സീസണിൽ റയൽ മാഡ്രിഡിന്റെ നീണ്ട പരിക്കിന്റെ പട്ടിക അവസാനിക്കുന്നില്ല. തിബോട് കുർട്ടോ മുതൽ സാക്ഷാൽ വിനിഷ്യസ് വരെ പരിക്കിന്റെ പിടിയിൽ അമർന്നതിന് പിറകെ ഇപ്പോൾ റൈറ്റ് ബാക്ക് ഡാനി കർവഹാൾ ആണ് പരിക്കേറ്റ് പിന്മാറിയിരിക്കുന്നത്. റയൽ ജയം നേടിയ ഗ്രാനഡക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം പകുതിയിൽ അദ്ദേഹം കളത്തിൽ ഇറങ്ങിയില്ല. മത്സരാധിക്യമാണ് കർവഹാളിന് വിന ആയതെന്ന് ആൻസലോട്ടി ആദ്യം പ്രതികരിച്ചിരുന്നു.
കൂടുതൽ പരിശോധനകൾക്ക് ശേഷം ഇടത് കാലിലെ പേശികൾക്ക് ഏറ്റ പരിക്കാണ് എന്ന് വ്യക്തമായി. ഇതോടെ ഈ വർഷം താരത്തിന് കളത്തിൽ ഇറങ്ങാൻ ആവില്ല. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പ് ആരംഭിക്കുമ്പോൾ കർവഹാളിന് തിരിച്ചെത്താൻ സാധിക്കും എന്നാണ് റയൽ കണക്ക് കൂട്ടുന്നത് എന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഇനിയുള്ള നാല് ലീഗ് മത്സരങ്ങളിൽ താരത്തിന്റെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്. സീസണിന്റെ തുടക്കത്തിലും പരിക്കേറ്റിരുന്ന കർവഹാൾ മാഡ്രിഡ് ഡർബിയിൽ അടക്കം പുറത്തായിരുന്നു. തുടർച്ചയായി വീണ്ടും പരിക്കേൽക്കുന്നത് ടീമിന് വലിയ ആശങ്ക സൃഷ്ടിക്കും കുർടോ, മിലിറ്റാവോ, ചൗമേനി, കമാവിംഗ, വിനിഷ്യസ്, ആർദ ഗുളർ എന്നിവരാണ് ടീമിൽ പരിക്കേറ്റ മറ്റ് താരങ്ങൾ.
Author: Nihal Basheer
ബാഴ്‌സക്ക് ജയം; അത്ലറ്റികോ മഡ്രിഡിനെതിരെ ഗോളുമായി ജാവോ ഫെലിക്‌സ്
ലാ ലീഗയിൽ നിർണായക ജയവുമായി എഫ്സി ബാഴ്‌സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ മറികടന്നത്. അത്ലറ്റികോയിൽ നിന്നും ലോണിൽ എത്തിയ ജാവോ ഫെലിക്‌സ് തന്നെയാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ കണ്ടെത്തിയത്.പോയിന്റ് പട്ടികയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ബാഴ്‌സലോണ സൃഷ്ടിച്ചത്. തുടക്കത്തിൽ തന്നെ റാഫിഞ്ഞയുടെ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ കടന്ന് പോയി. ഫിനിഷിങിലെ പിഴവ് നേരത്തെ ലീഡ് എടുക്കുന്നതിൽ നിന്നും ബാഴ്‌സയെ പിറകോട്ടു വലിച്ചു. റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള ലെവെന്റോവ്സ്കിയുടെ ശ്രമം പിഴച്ചപ്പോൾ, കുണ്ടേയുടെ ക്രോസിൽ നിന്നും തുറന്ന അവസരവും മുന്നേറ്റ താരം കളഞ്ഞു കുളിച്ചു. ഒടുവിൽ 28ആം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ ബാഴ്‌സലോണ ലീഡ് എടുത്തു. പന്തുമായി കുതിച്ചെത്തിയ റാഫിഞ്ഞ നൽകിയ പാസ് സ്വീകരിച്ചു ബോക്സിലേക്ക് കയറിയ പോർച്ചുഗീസ് താരം, തടയാനെത്തിയ കീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിടുകയായിരുന്നു. പിന്നീട് ഗ്രീസ്മാന്റെ ഷോട്ടിന് ഡി യോങ് തടയിട്ടു. ഫെലിക്‌സിന്റെ മറ്റൊരു ശ്രമം ഒബ്ലാക്ക് തടുത്തു.
