ക്യാമ്പ് നൗവ് തിരിച്ചു വരവ് ആഘോഷമാക്കി ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ തങ്ങളുടെ ഹോം മൈതാനം ആയ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ബാഴ്‌സലോണ. പുതിയ അറ്റകുറ്റപ്പണികൾക്ക് ശേഷം തങ്ങളുടെ പ്രസിദ്ധ മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ തിരിച്ചെത്തിയ ബാഴ്‌സലോണ ഗംഭീര പ്രകടനം ആണ് അത്ലറ്റിക് ബിൽബാവോക്ക് എതിരെ പുറത്ത് എടുത്തത്. 4-0 നു അവരെ തകർത്ത ബാഴ്‌സലോണ റയൽ മാഡ്രിഡിനെ മറികടന്നു ലീഗിൽ ഒന്നാമതും എത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ മത്സരത്തിൽ മുന്നിലെത്തി.

തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലമീൻ യമാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഫെർമിൻ ലോപ്പസ് കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ വലിയ ജയം ഉറപ്പിച്ചു. 54 മത്തെ മിനിറ്റിൽ ഫെർമിനു എതിരായ മോശം ഫൗളിന് സാൻസെറ്റിന് വാർ പരിശോധന ശേഷം ചുവപ്പ് കാർഡ് കൂടി ലഭിച്ചതോടെ അത്ലറ്റിക് ക്ലബ് പരാജയം സമ്മതിച്ചു. 90 മത്തെ മിനിറ്റിൽ യമാലിന്റെ ത്രൂ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സയുടെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടും മുമ്പ് ഈ ജയം ബാഴ്‌സക്ക് വലിയ ആത്മവിശ്വാസം ആവും നൽകുക.

ലാ ലിഗ അമേരിക്കയിൽ: ബാഴ്‌സലോണയുടെ ഒരു ലീഗ് മത്സരം മയാമിയിൽ നടക്കും


സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട്, ബാഴ്‌സലോണയും വിയ്യാറയലും തമ്മിലുള്ള ലാ ലിഗ മത്സരം അമേരിക്കയിലെ മയാമിയിൽ വെച്ച് നടത്താൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) തീരുമാനിച്ചു. ഡിസംബർ 20-ന് ലാ ലിഗയുടെ ശീതകാല അവധിക്ക് തൊട്ടുമുമ്പായി ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.


സ്പാനിഷ് സൂപ്പർ കപ്പ് നേരത്തെ വിദേശ രാജ്യങ്ങളിൽ (സൗദി അറേബ്യയിൽ ഉൾപ്പെടെ) നടന്നിട്ടുണ്ടെങ്കിലും, യൂറോപ്പിലെ ഒരു മുൻനിര ലീഗിലെ ഒരു റെഗുലർ സീസൺ മത്സരം വിദേശത്ത് നടക്കുന്നത് ഇത് ആദ്യമായാണ്. ഈ നിർദ്ദേശത്തിന് UEFA, FIFA എന്നിവയുടെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി RFEF ഈ രണ്ട് ഫുട്ബോൾ ഭരണസമിതികൾക്കും അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.


അംഗീകാരം ലഭിച്ചാൽ, ലാ ലിഗയുടെ ആഗോളതലത്തിലുള്ള സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഇത് തുറക്കും. ബാഴ്‌സലോണയെപ്പോലുള്ള ഒരു പ്രമുഖ ടീമിന്റെ മത്സരം അമേരിക്കയിൽ നടക്കുന്നത് വടക്കേ അമേരിക്കൻ വിപണിയിൽ ലീഗിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു.

