അയര്‍ലണ്ടിനെതിരെ ഇന്നിംഗ്സ് വിജയം നേടി ശ്രീലങ്ക

അയര്‍ലണ്ടിനെതിരെ ഇന്നിംഗ്സിനും പത്ത് റൺസിനും വിജയിച്ച് ഗോളിലെ രണ്ടാം ടെസ്റ്റും സ്വന്തമാക്കി ശ്രീലങ്ക. ആദ്യ ഇന്നിംഗ്സിൽ 492 റൺസ് നേടിയ അയര്‍ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 202 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ശ്രീലങ്കന്‍ വിജയം.

704/3 എന്ന നിലയിൽ 212 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. രമേഷ് മെന്‍ഡിസ് 5 വിക്കറ്റും അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 2 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയും അയര്‍ലണ്ടിന്റെ തോൽവി ഉറപ്പാക്കി.

85 റൺസ് നേടിയ ഹാരി ടെക്ടര്‍ ആണ് അയര്‍ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ആന്‍ഡ്രൂ ബാൽബിര്‍ണേ 46 റൺസും നേടി.

ധനന്‍ജയയുടെ ശതകം, 360/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക, പാക്കിസ്ഥാന് ജയിക്കുവാന്‍ 508 റൺസ്

പാക്കിസ്ഥാന് 508 റൺസ് വിജയ ലക്ഷ്യം നൽകി ശ്രീലങ്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 360/8 എന്ന നിലയിൽ ശ്രീലങ്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധനന്‍ജയ ഡി സിൽവ 109 റൺസ് നേടിയ ശേഷം റണ്ണൗട്ട് ആയപ്പോളാണ് ശ്രീലങ്ക ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്.

45 റൺസ് നേടി രമേശ് മെന്‍ഡിസ് ധനന്‍ജയ ഡി സിൽവയ്ക്ക് മികച്ച പിന്തുണയാണ് നൽകിയത്. എട്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 82 റൺസാണ് നേടിയത്.

പൊരുതി നിന്ന സൽമാനെയും വീഴ്ത്തി, ശ്രീലങ്കയെ മറികടക്കുവാന്‍ പാക്കിസ്ഥാന് ഇനിയും വേണം 187 റൺസ്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ പതറുന്നു. അഗ സൽമാന്‍ പൊരുതി നിന്നുവെങ്കിലും താരത്തിനെ വീഴ്ത്തി രണ്ടാം ദിവസം വ്യക്തമായ മേൽക്കൈ ശ്രീലങ്ക നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 191/7 എന്ന നിലയിലായിരുന്നു.

ഏഴാം വിക്കറ്റിൽ യസീര്‍ ഷായെ കൂട്ടുപിടിച്ച് 46 റൺസ് കൂട്ടിചേര്‍ക്കുവാന്‍ അഗ സൽമാന് സാധിച്ചുവെങ്കിലും പ്രഭാത് ജയസൂര്യ താരത്തിനെ പുറത്താക്കുകയായിരുന്നു. 62 റൺസാണ് സൽമാന്‍ നേടിയത്.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റൺസിന് 187 റൺസ് പിന്നിലായാണ് പാക്കിസ്ഥാന്‍ ഇപ്പോളും സ്ഥിതി ചെയ്യുന്നത്. 32 റൺസ് നേടിയ ഇമാം ഉള്‍ ഹക്ക് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി രമേശ് മെന്‍ഡിസ് മൂന്നും പ്രഭാത് ജയസൂര്യ രണ്ടും വിക്കറ്റ് നേടി.

ഗോളിൽ പാക്കിസ്ഥാന്‍ പതറുന്നു, 6 വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ പാക്കിസ്ഥാന്‍ പതറുന്നു. ഇന്ന് ശ്രീലങ്കയെ 378 റൺസിന് പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ രണ്ടാം പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ അബ്ദുള്ള ഷഫീക്കിനെ നഷ്ടമാകുകയായിരുന്നു.

പിന്നീട് കൃത്യമായ ഇടവേളകളിൽ പാക് വിക്കറ്റുകള്‍ നേടയിപ്പോള്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാകുകയായിരുന്നു. ഇമാം ഉള്‍ ഹക്ക് 32 റൺസ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാനും ഫവദ് അലമും 24 റൺസ് വീതം നേടി പുറത്തായി. ഇരുവരെയും രമേശ് മെന്‍ഡിസ് ആണ് പുറത്താക്കിയത്.