രണ്ടാം പകുതിയിൽ ഏഞ്ചൽ കൊറയയെ കളത്തിൽ ഇറക്കിയ സിമിയോണി തന്ത്രങ്ങൾ മാറ്റി. ഇതോടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ അത്ലറ്റികോക്കായി. മെംഫിസ് ഡിപെയുടെ തകർപ്പൻ ഒരു ഫ്രീകിക്ക് ഇനാകി പെന്യാ തടുത്തത് പൊസിറ്റിലിടിച്ചു വഴിമാറി. അവസാന നിമിഷങ്ങളിൽ മത്സരം പലപ്പോഴും ബാഴ്‌സലോണയുടെ ബോക്സിലേക്ക് ചുരുങ്ങി. കൗണ്ടർ നീക്കത്തിൽ എതിർ ബോക്സിൽ ലെവെന്റോവ്സ്കിക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അവസാന നിമിഷം കൊറയയുടെ ശ്രമം തടഞ്ഞ് പെന്യാ ഒരിക്കൽ കൂടി ടീമിന്റെ രക്ഷക്കെത്തി.
തൊണ്ണൂറാം മിനിറ്റിൽ സമനില ഗോൾ; സിറ്റിയെ സമനിലയിൽ തളച്ച് ടോട്ടനം
ആറു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിറഞ്ഞു മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനമും. ഫോഡൻ, ഗ്രീലിഷ് എന്നിവർ സിറ്റിക്കായി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. സോൺ, ലോ സെൽസോ, കുലുസെവ്സ്കി എന്നിവർ ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. ഇതോടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ലിവർപൂൾ രണ്ടാമതും ആഴ്‌സനൽ ഒന്നാമതും തുടരുന്നു. ടോട്ടനം അഞ്ചാമതാണ്.
ആറാം മിനിറ്റിൽ തന്നെ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് ടോട്ടനം ലീഡ് എടുത്തു. സിറ്റിയുടെ കോർണറിന് പിറകെ ആരംഭിച്ച കൗണ്ടർ നീക്കത്തിനോടുവിൽ സോണാണ് വല കുലുക്കിയത്. എന്നാൽ മൂന്ന് മിനിറ്റിനു ശേഷം സ്വന്തം വലയിലും സോൺ പന്തെത്തിക്കുന്നതിന് മത്സരം സാക്ഷിയായി. അൽവാരസിന്റെ ഫ്രീകിക്ക് ഗോളിലേക്ക് തിരിച്ചു വിടാനുള്ള ഹാലണ്ടിന്റെ ശ്രമം സോണിന്റെ ദേഹത്ത് തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു. 13ആം മിനിറ്റിൽ ഹാലണ്ടിന് സുവർണാവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ബോക്സിനുള്ളിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞു ഡോകു ഉതിർത്ത ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 32ആം മിനിറ്റിൽ സിറ്റി തങ്ങളുടെ മനോഹരമായ പാസുകൾ കോർത്തിണക്കി സൃഷ്ടിച്ച അവസരത്തിൽ ഫോടൻ വല കുലുക്കി. അൽവാരസ് തന്നെ ആയിരുന്നു അസിസ്റ്റ് നൽകിയത്.
രണ്ടാം പകുതിയിൽ പരിക്കിന്റെ ഭീഷണി ഉയർന്ന ഡോകുവിന് പിൻവലിച്ച് പകരം പെപ്പ്, ഗ്രീലിഷിനെ കളത്തിൽ ഇറക്കി. 69ആം മിനിറ്റിൽ ലോ സെൽസോ സ്‌കോർ നില വീണ്ടും സമനിലയിൽ എത്തിച്ചു. സോണിൽ നിന്നും പന്ത് സ്വീകരിച്ചു കുതിച്ച താരം, ബോക്സിന് തൊട്ടു വെളിയിൽ നിന്നും തൊടുത്ത ഒന്നാന്തരമൊരു ഷോട്ട് എഡേഴ്സന്റെ കൈകളിൽ തട്ടി വലയിലേക്ക് തന്നെ പതിച്ചു. ടോട്ടനം മത്സരത്തിൽ പിടിമുറുക്കുന്നതിനിടെ സിറ്റി വീണ്ടും വല കുലുക്കി. 81ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ബിസോമയിൽ നിന്നും റോഡ്രി റാഞ്ചിയെടുത്ത പന്ത് ഹാലണ്ടിലൂടെ ഗ്രീലിഷിൽ എത്തിയപ്പോൾ താരം അനായാസം വല കുലുക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ 90ആം മിനിറ്റിൽ നിർണായക ഗോളുമായി വീണ്ടും ടോട്ടനം മത്സരത്തിലേക്ക് തിരികെ വന്നു. ഇടത് വിങ്ങിൽ നിന്നും ജോൺസന്റെ ക്രോസിൽ ഒന്നാന്തരമൊരു ഹെഡർ ഉതിർത്ത കുലുസേവ്സ്കിയാണ് സമനില ഗോൾ കണ്ടെത്തിയത്. അവസാന നിമിഷം സിറ്റിയുടെ കൗണ്ടർ നീക്കത്തിൽ റഫറി ഇടപെട്ടത് വിവാദമായി.
