വീണ്ടും കസറി റുതുരാജ്, ചെന്നൈയ്ക്ക് 217 റൺസ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 217റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യ മത്സരത്തിൽ തിളങ്ങിയ റുതുരാജ് ഗായക്വാഡ് അര്‍ദ്ധ ശതകം നേടിയപ്പോൾ 47 റൺസ് നേടി ഡെവൺ കോൺവേയും 27 റൺസ് നേടിയ ശിവം ഡുബേയുമാണ് ടീമിനായി തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ റുതുരാജും കോൺവേയും ചേര്‍ന്ന് 110 റൺസാണ് 9.1 ഓവറിൽ നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ റുതുരാജിനെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ 29 റൺസ് നേടിയ ഡെവൺ കോൺവേയെ മാര്‍ക്ക് വുഡ് മടക്കിയയച്ചു.

രവി ബിഷ്ണോയി ശിവം ഡുബേ, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളും നേടി മത്സരത്തിൽ നിന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.

മോയിന്‍ അലി 13 പന്തിൽ 19 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്ത അമ്പാട്ടി റായിഡു ടീമിനെ 200 കടത്തുവാന്‍ സഹായിച്ചു.

അവസാന ഓവറിൽ മാര്‍ക്ക് വുഡിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് ധോണി പറത്തിയെങ്കിലും വുഡ് തൊട്ടടുത്ത പന്തിൽ രവി ബിഷ്ണോയിയുടെ കൈയിൽ ധോണിയെ എത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് കരസ്ഥമാക്കി.

മുൽത്താനിൽ വിജയക്കൊടി പാറിച്ച് ഇംഗ്ലണ്ട്, 26 റൺസ് വിജയം

മുൽത്താന്‍ ടെസ്റ്റിലും പാക്കിസ്ഥാനെതിരെ വിജയം കുറിച്ച് ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആരംഭിയ്ക്കുമ്പോള്‍ പാക്കിസ്ഥാന് 6 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 157 റൺസായിരുന്നു നേടേണ്ടിയിരുന്നത്. 80 റൺസ് കൂട്ടുകെട്ടുമായി സൗദ് ഷക്കീലും മൊഹമ്മദ് നവാസും പ്രതീക്ഷ നൽകിയെങ്കിലും 328 റൺസിൽ പാക് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 26 റൺസ് വിജയവുമായി രണ്ടാം ടെസ്റ്റും ഇംഗ്ലണ്ട് സ്വന്തമാക്കി.

മാര്‍ക്ക് വുഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന് പ്രതീക്ഷ നൽകിയത് സൗദ് ഷക്കീൽ(94), ഇമാം-ഉള്‍-ഹക്ക്(60) കൂട്ടുകെട്ടായിരുന്നു. എന്നാൽ ഇമാമിനെ ജാക്ക് ലീഷ് പുറത്താക്കിയപ്പോള്‍ മൊഹമ്മദ് നവാസുമായി 80 റൺസ് കൂട്ടുകെട്ട് സൗദ് നേടി.

45 റൺസ് നേടിയ നവാസിനെയും സൗദ് ഷക്കീലിനെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി മാര്‍ക്ക് വുഡ് പാക്കിസ്ഥാന്റെ പ്രതീക്ഷകളെ അവസാനിപ്പിച്ചു.

എന്താണ് സംഭവിച്ചതെന്ന് താന്‍ കണ്ടില്ല, അത് മാത്രമല്ല ഓസ്ട്രേലിയയിൽ ഇനി ഏറെ നാള്‍ കഴിയണമെന്നതും താന്‍ പരിഗണിച്ചു, അപ്പീൽ ചെയ്യാത്തതിനെക്കുറിച്ച് ജോസ് ബട്‍ലര്‍

മാത്യു വെയിഡ് മാര്‍ക്ക് വുഡിനെ സ്വന്തം ബൗളിംഗിൽ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് തടസ്സം സൃഷ്ടിച്ച വിവാദ സംഭവത്തിൽ താന്‍ എന്ത് കൊണ്ട് അപ്പീൽ ചെയ്തില്ല എന്നതിൽ വിശദീകരണവുമായി ജോസ് ബട്‍ലര്‍.

