സുനിൽ ഗവാസ്കറും വിരേന്ദര്‍ സേവാഗും കഴിഞ്ഞാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് ആണ് – രവിചന്ദ്രന്‍ അശ്വിന്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍ മുരളി വിജയ് ആണെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. വിരേന്ദര്‍ സേവാഗും സുനിൽ ഗവാസ്കറും കഴിഞ്ഞ് താന്‍ അദ്ദേഹത്തിന് ടെസ്റ്റ് ഓപ്പണറുടെ സ്ഥാനം നൽകുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

2013 മുതൽ ടീമിന്റെ ഫസ്റ്റ് ചോയിസ് ഓപ്പണറായി മാറിയ മുരളി വിജയ് പിന്നീട് 2018 വരെ ടെസ്റ്റിലെ ലോകത്തിലെ തന്നെ മികച്ച ഓപ്പണറായി മാറുകയായിരുന്നു. മുരളി വിജയും പുജാരയും ഇന്ത്യന്‍ ക്രിക്കറ്റിൽ അധികം ആഘോഷിക്കപ്പെടാത്ത താരങ്ങളാണെന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ശ്രമകരമായ കാര്യങ്ങളാണ് അവര്‍ ചെയ്ത് കൊണ്ടിരുന്നതെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

ഇന്ത്യ മുന്‍ ടെസ്റ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 61 ടെസ്റ്റിലും 17 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും വിജയ് കളിച്ചിട്ടുണ്ട്. 2008ൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.

ഇന്ത്യയ്ക്കായി അവസാനം കളിച്ചത് 2018ൽ പെര്‍ത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി രണ്ട് ശതകം നേടിയിട്ടുള്ള താരം 2011 ഫൈനലില്‍ 95 റംസ് നേടിയിരുന്നു.

ഇടയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകനായി പ്രവര്‍ത്തിച്ച താരം പിന്നീട് 2018ൽ ചെന്നൈ നിരയിലേക്ക് മടങ്ങിയെത്തിയെങ്കിലും അത്ര ശ്രദ്ധേയമായ പ്രകടനം താരത്തിന് പുറത്തെടുക്കാനായില്ല. 2020 സെപ്റ്റംബറിലാണ് താരം അവസാനമായി ഐപിഎലിലും കളിച്ചത്.

തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ മുരളി വിജയ് തിരിച്ചെത്തുന്നു

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു.ഐപിഎൽ 2020ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശേഷം താരം ക്രിക്കറ്രിൽ സജീവമായയിരുന്നില്ല. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ റൂബി തൃച്ചി വാരിയേഴ്സിന് വേണ്ടി താരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ന് ശേഷം ഈ മുന്‍ ഇന്ത്യന്‍ താരം ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിച്ചിരുന്നില്ല. വ്യക്തിഗതമായ ബ്രേക്ക് എന്നാണ് താരം ഈ ഇടവേളയെ വിശേഷിപ്പിച്ചത്. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായിരുന്നു ഈ തീരുമാനം എന്നും മുരളി വിജയ് വ്യക്തമാക്കി.

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് മുരളി വിജയ് പിന്മാറി

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് സീനിയര്‍ താരങ്ങളായ മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂബി തൃച്ചി വാരിയേഴ്സ് താരങ്ങള്‍ പിന്മാറിയത്. പകരം എസ് കേശവ് കൃഷ്ണ വരുണ്‍ ടോഡാദ്രി എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും. ജൂലൈ 19ന് ആണ് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ തുടങ്ങുക.

വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

രാജസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിക്കറ്റ് നഷ്ടമില്ലാത്ത തുടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ ഓപ്പണര്‍മാരായ മുരളി വിജയും ഷെയിന്‍ വാട്സണും ചേര്‍ന്ന് ആറോവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സാണ് നേടിയിട്ടുള്ളത്.

ടോം കറന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നിന്ന് വാട്സണ്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 17 റണ്‍സ് നേടിയിരുന്നു.

വാട്സണ്‍ 32 റണ്‍സും മുരളി വിജയ് 19 റണ്‍സുമാണ് നേടിയിട്ടുള്ളത്. വിജയത്തിനായി ചെന്നൈ 84 പന്തില്‍ നിന്ന് 164 റണ്‍സാണ് നേടേണ്ടത്.

