്‍ തകരുകയായിരുന്നു. ബാബര്‍ അസം – നസീം ഷാ അവസാന വിക്കറ്റഅ കൂട്ടുകെട്ടിൽ താരം 52 പന്തുകള്‍ നേരിട്ട് അഞ്ച് റൺസാണ് നേടിയത്. 70 റൺസാണ് അവസാന വിക്കറ്റിൽ ബാബര്‍ അസം ഷായെ കൂട്ടുപിടിച്ച് നേടിയത്.

85/7 എന്ന നിലയിൽ നിന്ന് യസീര്‍ ഷാ, ഹസന്‍ അലി എന്നിവരും പാക്കിസ്ഥാന് വേണ്ടി ബാബറിന് പിന്തുണ നൽകി. താരം 119 റൺസ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്.

രണ്ടാം സെഷനിൽ പാക്കിസ്ഥാന്റെ അതിശക്തമായ തിരിച്ചുവരവ്

ലാഹോറിൽ ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ ഔട്ട് ആക്കി പാക്കിസ്ഥാന്‍. ലഞ്ചിന് ശേഷം 341/5 എന്ന നിലയിൽ നിന്ന് അവശേഷിക്കുന്ന 5 വിക്കറ്റുകള്‍ 50 റൺസ് നേടുന്നതിനിടെ ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

67 റൺസ് നേടി അലക്സ് കാറെയെ നൗമന്‍ അലി പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഷഹീന്‍ അഫ്രീദിയും നസീം ഷായും ചേര്‍ന്ന് ഓസ്ട്രേലിയന്‍ വാലറ്റത്തെ എറിഞ്ഞിട്ടു. ഗ്രീന്‍ 79 റൺസ് നേടി.

നാല് വീതം വിക്കറ്റാണ് ഷഹീന്‍ അഫ്രീദിയും നസീം ഷായും നേടിയത്.

വീണ്ടും ഖവാജ, പാക്കിസ്ഥാനെതിരെ താരത്തിന് ശതകം നഷ്ടമായത് 9 റൺസിന്

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ലാഹോര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 232 റൺസ്. 8/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ദ്ധ ശതകങ്ങൾ മുന്നോട്ട് നയിക്കുകയായിരുന്നു.

ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം 138 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഈ സഖ്യം നേടിയത്. 59 റൺസ് നേടിയ സ്മിത്തിനെ ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായത്.

അധികം വൈകാതെ 91 റൺസ് നേടിയ ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 26 റൺസ് നേടിയ ട്രാവിസ് ഹെഡ് പുറത്തായ ശേഷം ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 20 റൺസുമായി കാമറൺ ഗ്രീനും 8 റൺസ് നേടി അലക്സ് കാറെയുമാണ് ക്രീസിലുള്ളത്.

അഫ്രീദിയ്ക്ക് പുറമെ നസീം ഷായും രണ്ട് വിക്കറ്റ് നേടി. 5 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സാജിദ് ഖാന്‍ ഒരു വിക്കറ്റ് നേടി.

ഹാരിസ് റൗഫിന് പകരം നസീം ഷായെ സ്ക്വാഡിൽ ഉൾപ്പെടുത്തി പാക്കിസ്ഥാന്‍

ട്രാവലിംഗ് റിസര്‍വ് ആയിരുന്ന നസീം ഷായെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍. ഹാരിസ് റൗഫിന് കോവിഡ് ബാധിച്ചതോടെയാണ് ഈ നീക്കം.

ഹാരിസ് റൗഫ് ഐസൊലേഷനിൽ അഞ്ച് ദിവസം ഇരുന്ന് കോവിഡ് മാറി ഐസൊലേഷന്‍ അവസാനിച്ച ശേഷം മാത്രമാവും സ്ക്വാഡിനൊപ്പം ചേരുക. ജനുവരി 2021ൽ ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിലായിരുന്നു നസീം ഷാ അവസാനമായി പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് കളിച്ചത്.

പരിക്കേറ്റ മുഹമ്മദ് നവാസ് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ല, നസീം ഷായും സർഫ്രാസ് അഹമ്മദും റിസര്‍വ് പട്ടികയിൽ

പാക്കിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന് പരിക്ക്. ഇതിനെത്തുടര്‍ന്ന് താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. എന്നാൽ താരത്തിന് പകരക്കാരനെ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

അതേ സമയം നസീം ഷാ, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാന്‍ ട്രാവലിംഗ് റിസര്‍വ് പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 4ന് റാവൽപിണ്ടിയിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

നസീം ഷായ്ക്ക് പിഎസ്എൽ കളിക്കുവാൻ അനുമതി നൽകി പാക്കിസ്ഥാൻ ബോർഡ്

പാക്കിസ്ഥാൻ പേസർ നസീം ഷായ്ക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ബയോ ബബിളിൽ ചേരുവാൻ അനുമതി നൽകി ബോർഡ്. നേരത്തെ കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചുവെന്ന് പറഞ്ഞ് താരത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിൻവലിച്ചിരുന്നു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ഹോട്ടൽ ബയോ ബബിളിൽ പ്രവേശിക്കുവാൻ താരത്തിന് അനുമതി കൊടുക്കുകയായിരുന്നു.