താന്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടില്ല. തന്റെ ശ്രദ്ധ മുഴുവന്‍ സമയവും പന്തിൽ തന്നെയായിരുന്നു തന്നോട് അപ്പീൽ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും പറഞ്ഞ ബട്‍ലര്‍. ഓസ്ട്രേലിയയിൽ ഇത്ര നേരത്തെ തന്നെ ഇത്തരം റിസ്ക് എടുക്കുവാന്‍ താന്‍ തയ്യാറല്ലെന്നും ഇംഗ്ലണ്ട് ലോകകപ്പിനായി ഓസ്ട്രേലിയയിൽ ഏറെക്കാലം ചെലവഴിക്കേണ്ടതായിയുണ്ടെന്ന ബോധവും തനിക്കുണ്ടെന്ന് ബട്‍ലര്‍ വ്യക്തമാക്കി.

ഒറ്റയാള്‍ പ്രകടനവുമായി റിസ്വാന്‍, ലാഹോറിൽ പാക്കിസ്ഥാന് 145 റൺസ്

മൊഹമ്മദ് റിസ്വാന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തിൽ 145 റൺസുമായി നേടി പാക്കിസ്ഥാന്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

എന്നാൽ ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ച റിസ്വാന്‍ പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. റിസ്വാന്‍ 46 പന്തിൽ 63 റൺസ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. റിസ്വാന്റെ വിക്കറ്റ് സാം കറന്‍ ആണ് നേടിയത്.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും ഡേവിഡ് വില്ലി, സാം കറന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

മാർക്ക് വുഡിന് ഏഴര കോടി!!

ഇംഗ്ലീഷ് ബൗളർ മാർക്ക് വുഡ് ലക്നൗ സൂപർ ജയന്റ് ക്ലബിൽ കളിക്കും. 7.5 കോടിക്ക് ആണ് ലകനൗ മാർക്ക് വുഡിനെ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും ആണ് മാർക്ക് വുഡിനായി പോരാടിയത്. രണ്ട് കോടിയിൽ നിന്നായിരുന്നു താരത്തിന്റെ ബിഡ് ആരംഭിച്ചത്. 32കാരനായ താരം നാലു വർഷത്തിനു ശേഷമാണ് ഐ പി എല്ലിലേക്ക് തിരികെ എത്തുന്നത്. ഇതുവരെ ഉള്ള ലേലത്തിൽ ഒരു ഇംഗ്ലീഷ് താരത്തിന് കിട്ടിയ ഏറ്റവും വലിയ തുകയാണ് ഇത്.

ഓസ്ട്രേലിയയുടെ നടുവൊടിച്ച് മാര്‍ക്ക് വുഡ്

ഹോബാര്‍ട്ടിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ കനത്ത പ്രഹരങ്ങള്‍ ഏല്പിച്ച് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഓസ്ട്രേലിയ ആടിയുലഞ്ഞപ്പോള്‍ ടീം 141/8 എന്ന നിലയിലാണ്.

മൂന്നാം ദിവസം ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയുടെ കൈവശം 256 റൺസ് ലീഡാണ്. രണ്ട് ദിവസത്തിലധികം കളി അവശേഷിക്കുമ്പോളും ഇംഗ്ലണ്ടിന്റെ മോശം ബാറ്റിംഗ് ഫോം പരിഗണിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് തന്നെയാണ് വിജയ സാധ്യത.

പുറത്താകാതെ 40 റൺസ് നേടിയ അലക്സ് കാറെയുടെ ഇന്നിംഗ്സാണ് വലിയ നാണക്കേടിൽ നിന്ന് ഓസ്ട്രേിലയയെ രക്ഷിച്ചത്. 63/6 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്കായി ഏഴാം വിക്കറ്റിൽ കാമറൺ ഗ്രീനുമായി(23) ചേര്‍ന്ന് 49 റൺസ് കൂട്ടുകെട്ടാണ് കാറെ നേടിയത്.

കാറെയ്ക്ക് കൂട്ടായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 12 റൺസുമായി ക്രീസിലുണ്ട്.