മുരളി വിജയ് കൗണ്ടിയിലേക്ക്, സോമര്‍സെറ്റുമായി കരാര്‍

അസ്ഹര്‍ അലിയ്ക്ക് പകരം മുരളി വിജയ്‍യെ കൗണ്ടി കളിയ്ക്കാനായി തിരഞ്ഞെടുത്ത് സോമര്‍സെറ്റ്. മൂന്ന് കൗണ്ടി മത്സരങ്ങള്‍ക്കായാണ് ടീം വിജയിനെ എടുത്തിരിക്കുന്നത്. അസ്ഹര്‍ അലിയെ പാക്കിസ്ഥാന്‍ ദേശീയ ടീമിലേക്ക് യാത്രയാകുമ്പോള്‍ പകരം എത്തുന്നതാണ് മുരളി വിജയ്. തനിക്ക് അവസരം ലഭിയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മുരളി വിജയ് പറഞ്ഞത്. സോമര്‍സെറ്റിന് കിരീടം നേടിക്കൊടുക്കുവാനുള്ള ശ്രമങ്ങളില്‍ തനിക്കും ഭാഗമാകുവാനുള്ള അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മുരളി വിജയ് പറഞ്ഞു.

എസ്സെക്സിന് വേണ്ടി കഴിഞ്ഞ വര്‍ഷം കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മുരളി വിജയ്. താരത്തിനെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യവും പരിഗണിച്ചിട്ടുണ്ടെന്ന് സോമര്‍സെറ്റ് അധികൃതര്‍ അറിയിച്ചു.

വീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍

ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും തമ്മിലുള്ള പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും 171 റണ്‍സ് നേടി ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം കാരൈക്കുഡിയ്ക്കൊപ്പം നിന്നു. 11 റണ്‍സിന് സൂപ്പര്‍ ഓവറില്‍ തൃച്ചിയെ തളച്ച ശേഷം ക്യാപ്റ്റന്‍ ശ്രീകാന്ത് അനിരുദ്ധയുടെ മികവില്‍ ടീം 4 പന്തില്‍ നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും നാലാം പന്ത് സിക്സിന് പറത്തി മണി ഭാരതി ലക്ഷ്യം 2 പന്തില്‍ നിന്ന് നാല് റണ്‍സാക്കി മാറ്റി. അടുത്ത പന്തില്‍ നിന്ന് ഒരു റണ്‍സ് നേടിയ തൃച്ചിയുടെ വിജയ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നുവെങ്കിലും ടീമിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു. മുരളി വിജയ് ക്രീസില്‍ നിന്നിരുന്നപ്പോള്‍ അനായാസം വിജയം കരസ്ഥമാക്കുവാന്‍ തൃച്ചിയ്ക്കാകുമെന്നാണ് കരുതിയതെങ്കിലും അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ തിരിച്ചുവരുവാന്‍ കാരൈക്കുഡി കാളൈകള്‍ക്കായിരുന്നു. മുരളി വിജയ് 56 പന്തില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. മാരുതി രാഘവ്(22), ചന്ദ്രശേഖര്‍ ഗണപതി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബൗളിംഗ് ടീമിനായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ശ്രീകാന്ത് അനിരുദ്ധ(58), രാജമണി ശ്രീനിവാസന്‍(37*), മാന്‍ ബാഫ്ന(30) എന്നിവരോടൊപ്പം 13 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ആര്‍ രാജ്കുമാറിന്റെയും മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലേക്ക് നീങ്ങിയത്.

ഹാംഷയറിനു വേണ്ടി അരങ്ങേറ്റത്തില്‍ ശതകം നേടി അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഉപ നായകന് കൗണ്ടി ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം. ഇന്ന് ഹാംഷയറിനു വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച അജിങ്ക്യ രഹാനെ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ ശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഇതോടെ രഹാനെ. നോട്ടിഗാംഷയറിനു എതിരെയായിരുന്നു ഹാംഷയറിന്റെ മത്സരം.

2009ല്‍ സസ്സെക്സിനു വേണ്ടി അരങ്ങേറ്റത്തില്‍ പിയൂഷ് ചൗളയും 2018ല്‍ എസ്സെക്സിനു വേണ്ടി മുരളി വിജയ്‍യുമാണ് ഇതിനു മുമ്പ് അരങ്ങേറ്റത്തില്‍ ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍. 179 പന്തില്‍ നിന്നാണ് 12 ഫോര്‍ അടക്കം താരം ശതകം നേടിയത്.

ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്‍യ്ക്കൊപ്പം ഡ്വെയിന്‍ ബ്രാവോയും(20) മിച്ചല്‍ സാന്റനറും(22) മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ചെന്നൈ ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കം നേടുവാനുള്ള അവസരം മുംബൈ ബൗളര്‍മാര്‍ നല്‍കിയിരുന്നില്ല. ലസിത് മലിംഗ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ, അങ്കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയാണ് ചെന്നൈയെ 46 റണ്‍സിന്റെ വലിയ പരാജയത്തിലേക്ക് തള്ളിയിട്ടത്.

