Screenshot 20231204 023347 Brave

ബാഴ്‌സക്ക് ജയം; അത്ലറ്റികോ മഡ്രിഡിനെതിരെ ഗോളുമായി ജാവോ ഫെലിക്‌സ്

ലാ ലീഗയിൽ നിർണായക ജയവുമായി എഫ്സി ബാഴ്‌സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ മറികടന്നത്. അത്ലറ്റികോയിൽ നിന്നും ലോണിൽ എത്തിയ ജാവോ ഫെലിക്‌സ് തന്നെയാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ കണ്ടെത്തിയത്.പോയിന്റ് പട്ടികയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ബാഴ്‌സലോണ സൃഷ്ടിച്ചത്. തുടക്കത്തിൽ തന്നെ റാഫിഞ്ഞയുടെ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ കടന്ന് പോയി. ഫിനിഷിങിലെ പിഴവ് നേരത്തെ ലീഡ് എടുക്കുന്നതിൽ നിന്നും ബാഴ്‌സയെ പിറകോട്ടു വലിച്ചു. റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള ലെവെന്റോവ്സ്കിയുടെ ശ്രമം പിഴച്ചപ്പോൾ, കുണ്ടേയുടെ ക്രോസിൽ നിന്നും തുറന്ന അവസരവും മുന്നേറ്റ താരം കളഞ്ഞു കുളിച്ചു. ഒടുവിൽ 28ആം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ ബാഴ്‌സലോണ ലീഡ് എടുത്തു. പന്തുമായി കുതിച്ചെത്തിയ റാഫിഞ്ഞ നൽകിയ പാസ് സ്വീകരിച്ചു ബോക്സിലേക്ക് കയറിയ പോർച്ചുഗീസ് താരം, തടയാനെത്തിയ കീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിടുകയായിരുന്നു. പിന്നീട് ഗ്രീസ്മാന്റെ ഷോട്ടിന് ഡി യോങ് തടയിട്ടു. ഫെലിക്‌സിന്റെ മറ്റൊരു ശ്രമം ഒബ്ലാക്ക് തടുത്തു.

രണ്ടാം പകുതിയിൽ ഏഞ്ചൽ കൊറയയെ കളത്തിൽ ഇറക്കിയ സിമിയോണി തന്ത്രങ്ങൾ മാറ്റി. ഇതോടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ അത്ലറ്റികോക്കായി. മെംഫിസ് ഡിപെയുടെ തകർപ്പൻ ഒരു ഫ്രീകിക്ക് ഇനാകി പെന്യാ തടുത്തത് പൊസിറ്റിലിടിച്ചു വഴിമാറി. അവസാന നിമിഷങ്ങളിൽ മത്സരം പലപ്പോഴും ബാഴ്‌സലോണയുടെ ബോക്സിലേക്ക് ചുരുങ്ങി. കൗണ്ടർ നീക്കത്തിൽ എതിർ ബോക്സിൽ ലെവെന്റോവ്സ്കിക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അവസാന നിമിഷം കൊറയയുടെ ശ്രമം തടഞ്ഞ് പെന്യാ ഒരിക്കൽ കൂടി ടീമിന്റെ രക്ഷക്കെത്തി.

Exit mobile version