നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു.ഐപിഎൽ 2020ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശേഷം താരം ക്രിക്കറ്രിൽ സജീവമായയിരുന്നില്ല. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ റൂബി തൃച്ചി വാരിയേഴ്സിന് വേണ്ടി താരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.
2020ന് ശേഷം ഈ മുന്‍ ഇന്ത്യന്‍ താരം ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിച്ചിരുന്നില്ല. വ്യക്തിഗതമായ ബ്രേക്ക് എന്നാണ് താരം ഈ ഇടവേളയെ വിശേഷിപ്പിച്ചത്. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായിരുന്നു ഈ തീരുമാനം എന്നും മുരളി വിജയ് വ്യക്തമാക്കി.
അമിത് സാത്വികിന്റെ ഓപ്പണിംഗിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മികവ് പുലര്‍ത്തിയപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെല്ലൈ റോയൽ കിംഗ്സിനെ തകര്‍ത്ത് വിജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്.
52 പന്തിൽ 71 റൺസ് നേടിയ അമിത് സാത്വിക്കിനൊപ്പം ആദിത്യ ഗണേഷ്(33), ആന്റണി ദാസ്(35*) എന്നിവരും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്.
മതിവന്നന്‍ മൂന്നും സുനിൽ സാം, ശരവൺ കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് കിംഗ്സിന്റെ തകര്‍ച്ച സാധ്യമാക്കിയത്. 13.4 ഓവറിൽ വെറും 77 റൺസിനാണ് നെല്ലൈ റോയൽ കിംഗ്സ് ഓള്‍ഔട്ട് ആയത്. 74 റൺസിന്റെ തകര്‍പ്പിന്‍ വിജയം തൃച്ചി സ്വന്തമാക്കിയപ്പോള്‍ 32 റൺസ് നേടിയ ബാബ ഇന്ദ്രജിത്ത് ആണ് കിംഗ്സിന്റെ ടോപ് സ്കോറര്‍. സഞ്ജയ് യാദവ് 28 റൺസ് നേടി.
തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് സീനിയര്‍ താരങ്ങളായ മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂബി തൃച്ചി വാരിയേഴ്സ് താരങ്ങള്‍ പിന്മാറിയത്. പകരം എസ് കേശവ് കൃഷ്ണ വരുണ്‍ ടോഡാദ്രി എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും. ജൂലൈ 19ന് ആണ് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ തുടങ്ങുക.
റൂബി ത്രിച്ചി വാരിയേഴ്സിനെതിരെ 41 റണ്‍സിന്റെ വിജയം കൊയ്ത് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ റൂബി ത്രിച്ചി വാരിയേഴ്സ് 107/9 എന്ന സ്കോര്‍ മാത്രം നേടി ചേസിംഗ് അവസാനിപ്പിച്ചു. ഹരീഷ് കുമാര്‍(37), ഗോപിനാഥ്(37), ഗംഗ ശ്രീധര്‍ രാജു(26) എന്നിവരാണ് സൂപ്പര്‍ ഗില്ലീസിന്റെ ബാറ്റിംഗില്‍ തിളങ്ങിയത്. തൃച്ചി വാരിയേഴ്സിന് വേണ്ടി സരവണ്‍ കുമാര്‍ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചിയുടെ ടോപ് സ്കോറര്‍ 29 റണ്‍സ് നേടിയ ആദിത്യ ബറൂഹ് ആയിരുന്നു. സരവണ്‍ കുമാര്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും ചേസിംഗിന്റെ ഒരു ഘട്ടത്തിലും റൂബി തൃച്ചി വാരിയേഴ്സ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് ഒരു വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ആര്‍ അലക്സാണ്ടര്‍ അഞ്ച് വിക്കറ്റുമായി സൂപ്പര്‍ ഗില്ലീസിന് വേണ്ടി അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. തന്റെ നാലോവറില്‍ 9 റണ്‍സ് വിട്ട് നല്‍കിയാണ് ഈ നേട്ടം അലക്സാണ്ടര്‍ കൈവരിച്ചത്.
ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറിന് ശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഓവര്‍ ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ച് ക്രിക്കറ്റ് കാണികള്‍. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി തൃച്ചി വാരിയേഴ്സും കാരൈക്കുഡി കാളൈകളും തമ്മിലുള്ള പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും 171 റണ്‍സ് നേടി ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം കാരൈക്കുഡിയ്ക്കൊപ്പം നിന്നു. 11 റണ്‍സിന് സൂപ്പര്‍ ഓവറില്‍ തൃച്ചിയെ തളച്ച ശേഷം ക്യാപ്റ്റന്‍ ശ്രീകാന്ത് അനിരുദ്ധയുടെ മികവില്‍ ടീം 4 പന്തില്‍ നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.
അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ഓവറിലെ ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും നാലാം പന്ത് സിക്സിന് പറത്തി മണി ഭാരതി ലക്ഷ്യം 2 പന്തില്‍ നിന്ന് നാല് റണ്‍സാക്കി മാറ്റി. അടുത്ത പന്തില്‍ നിന്ന് ഒരു റണ്‍സ് നേടിയ തൃച്ചിയുടെ വിജയ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നുവെങ്കിലും ടീമിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു. മുരളി വിജയ് ക്രീസില്‍ നിന്നിരുന്നപ്പോള്‍ അനായാസം വിജയം കരസ്ഥമാക്കുവാന്‍ തൃച്ചിയ്ക്കാകുമെന്നാണ് കരുതിയതെങ്കിലും അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ തിരിച്ചുവരുവാന്‍ കാരൈക്കുഡി കാളൈകള്‍ക്കായിരുന്നു. മുരളി വിജയ് 56 പന്തില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. മാരുതി രാഘവ്(22), ചന്ദ്രശേഖര്‍ ഗണപതി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബൗളിംഗ് ടീമിനായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ശ്രീകാന്ത് അനിരുദ്ധ(58), രാജമണി ശ്രീനിവാസന്‍(37*), മാന്‍ ബാഫ്ന(30) എന്നിവരോടൊപ്പം 13 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ആര്‍ രാജ്കുമാറിന്റെയും മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിലേക്ക് നീങ്ങിയത്.
വി ബി കാഞ്ചി വീരന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഭരത് ശങ്കര്‍ നേടിയ 69 റണ്‍സിന്റെ ബലത്തില്‍ കാഞ്ചി വീരന്‍സ് നല്‍കിയ 137 റണ്‍സ് ലക്ഷ്യത്തെ 4 വിക്കറ്റ് നഷ്ടത്തില്‍ 17.4 ഓവറില്‍ തൃച്ചി മറികടക്കുകയായിരുന്നു. ഭരത് ശങ്കറിനൊപ്പം ബാബ ഇന്ദ്രജിത്ത്(26), സത്യമൂര്‍ത്തി ശരവണന്‍(23*) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. ഔഷിക് ശ്രീനിവാസ്, ശ്രീറാം എന്നിവര്‍ കാഞ്ചി വീരന്‍സിനായി രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിബി കാഞ്ചി വീരന്‍സ് 20 ഓവറില്‍ 136/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ഫ്രാന്‍സിസ് റോക്കിന്‍സ് പുറത്താകാതെ നേടിയ 43 റണ്‍സ് മാത്രമാണ് ടീമില്‍ നിന്നുണ്ടായ ശ്രദ്ധേയമായ പ്രകടനം. വിശാല്‍ 25 റണ്‍സ് നേടി. കണ്ണന്‍ വിഗ്നേഷ്, സോനു യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ് ബൗളര്‍മാരില്‍ തിളങ്ങി.
ടൂട്ടി പാട്രിയറ്റ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. 41 റണ്‍സ് നേടി നിധീഷ് രാജഗോപാല്‍, 30 വീതം റണ്‍സുമായി എസ് ദിനേശ്, എസ് അഭിഷേക് എന്നിവരാണ് പാട്രിയറ്റ്സിനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. സോനു യാദവ്, ഡി കുമരന്‍ എന്നിവ്‍ രണ്ടും ചന്ദ്രശേഖര്‍ ഗണപതി, സുരേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി തൃച്ചി ബൗളര്‍മാരില്‍ തിളങ്ങി.
