യസീര്‍ മാച്ച് വിന്നര്‍, നസീം ഭാവിയുടെ താരം – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമിലെ സീനിയര്‍ താരത്തിനെയും യുവ താരത്തെയും പ്രശംസിച്ച ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യസീര്‍ ഷായെ മാച്ച് വിന്നറെന്നും നസീം ഷായെ ഭാവി താരമെന്നുമാണ് വഖാര്‍ വിശേഷിപ്പിച്ചത്. യസീര്‍ ഒരു മാച്ച് വിന്നറാണെന്നും ആക്രമിച്ച് കളിക്കുന്ന ബൗളറാണ്. വിക്കറ്റിന് വേണ്ടിയുള്ള ഫീല്‍ഡ് സെറ്റ് ചെയ്യുക എന്നതാണ് യസീറിന്റെ പ്രത്യേക. പാക്കിസ്ഥാനെ ഒട്ടനവധി മത്സരങ്ങളിലാണ് താരം വിജയിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനായി സംസാരിക്കുമെന്നും വഖാര്‍ യൂനിസ് പറഞ്ഞു. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ആക്രമോത്സുകത കൊണ്ടുവരുവാന്‍ ശ്രമിക്കുന്നയാളാണ് യസീര്‍ ഷായെന്നും വഖാര്‍ പറഞ്ഞു.

യുവ താരം നസീം ഷാ 18 വയസ്സിനുള്ളില്‍ തന്നെ 5 ടെസ്റ്റുകള്‍ കളിച്ചുവെന്നും ഭാവിയിലെ പാക്കിസ്ഥാന്‍ ബൗളിംഗിന്റെ മുഖമായി താരം മാറുമെന്നുമാണ് വഖാര്‍ വ്യക്തമാക്കിയത്. ഇനിയങ്ങോട്ട് താരം വളരുമ്പോള്‍ കൂടുതല്‍ കരുത്തുറ്റ പ്രകൃതമാകുമെന്നും വളരെ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയുവാന്‍ സാധിക്കുമെന്നും ലോകത്തിലെ ഏത് ബാറ്റ്സ്മാനെയും ബുദ്ധിമുട്ടിക്കുവാന്‍ താരത്തിന് സാധിക്കുമെന്നും വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.

പാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഇംഗ്ലണ്ടിലെ പരിചയമ്പത്ത് അവര്‍ക്ക് തീരെ ഇല്ലെന്നും പറയാം.

എന്നിരുന്നാലും ഈ ബൗളിംഗ് സംഘം ജയത്തിന് അരികില്‍ വരെ എത്തിയിരുന്നു മാഞ്ചസ്റ്ററില്‍. ആദ്യ ഇന്നിംഗ്സില്‍ അഞ്ചോളം വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയതെങ്കിലും മെച്ചപ്പെട്ട ബൗളിംഗ് പ്രകടനം പേസര്‍മാരും നടത്തിയിരുന്നു. മാഞ്ചസ്റ്ററിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണെങ്കിലും വരും മത്സരങ്ങളില്‍ തന്റെ യുവ പേസര്‍മാര്‍ മത്സരം വിജയിക്കുവാന്‍ കെല്പുള്ള പ്രകടനം പുറത്തെടുക്കുമെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.

അവര്‍ പുതുമുഖങ്ങളാണ്, എന്നാല്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും വഖാര്‍ വ്യക്തമാക്കി. എന്നാല്‍ കളിക്കാര്‍ മത്സരത്തില്‍ ഇറങ്ങാതെ അനുഭവസമ്പത്ത് നേടിയെടുക്കുകയില്ലെന്നതെന്നും ആരും മറക്കരുതെന്നും വഖാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് സംഘത്തിനോട് മാറ്റുരയ്ക്കുവാന്‍ പറ്റുന്നതല്ല പാക്കിസ്ഥാന്റേതെങ്കിലും ഈ പരമ്പരയില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിയെ വിമർശിച്ച് വസിം അക്രം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 3 വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായിരുന്ന വസിം അക്രം. മത്സരത്തിൽ പലപ്പോഴും അസ്ഹർ അലിയുടെ മോശം തീരുമാനങ്ങളാണ് തോൽവിക്ക് കാരണമെന്നും വസിം അക്രം പറഞ്ഞു.

ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്ത് തോൽവിയെ മുൻപിൽ കണ്ടുകൊണ്ടിരിക്കെയാണ് 139 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ക്രിസ് വോക്‌സും ജോസ് ബട്ലറും ചേർന്ന് ഇംഗ്ലണ്ടിന് ജയം നേടി കൊടുത്തത്. 5 വിക്കറ്റ് നഷ്ട്ടപ്പെട്ട് ഇംഗ്ലണ്ട് പ്രതിസന്ധിയിലായ സമയത്ത് ഇംഗ്ലണ്ടിനെ കൂടുതൽ പ്രധിരോധത്തിലാക്കാൻ അസ്ഹർ അലി ഫാസ്റ്റ് ബൗളർ നസീം ഷായെ ബൗൾ ചെയ്യിപ്പിക്കാത്തത് തിരിച്ചടിയായെന്നും അക്രം പറഞ്ഞു. യുവ ബൗളർമാരായ നസീം ഷായും ഷഹീൻ അഫ്രീദിയും ടെസ്റ്റിൽ കൂടുതൽ ഓവറുകൾ അറിയണമെന്നും വസിം അക്രം പറഞ്ഞു.

അര്‍ദ്ധ ശതകത്തിന് ശേഷം പുറത്തായി പോപ്, ഇംഗ്ലണ്ട് മെല്ലെ മുന്നോട്ടേക്ക്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് ഇംഗ്ലണ്ട്. ടീമിന് തുണയായ ഒല്ലി പോപ് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിനെ നസീം ഖാന്‍ വീഴ്ത്തിയെങ്കില്‍ ഇംഗ്ലണ്ട് അധികം വിക്കറ്റ് വീഴ്ചയില്ലാതെ സെഷന്‍ അവസാനിപ്പിക്കുകയായിരുന്നു. 65 റണ്‍സ് കൂട്ടുകെട്ടിന് ഒടുവിലാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്.

62 റണ്‍സ് നേടിയ ഒല്ലി പോപ് മടങ്ങിയ ശേഷം ജോസ് ബട്‍ലറും ക്രിസ് വോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 159/5 എന്ന നിലയിലാണ്. 32 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ക്രിസ് വോക്സും നേടിയിട്ടുള്ളത്.

ബട്‍ലര്‍ 38 റണ്‍സും വോക്സ് 15 റണ്‍സുമാണ് നേടിയിട്ടുള്ളത്.

വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാൻ പേടിയില്ലെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാൻ തനിക്ക് പേടിയില്ലെന്ന് പാകിസ്ഥാൻ യുവ ഫാസ്റ്റ് ബൗളർ നസീം ഷാ. എന്നാൽ താൻ വിരാട് കോഹ്‌ലിയെ ബഹുമാനിക്കുന്നുണ്ടെന്നും താരത്തിനെതിരെ പന്തെറിയാൻ കാത്തിരിക്കുകയാണെന്നും നസീം ഷാ പറഞ്ഞു. തന്റെ 16മത്തെ വയസ്സിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ താരമാണ് നസീം ഷാ.

ഇന്ത്യക്കെതിരെ ബൗൾ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാകിസ്ഥാൻ ആരാധകരെ താൻ നിരാശപെടുത്തില്ലെന്നും നസീം ഷാ പറഞ്ഞു. എന്നാൽ അതെ സമയം വിരാട് കോഹ്‌ലിയോട് തനിക്ക് ബഹുമാനം മാത്രമാണ് ഉള്ളതെന്നും പേടിയില്ലെന്നും നസീം ഷാ പറഞ്ഞു.

മികച്ച താരങ്ങൾക്കെതിരെ മികച്ച രീതിയിൽ പന്തെറിയുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും അത്തരമൊരു അവസരത്തിൽ കളിയുടെ നിലവാരം ഉയർത്തണമെന്നും നസീം ഷാ പറഞ്ഞു.  ഇന്ത്യ- പാകിസ്ഥാൻ മത്സരം എപ്പോഴും വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഇന്ത്യക്കെതിരെയും വിരാട് കോഹ്‌ലിക്കെതിരെയും കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും നസീം ഷാ. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും ഹാട്രിക് നേട്ടവും നേടിയ താരമാണ് നസീം ഷാ.

150KPH വേഗത്തില്‍ പന്തെറിയുന്ന നസീം ഷായുടെ വേഗത ഇനിയും കൂടും – വസീം അക്രം

പാക്കിസ്ഥാന്‍ യുവതാരം നസീം ഷായെ പുകഴ്ത്തി മുന്‍ പേസര്‍ വസീം അക്രം. പാക്കിസ്ഥാനിലെ ഭാവി പേസര്‍മാരില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന താരമാണ് നസീം ഷാ. ഷാ ഇപ്പോള്‍ തന്നെ മികച്ച വേഗത്തില്‍ 150KPH ല്‍ പന്തെറിയുകയാണെന്നും ഇനിയങ്ങോട്ട് താരത്തിന്റെ വേഗത ഇനിയും വര്‍ദ്ധിക്കുവാനുള്ള സാധ്യതയാണുള്ളതെന്നും വസീം അക്രം പറഞ്ഞു.