ലാ ലിഗയിലെ ആദ്യ മത്സരം മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ട് റയൽ മാഡ്രിഡ്


ക്ലബ് ലോകകപ്പിലെ പങ്കാളിത്തം കാരണം 2025-26 സീസണിലെ ലാ ലിഗയിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ റയൽ മാഡ്രിഡ് ഔദ്യോഗികമായി ലാ ലിഗയോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 19-ന് സാന്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഒസാസുനയുമായിട്ടായിരുന്നു റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. ഇഎസ്‌പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


ഫിഫ ക്ലബ് ലോകകപ്പ് വിപുലീകരിക്കുകയും കൂടുതൽ തീവ്രമാക്കുകയും ചെയ്തതോടെ റയൽ മാഡ്രിഡിന്റെ സീസൺ സാധാരണയേക്കാൾ ഗണ്യമായി നീണ്ടുപോയിരിക്കുകയാണ്. ക്ലബ് ലോകകപ്പിന്റെ സെമിഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് വമ്പന്മാർ. ക്ലബ് ലോകകപ്പ് ക്ലബിന്റെ പ്രീസീസൺ പദ്ധതികൾ വൈകിക്കാനും കളിക്കാരുടെ ജോലിഭാരം വേനൽക്കാലത്തേക്ക് നീട്ടാനും നിർബന്ധിതരാക്കിയിട്ടുണ്ട്.


മിക്ക ലാ ലിഗ ടീമുകളും ഇതിനകം പ്രീസീസൺ പരിശീലനവും സ്ക്വാഡ് തയ്യാറെടുപ്പുകളും ആരംഭിച്ചപ്പോൾ, റയൽ മാഡ്രിഡിന്റെ സീസൺ ഇപ്പോഴും സജീവമാണ്. ക്ലബ് ലോകകപ്പിലെ മത്സരങ്ങൾക്കും ലാ ലിഗ ആരംഭിക്കുന്നതിനും ഇടയിലുള്ള കുറഞ്ഞ വിശ്രമ സമയം കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും മത്സരത്തിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും ക്ലബ് വിശ്വസിക്കുന്നു.

ലാ ലിഗ 2025-26 സീസൺ, പ്രധാന ഫിക്സ്ചറുകൾ


2025-26 ലാ ലിഗ സീസണിനായുള്ള ഔദ്യോഗിക കലണ്ടർ പുറത്തിറക്കി. സ്പാനിഷ് ഫുട്ബോളിൽ മറ്റൊരു ആവേശകരമായ സീസണിന് ഇത് കളമൊരുക്കുന്നു. ലാ ലിഗ ഇ.എ. സ്പോർട്സ് 2025 ഓഗസ്റ്റ് 17-ന് ആരംഭിച്ച് 2026 മെയ് 24-ന് അവസാനിക്കും. അതേസമയം, സ്പെയിനിലെ രണ്ടാം ഡിവിഷനായ ലാ ലിഗ ഹൈപ്പർമോഷൻ മെയ് 31-ന് അതിന്റെ സാധാരണ സീസൺ പൂർത്തിയാക്കും.


എൽ ക്ലാസിക്കോ പോരാട്ടങ്ങളിലെ ആദ്യ പോരാട്ടം ഒക്ടോബർ 26-ന് മാഡ്രിഡിൽ വെച്ച് നടക്കും. മെയ് 10-ന് ബാഴ്സലോണയുടെ സ്പോട്ടിഫൈ ക്യാമ്പ് നൗവിൽ വെച്ച് 35-ാം മത്സരദിനത്തിലാണ് രണ്ടാം പാദം നടക്കുന്നത്.