അപരാജിത കുതിപ്പിൽ എഫ്സി ഗോവ; കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി
ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് എഫ്സി ഗോവ. റൗളിൻ ബോർജസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കുകയായിരുന്നു ആതിഥേയർ. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തിരിക്കുകയാണ് ഗോവ. ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
എട്ടാം മിനിറ്റിൽ തന്നെ പെപ്രക്ക് ലഭിച്ച മികച്ചൊരു അവസരം പോസിറ്റിനിരുമി കടന്ന് പോയി. മൈതാന മധ്യത്തിൽ നിന്നും ഒറ്റക്ക് കുതിച്ച് ബോക്സിലെത്തി താരം തൊടുത്ത ഷോട്ട് കീപ്പറേ കീഴടക്കി എങ്കിലും ലക്ഷ്യം കണ്ടില്ല. ബോക്സിനുള്ളിൽ നിന്നും നോവ സദോയിയുടെ ശ്രമം കീപ്പർ സച്ചിൻ സുരേഷ് തടഞ്ഞു. ജിങ്കന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ബോറിസിന് ലഭിച്ച അവസരം തടഞ്ഞു മിലോസ് ടീമിന്റെ രക്ഷകനായി. 46ആം മിനിറ്റിൽ ഗോവ മത്സരത്തിലെ ഏക ഗോൾ നേടി. വലത് വിങ്ങിൽ നിന്നും വിക്ടർ റോഡ്രിഗ്വസിന്റെ ഫ്രീകിക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബോർജസ് വലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടർന്നു. ഒറ്റക്ക് മുന്നേറി ഏയ്മൻ തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. ദിമിത്രിയോസിന്റെ ഫ്രീക്കിക് കീപ്പറുടെ കൈകളിൽ അവസാനിച്ചു. പിന്നീടും കാര്യമായ അവസരങ്ങൾ തുറന്നെടുക്കാൻ സാധിക്കാതെ പോയതോടെ ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാം തോൽവി വഴങ്ങി.
ചെൽസി വീണ്ടും വിജയപാതയിൽ; ബ്രൈറ്റണെ കീഴടക്കി, ഇരട്ട ഗോളുമായി എൻസോ
പ്രീമിയർ ലീഗിൽ വിജയപാതയിൽ തിരിച്ചെത്തി ചെൽസി. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെൽസി കീഴടക്കിയത്. എൻസോ ഫെർണാണ്ടസ് രണ്ടു ഗോളുകൾ കണ്ടെത്തിയപ്പോൾ കോൾവിൽ മറ്റൊരു ഗോൾ കണ്ടെത്തി. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ് പോച്ചറ്റിനൊയും സംഘവും.
ചെൽസിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. താളം കണ്ടെത്തി കഴിഞ്ഞ സൂചനകൾ ടീം ഇന്നും നൽകി. പതിനേഴാം മിനിറ്റിൽ തന്നെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെ എൻസോ ഫെർണാണ്ടസ് ചെൽസിക്ക് ലീഡ് നൽകി. ബഡിയഷീൽ ഉയർത്തി നൽകിയ പന്തിൽ ഹെഡർ ഉതിർത്താണ് താരം ലക്ഷ്യം കണ്ടത്. 21 ആം മിനിറ്റിൽ തന്നെ അവർ ലീഡ് ഉയർത്തി. കോർണറിൽ നിന്നെത്തിയ പന്ത് ജാക്സൻ, മറിച്ചു നൽകിയപ്പോൾ തകർപ്പൻ ഹെഡർ ഉതിർത്ത് കോൾവിൽ വല കുലുക്കുകയായിരുന്നു. മുദ്രിക്കിന്റെ മികച്ചൊരു ഷോട്ട് പോസിറ്റിനിരുമി കടന്ന് പോയി. 43ആം മിനിറ്റിൽ ബോനാനൊട്ടെയുടെ ഒന്നാന്തരമൊരു ഷോട്ടിലൂടെ ബ്രൈറ്റൺ ഒരു ഗോൾ തിരിച്ചടിച്ചു. പിറകെ ഗിൽമോറിനെ ഫൗൾ ചെയ്തതിന് ഗല്ലഗർ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോയത് ചെൽസിക്ക് വീണ്ടും തിരിച്ചടി ആയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റണ് ചില മുന്നേറ്റങ്ങൾ മേനഞ്ഞെടുക്കാൻ ആയി. എന്നാൽ മുദ്രിക്കിനെ മിൽനർ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചത് നിർണായകമായി. കിക്ക് എടുത്ത എൻസോ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഗ്രോസിന്റെ ഫ്രീകിക്ക് സാഞ്ചസ് കൈക്കലാക്കി. ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ജാവോ പെഡ്രോ ബ്രൈറ്റണിന്റെ രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ തിരിച്ചു വരവിനുള്ള സമയം ബ്രൈറ്റണിന് മുന്നിൽ ഉണ്ടായിരുന്നില്ല. ഇതേ സ്കോറിന് ചെൽസി മത്സരം സ്വന്തമാക്കി.