12 റൺസ് നേടിയ മൊഹമ്മദ് നവാസിനെയും രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 145/6 എന്ന നിലയിലേക്ക് വീണു. ഇനിയും 233 റൺസ് നേടിയാൽ മാത്രമേ ശ്രീലങ്കയുടെ സ്കോറിനൊപ്പം പാക്കിസ്ഥാന് എത്താനാകൂ. 29 റൺസ് നേടിയ അഗ സൽമാന്‍ ആണ് ക്രീസിലുള്ളത്.

ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി.

പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇന്ന് അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ ഇരുവരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

വാര്‍ണറുടെ വിക്കറ്റ് നഷ്ടം, ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ഇനിയും ഓസ്ട്രേലിയ 138 റൺസ് നേടണം

554 റൺസിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ച ശേഷം ശ്രീലങ്ക ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് വീഴ്ത്തി. നാലാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ യാത്രയാകുമ്പോള്‍ ഓസ്ട്രേലിയ 52/1 എന്ന നിലയിലാണ്.

24 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ രമേശ് മെന്‍ഡിസ് ആണ് പുറത്താക്കിയത്. 25 റൺസുമായി ഉസ്മാന്‍ ഖവാജയും 2 റൺസ് നേടി മാര്‍നസ് ലാബൂഷാനെയും ആണ് ക്രീസിലുള്ളത്.

ഗോള്‍ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ലീഡ് 100 കടന്നു

ഗോള്‍ ടെസ്റ്റിൽ മോശം വെളിച്ചം കാരണം രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 313/8 എന്ന നിലയിൽ. ശ്രീലങ്കയുടെ ഇന്നിംഗ്സ് 212 റൺസിൽ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇപ്പോള്‍ 101 റൺസിന്റെ ലീഡാണുള്ളത്.

77 റൺസ് നേടിയ കാമറൺ ഗ്രീനും 71 റൺസ് നേടിയ ഉസ്മാന്‍ ഖവാജയും ആണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. അലക്സ് കാറെ 45 റൺസും നേടി. 26 റൺസുമായി പാറ്റ് കമ്മിന്‍സും എട്ട് റൺസ് നേടി നഥാന്‍ ലയണും ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്.

രമേശ് മെന്‍ഡിസ് നാലും ജെഫ്രി വാന്‍ഡെര്‍സേ രണ്ട് വിക്കറ്റും ശ്രീലങ്കയ്ക്കായി നേടി. രണ്ടാം ദിവസത്തെ കളി മഴ കാരണം വൈകിയാണ് തുടങ്ങിയത്. പിന്നീട് വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തുകയും ചെയ്തു.

വിന്‍ഡീസിന്റെ നടുവൊടിച്ച് രമേശ് മെന്‍ഡിസ്, രണ്ടാം ടെസ്റ്റിൽ വിജയം നേടി ശ്രീലങ്ക

രമേശ് മെന്‍ഡിസിന്റെ ബൗളിംഗ് മികവിന് മുന്നിൽ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പതറിയപ്പോള്‍ 164 റൺസിന്റെ വിജയം നേടി ശ്രീലങ്ക. 56.1 ഓവറിൽ വെസ്റ്റിന്‍ഡീസ് 132 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ ബോണ്ണറാണ് ടീമിന്റെ ടോപ് സ്കോറര്‍.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 36 റൺസ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് നേടിയ ശേഷം മറ്റൊരു കൂട്ടുകെട്ടിനും വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് കരുത്തേകുവാന്‍ കഴിഞ്ഞില്ല.

92/2 എന്ന നിലയിൽ രമേശ് മെന്‍ഡിസ് എറിഞ്ഞ 44ാം ഓവറിൽ ഷായി ഹോപിനെയും റോസ്ടൺ ചേസിനെയും ഓവറിലെ ആദ്യ രണ്ട് പന്തിൽ പുറത്താക്കിയ ശേഷം അവസാന പന്തിൽ കൈല്‍ മേയഴ്സിനെയും പുറത്താക്കിയതോടെ വിന്‍ഡീസ് 92/5 എന്ന നിലയിലേക്ക് വീണു.

രമേശ് മെന്‍ഡിസും എംബുല്‍ദേനിയയും അഞ്ച് വീതം വിക്കറ്റാണ് നേടിയത്. ടോപ് ഓര്‍ഡറിനെയും മധ്യനിരയെയും രമേശ് വട്ടം കറക്കിയപ്പോള്‍ എംബുല്‍ദേനിയ വാലറ്റത്തിന്റെ കഥകഴിച്ചു.

