ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ കഥ കഴിച്ച് മാര്‍ക്ക് വുഡ്, വീണ്ടും പൂജ്യത്തിന് പുറത്തായി ലോകേഷ് രാഹുല്‍

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മാര്‍ക്ക് വുഡിന്റെ തീപാറും സ്പെല്ലിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ 24/3 എന്ന നിലയിലേക്ക് വീണു. ലോകേഷ് രാഹുല്‍ വീണ്ടും പൂജ്യത്തിന് പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മയെയും(15) മാര്‍ക്ക് വുഡ് പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ഇഷാന്‍ കിഷനെ ക്രിസ് ജോര്‍ദ്ദന്‍ പുറത്താക്കി.

നാലാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ഋഷഭ് പന്തും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിചേര്‍ത്തുവെങ്കിലും കോഹ്‍ലിയുമായുള്ള ആശയക്കുഴപ്പം പന്തിന്റെ വിക്കറ്റ് നഷ്ടപ്പെടുവാന്‍ കാരണമായി. ഇന്ത്യ 12 ഓവറില്‍ 71/4 എന്ന നിലയില്‍ ആണ്. പന്ത് 20 പന്തില്‍ 25 റണ്‍സ് നേടിയാണ് പുറത്തായത്.

20 റണ്‍സ് നേടി വിരാട് കോഹ്‍ലിയും 5 റണ്‍സുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിലുള്ളത്.

ഐപിഎല്‍ വേണ്ടെന്ന് വെച്ചത് കുടുംബത്തിനും ഇംഗ്ലണ്ടിനും വേണ്ടി – മാര്‍ക്ക് വുഡ്

ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ലേലത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുവാനും ഇംഗ്ലണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.

ലേലത്തില്‍ പങ്കെടുത്ത് തന്നെ ഒരു ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ പിന്നീട് ടീമിനോട് താന്‍ ഈ വര്‍ഷത്തെ ഐപിഎലില്‍ ഉണ്ടാകില്ലെന്ന് അറിയിക്കുന്നത് ശരിയായ കാര്യമല്ലെന്ന് തനിക്ക് തോന്നിയെന്നും അതാണ് വൈകിയ വേളയില്‍ ആണെങ്കിലും തന്റെ തീരുമാനം ഉചിതമായെന്ന് തനിക്ക് തോന്നുന്നതെന്നും മാര്‍ക്ക് വുഡ് അറിയിച്ചു.

തനിക്ക് വലിയ ഒരു അവസരവും വലിയ തുകയുമായിരിക്കാം നഷ്ടപ്പെട്ടതെങ്കിലും താന്‍ തന്റെ തീരുമാനത്തില്‍ സംതൃപ്തനാണെന്ന് മാര്‍ക്ക് വുഡ് വ്യക്തമാക്കി.

മാര്‍ക്ക് വുഡ് ഐപിഎല്‍ ലേലത്തില്‍ നിന്ന് പിന്മാറി

മാര്‍ക്ക് വുഡ് ഐപിഎലില്‍ നിന്ന് പിന്മാറി. ഇംഗ്ലണ്ട് താരം 2 കോടി അടിസ്ഥാന വിലയോട് കൂടിയാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ മാര്‍ക്ക് വുഡ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഒരു കളി കളിച്ചിട്ടുണ്ട്. ഇന്ന് ഐപിഎല്‍ ലേലം നടക്കുവാനിരിക്കവേയാണ് താരത്തിന്റെ പിന്മാറ്റം.

വുഡ് പിന്മാറിയതോടെ ലേലത്തില്‍ 16 ഇംഗ്ലണ്ട് താരങ്ങളാവും പങ്കെടുക്കുക. ഇന്ന് മൂന്ന് മണിയ്ക്കാണ് ഐപിഎല്‍ ലേലം ആരംഭിക്കുക.