മറ്റ് പ്രധാന മത്സരങ്ങൾ

  • മാഡ്രിഡ് ഡെർബി: അത്ലറ്റിക്കോ ഡി മാഡ്രിഡും റയൽ മാഡ്രിഡും തമ്മിലുള്ള മാഡ്രിഡ് ഡെർബി സെപ്റ്റംബർ 28-ന് റിയാദ് എയർ മെട്രോപൊളിറ്റാനോയിൽ നടക്കും. സാന്റിയാഗോ ബെർണബ്യൂവിലെ രണ്ടാം പാദം മാർച്ച് 22-നാണ് (29-ാം മത്സരദിനം) നിശ്ചയിച്ചിരിക്കുന്നത്.
  • സെവിയ്യ ഡെർബി: സെവിയ്യ vs റയൽ ബെറ്റിസ പോരാട്ടം റാമോൺ സാഞ്ചസ്-പിസ്ജുവാനിൽ നവംബർ 30-ന് നടക്കും. മാർച്ച് 1-നാണ് രണ്ടാം പാദം.
  • ബാസ്‌ക് ഡെർബി: റിയൽ സോസിഡാഡും അത്ലറ്റിക് ക്ലബ്ബും തമ്മിലുള്ള ബാസ്‌ക് ഡെർബി നവംബർ 2-ന് (11-ാം മത്സരദിനം) സാൻ സെബാസ്റ്റ്യനിൽ നടക്കും. ഫെബ്രുവരി 1-നാണ് (22-ാം മത്സരദിനം) ബിൽബാവോയിൽ രണ്ടാം പാദം.
  • ബാഴ്സലോണ ഡെർബി: ആർ.സി.ഡി. എസ്പാൻയോളും എഫ്.സി. ബാഴ്സലോണയും തമ്മിലുള്ള ബാഴ്സലോണ ഡെർബി ജനുവരി 4-ന് (18-ാം മത്സരദിനം) ആർ.സി.ഡി.ഇ. സ്റ്റേഡിയത്തിൽ നടക്കും. ഏപ്രിൽ 12-നാണ് (31-ാം മത്സരദിനം) രണ്ടാം പാദം.
  • വലെൻസിയ ഡെർബി: വലെൻസിയ സി.എഫ്. ഉം ലെവന്റെ യു.ഡി.യും തമ്മിലുള്ള വലെൻസിയ ഡെർബിയുടെ ആദ്യ പാദം മെസ്റ്റല്ലയിൽ നവംബർ 23-ന് (13-ാം മത്സരദിനം) നടക്കും. ഫെബ്രുവരി 15-ന് (24-ാം മത്സരദിനം) സിയുഡാഡ് ഡി വലെൻസിയയിൽ വെച്ചാണ് രണ്ടാം പാദം.

ലമിൻ യമാലിന്റെ മാന്ത്രിക ടച്ച്! ബാഴ്സലോണ ലാ ലിഗ കിരീടം സ്വന്തമാക്കി!!


ആവേശകരമായ കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ 2-0ന് തോൽപ്പിച്ച് ബാഴ്സലോണ 2024-25 ലാ ലിഗ കിരീടം ഉറപ്പിച്ചു. ഈ വിജയത്തോടെ അവർ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും അവരുടെ 28-ാം ലാ ലിഗ കിരീടം സ്വന്തമാക്കുകയും ചെയ്തു.


53-ാം മിനിറ്റിൽ കൗമാര താരം ലാമിൻ യാമലിന്റെ മിന്നുന്ന ഗോളാണ് മത്സരത്തിൽ നിർണായകമായത്. വലതുവശത്ത് നിന്ന് മുന്നേറിയ യാമൽ അതിമനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു.


ആദ്യ പകുതിയിൽ എസ്പാന്യോളിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സലോണ ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്നിയുടെ മികച്ച സേവുകൾ അവരെ തടഞ്ഞു. രണ്ടാം പകുതിയിൽ അവസാ ലമിൻ യമാലിന്റെ അസിസ്റ്റിൽ നിന്ന് ഫെർമിൻ ലോപസിന്റെ ഫിനിഷ് ബാഴസയുടെ ജയം ഉറപ്പിച്ചു.

കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചതോട് ഒരു വിജയം മാത്രമെ ബാഴ്സലോണക്ക് കിരീടം നേടാൻ വേണ്ടിയിരുന്നുള്ളൂ.