വിന്‍ഡീസിന് 49 റൺസിന്റെ നേരിയ ലീഡ് മാത്രം, രമേശ് മെന്‍ഡിസിന് 6 വിക്കറ്റ്

ഗോളിലെ രണ്ടാം ടെസ്റ്റിൽ 49 റൺസിന്റെ നേരിയ ലീഡ് നേടി വെസ്റ്റിന്‍ഡീസ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 253 റൺസിൽ അവസാനിച്ചതോടെ ആതിഥേയര്‍ക്കെതിരെ ചെറിയ ലീഡ് മാത്രമാണ് ടീമിന് നേടാനായത്.

72 റൺസുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 44 റൺസ് നേടി. കൈൽ മയേഴ്സ് 36 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 137/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് വലിയ സ്കോര്‍ നേടുമെന്ന് ഏവരും കരുതിയെങ്കിലും രമേശ് മെന്‍ഡിസിന്റെ ആറ് വിക്കറ്റ് നേട്ടം ശ്രീലങ്കയ്ക്ക് ആശ്വാസം നല്‍കി.

മെന്‍ഡിസിന് പിന്തുണയുമായി ലസിത് എംബുല്‍ദേനിയയും പ്രവീൺ ജയവിക്രമയും രണ്ട് വീതം വിക്കറ്റ് നേടി. വിന്‍ഡീസിനായി എന്‍‍ക്രുമ ബോണ്ണര്‍ 35 റൺസ് നേടി.

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്, 18 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ തോല്‍വിയിലേക്ക് ഉറ്റുനോക്കി വിന്‍ഡീസ്. 18/6 എന്ന നിലയിലേക്ക് വീണ ടീമിനെ എന്‍ക്രുമാ ബോണ്ണറും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് 34 റൺസ് നേടി 52/6 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും അഞ്ചാം ദിവസം തോല്‍വി ഒഴിവാക്കുക ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാവുന്നതാണ്.

ബോണ്ണര്‍ 18 റൺസും ജോഷ്വ 15 റൺസും നേടിയപ്പോള്‍ രമേശ് മെന്‍ഡിസിന്റെ നാല് വിക്കറ്റ് നേട്ടമാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ലസിത് എംബുല്‍ദേനിയ രണ്ട് വിക്കറ്റ് നേടി.

സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്

381 റൺസെന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് തകര്‍ന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/6 എന്ന നിലയിലുള്ള വെസ്റ്റിന്‍ഡീസ് ഫോളോ ഓൺ ഒഴിവാക്കുവാന്‍ പ്രയാസപ്പെടുകയാണ്.

ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയ മത്സരത്തിൽ രമേശ് മെന്‍ഡിസ് മൂന്നും പ്രവീൺ ജയവിക്രമ രണ്ടും ലസിത് എംബുല്‍ദേനിയ ഒരു വിക്കറ്റുമാണ് നേടിയത്. ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ വിന്‍ഡീസ് ഇനിയും 273 റൺസ് നേടേണം.

ക്രെയിഗ് ബ്രാത്‍വൈറ്റ് 41 റൺസ് നേടിയപ്പോള്‍ 22 റൺസ് നേടിയ കൈൽ മയേഴ്സ് ആണ് ഇനി ടീമിന്റെ പ്രതീക്ഷ. ഒരു റൺസുമായി ജേസൺ ഹോള്‍ഡറും ക്രീസിലുണ്ട്.

209 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ശ്രീലങ്ക, 11 വിക്കറ്റ് മത്സരത്തില്‍ നേടിയ പ്രവീണ്‍ ജയവിക്രമ വിജയ ശില്പി

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 227 റണ്‍സിന് അവസാനിപ്പിച്ച് 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി ശ്രീലങ്ക. ജയത്തോടെ പരമ്പര 1-0ന് ലങ്ക സ്വന്തമാക്കി. ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ പ്രവീണ്‍ ജയവിക്രമയും 4 വിക്കറ്റുമായി രമേശ് മെന്‍ഡിസുമാണ് ലങ്കയുടെ വിജയമൊരുക്കിയത്.

പ്രവീണ്‍ രണ്ടിന്നിംഗ്സിലുമായി 11 വിക്കറ്റാണ് നേടിയത്. അഞ്ചാം ദിവസം ആദ്യ സെഷനില്‍ തന്നെ ശ്രീലങ്ക വിജയം ഉറപ്പിക്കുകയായിരുന്നു. 40 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

Exit mobile version