മാറി മറിഞ്ഞ ലീഡ്; ആൻഫീൽഡിൽ ഗംഭീര തിരിച്ചു വരവുമായി ലിവർപൂൾ
പോരാട്ടങ്ങൾ ഏറെ കണ്ട ആൻഫീൽഡിന്റെ തട്ടകത്തിൽ മറ്റൊരു ഗംഭീര തിരിച്ചു വരവിൽ ജയം കുറിച്ച് ലിവർപൂൾ. അവസാന നിമിഷം വരെ പൊരുതിയ ഫുൾഹാമിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ മൂന്ന് പോയിന്റ് കരസ്ഥമാക്കി. ആർനോൾഡ്, എൻഡോ, മാക് ആലിസ്റ്റർ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ക്ളോപ്പും സംഘവും.
ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ പിറന്ന ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. എതിർ തട്ടകത്തിൽ മുഴുവൻ ഊർജവും പുറത്തെടുത്ത് ഫുൾഹാം പൊരുതി. 20 ആം മിനിറ്റിൽ ട്രെന്റ് അലക്‌സാണ്ടർ ആർനോൾഡിന്റെ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെയാണ് ലിവർപൂൾ ആദ്യം ലീഡ് എടുത്തത്. 25 വാര അകലെ നിന്നും താരം തൊടുത്ത ഷോട്ട് വലയിലേക്ക് പതിക്കുമ്പോൾ കീപ്പറും നിസ്സഹായനായി. പിന്നീട് ഇത് കീപ്പർ ലെനോയുടെ സെൽഫ് ഗോളായി രേഖപ്പെടുത്തി. വെറും അഞ്ചു മിനിറ്റിനു ശേഷം വിൽസണിലൂടെ ഫുൾഹാം സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിലൂടെ എത്തിയ മുന്നേറ്റം ആന്റോണി റോബിൻസൻ പോസിറ്റിന് മുന്നിലേക്കായി നൽകിയപ്പോൾ താരത്തിന്റെ ഷോട്ട് തടയാനുള്ള കീപ്പറുടെ ശ്രമം വിഫലമായി. പിന്നീട് ഫുൾഹാമീന് ആയിരുന്നു ചെറിയ മുൻതൂക്കം എങ്കിലും 39ആം മിനിറ്റിൽ ലിവർപൂൾ ലീഡ് തിരിച്ചു പിടിച്ചു. എതിർ താരത്തിന്റെ ക്ലിയറൻസ് കാലുകളിൽ ലഭിച്ച മാക് അലിസ്റ്റർ, ബോക്സിന് വാരകൾ അകലെ നിന്നും തൊടുത്ത ഒന്നാന്തരം ഒരു ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതി ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ഫുൾഹാം വീണ്ടും വല കുലുക്കി. കോർണറിലൂടെ എത്തിയ പന്ത് ടെറ്റെ വലയിൽ എത്തിക്കുകയായിരുന്നു. വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും മത്സരം ആവേശകരമായി തുടർന്നു. 60ആം മിനിറ്റിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ന്യൂനസിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 78ആം മിനിറ്റിൽ റെയ്ഡ് ഫുൾഹാമിനായി വല കുലുക്കി. കാർനെയുടെ ക്രോസിൽ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡർ ഉതിർക്കുകയായിരുന്നു താരം. എന്നാൽ ലിവർപൂളിന്റെ അതിഗഭീരമായ തിരിച്ചു വരവിനാണ് ആൻസ്ഫീൽഡ് പിന്നീട് സാക്ഷിയായത്. 85ആം മിനിറ്റിൽ പകരക്കാനായി എത്തിയ എൻഡോയുടെ ഒന്നാന്തരമൊരു ഷോട്ടിലൂടെ സമനില നേടിയ ആതിഥേയർ, വെറും രണ്ടു മിനിറ്റിനു ശേഷം ആർനോൾഡിലൂടെ വിജയ ഗോളും കണ്ടെത്തി. ബോക്സിനുള്ളിൽ നിന്നും താരത്തിന്റെ ഷോട്ട് ആൾക്കൂട്ടത്തിനിടയിലൂടെ വലയിൽ പതിച്ചു. പിന്നീട് മുഴുവൻ സമയം വരെ ഗോൾ വഴങ്ങാതെ കാത്ത ലിവർപൂൾ ഒടുവിൽ അവസാന ചിരി തങ്ങളുടേതാക്കി.