ബൈര്‍സ്റ്റോയ്ക്ക് ശതകം, ഫോളോ ഓൺ ഒഴിവാക്കി ഇംഗ്ലണ്ട്

ജോണി ബൈര്‍സ്റ്റോയുടെ മികവിൽ ഫോളോ ഓൺ ഒഴിവാക്കി ഇംഗ്ലണ്ട്. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 258/7 എന്ന നിലയിലാണ്. ജോണി ബൈര്‍സ്റ്റോയുടെ 103 റൺസിന്റെ ബലത്തില്‍ ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

ബൈര്‍സ്റ്റോയ്ക്കൊപ്പം 4 റൺസുമായി ജാക്ക് ലീഷാണ് ക്രീസിലുള്ളത്. ബെന്‍ സ്റ്റോക്സ്(66), മാര്‍ക്ക് വുഡ്(39) എന്നിവരും ടീമിനായി നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഓസ്ട്രേലിയയുടെ സ്കോര്‍ മറികടക്കുവാന്‍ ഇംഗ്ലണ്ടിന് ഇനിയും 158 റൺസ് നേടണം. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ടും നഥാന്‍ ലയൺ, കാമറൺ ഗ്രീന്‍, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നൂറ് റൺസ് കൂട്ടുകെട്ടിന് ശേഷം പുജാരയും രഹാനെയും വീണു, ലോര്‍ഡ്സിൽ ഇന്ത്യ പ്രതിരോധത്തിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ബാക്ക്ഫുട്ടിൽ. രണ്ടാം ഇന്നിംഗ്സിൽ 181/6 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പുജാരയും ചേര്‍ന്ന് രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു.

നൂറ് റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. 45 റൺസ് നേടിയ പുജാരയെ മാര്‍ക്ക് വുഡ് പുറത്താക്കിയപ്പോള്‍ രഹാനെയെ മോയിന്‍ അലി വീഴ്ത്തി. 61 റൺസാണ് രഹാനെ നേടിയത്. അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി.

14 റൺസ് നേടിയ ഋഷഭ് പന്തിനൊപ്പം 4 റൺസുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്. മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ് ലീഡാണുള്ളത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടി.

സിക്സടിച്ച് ഇരട്ട ശതകം പൂര്‍ത്തിയാക്കി ഡെവൺ കോൺവേ, ന്യൂസിലാണ്ട് 378 റൺസിന് ഓൾഔട്ട്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. ന്യൂസിലാണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് മാര്‍ക്ക് വുഡ് തകര്‍ത്ത ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഡെവൺ കോൺവേ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് ന്യൂസിലാണ്ടിന് തിരിച്ചടിയായി.

നാലാം വിക്കറ്റിൽ 174 റൺസാണ് ഹെന്‍റി നിക്കോൾസും(61) ഡെവൺ കോൺവേയും ചേര്‍ന്ന് നേടിയത്. 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്കും പിന്നീട് 338/9 എന്ന നിലയിലേക്കും വീണ ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്.

39 റൺസ് നേടിയ കൂട്ടുകെട്ടിൽ പ്രധാന സ്കോററായി മാറിയത് പതിനൊന്നാമനായി ക്രീസിലെത്തിയ നീൽ വാഗ്നര്‍ ആയിരുന്നു. താരം 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 200 റൺസ് നേടിയ ഡെവൺ കോൺവേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി അരങ്ങേറ്റത്തിൽ റോബിൻസൺ മികച്ച് നിന്നു. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുമായി രണ്ടാം ദിവസം ന്യൂസിലാണ്ടിന്റെ പതനം ഉറപ്പാക്കിയപ്പോൾ ജെയിംസ് ആന്‍ഡേഴ്സണ് രണ്ട് വിക്കറ്റ് ലഭിച്ചു.

മാര്‍ക്ക് വുഡിന് മുന്നിൽ തകര്‍ന്ന് ന്യൂസിലാണ്ട്, കോൺവേയുടെ ചെറുത്ത്നില്പ് തുടരുന്നു

ന്യൂസിലാണ്ടിനെതിരെ രണ്ടാം ദിവസം ശക്തമായ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോൾ ന്യൂസിലാണ്ട് 314/7 എന്ന നിലയിലാണ്. ഹെന്‍റി നിക്കോൾസിനെ പുറത്താക്കി മാര്‍ക്ക് വുഡാണ് ന്യൂസിലാണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 61 റൺസാണ് നിക്കോൾസ് നേടിയത്. അധികം വൈകാതെ വാട്ളിംഗിനെയും മാ‍ര്‍ക്ക് വുഡ് പുറത്താക്കിയപ്പോൾ ഒല്ലി റോബിൻസൺ കോളിൻ ഡി ഗ്രാന്‍ഡോമിനെ വീഴ്ത്തി.