താന്‍ ഇപ്പോളത്തെ തലമുറയില്‍ ഒരു താരത്തോടൊപ്പം പന്തെറിയുവാന്‍ അഗ്രഹിക്കുന്നണ്ടെങ്കില്‍ അത് നസീം ഷായ്ക്കൊപ്പമാണെന്നും വസീം അക്രം പറഞ്ഞു. യുവ താരം ഭാവിയിലെ സൂപ്പര്‍ താരമായി മാറുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.

കറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം

കറാച്ചി ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലെത്തി പാക്കിസ്ഥാന്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 555/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാന്‍ ശ്രീലങ്കയുടെഏഴ് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. മത്സരം ജയിക്കുവാന്‍ 264 റണ്‍സ് കൂടി ശ്രീലങ്ക നേടുവാനുണ്ട്. 212 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ ടീമിന്റെ സ്കോര്‍.

102 റണ്‍സുമായി നില്‍ക്കുന്ന ഒഷാഡ ഫെര്‍ണാണ്ടോയാണ് ശ്രീലങ്കന്‍ നിരയിലെ ഏക ആശ്വാസം. 97/5 എന്ന നിലയിലേക്ക് വീണ ടീമിനെ നിരോഷന്‍ ഡിക്ക്വെല്ല-ഒഷാഡ ഫെര്‍ണാണ്ടോ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 104 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഡിക്ക്വെല്ലയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. 65 റണ്‍സാണ് താരം നേടിയത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ഷാന്‍ മക്സൂദിനും ആബിദ് അലിയ്ക്കും പിന്നാലെ അസ്ഹര്‍ അലിയും ബാബര്‍ അസവും ശതകം നേടിയാണ് പാക്കിസ്ഥാനെ 555 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. അസ്ഹര്‍ അലി 118 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബര്‍ അസം 100 റണ്‍സ് നേടി.

വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിച്ചു, ശ്രീലങ്ക 202/5 എന്ന നിലയില്‍

ആദ്യ ഇന്നിംഗ്സിലെ ശ്രീലങ്കന്‍ ആധിപത്യത്തിന് ശേഷം പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ച് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ ഒന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 68.1 ഓവറുകള്‍ മാത്രം എറിഞ്ഞ ആദ്യ ദിവസം 202/5 എന്ന നിലയിലാണ് ശ്രീലങ്ക. 38 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 11 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.

59 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും 40 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് നേടി മുന്നേറുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് തകര്‍ച്ച നേരിട്ടത്. 31 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ ലങ്ക പരുങ്ങലിലായെങ്കിലും ആഞ്ചലോ മാത്യൂസ്-ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിയ്ക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 31 റണ്‍സ് നേടിയ മാത്യൂസിനെ യുവ താരം നസീം ഷാ ആണ് പുറത്താക്കിയത്. നസീം ഷാ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഷിന്‍വാരി, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കുശല്‍ മെന്‍ഡിസ്(10), ദിനേശ് ചന്ദിമല്‍(2) എന്നിവരാണ് റണ്‍സ് കണ്ടത്താനാകാതെ പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍.

ഓസ്ട്രേലിയയിലെ വലിയ പരാജയം ആത്മാഭിമാനത്തെ മുറിവേല്പിച്ചു

ഓസ്ട്രേലിയയിലെ തങ്ങളുടെ വലിയ പരാജയം ടീമിന്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ചുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലി. ടി20 പരമ്പരയും ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സ് തോല്‍വികളും ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ യുവ പേസ് നിര ഭാവിയിലെ താരങ്ങളായി മാറുമെന്ന് അസ്ഹര്‍ അലി പറഞ്ഞു.

16 വയസ്സുകാരന്‍ നസീം ഷായ്ക്കും 19 വയസ്സുകാരന്‍ മൂസ ഖാനും പാക്കിസ്ഥാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ അഭിമാനമുള്ള ക്രിക്കറ്റിംഗ് രാജ്യമാണ്, ഈ തോല്‍വി തങ്ങളുടെ അഭിമാനത്തെ മുറിവേല്പിച്ചുവെന്നും അസ്ഹര്‍ അലി പറഞ്ഞു.

തങ്ങള്‍ക്കാവുന്ന രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലമല്ല ലഭിച്ചതെന്ന് അസ്ഹര്‍ പറഞ്ഞു. യുവ പേസര്‍മാര്‍ക്ക് വിചാരിച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ലോകം അവരെക്കുറിച്ച് സംസാരിക്കുകയാണ്. ഇവരുടെ പേസും ആവശ്യത്തിന് അനുഭവസമ്പത്തും വരുമ്പോള്‍ പാക്കിസ്ഥാന് ശോഭനമായ ഭാവിയാണ് ഉണ്ടാകുകയെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.