വല കുലുക്കി എമ്പാപ്പെ, വല കാത്ത് അർനൗ; ആളെണ്ണം കുറഞ്ഞിട്ടും വിജയം വെട്ടിപ്പിടിച്ച് പിഎസ്ജി
ലീഗ് 1 ൽ ഇന്ന് നടന്ന മത്സരത്തിൽ വിജയപരമ്പര തുടർന്ന് പിഎസ്ജി. ലെ ഹവ്രെക്കെതിരെ എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫ്രഞ്ച് ചാമ്പ്യന്മാർ മൂന്ന് പോയിന്റ് കാരസ്ഥമാക്കുകയായിരുന്നു. വിറ്റിഞ്ഞാ, എംപാബെ എന്നിവർ ഗോളുകൾ കണ്ടെത്തി. നിലവിലെ ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡ് ആണ് പിഎസ്ജിക്കുള്ളത്. ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ ഏഴാം ജയമാണ് ഇത്.
പത്താം മിനിറ്റിൽ തന്നെ എതിർ താരത്തെ ഫൗൾ ചെയ്തതിന് ഡോന്നാറുമ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. പകരക്കാനായി പോസ്റ്റിന് കീഴിൽ എത്തിയ അർനൗ മാർട്ടിനസിന്റെ പ്രകടനം പിഎസ്ജിയുടെ ഫലത്തിൽ നിർണായ പങ്കു വഹിച്ചു. 23 ആം മിനിറ്റിൽ എംപാബെയിലൂടെ പിഎസ്ജി ലീഡ് നേടി. രണ്ടാം പകുതിയിൽ ആളെണ്ണം മുതലാക്കി എതിരാളികൾ ഇരമ്പി ആർത്തെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. അർനൗ മാർട്ടിനസിനൊപ്പം ഡാനിലോ പേരെരയും ഡിഫെൻസിൽ അടിയിറച്ചു നിന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിറ്റിഞ്ഞ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് ഒരു ഡിഫ്‌ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ യുനൈറ്റഡിനെ കീഴടക്കി ന്യൂകാസിൽ അഞ്ചാം സ്ഥാനത്തേക്ക്
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ന്യൂകാസിൽ. ആന്റണി ഗോർഡൻ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ന്യൂകാസിൽ. യുനൈറ്റഡ് ആവട്ടെ മോശം ഫോമിൽ തന്നെയെന്ന് വീണ്ടും തെളിയിച്ചു.
സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ന്യൂകാസിലിന് ഏതു നിമിഷവും ലീഡ് നേടുമെന്ന പ്രതീതി സൃഷ്ടിക്കാൻ ആയെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം ആയില്ല. 39ആം മിനിറ്റിലെ ട്രിപ്പിയറുടെ ഫ്രീകിക്കിൽ പോസ്റ്റിലിടിച്ചു മടങ്ങിയതായിരുന്നു ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്ന്. ഇസാക്കിനും ആൽമിറോണിനും ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഗാർണച്ചോയുടെ ഷോട്ട് നിക് പോപ്പ് തടുത്തു.
മഗ്വയറുടെയും ലൂക്ക് ഷോയുടെയും ഇടപെടലുകൾ പാലപ്പൊഴും യുണൈറ്റഡിന്റെ തുണക്കെത്തി. എന്നാൽ 56ആം മിനിറ്റിൽ ന്യൂകാസിൽ ലീഡ് നേടുക തന്നെ ചെയ്തു. ട്രിപ്പിയർ പോസ്റ്റിന് മുന്നിലേക്ക് നൽകിയ പന്ത് വലയിൽ എത്തിച്ച് ഗോർഡോനാണ് ലീഡ് കണ്ടെത്തിയത്. യുവതാരം മിലെയുടെ ഷോട്ട് വാൻ ബിസാക തടുത്തു. റെഗുലിയോണിന്റെ ഷോട്ട് ഷാർ പോസ്റ്റിന് മുന്നിൽ തടുത്തെങ്കിലും ക്ലിയർ ചെയ്യാൻ വേണ്ടി ഡൈവ് ചെയ്ത കീപ്പർ നിക് പോപ്പിന് പരിക്കേറ്റത് ന്യൂകാസിലിന് തിരിച്ചടി ആയി. താരം ഉടൻ തിരിച്ചു കയറി. പിന്നീട് യുനൈറ്റഡിന് ആന്റണിയിലൂടെ വല കുലുക്കാൻ സാധിച്ചെങ്കിലും മഗ്വയർക്ക് നേരെ ഓഫ്സൈഡ് കൊടി ഉയർന്നത് തിരിച്ചടി ആയി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി യുനൈറ്റഡ് കൂടുതൽ ഊർജത്തോടെ കളിച്ചെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു.