26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ് ബൗളര്‍മാര്‍

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13 മെയിഡന്‍ ഉള്‍പ്പെടെ 40 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം തന്റെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അവസാന വിക്കറ്റ് വീഴ്ത്തിയത് സാം കറന്‍ ആയിരുന്നു.

1994ല്‍ കാന്‍ഡിയില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍മാരായ വസീം അക്രവും വഖാര്‍ യൂനിസുമാണ് ഇന്നിംഗ്സിലെ പത്ത് വിക്കറ്റും ഇതിന് മുമ്പ് നേടിയ പേസര്‍മാര്‍. 26 വര്‍ഷത്തിന് ശേഷമാണ് ആദ്യമായി ശ്രീലങ്കയില്‍ സ്പിന്നര്‍മാര്‍ക്ക് ഒരിന്നിംഗ്സില്‍ വിക്കറ്റ് നേടാനാകാതെ പോകുന്നത്.

ഡിക്ക്വെല്ലയുടെ ശതകം നിഷേധിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍, ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍

വീണ്ടുമൊരു അഞ്ച് വിക്കറ്റ് നേട്ടം ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ശതകം നേടുവാനുള്ള അവസരം എട്ട് റണ്‍സ് അകലെ നഷ്ടമായി ശ്രീലങ്കയുടെ നിരോഷന്‍ ഡിക്ക്വെല്ല. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം രണ്ടാം സെഷനുള്ളില്‍ തന്നെ ശ്രീലങ്ക 381 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ 30ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ന് സ്വന്തമാക്കിയത്.

229/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 3 റണ്‍സ് കൂടി നേടുന്നതിനിടെ മാത്യൂസിനെ നഷ്ടമായി.110 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ വീഴ്ത്തി. രമേശ് മെന്‍ഡിസിന്റെ വിക്കറ്റ് മാര്‍ക്ക് വുഡ് നേടിയതോടെ ലങ്ക 243/6 എന്ന നിലയിലായി.

Screenshot From 2021 01 23 14 31 46

പിന്നീട് നിരോഷന്‍ ഡിക്ക്വെല്ലയും ദില്‍രുവന്‍ പെരേരയും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് ആതിഥേയര്‍ക്കായി ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും 92 റണ്‍സ് നേടിയ ഡിക്ക്വെല്ലയെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേ ഓവറില്‍ സുരംഗ ലക്മലിന്റെ വിക്കറ്റം ആന്‍ഡേഴ്സണ്‍ നേടി.

67 റണ്‍സ് നേടി പെരേരയാണ് അവസാന വിക്കറ്റായി മടങ്ങിയത്. ഇന്നിംഗ്സില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 50 ഓവറില്‍ നിന്ന് 294 റണ്‍സ് നേടിയിട്ടുണ്ട്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറുകളില്‍ തന്നെ ഡേവിഡ് വാര്‍ണറെയും(6) പത്തോവര്‍ തികയ്ക്കുന്നതിന് മുമ്പ് ആരോണ്‍ ഫിഞ്ചിനെയും(16) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മൂന്നാം വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസും മാര്‍നസ് ലാബൂഷാനെയും കൂടി നേടിയ 37 റണ്‍സിന്റെ ബലത്തില്‍ മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മാര്‍ക്ക് വുഡ് 43 റണ്‍സ് നേടിയ സ്റ്റോയിനിസിനെ വീഴ്ത്തി തന്റെ രണ്ടാം വിക്കറ്റ് നേടി.

അധികം വൈകാതെ ലാബൂഷാനെയെയും(21) അലെക്സ് കാറെയെയും(10) ആദില്‍ റഷീദ് പുറത്താക്കിയതോടെ മത്സരം ഓസ്ട്രേലിയയുടെ കൈപ്പിടിയില്‍ നിന്ന് വഴുതുമെന്ന് തോന്നിപ്പിക്കുകയായിരുന്നു. പിന്നീട് ആറാം വിക്കറ്റ് കൂട്ടുകെട്ടിനെത്തിയ മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ എത്തിയ്ക്കുകയായിരുന്നു.