മിച്ചൽ സാന്റനറുടെ വിക്കറ്റും മാര്‍ക്ക് വുഡ് നേടിയപ്പോൾ ന്യൂസിലാണ്ട് 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്ക് നിലംപതിക്കുന്ന കാഴ്ചയാണ് കണ്ടത്. 179 റൺസ് നേടി ഡെവൺ കോൺവേയ്ക്ക് മറുവശത്ത് ഈ കാഴ്ച കണ്ട് കൊണ്ടുനില്‍ക്കാനേ സാധിച്ചുള്ളു.

ലഞ്ചിന് പിരിയുമ്പോൾ 7 റൺസ് നേടിയ കൈൽ ജാമിസൺ ആണ് ഡെവൺ കോൺവേയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡും ഒല്ലി റോബിൻസണും മൂന്ന് വീതം വിക്കറ്റ് നേടി.

പന്ത്, ധവാന്‍, ഹാര്‍ദ്ദിക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ തുണ, ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്

പൂനെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഈ സ്കോറിലേക്ക് നയിച്ചത്. ധവാനും അര്‍ദ്ധ ശതകത്തോടെ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ഇന്നിംഗ്സ് 48.2 ഓവറില്‍ അവസാനിക്കുകയായിരുന്നു.

 

62 പന്തില്‍ 78 റണ്‍സ് നേടിയ ഋഷഭ് പന്ത്. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഒന്നാം വിക്കറ്റില്‍ 103 റണ്‍സ് നേടിയ രോഹിത്(37) – ധവാന്‍(67) കൂട്ടുകെട്ടിന് ശേഷം ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 103/0 എന്ന നിലയില്‍ നിന്ന് 121/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നേടിയ 99 റണ്‍സാണ് രക്ഷിച്ചെടുത്തത്.

 

ശര്‍ദ്ധുല്‍ താക്കൂര്‍(30), ക്രുണാല്‍ പാണ്ഡ്യ(25) എന്നിവരും വാലറ്റത്തില്‍ തുണയേകി ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റാണ് നേടിയത്.

മാര്‍ക്ക് വുഡിന് മുന്നില്‍ പകച്ച ഇന്ത്യയെ കരകയറ്റി കിംഗ് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി ഇന്ത്യ. 46 പന്തില്‍ 77 റണ്‍സാണ് കോഹ്‍ലി നേടിയത്. ആറാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് താരം 33 പന്തില്‍ നിന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. കോഹ്‍ലി എട്ട് ഫോറും നാല് സിക്സുമാണ് ഇന്ന് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മാര്‍ക്ക് വുഡ് കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍ എന്നിവരെ പുറത്താക്കിയപ്പോള്‍ പ്രതീക്ഷ നല്‍കിയ ഋഷഭ് പന്ത്(25) റണ്ണൗട്ട് രൂപത്തില്‍ പുറത്തായി.

ഒരു ഘട്ടത്തില്‍ 24/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കോഹ്‍ലിയും പന്തും ചേര്‍ന്ന് 40 റണ്‍സ് നേടി മുന്നോട്ട് നയിക്കുന്നതിനിടയിലാണ് പന്ത് പുറത്തായത്. 37 പന്തില്‍ നിന്നാണ് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം നേടിയത്.

അര്‍ദ്ധ ശതകം തികച്ച ശേഷം സിക്സുകളും ബൗണ്ടറിയും നേടി കോഹ്‍ലി ആക്രമണം അഴിച്ചുവിടുകയായിരുന്നു. തന്റെ ആദ്യ മൂന്നോവറില്‍ വെറും 14 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്ക് വുഡിന്റെ അവസാന ഓവറില്‍ നിന്ന് കോഹ്‍ലി രണ്ട് സിക്സം ഒരു ഫോറും അടക്കം നേടിയപ്പോള്‍ ഓവറില്‍ നിന്ന് 17 റണ്‍സാണ് പിറന്നത്.

ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ 17 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കി ക്രിസ് ജോര്‍ദ്ദന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

Exit mobile version