അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ് സിക്സുകളുടെ സഹായത്തോടെ 17 പന്തില്‍ നിന്ന് 59 റണ്‍സാണ് ഷാഹിദ് അഫ്രീദി നേടിയത്. 10 ഓവറില്‍ 135 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ പഖ്ത്തൂണ്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി ഹാര്‍ദ്ദസ് വില്‍ജോയന്‍ മൂന്ന് വിക്കറ്റ് നേടി.

നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി 35 പന്തില്‍ 80 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ 122 റണ്‍സ് വരെ മാത്രമേ താരത്തിനു എത്തിക്കാനായുള്ളു. 9 സിക്സുകളും 4 ബൗണ്ടറിയുമാണ് പുറത്താകാതെ നിന്ന റോവ്മന്‍ പവല്‍ നേടിയത്. ഇര്‍ഫാന്‍ ഖാന്‍ പഖ്ത്തൂണ്‍സിനായി 2 വിക്കറ്റ് നേടി.

9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാത്തത് ടീമിനു തിരിച്ചടിയായി. 28 പന്തില്‍ നിന്നാണ് വാട്സണ്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നത്. തിസാര പെരേര(17), ബെന്‍ കട്ടിംഗ്(19*) എന്നിവരുടെ മികവിലാണ് സിന്ധീസ് 10 ഓവറില്‍ 98/4 എന്ന സ്കോര്‍ നേടിയത്. റഷീദ് ഖാന്‍ 3 വിക്കറ്റ് നേടി.

നജീബുള്ള സദ്രാന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിനപ്പം 30 റണ്‍സുമായി അലക്സ് ഹെയില്‍സും പിന്തുണച്ചപ്പോള്‍ മറാത്തയുടെ വിജയം 7.1 ഓവറില്‍ സാധ്യമാകുകയായിരുന്നു. 24 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 16 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ 30 റണ്‍സ് സ്വന്തമാക്കിയത്. 89 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

ജയം തുടര്‍ന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്, ഇത്തവണ ബൗളിംഗ് മികവില്‍

ബൗളിംഗ് മികവില്‍ രാജ്പുത്സിനെ വീഴ്ത്തി നോര്‍ത്തേണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 64/8 എന്ന സ്കോറിനു പിടിച്ചുകെട്ടിയ ശേഷം 5.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് ജയം സ്വന്തമാക്കിയത്. 18 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ ആണ് ബാറ്റിംഗില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി തിളങ്ങിയത്.

നേരത്തെ ഖാരി പിയറിയുടെ മൂന്ന് വിക്കറ്റുകളാണ് രാജ്പുത്സിന്റെ നടുവൊടിച്ചത്. ഇമ്രാന്‍ ഹൈദര്‍, ഹാര്‍ദ്ദസ് വില്‍ജോയെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സുനില്‍ നരൈന്‍ വെടിക്കെട്ടിനെ നിഷ്പ്രഭമാക്കി ജോണി ബൈര്‍സ്റ്റോ, കേരള നൈറ്റ്സിനു ജയം

ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് 123/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 8.4 ഓവറില്‍ ജയം സ്വന്തമാക്കി കേരള നൈറ്റ്സ്. 7 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.

ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി 25 പന്തില്‍ 52 റണ്‍സ് നേടിയ സുനില്‍ നരൈനും 39 റണ്‍സ് നേടി ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡുമാണ് തിളങ്ങിയത്. വെയിന്‍ പാര്‍ണെല്‍, ബെന്നി ഹോവെല്‍ എന്നിവര്‍ നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

നരൈന്‍ ക്രിസ് ഗെയിലിനെയും(19) നബി പോള്‍ സ്റ്റിര്‍ലിംഗ്(10) ഓയിന്‍ മോര്‍ഗന്‍(0) എന്നിവരെയും പുറത്താക്കിയെങ്കിലും ബൈര്‍സ്റ്റോയുടെ ഒറ്റയാള്‍ പ്രകടനം ബംഗാള്‍ ടൈഗേഴ്സിനെ മുക്കി കളയുകയായിരുന്നു. 24 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 8 സിക്സും അടക്കമാണ് ബൈര്‍സ്റ്റോ 84 റണ്‍സുമായി ആളിക്കത്തിയത്.

അവസാന പന്തില്‍ ജയം നേടി ബംഗാള്‍ ടൈഗേഴ്സ്

സിന്ധീസിന്റെ 134 റണ്‍സ് അവസാന പന്തില്‍ മറികടന്ന് ബംഗാള്‍ ടൈഗേഴ്സ്. അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന ബംഗാള്‍ ടൈഗേഴ്സ് അവസാന രണ്ട് പന്തില്‍ 5 റണ്‍സ് ലക്ഷ്യം ആയപ്പോള്‍ രണ്ട് ബൗണ്ടറി നേടിയാണ് വിജയം കുറിച്ചത്. മുഹമ്മദ് നബി 10 പന്തില്‍ 25 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോള്‍ ജേസണ്‍ റോയ്(64) ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സുനില്‍ നരൈന്‍ 6 പന്തില്‍ 22 റണ്‍സും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സും നേടി. 3 വിക്കറ്റുകളാണ് ബംഗാള്‍ ടൈഗേഴ്സിനു നഷ്ടമായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസ് ആന്റണ്‍ ഡെവ്സിച്ച്(23 പന്തില്‍ 6), ഷമിയുള്ള ഷെന്‍വാരി(26 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടിയത്. ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് നേടി.