126 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. 4 വീതം ഫോറും സിക്സുമാണ് താരം നേടിയത്. വാര്‍ണറെ പുറത്താക്കിയ ജോഫ്രയ്ക്കാണ് മാക്സ്വെല്ലിന്റെയും വിക്കറ്റ്. മാക്സ്വെല്ലിനെ പുറത്താക്കിയ ശേഷം ജോഫ്ര പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു. 73 റണ്‍സ് നേടിയ മിച്ച് മാര്‍ഷിനെ പുറത്താക്കി മാര്‍ക്ക് വുഡ് തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.

മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദിന് രണ്ട് വിക്കറ്റ് ലഭിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനും വിക്കറ്റ് പട്ടികയില്‍ ഇടം ലഭിച്ചു. ഓസ്ട്രേലിയയെ അവസാന പന്തില്‍ സിക്സര്‍ നേടിയാണ് സ്റ്റാര്‍ക്ക് 294 റണ്‍സിലേക്ക് എത്തിച്ചത്. സ്റ്റാര്‍ക്ക് പുറത്താകാതെ 19 റണ്‍സ് നേടി.

വിദേശ പേസര്‍മാരില്‍ വിറ്റ് പോയത് ജോഷ് ഹാസല്‍വുഡ് മാത്രം

ഓസ്ട്രേലിയന്‍ പേസറും മികച്ച ഫോമിലുമുള്ള താരം ജോഷ് ഹാസല്‍വുഡിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. അതേ സമയം ആഡം മില്‍നേ, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍സാരി ജോസഫ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കായി ലേലത്തില്‍ ആരും തന്നെ രംഗത്തത്തിയില്ല.

ഇതില്‍ അല്‍സാരി ജോസഫ് മുംബൈ ഇന്ത്യന്‍സിനായി 12 റണ്‍സിന് ആറ് വിക്കറ്റ് നേടിയ മിന്നും പ്രകടനം നടത്തിയ താരമാണ്.

ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്

ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ് പ്രകടനം മൂലം ടീമിലെ സ്ഥാനം നഷ്ടമായ ബൈര്‍സ്റ്റോയും പരിക്ക് മൂലം റീഹാബ് നടപടികളിലൂടെ പോകുന്ന ജെയിംസ് ആന്‍ഡേഴ്സണും മാര്‍ക്ക് വുഡുമാണ് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ഒപ്പം ക്രെയിഗ് ഓവര്‍ട്ടണ്‍, ഒല്ലി സ്റ്റോണ്‍, ഒല്ലി റോബിന്‍സണ്‍ എന്നിവരും ഈ ക്യാമ്പില്‍ ഉള്‍പ്പെടും.

ഇതില്‍ ആന്‍ഡേഴ്സണ്‍, ബൈര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരാണ്. ഇതില്‍ ആഷസിലെ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ആന്‍ഡേഴ്സണും ലോകകപ്പ് ഫൈനലിന് ശേഷം ശസ്ത്രക്രിയ മൂലം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത് പോയ മാര്‍ക്ക് വുഡം പരിക്ക് മാറി ടീമിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആധികാരിക ജയവുമായി ഇംഗ്ലണ്ട് സെമിയിലേക്ക്, ന്യൂസിലാണ്ടിന് വിനയായത് റണ്ണൗട്ടുകള്‍