ഇനി ലാ ലിഗ ഫാൻകോഡിൽ കാണാം! 5 വർഷത്തെ കരാർ ഒപ്പുവെച്ചു


ഒന്നാം ഡിവിഷൻ സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ പുതിയ ഔദ്യോഗിക സംപ്രേക്ഷകരായി ഫാൻകോഡ് അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഈ കരാർ ഉടൻ പ്രാബല്യത്തിൽ വരും. ഈ വാരാന്ത്യത്തിൽ നടക്കുന്ന റയൽ മാഡ്രിഡ് vs ബാഴ്സലോണ എൽ ക്ലാസിക്കോ ഉൾപ്പെടെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ഫാൻകോഡ് സ്ട്രീം ചെയ്യും.


ഇതുവരെ ജിഎക്സ്ആർ (ഗ്ലോബൽ സ്പോർട്സ് റൈറ്റ്സ്) ആയിരുന്നു ഈ സീസണിൽ ലാ ലിഗ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നത്. ഫാൻകോഡ് വരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഫുട്ബോൾ ലീഗുകളിലൊന്ന് ഇന്ത്യൻ പ്രേക്ഷകർക്ക് മികച്ച രീതിയിൽ കാണാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആകും. ജിഎക്സ്ആറിന്റെ ടെലിക്കാസ്റ്റ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ലാ ലീഗയ്ക്ക് അടുത്ത സീസണിൽ അഞ്ചു ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങൾ ഉറപ്പായി

യൂറോപ്യൻ ടൂർണമെന്റുകളിലെ സ്പാനിഷ് ക്ലബുകളുടെ മികച്ച പ്രകടനം 2025–26 ചാമ്പ്യൻസ് ലീഗിൽ കുറഞ്ഞത് അഞ്ചു ലാ ലീഗ ക്ലബുകൾക്ക് ഇടം നേടാൻ ആകുമെന്ന് ഉറപ്പാക്കി കൊടുത്തു. നിലവിൽ, ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിലും, അത്ലറ്റിക് ക്ലബ് യൂറോപ്പ ലീഗ് സെമിയിലും (ഫൈനൽ Bilbaoവിൽ), റിയൽ ബെറ്റിസ് കോൺഫറൻസ് ലീഗ് സെമിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഈ നേട്ടങ്ങളാണ് യൂറോപ്യൻ ദേശീയ അസോസിയേഷനുകളുടെ കിഫിഷ്യൻറ് റാങ്കിംഗിൽ സ്പെയിനിന്റെ രണ്ടാമത് സ്ഥാനത്തെ ഉറപ്പാക്കിയത്. ഈ സ്ഥാനം ലഭിച്ചതിനാൽ അടുത്ത സീസണിൽ ലാ ലീഗയ്ക്ക് അധിക ഒരു ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് കൂടി ലഭിക്കുന്നു. അതായത്, ലാ ലീഗയിലെ ആദ്യ അഞ്ച് ക്ലബുകൾക്ക് ഇനി യൂറോപ്യൻ എലിറ്റ് മത്സരത്തിൽ പങ്കെടുക്കാം.

ഇപ്പോഴത്തെ നിലയിൽ, ബാഴ്സലോണ, റിയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, അത്ലറ്റിക് ക്ലബ്, വിയാറിയൽ എന്നീ ടീമുകൾക്ക് ഈ അവസരം ലഭിക്കും. ഇനിയും 6 മത്സരങ്ങൾ കൂടെ ലീഗിൽ ഒരോ ടീമിനും ബാക്കിയുണ്ട്.

അത് മാത്രമല്ല, അത്ലറ്റിക് ക്ലബ് യൂറോപ്പ ലീഗ് ജയിക്കുകയും ലീഗിൽ ആദ്യ അഞ്ച് സ്ഥാനത്തല്ലാതിരിക്കുകയും ചെയ്താൽ സ്പെയിനിൽ നിന്ന് ആറ് ക്ലബുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും.