ചാമ്പ്യന്മാര്‍ക്ക് രക്ഷയില്ല, കേരള നൈറ്റ്സിനു വീണ്ടും തോല്‍വി

നോര്‍ത്തേണ്‍ വാരിയേഴ്സിനോട് തോറ്റ് വീണ്ടും കേരള നൈറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത 101 റണ്‍സ് മാത്രമാണ് ടീമിനു 2 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ലക്ഷ്യം 7.2 ഓവറില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് മറികടക്കുകയും ചെയ്തു. പോള്‍ സ്റ്റിര്‍ലിംഗ്(28 പന്തില്‍ 60) തകര്‍ത്തടിച്ചെങ്കിലും ക്രിസ് ഗെയിലിനും(14), ഓയിന്‍ മോര്‍ഗനും(17) വേണ്ടത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയതാണ് നൈറ്റ്സിനു തിരിച്ചടിയായത്.

നിക്കോളസ് പൂരനും(43*) ആന്‍ഡ്രേ റസ്സലും(29*) പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ 8 വിക്കറ്റിന്റെ അനായാസ ജയം നോര്‍ത്തേണ് വാരിയേഴ്സ് സ്വന്തമാക്കുകയായിരുന്നു.

അവസാന പന്തില്‍ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്, ഒരു വിക്കറ്റ് ജയം

പടുകൂറ്റന്‍ വിജയങ്ങള്‍ക്ക് ശേഷം സിന്ധീസിനെതിരെ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്. 91 റണ്‍സിനു സിന്ധീസിനെ നിയന്ത്രിച്ച ശേഷം വെടിക്കെട്ട് താരങ്ങളടങ്ങിയ വാരിയേഴ്സ് നിര ആവേശകരമായ മത്സരത്തിനു ശേഷം അവസാന പന്തിലാണ് ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്. നിക്കോളസ് പൂരനും ആന്‍ഡ്രേ റസ്സലും അടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ടീമിന്റെ ടോപ് സ്കോററായത് പുരന്‍(17) ആയിരുന്നു. ഡാരെന്‍ സാമി, ലെന്‍ഡല്‍ സിമ്മണ്‍സ്, രവി ബൊപ്പാര എന്നിവര്‍ 14 വീതം റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ ടീമിനു ജയിക്കുവാന്‍ 8 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ഇസ്രു ഉഡാന രണ്ട് വൈഡ് റണ്ണുകള്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്രിസ് ഗ്രീനിനെ(8) പുറത്താക്കുവാന്‍ താരത്തിനു സാധിച്ചു. മൂന്നാം പന്തില്‍ വഹാബ് റിയാസ്(7) റണ്ണൗട്ട് രൂപത്തില്‍ പുറത്തായെങ്കിലും ഇമ്രാന്‍ ഹൈദര്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം 2 പന്തില്‍ 1 റണ്‍സാക്കി മാറ്റി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹൈദറിനെയും ഉഡാന പുറത്താക്കിയപ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സായി വാരിയേഴ്സിന്റെ ലക്ഷ്യം മാറി. അവസാന പന്തില്‍ ബൈ ഓടി ടീം ജയം ഉറപ്പിക്കുകയായിരുന്നു. സിന്ധീസിനായി ബെന്‍ കട്ടിംഗും ഇസ്രു ഉഡാനയും രണ്ട് വീതം വിക്കറ്റ് നേ‍ടി. ജോഫ്ര ആര്‍ച്ചര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി നായകന്‍ ഷെയിന്‍ വാട്സണ്‍ 28 പന്തില്‍ 50 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് കണ്ടെത്താനായിരുന്നില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ടീമിനു നേടാനായത്. വാരിയേഴ്സിനു വേണ്ടി ആന്‍ഡ്രേ റസ്സല്‍, ഹാരി ഗുര്‍ണേ, ഹാര്‍ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പത്തോവറില്‍ രാജ്പുത്സിനു നേടാനായത് 63 റണ്‍സ്, അഞ്ചാം ഓവറില്‍ ലക്ഷ്യം മറികടന്ന് മറാത്ത അറേബ്യന്‍സ്

രാജ്പുത്സിനെതിരെ ആധികാരിക വിജയവുമായി മറാത്ത അറേബ്യന്‍സ്. വിജയ ലക്ഷ്യമായ 64 റണ്‍സ് അഞ്ചാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെയാണ് ടീം സ്വന്തമാക്കിയത്. ഹസ്രത്തുള്ള സാസായി 12 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഹെയില്‍സ് 27 റണ്‍സുമായി താരത്തിനു പിന്തുണ നല്‍കി. ഇരു താരങ്ങളും 2 സിക്സുകളും 3 ബൗണ്ടറിയുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 63 റണ്‍സില്‍ ഒതുക്കുവാന്‍ മറാത്തയ്ക്ക് സാധിച്ചിരുന്നു. 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 15 റണ്‍സ് നേടി റണ്ണൗട്ടായ ബെന്‍ ഡങ്ക് ആണ് ടോപ് സ്കോറര്‍. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍, ജെയിംസ് ഫോക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് നേടിയ 107/5 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ കേരള നൈറ്റ്സിനു ക്രിസ് ഗെയില്‍ വെടിക്കെട്ടിന്റെ ബലത്തില്‍ 4 ഓവറില്‍ നിന്ന് 46 റണ്‍സ് നേടുകയായിരുന്നു.

നാലാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. പിന്നീട് തുടരെ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന്‍ ഖാന്‍ നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ഹസന്‍ ഖാന്‍ നേടിയത്. ഉപുല്‍ തരംഗ, ഫാബിയന്‍ അല്ലെന്‍, വെയിന്‍ പാര്‍ണെല്‍ എന്നിവരെയാണ് ഹസന്‍ ഖാന്‍ പുറത്താക്കിയത്.

8.2 ഓവറില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് കേരള നൈറ്റ്സിനു നേടാനായത്. 36 റണ്‍സിന്റെ വിജയമാണ് പഞ്ചാബി ലെജന്‍ഡ്സ് നേടിയത്. പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ലെജന്‍ഡ്സിനെ ഉമര്‍ അക്മലും വാലറ്റത്തില്‍ ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നാണ് 107 റണ്‍സിലേക്ക് എത്തിച്ചത്. 17 പന്തില്‍ 30 റണ്‍സ് നേടി ഉമര്‍ അക്മല്‍ പുറത്തായപ്പോള്‍ 7 പന്തില്‍ നിന്ന് 24 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്. പുറത്താകാതെ നിന്ന താരത്തോടപ്പം ടോം മൂറ്സ് 16 റണ്‍സ് നേടി. മുഹമ്മദ് നവീദ് കേരള നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ആന്‍ഡ്രേ ഫ്ലെച്ചര്‍ നേടിയത്. കൂട്ടിനു കോളിന്‍ ഇന്‍ഗ്രാം 27 റണ്‍സ് നേടി പിന്തുണ നല്‍കി. മുജീബ്, സഹീര്‍ ഖാന്‍, സുനില്‍ നരൈന്‍ എന്നിവരാണ് ബംഗാളിന്റെ വിക്കറ്റ് നേട്ടക്കാര്‍. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഫ്ലെച്ചര്‍ മാന്‍ ഓഫ് ദി മാച്ച് പദവി സ്വന്തമാക്കുന്നത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സിനു 93 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്(24), മുഹമ്മദ് നബി(17), സുനില്‍ നരൈന്‍(15), ജേസണ്‍ റോയ്(12) എന്നിവരാണ് ടീമിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. പഖ്ത്തൂണ്‍സിനായി ആര്‍പി സിംഗ് രണ്ടും സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മഴ തിരിച്ചടിയായി, കേരള നൈറ്റ്സിന്റെ മത്സരം ഉപേക്ഷിച്ചു

ഇന്നലെ നടന്ന കേരള നൈറ്റ്സ് രാജ്പുത്സ് മത്സം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നൈറ്റ്സ് രാജ്പുത്സിനെ അധികം റണ്‍സ് വിട്ടു നല്‍കാതെ പിടിച്ചുകെട്ടിയെങ്കിലും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 9 ഓവറില്‍ നിന്ന് 94/5 എന്ന സ്കോര്‍ നേടി നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. ലൗറി ഇവാന്‍സിന്റെ 19 ബോള്‍ 38 റണ്‍സിന്റെ ബലത്തിലാണ് 94 റണ്‍സിലേക്ക് രാജ്പുത്സ് എത്തുന്നത്. റീലി റൂസോ(21), ബ്രണ്ടന്‍ മക്കല്ലം(21) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

പൂരന്‍ വീണ്ടും, 24 പന്തില്‍ 62 റണ്‍സ്, ജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

മറാത്ത അറേബ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്. മഴ മൂലം 9 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 9 ഓവറില്‍ 94/6 എന്ന സ്കോര്‍ നേടുകയായിരുന്നു. നജീബുള്ള സദ്രാന്‍ 9 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ അറേബ്യന്‍സിനു സാധിച്ചില്ല. വാരിയേഴ്സിനു വേണ്ടി ഹാര്‍ദുസ് വില്‍ജോയെന്‍ മൂന്നും വഹാബ് റിയാസ് രണ്ടും ആന്‍ഡ്രേ റസ്സല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് 7.2 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 2 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത് നിക്കോളസ് പൂരന്‍ ആയിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സ് 16 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ 15 റണ്‍സ് നേടി പുറത്തായി. റഷീദ് ഖാനും ഡ്വെയിന്‍ ബ്രാവോയുമാണ് മറാത്ത അറേബ്യന്‍സിന്റെ വിക്കറ്റ് നേട്ടക്കാര്‍.

Exit mobile version