ആർടിപിസിആർ ടെസ്റ്റ് യഥാവിധം നൽകിയില്ല എന്നതായിരുന്നു നസീം ഷായ്ക്കെതിരെ പാക്കിസ്ഥാൻ ബോർഡ് കുറ്റകരമായി കണ്ടെത്തിയത്. 48 മണിക്കൂറിനുള്ള എടുത്ത റിപ്പോർട്ട് നൽകേണ്ടിടത്ത് താരം വളരെ പഴയ റിപ്പോർട്ട് നൽകുകയായിരുന്നു. താരത്തിനെതിരെ എടുത്ത നടപടി ശക്തമായ സന്ദേശമാണ് നൽകുന്നതെന്നാണ് ബോർഡ് പറഞ്ഞതെങ്കിലും ഇപ്പോൾ യുവതാരത്തിന് ഇളവ് നൽകുവാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

പ്രൊട്ടോക്കോള്‍ ലംഘനം, നസീം ഷായ്ക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല

പ്രൊട്ടോക്കോള്‍ ലംഘനം ആരോപിച്ച് പാക്കിസ്ഥാന്‍ താരം നസീം ഷായെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിച്ചു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം നോണ്‍-കംപ്ലയന്റ് ആയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് പ്രൊട്ടോക്കോള്‍ ലംഘനം കാരണം താരത്തിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ നിന്ന് ഒഴിവാക്കിയത്.

മേയ് 26ന് താരങ്ങള്‍ കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും അബു ദാബിയിലേക്ക് പറക്കുവാനിരിക്കുന്നതിന്റെ തൊട്ടുമുമ്പാണ് താരത്തിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടില്‍ അപാകത കണ്ടെത്തിയത്. 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ഉള്ളപ്പോള്‍ താരം മേയ് 18ന് നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് ലഭിച്ച വിവരം.

ഇത് കണ്ടെത്തിയ ഉടനെ താരത്തിനെ വേറെ റൂമിലേക്ക് ഐസൊലേഷനിലേക്ക് മാറ്റിയെന്നും താരത്തിനെ ഹോട്ടല്‍ റൂമില്‍ നിന്ന് റിലീസ് ചെയ്യുകയും അബു ദാബിയിലേക്ക് കൊണ്ടു പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇന്റഡിപെന്റെന്റ് മെഡിക്കല്‍ അഡ്വൈസറിയുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ഈ നീക്കം.

ഇവരുടെ വയസ്സ് സത്യമാണോ എന്നത് സംശയിക്കേണം, പാക്കിസ്ഥാന്‍ യുവ പേസ് നിരയ്ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആസിഫ്

പാക്കിസ്ഥാന്‍ എന്നും മികച്ച പേസര്‍മാരെ സൃഷ്ടിച്ചിട്ടുള്ള ഒരു ക്രിക്കറ്റിംഗ് രാജ്യമാണ്. കാലാകാലങ്ങളില്‍ പുതു പുത്തന്‍ യുവ പേസര്‍മാര്‍ ആ ജഴ്സിയില്‍ വന്ന് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നസീം ഷീ, ഷഹീന്‍ അഫ്രീദി എന്നിവര്‍ അടങ്ങിയ യുവ നിരയിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്.

പാക്കിസ്ഥാന്‍ താരങ്ങളുടെ വയസ്സ് 17-18 എന്നുള്ളത് പേപ്പറില്‍ മാത്രമുള്ളതാണെന്ന് കരുതണമെന്നും ഇവര്‍ ശരിക്കും 27-28 വയസ്സായവരായിരിക്കുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇവര്‍ക്ക് 20-25 ഓവറുകള്‍ എറിയുവാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ലെന്നും അതാണ് തന്നെ ഇത്തരത്തില്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

താരങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നതിലും 9-10 വയസ്സ് വരെ താരങ്ങള്‍ക്ക് അധികമുണ്ടെന്നാണ് തോന്നുന്നതെന്നും ആസിഫ് പറഞ്ഞു.

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍‍സിന്റെ തോല്‍വിയ്ക്ക് ശേഷമായിരുന്നു മുന്‍ പാക് താരത്തിന്റെ പ്രതികരണം. 5-6 ഓവര്‍ സ്പെല്ലിന് ശേഷം താരങ്ങള്‍ക്ക് ഫീല്‍ഡില്‍ നില്‍ക്കുവാനുള്ള ശേഷിയില്ലെന്നും അവരുടെ ശരീരം ആവശ്യമുള്ള രീതിയില്‍ വളയ്ക്കുവാനുള്ള ഫ്ലെക്സിബിലിറ്റി താരങ്ങള്‍ക്കില്ലെന്നും ആസിഫ് പറഞ്ഞു.

തന്റെ കാലത്തെ ഏറ്റവും മികച്ച പേസര്‍ എന്ന നിലയില്‍ ഖ്യാതി നേടിയ താരത്തെ ഇംഗ്ലണ്ടിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ ഉള്‍പ്പെട്ടതിന് ഐസിസി വിലക്കുകയായിരുന്നു.

Exit mobile version