വിജയ കുതിപ്പിൽ റയൽ മാഡ്രിഡ്; ഫോം തുടർന്ന് റോഡ്രിഗോ
ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റയൽ മാഡ്രിഡ്. ഗ്രനാഡയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ആൻസലോട്ടിയും സംഘവും കുതിപ്പ് തുടരുകയാണ്. റോഡ്രിഗോ, ബ്രാഹീം ഡിയാസ് എന്നിവർ വല കുലുക്കി. നേരത്തെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയ ജിറോണ ഇതോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഇരു ടീമുകൾക്കും 38 പോയിന്റ് വീതമാണ് ഉള്ളത്. നാളെ മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ള ബാഴ്‌സ, അത്ലറ്റികോ മാഡ്രിഡ് എന്നിവർ ഏറ്റു മുട്ടും.
തുടക്കം മുതൽ മാഡ്രിഡിന് തന്നെ ആയിരുന്നു മുൻതൂക്കം. എന്നാൽ തുറന്നെടുത്ത നിരവധി അവസരങ്ങൾ ഗോളാക്കി മാറ്റാൻ ആദ്യ നിമിഷങ്ങളിൽ അവർക്ക് സാധിച്ചില്ല. ഫോമിലുള്ള റോഡ്രിഗോ തന്നെ ആയിരുന്നു ടീമിന്റെ കുന്തമുന. 26ആം മിനിറ്റിൽ ബ്രഹീം ഡിയാസ് ഗോൾ നേടി. എതിർ പ്രതിരോധത്തെ കീറി മുറിച്ച് സ്വതസിദ്ധമായ ശൈലിയിൽ ടോണി ക്രൂസ് നൽകിയ പാസ് പിടിച്ചെടുത്തു ബോക്സിനുള്ളിൽ നിന്നും ഗോളിയെ കീഴടക്കി താരം മാഡ്രിഡിന് ലീഡ് നൽകി. വാൽവെർടേയുടെ ക്രോസിൽ നിന്നും റോഡ്രിഗോക്ക് ലഭിച്ച അവസരത്തിൽ താരത്തിന് പന്തിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയപ്പോൾ ബെല്ലിങ്ഹാമിന്റെ ഷോട്ട് പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 57ആം മിനിറ്റിൽ റോഡ്രിഗോ രണ്ടാം ഗോൾ നേടി. ബെല്ലിങ്ഹാമിന്റെ ഷോട്ട് ഗ്രനാഡ കീപ്പർ തടുത്തിട്ടപ്പോൾ ലഭിച്ച അവസരത്തിൽ മികച്ചൊരു ഷോട്ട് ഉതിർത്താണ് താരം വല കുലുക്കിയത്. ഇതോടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നും തന്റെ ഏഴാം ഗോൾ കണ്ടെത്തുകയായിരുന്നു താരം. നാല് അസിസ്റ്റുകളും ഈ കാലയളവിൽ നേടി. ഒറ്റപെട്ട അവസരങ്ങൾ ഗ്രാനഡക്കും മത്സരത്തിൽ ലഭിച്ചെങ്കിലും റയലിന് ഒട്ടും ഭീഷണി ഉയർത്താൻ പോന്നതായിരുന്നില്ല.
യൂറോ 2024 ഗ്രൂപ്പ് ഘട്ടം തെളിഞ്ഞു; സ്‌പെയിൻ, ഇറ്റലി, ക്രൊയേഷ്യ ഗ്രൂപ്പ് ബിയിൽ
ജർമനി ആതിഥേയത്വം വഹിക്കുന്ന 2024 യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡ്രോ പൂർത്തിയായി. വമ്പന്മാർ തന്നെ മുഖാമുഖം വരുന്ന ഗ്രൂപ്പ് ഘട്ടം ആരാധകർക്കും ആവേശം പകരും. ജർമനിയും സ്കോട്ലന്റിനുമൊപ്പം ഹംഗറിയും കൂടെ സ്വിറ്റ്സർലണ്ടും അണിനിരക്കുന്ന ഗ്രൂപ് എ, ആതിഥേയർക്ക് മുന്നോട്ടുള്ള വഴി കടുപ്പമാക്കും.
ഗ്രൂപ്പ് ബിയിലും സൂപ്പർ ടീമുകൾ നേർക്കുനേർ വരുന്നുണ്ട്. സ്‌പെയിൻ, ക്രൊയേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പിൽ അൽബേനിയ ആണ് മറ്റൊരു ടീം. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിനൊപ്പം ഡെന്മാർക്കും സെർബിയയും സ്ലോവെനിയാണ് ആണുള്ളത്. നിലവിലെ ഫൈനലിസ്റ്റുകൾ ആയ ഇംഗ്ലണ്ടിന് ഗ്രൂപ്പ് സ്റ്റേജിൽ വലിയ ഭീഷണി ഉണ്ടാവില്ല.