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്

റയൽ ബെറ്റിസിനോട് റയൽ മാഡ്രിഡ് 2-1ന് തോറ്റതിന് പിന്നാലെ അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. അത്‌ലറ്റിക് ബിൽബാവോയെ 1-0 ന് തോൽപ്പിച്ച് ആണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാമതെത്തിയത്‌ ഡീഗോ സിമിയോണിയുടെ ടീം ഇപ്പോൾ റയൽ മാഡ്രിഡിനെക്കാളും ബാഴ്‌സലോണയെക്കാളും രണ്ട് പോയിൻ്റിന് മുന്നിലാണ്. എന്നിരുന്നാലും ഇന്ന് റയൽ സോസിഡാഡിനെതിരെ ജയിച്ചാൽ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം വീണ്ടെടുക്കാനാകും.

രണ്ടാം പകുതിയിൽ അൽവാരസ് നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയം നേടിയത്. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് 26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റും ബാഴ്സക്ക് 25 മത്സരങ്ങളിൽ നിന്ന് 54 പോയിന്റും ആണുള്ളത്.

ബാഴ്‌സലോണ സെവിയ്യയെ തകർത്തു, കിരീടപ്പോരാട്ടം ആവേശകരമാകുന്നു

സെവിയ്യക്ക് എതിരെ ബാഴ്‌സലോണ 4-1 എന്ന നിർണായക വിജയം നേടി, ലാലിഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡുമായുള്ള അകലം വെറും രണ്ട് പോയിന്റാക്കി കുറച്ചു.

റോബർട്ട് ലെവൻഡോവ്‌സ്‌കി തുടക്കത്തിൽ തന്നെ ഗോൾ നേടിയെങ്കിലും റൂബൻ വർഗസിലൂടെ സെവിയ്യ പെട്ടെന്ന് തന്നെ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഫെർമിൻ ലോപ്പസും റാഫിഞ്ഞയും ഗോൾ നേടി, പിന്നീട് ലോപ്പസിന്റെ അശ്രദ്ധമായ ഒരു ടാക്കിളിന് ചുവപ്പ് മാർഡ് ലഭിച്ചു. പത്ത് പേരായി കുറഞ്ഞിട്ടും, ബാഴ്‌സ ഉറച്ചുനിന്നു, എറിക് ഗാർസിയ വൈകിയ ഒരു ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു.

ഈ വിജയം കിരീടപ്പോരാട്ടം ശക്തമാക്കുന്നു, ഹാൻസി ഫ്ലിക്കിന്റെ ടീം ഇപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ ഒരു പോയിന്റ് പിന്നിലും റയൽ മാഡ്രിഡിന് രണ്ട് പോയിന്റ് പിന്നിലുമാണ്.

ബാഴ്‌സലോണയിൽ പെഡ്രി 2030 വരെയുള്ള കരാർ ഒപ്പുവെച്ചു

ബാഴ്‌സലോണ മിഡ്‌ഫീൽഡർ പെഡ്രി പുതിയ കരാറിൽ ഒപ്പുവച്ചു. 2030 ജൂൺ 30 വരെ ക്ലബിൽ താരം നിൽക്കുന്ന കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

2019 ൽ ബാഴ്‌സലോണയിൽ ചേർന്ന പെഡ്രി ഇപ്പോൾ ടീമിന്റെ അവിഭാജ്യ ഘടകമാണ്. വെറും 22 വയസ്സുള്ളപ്പോൾ തന്നെ, ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായി അദ്ദേഹത്തെ ഫുട്ബോൾ നിരീക്ഷകർ വിലയുരുത്തുന്നു. അവസാന സീസണുകളിൽ പെഡ്രി പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ പെഡ്രി ഹാൻസി ഫ്ലിക്കിന്റെ ടീമിലെ സജീവ സാന്നിദ്ധ്യമാണ്.