മലിംഗ 37 റണ്‍സ് വിട്ട് നല്‍കി 3.4 ഓവറില്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ മൂന്നോവറില്‍ ഏഴ് റണ്‍സും ജസ്പ്രീത് ബുംറ മൂന്നോവറില്‍ പത്ത് റണ്‍സും വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്.

മയാംഗ് അഗര്‍വാല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും, രാഹുലും മുരളി വിജയ്‍യും പുറത്ത്

മെല്‍ബേണില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മയാംഗ് അഗര്‍വാല്‍ അരങ്ങേറ്റം കുറിയ്ക്കും. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്താക്കിയ ഇന്ത്യ പകരം ആ സ്ഥാനത്തേക്ക് മയാംഗിനെയും ഹനുമ വിഹാരിയെയും ഇറക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍. അതേ സമയം ഉമേഷ് യാദവിനു പകരം ഇന്ത്യ രവീന്ദ്ര ജഡേജയെ ടീമിലെത്തിച്ചു.

ഇതോടെ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന 295ാമത്തെ കളിക്കാരനായി മയാംഗ് അഗര്‍വാല്‍ മാറും. രോഹിത് ശര്‍മ്മ ടെസ്റ്റ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ അശ്വിന്‍ പുറത്ത് തന്നെയാണ്.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, മയാംഗ് അഗര്‍വാല്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയയിലെ പിച്ചുകള്‍ തന്റെ ശൈലിയ്ക്ക് അനുയോജ്യമെന്ന് പറഞ്ഞ് ഇന്ത്യയുടെ ഓപ്പണര്‍

ഒരു ചെറിയ ഇടവേളയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ഓപ്പണര്‍ മുരളി വിജയ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ടീമിലെ ഇടം ഉറപ്പുള്ളതായിരുന്നില്ല. ഒരു സ്ലോട്ട് പൃഥ്വി ഷാ സ്വന്തമാക്കിയതോടെ മുരളി വിജയും കെഎല്‍ രാഹുലും രണ്ടാം സ്ഥാനത്തിനായി പൊരുതേണ്ട അവസ്ഥയിലായിരുന്നു. സന്നാഹ മത്സരത്തില്‍ മികച്ച ഫോമില്‍ കളിച്ച മുരളി വിജയയ്ക്ക് തന്നെ സാധ്യത ഏറെ കല്പിക്കപ്പെട്ടിരുന്നതെങ്കിലും പൃഥ്വി ഷാ പരിക്കേറ്റ് അഡിലെയ്ഡ് ടെസ്റ്റില്‍ നിന്ന് പുറത്തായതോടെ മുരളി വിജയുടെ സ്ഥാനം ഉറപ്പാകുകയായിരുന്നു.

സന്നാഹ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കളിച്ചില്ലെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ പൃഥ്വി ഷാ പരിക്കേറ്റതോടെ മുരളി വിജയ് തനിയ്ക്ക് ലഭിച്ച അവസരം 129 റണ്‍സ് നേടി വിനിയോഗിക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ 62 റണ്‍സ് നേടി. തന്റെ ശൈലിയ്ക്ക് അനുയോജ്യമായ പിച്ചുകളാണ് ഓസ്ട്രേലിയയിലേതെന്നും അത് തനിക്ക് പരമ്പരയില്‍ ഗുണം ചെയ്യുമെന്നുമാണ് ടെസ്റ്റിനു മുന്നോടിയായി താരം അഭിപ്രായം രേഖപ്പെടുത്തിയത്.

132 പന്തില്‍ നിന്നാണ് മുരളി വിജയ് 129 റണ്‍സ് നേടിയത്. 16 ബൗണ്ടറിയും 5 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിലേക്ക് മടങ്ങിയെത്തി മുരളി വിജയ്, രോഹിത് ശര്‍മ്മയും ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മുരളി വിജയ്, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് സെറ്റപ്പിലേക്ക് മടങ്ങി വരുമ്പോള്‍ മുഹമ്മദ് സിറാജിനെയും മയാംഗ് അഗര്‍വാളിനെയും സെലക്ടര്‍മാര്‍ തഴഞ്ഞു. മയാംഗിനെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ സ്ക്വാഡിലെടുത്തുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

ഇന്ത്യ: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, പാര്‍ത്ഥിവ് പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Exit mobile version