തുടക്കത്ത്ിലെ തകര്‍ച്ചയ്ക്ക് ശേഷം ന്യൂസിലാണ്ടിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുവാനുള്ള ചുമതല കെയിന്‍ വില്യംസണും റോസ് ടെയിലറും നിര്‍വഹിക്കുന്നതിനിടെ ന്യൂസിലാണ്ടിന് വിനയായി റണ്ണൗട്ടുകള്‍. കെയിന്‍ വില്യംസണും(27), റോസ് ടെയിലറും(28) റണ്ണൗട്ട് രൂപത്തില്‍ പുറത്തായ ശേഷം ടോം ലാഥം അര്‍ദ്ധ ശതകം നേടിയെങ്കിലും ഇംഗ്ലണ്ടിന്റെ വലിയ വിജയം തടയുവാന്‍ ന്യൂസിലാണ്ടിനായില്ല. ജയത്തോടെ ഇംഗ്ലണ്ട് സെമി സ്ഥാനം ഉറപ്പാക്കി. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ എതിരാളികളാകുവാനുള്ള സാധ്യത ഏറെയാണ്.

45 ഓവറില്‍ ന്യൂസിലാണ്ട് 186 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 119 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 3 വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരും ഓരോ വിക്കറ്റ് നേടി. 57 റണ്‍സ് നേടിയ ടോം ലാഥം ആണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍.

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഇന്ന് പിറന്നതെങ്കിലും ലക്ഷ്യം അത്രയും വലുതായതിനാല്‍ ടീമിനു തോല്‍വിയുടെ ആഘാതം വളരെ വലുതായിരുന്നു.

ടോപ് ഓര്‍ഡറില്‍ നൂര്‍ അലി സദ്രാന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ഹസ്മത്തുള്ള ഷഹീദി(76), അസ്ഗര്‍ അഫ്ഗാന്‍(44), റഹ്മത് ഷാ(37), ഗുല്‍ബാദിന്‍ നൈബ്(37) എന്നിവരില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം ഉണ്ടായെങ്കിലും ആദില്‍ റഷീദാണ് ഇംഗ്ലണ്ടിനു വേണ്ടി നിര്‍ണ്ണായ വിക്കറ്റുകള്‍ നേടിയത്. ഒപ്പം ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും എത്തിയപ്പോള്‍ ഇംഗ്ലണ്ടിനു വലിയ ജയം സ്വന്തമാക്കുവാന്‍ സാധിക്കുകയായിരുന്നു. ആദില്‍ റഷീദ് ജോഫ്ര എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ്  രണ്ട് വിക്കറ്റും വീഴ്ത്തുകയായിരുന്നു.

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ റൂട്ട് ആയിരുന്നു. ടോപ് ഓര്‍ഡറില്‍ ക്രിസ് ഗെയില്‍ 36 റണ്‍സ് നേടിയെങ്കിലും പൂരന്‍-ഹെറ്റ്മ്യര്‍ എന്നിവരൊഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

16 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റ് നേടി വിന്‍ഡീസ് വാലറ്റത്തെ തുടച്ച് നീക്കി. 44.4 ഓവറിലാണ് വിന്‍ഡീസ് 212 റണ്‍സിനു ഓള്‍ഔട്ട് ആയത്.

മാര്‍ക്ക് വുഡ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കും

ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡ് ലോകകപ്പില്‍ കളിയ്ക്കുവാന്‍ ആരോഗ്യവാനെന്ന് വെളിപ്പെടുത്തി ടീം മാനേജ്മെന്റ്. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റ് പുറത്ത് പോയത്. പിന്നീട് മത്സരത്തില്‍ താരം ഭാഗമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ സ്കാനിംഗില്‍ താരത്തിനു കാര്യമായ പ്രശ്നമൊന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മേയ് 30ന് നടക്കുന്ന ഇംഗ്ലണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ താരം കളിയ്ക്കുവാന്‍ യോഗ്യനാണെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനു മുമ്പ് താരം നെറ്റ്സില്‍ പന്തെറിഞ്ഞിരുന്നു. ഇംഗ്ലണ്ട് ഉപ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ആണ് താരത്തിന്റെ നിലവിലെ കാര്യങ്ങള്‍ അവലോകനം ചെയ്തത്.

Exit mobile version