6 പന്ത് ശേഷിക്കെയാണ് തൃച്ചിയുടെ വിജയം. ഓപ്പണര്‍ ഭരത് ശങ്കര്‍, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രശേഖര്‍ ഗണപതി(27*), മണി ഭാരതി(26) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ഭരത് ശങ്കര്‍ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബ ഇന്ദ്രജിത്ത് 50 റണ്‍സുമായി പുറത്താകാതെ നിന്നു. ഗണേഷ് മൂര്‍ത്തി രണ്ടും എം രംഗരാജന്‍ ഒരു വിക്കറ്റും പാട്രിയറ്റ്സിനായി നേടി.
176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും തലൈവന്‍ സര്‍ഗുണവും. അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്നപ്പോള്‍ തലൈവന്‍ സര്‍ഗുണം ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി. രണ്ടാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 5 വിക്കറ്റ് ജയത്തോടെ മധുരൈ പാന്തേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടുകയായിരുന്നു. സത്യമൂര്‍ത്തി ശരവണന്‍ 28 പന്തില്‍ 52 റണ്‍സും സുരേഷ് കുമാര്‍ 26 പന്തില്‍ 42 റണ്‍സും നേടി തൃച്ചിയ്ക്കായി തിളങ്ങി. ഭരത് ശങ്കര്‍(29), മണി ഭാരതി(33) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാന്തേഴ്സിനു വേണ്ടി രാഹില്‍ ഷാ മൂന്ന് വിക്കറ്റ് നേടി.
തലൈവന്‍ സര്‍ഗുണം 36 പന്തില്‍ നിന്ന് 70 റണ്‍സാണ് നേടിയത്. 5 ബൗണ്ടറിയും 6 സിക്സും നേടി തിളങ്ങിയ സര്‍ഗുണം 200നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ മധുരൈയ്ക്ക് നഷ്ടമായെങ്കിലും അരുണ്‍ കാര്‍ത്തിക്ക് ഒരു വശത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 45 പന്തില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്ന അരുണ്‍ തന്നെയാണ് കളിയിലെ താരവും.
5 വീതം സിക്സും ബൗണ്ടറിയുമാണ് അരുണ്‍ കാര്‍ത്തിക്ക് സ്കോര്‍ ചെയ്തത്. തൃച്ചിയ്ക്കായി ചന്ദ്രശേഖര്‍ ഹണപതി രണ്ടും സഞ്ജയ്, കണ്ണന്‍ വിഗ്നേഷ്, ലക്ഷ്മി നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേടേണ്ടിയിരുന്നത് 115 റണ്‍സായിരുന്നുവെങ്കിലും അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ ഒരു പന്ത് ശേഷിക്കെ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിച്ച് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കാരൈകുഡി കാളൈ വിജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 19.5 ഓവറില്‍ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ 115 റണ്‍സ് നേടി കാളൈകള്‍ ജയം ഉറപ്പാക്കുകയായിരുന്നു. പരാജയപ്പെട്ടുവെങ്കിലും തൃച്ചിയുടെ സുരേഷ് കുമാര്‍ ആണ് കളിയിലെ താരം.
28 റണ്‍സ് നേടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സഞ്ജയ് ആണ് തൃച്ചിയെ 114 റണ്‍സിലേക്ക് എത്തിച്ചത്. 89/9 എന്ന നിലയില്‍ 17 പന്തില്‍ നിന്ന് 28 റണ്‍സാണ് സഞ്ജയ് നേടിയത്. മണി ഭാരതി(22), സുരേഷ് കുമാര്‍(22) എന്നിവര്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. മോഹന്‍ പ്രസാത്(3), യോ മഹേഷ്(2), രാജ് കുമാര്‍(2) എന്നിവരാണ് കാളൈകള്‍ക്കായി വിക്കറ്റുകള്‍ നേടിയത്.
ശ്രീകാന്ത് അനിരുദ്ധയുടെ 41 റണ്‍സിന്റെ ബലത്തില്‍ അനായാസ വിജയത്തിലേക്ക് കാരൈകുഡി നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് മത്സരഗതി മാറ്റി വിക്കറ്റുകളുമായി ശക്തമായ തിരിച്ചുവരവ് തൃച്ചി നടത്തിയത്. 5.4 ഓവറില്‍ 47 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ കാരൈകുഡിയുടെ ഓപ്പണര്‍ ആദിത്യയെ(19) പുറത്താക്കി സുരേഷ് കുമാര്‍ ആദ്യ പ്രഹരം കാളൈകള്‍ക്ക് നല്‍കി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം ചെലുത്തുവാന്‍ തൃച്ചിയ്ക്ക് സാധിച്ചപ്പോള്‍ കാരൈകുഡി ക്യാമ്പില്‍ പരിഭ്രാന്തി പരന്നു. 4 ഓവറില്‍ 12 റണ്‍സിനു 3 വിക്കറ്റാണ് സുരേഷ് കുമാര്‍ നേടിയത്. സോനു യാദവ് രണ്ട് വിക്കറ്റ് നേടി. കാരൈകുഡിയ്ക്ക് വേണ്ടി യോ മഹേഷ് 13 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരു താരത്തിനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ അത് സ്വന്തമാക്കുവാന്‍ കാരൈകുഡി കാളൈകള്‍ക്ക് സാധിച്ചു.