ഗ്രൂപ്പ് ഡിയിൽ ഫ്രാൻസും നെതർലണ്ട്സും കൂടെ ഓസ്ട്രിയയും അണിനിരക്കുമ്പോൾ മറ്റൊരു ടീമായി പ്ലേ ഓഫ് ഘട്ടത്തിലെ ജേതാക്കൾ എത്തും. ഗ്രൂപ്പ് ഈയിൽ ബെൽജിയം, സ്ലോവാക്യ, റോമാനിയ എന്നിവരാണുള്ളത്. നാലാം സ്ഥാനം പ്ലേ ഓഫിലൂടെ എത്തുന്ന ടീമിന് വേണ്ടി ഉള്ളതാണ്. പോർച്ചുഗലിനും ചെക് റിപ്പബ്ലിക്കിന്റെയും കൂടെ തുർക്കി കൂടി ഉള്ള ഗ്രൂപ്പ് എഫിലും ഒരു സ്ഥാനം പ്ലേ ഓഫിലൂടെ എത്തുന്ന ടീമിന് വേണ്ടി നീക്കിവെച്ചിരിക്കുന്നു.
ജയം; വോൾവ്സിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ആഴ്‌സനൽ
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ജയം നേടിയ ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആർട്ടെറ്റയുടെയും സംഘത്തിന്റെയും ജയം. സാക, ഓഡെഗാർഡ് എന്നിവർ ആഴ്‌സനലിനായി ഗോളുകൾ കണ്ടെത്തി. മാത്യൂസ് കുഞ്ഞ വോൾവ്സിന്റെ ആശ്വാസ ഗോൾ നേടി. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റ് ലീഡ് ആണ് നിലവിൽ ആഴ്‌സനലിന് ഒന്നാം സ്ഥാനത്ത് ഉള്ളത്.
മത്സരത്തിന് വിസിൽ മുഴങ്ങിയത് മുതൽ ഗോളിനായി ഇരമ്പിയാർക്കുന്ന ആഴ്സനലിനെയാണ് കണ്ടത്. ആറാം മിനിറ്റിൽ തന്നെ ബുകായോ സാകയിലൂടെ അവർ ലീഡ് കണ്ടെത്തി. ആഴ്‌സനൽ മുന്നേറ്റം തടയാൻ വോൾവ്സ് പ്രതിരോധത്തിന് കഴിയാതെ വന്നപ്പോൾ ടോമിയാസുവിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ താരം തൊടുത്ത ഷോട്ട് വലയിൽ പതിച്ചു. പിന്നീട് വോൾവ്സിനെ നിലയിറപ്പിക്കാൻ സാധിക്കാത്ത തരത്തിൽ ആയിരുന്നു ആഴ്‌സനൽ നീക്കങ്ങൾ. 13ആം മിനിറ്റിൽ ഒഡെഗാർഡിന്റെ തകർപ്പൻ ഒരു ഗോളിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ആഴ്‌സനൽ താരങ്ങൾ മനോഹരമായി കോർത്തെടുത്ത പാസുകൾക്കൊടുവിൽ സിഞ്ചെങ്കോ നൽകിയ അവസരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ അതിഥേയരുടെ നീക്കങ്ങൾ ഒന്നടങ്ങിയപ്പോൾ വോൾവ്സിന് ചില മുന്നേറ്റങ്ങൾ കോർത്തെടുക്കാൻ ആയി. എന്നാൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ഇടവെളക്ക് മുൻപ് ഹ്വാങ്ങിന്റെ ശ്രമം തടഞ്ഞ് റായ ടീമിന്റെ രക്ഷകനായി.
രണ്ടാം പകുതിയിലും ആഴ്‌സനലിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ ആദ്യ പകുതിയിൽ നിന്നും വളരെ മികച്ച പ്രകടനം പുറത്തെടുക്കും വോൾവ്സിനും സാധിച്ചു. ഒഡെഗാർഡിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. സാകയുടെ തകർപ്പൻ ഒരു ഷോട്ട് പോസ്റ്റിന് തൊട്ടു മുകളിലൂടെ കടന്ന് പോയി. ട്രോസാർഡിന്റെ ശ്രമം കീപ്പർ തടഞ്ഞു. റീബൗണ്ടിൽ സാകയുടെ ഷോട്ട് എതിർ പ്രതിരോധം തടഞ്ഞു. 86ആം മിനിറ്റിൽ കുഞ്ഞ വോൾവ്സിന്റെ ഗോൾ കണ്ടെത്തി. എതിർ ബോക്സിൽ സിഞ്ചെങ്കോയിൽ നിന്നും സെമെഡോ റാഞ്ചിയെടുത്ത പന്ത്, ഒന്നാന്തരമൊരു ഷോട്ടിലൂടെ നേരെ വലയിൽ എത്തിക്കുകയായിരുന്നു കുഞ്ഞ. പിന്നീട് ഒഡഗാർഡിന്റെ ത്രൂ പാസ് പിടിച്ചെടുത്തു കീപ്പർ മാത്രം മുന്നിൽ നിൽക്കെ എൻകെറ്റിയാ തൊടുത്ത ഷോട്ട് അവിശ്വസനീയമാം വിധം പോസ്റ്റിലിടിച്ചു മടങ്ങി.