16 വയസ്സുകാരന്‍ താരത്തില്‍ നിന്ന് മികവാര്‍ന്ന ആദ്യ ടെസ്റ്റാണ് വീക്ഷിക്കാനായതെന്ന് നസീം ഷായെക്കുറിച്ച് അസ്ഹര്‍ അലി

തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ വെറും ഒരു വിക്കറ്റാണ് നേടിയതെങ്കിലും പാക്കിസ്ഥാന്റെ 16 വയസ്സുകാരന്‍ പേസറായ നസീം ഷായ്ക്ക് ഒട്ടനവധി താരങ്ങളുടെ പ്രശംസ മത്സരത്തില്‍ ലഭിച്ചിരുന്നു. അതില്‍ പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും ഉള്‍പ്പെടുന്നു.

ഒരു 16 വയസ്സുകാരന്‍ താരത്തില്‍ നിന്ന് ആദ്യ ടെസ്റ്റില്‍ പ്രതീക്ഷിക്കുന്നതിലും വലിയ പ്രകടനമാണ് താരം പുറത്തെടുത്തതെന്ന് അസ്ഹര്‍ പറഞ്ഞു. സ്ഥിരതയോടെ പേസില്‍ പന്തെറിയുവാന്‍ നസീമിന് ആയെന്ന് സ്ഹര്‍ അലി പറഞ്ഞു.

പാക്കിസ്ഥാന്റെ ഭാവി താരമെന്ന് തന്നെ നസീമിനെ വിശേഷിപ്പിക്കാമന്നും താരത്തിന്റെ ലൈനും ലെംഗ്ത്തും മികച്ചത് തന്നെയായിരുന്നുവെന്നും അസ്ഹര്‍ അലി സൂചിപ്പിച്ചു. അരങ്ങേറ്റത്തില്‍ ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് നസീം ഷാ നേടിയത്.

ഗാബയില്‍ നസീം ഷായ്ക്ക് അഭിമാന നിമിഷം, ടെസ്റ്റ് ക്യാപ് നല്‍കിയത് വഖാര്‍ യൂനിസ്

തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുവാനുള്ള ചരിത്ര മുഹൂര്‍ത്തത്തിന് അവകാശിയായി നസീം ഷാ. ഇന്ന് 16 വയസ്സിലും 279 ദിവസത്തിലും തന്റെ ടെസ്റ്റ് അരങ്ങേറ്റം പാക്കിസ്ഥാനായി കുറിയ്ക്കുമ്പോള്‍ ടെസ്റ്റ് ക്യാപ് താരത്തിന് സമ്മാനിച്ചത് പാക് ഇതിഹാസവും ബൗളിംഗ് കോച്ചുമായ വഖാര്‍ യൂനിസ് ആയിരുന്നു.

ആദ്യ ദിവസം മികച്ച തുടക്കത്തിന് ശേഷം പാക്കിസ്ഥാന്‍ 86.2 ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിച്ചതോടെ നസീം ഷായ്ക്ക് ബൗളിംഗിന് അവസരം ലഭിച്ചില്ല. തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ 12 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

നാളെ ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ ആദ്യ പന്തെറിയുമ്പോള്‍ മുതല്‍ പ്രഭാവം ഉണ്ടാക്കുവാനാകും ഈ യുവ താരത്തിന്റെ ശ്രമം.

ഗാബയിലെ അരങ്ങേറ്റം, ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറുവാന്‍ ഒരുങ്ങി നസീം ഷാ

ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ നസീം ഷാ ഒരു റെക്കോര്‍ഡിന് അര്‍ഹനാകും. ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമാണ് നസീം ഷാ. ഗാബയിലെ പേസ് അനുകൂലമായ പിച്ചില്‍ നസീം ഷാ ഉള്‍പ്പെടുന്ന പാക് യുവ നിര എങ്ങനെ പന്തെറിയുന്നു എന്നതിനെ ആശ്രയിച്ചാവും പാക്കിസ്ഥാന്റെ ടെസ്റ്റിലെ സാധ്യതകള്‍.

താന്‍ വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ എന്നിങ്ങനെ പാക്കിസ്ഥാന്‍ ഇതിഹാസങ്ങളുടെ വീഡിയോകള്‍ ഏറെ വീക്ഷിക്കാറുണ്ടെന്നും അതില്‍ നിന്ന് പലതും താന്‍ പഠിക്കാറുണ്ടെന്നും അവ തന്നെ പ്രഛോദിപ്പിക്കാറുണ്ടെന്നും നസീം ഷാ പറഞ്ഞു.

പലരും തന്നെ മറ്റു പലരുമായി താരതമ്യം ചെയ്യാറുണ്ടെങ്കിലും താന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തുടരുവാന്‍ ശ്രമിക്കാറുണ്ടെന്നും തന്റെ ശക്തിയ്ക്കനുസരിച്ച് പന്തെറിയുവാന്‍ ആണ് ശ്രമിക്കാറുമെന്നും നസീം ഷാ വ്യക്തമാക്കി.

Exit mobile version