റൂബി തൃച്ചി വാരിയേഴ്സിനെ 8 വിക്കറ്റിനു കീഴടക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ റണ്‍സ് അധികം പിറക്കാതിരുന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത തൃച്ചി വാരിയേഴ്സ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ 13.4 ഓവറില്‍ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട കോവൈ കിംഗ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍ ആണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത തൃച്ചിയ്ക്കായി 35 റണ്‍സ് നേടി സുരേഷ് കുമാര്‍ ടോപ് സ്കോറര്‍ ആയി. ഭരത് ശങ്കര്‍ 24 റണ്‍സും സോനു യാദവ് 21 റണ്‍സും നേടി. കോവൈ ബൗളര്‍മാരില്‍ അജിത് റാം, മണികണ്ഠന്‍ എന്നിവര്‍ രണ്ട് വിക്കറ്റും കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, ടി നടരാജന്‍, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
67 റണ്‍സ് നേടിയ ഷാരൂജ് ഖാനും പുറത്താകാതെ 42 റണ്‍സുമായി നിന്ന കോവൈ നായകന്‍ അഭിനവ് മുകുന്ദുമാണ് ടീമിന്റെ വിജയ ശില്പികളായത്. ഡി കുമരന്‍ തൃച്ചിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20 ഓവറില്‍ 172/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ വാരിയേഴ്സ് വിജയം കൊയ്യുകയായിരുന്നു.
ഹരി നിഷാന്ത്(41), രാമലിംഗം രോഹിത്(46), രവിചന്ദ്രന്‍ അശ്വിന്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വാരിയേഴ്സിനെ മുന്നോട്ട് നയിച്ചത്. മൂന്ന് ബാറ്റ്സ്മാന്മാരും 150നു മേലുള്ള സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. തൃച്ചിയ്ക്കായി കുമരന്‍, ലക്ഷ്മി നാരായണന്‍, എംഎസ് സഞ്ജയ് എന്നിവര്‍ രണ്ടും കണ്ണന്‍ വിഗ്നേഷ്, സോനു യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃച്ചി വാരിയേഴ്സിനെ ഭരത് ശങ്കര്‍(39), സോനു യാദവ്(17 പന്തില്‍ 30) എന്നിവര്‍ക്കൊപ്പം 24 പന്തില്‍ നിന്ന് 45 റണ്‍സ് നേടി പുറത്താകാതെ നിന്ന സുരേഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗിനൊപ്പം ഒപ്പം എംഎസ് സഞ്ജയുടെ 5 പന്തില്‍ 11 റണ്‍സും കൂടിയായപ്പോള്‍ ജയം ഉറപ്പിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 87/5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ തൃച്ചിയെ ആറാം വിക്കറ്റഇല്‍ 60 റണ്‍സ് കൂട്ടുകെട്ടുമായി സോനു യാദവ്-സുരേഷ് കുമാര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന തൃച്ചിയ്ക്ക് ആദ്യ പന്തില്‍ ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അടുത്ത പന്തില്‍ സിക്സര്‍ നേടി സഞ്ജയ് ആണ് തൃച്ചി ക്യാമ്പില്‍ വീണ്ടും പ്രതീക്ഷ കൊണ്ടുവന്നത്. നാലാം പന്തില്‍ വീണ്ടും സിക്സര്‍ നേടിയ സുരേഷ് കുമാര്‍ അഞ്ചാം പന്തില്‍ ഒരു സിക്സര്‍ കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
സുരേഷ് കുമാര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഡ്രാഗണ്‍സിനു വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് നേടി.