അണ്ടർ 17 ലോകകപ്പ്; കിരീടം ഉയർത്തി ജർമനി, ഷൂട് ഔട്ടിൽ ഫ്രാൻസിനെ വീഴ്ത്തി
പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട അണ്ടർ 17 ലോകകപ്പ് ഫൈനലിൽ അവസാന ചിരി ജർമനിയുടെത്. ഓൾ യുറോപ്യൻ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് ജർമനി ലോക കിരീടം ഉയർത്തിയത്. രണ്ടു ഗോൾ ലീഡുമായി മുൻപേ കുതിച്ച ജർമനിക്കെതിരെ തിരിച്ചു വരവ് നടത്താൻ ഫ്രാൻസിന് ആയെങ്കിലും മനസാന്നിധ്യം വിടാതെ പെനാൽറ്റിയുടെ പരീക്ഷണത്തെ നേരിട്ട ജർമനി ഒടുവിൽ മത്സരം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമൻ ആധിപത്യം ആയിരുന്നെങ്കിൽ രണ്ടാം പകുതി ഫ്രാൻസ് തങ്ങളുടേതാക്കി മാറ്റി. 29ആം മിനിറ്റിൽ ബ്രുണ്ണറിലൂടെ ജർമനി ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ജർമനി മികച്ച കൗണ്ടർ നീക്കങ്ങളിലൂടെ അവസരങ്ങൾ തുറന്നെടുത്തപ്പോൾ ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ ലക്ഷ്യബോധമില്ലാതെ അവസാനിച്ചു. ബോക്സിനുള്ളിലേക്ക് കയറി ബോബ്രെ തൊടുത്ത ഷോട്ട് ആയിരുന്നു ഫ്രാൻസിന്റെ ഏറ്റവും മികച്ച അവസരം. എന്നാൽ ജർമൻ കീപ്പർ കൃത്യമായ സേവുമായി ടീമിനെ കാത്തു.
രണ്ടാം പകുതി ആരംഭിച്ച് 51ആം മിനിറ്റിൽ തന്നെ പ്ലേ മേക്കർ നോവ ദാർവിഷ് ജർമനിയുടെ ലീഡ് ഇരട്ടി ആകിയതോടെ മത്സരം അവരുടെ വഴിക്കെന്ന് തോന്നിച്ചു. എന്നാൽ വെറും രണ്ടു മിനിറ്റിനു ശേഷം ബോബ്രെ ഫ്രാൻസിന് വേണ്ടി ഒരു ഗോൾ മടക്കിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. ഫ്രാൻസ് സർവ്വ ശക്തിയും എടുത്തു സമനില ഗോളിനായി ഇരമ്പിയാർത്തു. ജർമനി മുഴുവനായും തങ്ങളുടെ പകുതിയിൽ മാത്രം തമ്പടിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 69ആം മിനിറ്റിൽ ഓസാവെ ചുവപ്പ് കാർഡ് കണ്ടതോടെ ജർമനിക്ക് വീണ്ടും തിരിച്ചടി ഏറ്റു. ഒടുവിൽ 85ആം മിനിറ്റിൽ അമോഗോവിലൂടെ ഫ്രാൻസ് സമനില ഗോൾ നേടുക തന്നെ ചെയ്തു. ബോക്സിലേക്ക് കയറി ഗോമിസ് നൽകിയ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ചുമതലയെ താരത്തിന് ഉണ്ടായുള്ളൂ. പിന്നീട് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
പെനാൽറ്റി ഷൂട് ഔട്ടിൽ ആദ്യ കിക്ക് തന്നെ സേവ് ചെയ്തു കൊണ്ട് കീപ്പർ ഫ്രാൻസിന് മുൻതൂക്കം നൽകി. എന്നാൽ ഫ്രാൻസിന്റെ മൂന്നാം കിക്ക് പൊസിറ്റിലിടിച്ചു മടങ്ങിയപ്പോൾ നാലാം കിക്ക് കീപ്പർ കൈക്കലാക്കി. ജർമനിയുടെ അവസാന കിക്കും തട്ടിയകറ്റി കീപ്പർ മത്സരം സഡൻ ഡത്തിലേക്ക് നീട്ടി. പിന്നീട് ഫ്രാൻസിന്റെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ അനായാസം ലക്ഷ്യം കണ്ട ജർമനി കപ്പുയർത്തി.