ഡാനി ഓൽമയുടെ രജിസ്‌ട്രേഷനു ബാഴ്‌സലോണ ഇനി കോടതിയിലേക്ക്

തങ്ങളുടെ സ്പാനിഷ് മധ്യനിര താരം ഡാനി ഓൽമയുടെ രജിസ്‌ട്രേഷനു ആയി ബാഴ്‌സലോണ ഇനി കോടതിയിലേക്ക്. അവസാന നിമിഷങ്ങളിൽ ഓൽമയെയും, മറ്റൊരു താരം പൗ വിക്ടറിനെയും രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ സ്പാനിഷ് ലാ ലീഗയും, സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും നിരസിക്കുക ആയിരുന്നു. ഫിനാഷ്യൽ ഫെയർ പ്ലെ നിയമങ്ങൾക്ക് കീഴിൽ ക്ലബിന്റെ ചിലവ് വരാൻ നിരവധി മാർഗങ്ങൾ ക്ലബ് സ്വീകരിച്ചു എങ്കിലും ഇതൊന്നും ലാ ലീഗ സമ്മതിച്ചില്ല.

നേരത്തെ ബാഴ്‌സലോണക്ക് ആയി മാത്രം നിയമ ഇളവ് നൽകുന്നതിന് എതിരെ മറ്റു സ്പാനിഷ് ക്ലബുകളും രംഗത്ത് വന്നിരുന്നു. ഇന്നലെ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ആവും എന്ന് പറഞ്ഞ ക്ലബ് പ്രസിഡന്റ് ലപോർട്ടെ താരങ്ങളോട് ഇന്ന് മാപ്പ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. നിലവിൽ ഈ തീരുമങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുക മാത്രമാണ് ബാഴ്‌സലോണക്ക് മുന്നിലുള്ള ഏക വഴി. നിലവിൽ തങ്ങളുടെ ഭാവിയുടെ കാര്യത്തിൽ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ ആർ.ബി ലൈപ്സിഗിൽ നിന്നു ബാഴ്‌സയിൽ എത്തിയ ഓൽമക്ക് അടക്കം കടുത്ത ആശങ്കയാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണക്ക് ആയി കളിക്കാൻ പറ്റാത്ത താരങ്ങളുടെ ഭാവി തുലാസിൽ ആണ്.

ഉഗ്രൻ ഗോളുകൾ, വിജയവുമായി റയൽ മാഡ്രിഡ് ലാ ലീഗയിൽ രണ്ടാമത്

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയെ 4-2 നു തോൽപ്പിച്ചു റയൽ മാഡ്രിഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ ഒന്നാം സ്ഥാനക്കാർ ആയ അത്ലറ്റികോ മാഡ്രിഡും ആയി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അവർക്ക് ഉള്ളത്. മത്സരത്തിൽ പത്താം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ നിന്നു ഉഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ കിലിയൻ എംബപ്പെയാണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. 20 മത്തെ മിനിറ്റിൽ കാമവിങയുടെ പാസിൽ നിന്നു സമാനമായ ഉഗ്രൻ ഗോൾ നേടിയ ഫെഡറിക്കോ വാൽവെർഡെ റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു.

34 മത്തെ മിനിറ്റിൽ ലൂകാസ് വാസ്കസിന്റെ പാസിൽ നിന്നു ഗോൾ നേടിയ റോഡ്രിഗോ ഏതാണ്ട് റയൽ ജയം ഉറപ്പിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സെവിയ്യ ഇസാക് റൊമേറോയുടെ ഗോളിൽ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ നേടിയ ബ്രാഹിം ഡിയാസ് റയൽ ജയം ഉറപ്പിച്ചു. മത്സരത്തിൽ 85 മത്തെ മിനിറ്റിൽ ലുകബാകികോ സെവിയ്യക്ക് ആയി ആശ്വാസ ഗോൾ നേടി. ലാ ലീഗ കിരീട പോരാട്ടത്തിൽ തങ്ങൾ ശക്തമായി ഉണ്ടാവും എന്ന സൂചന ആണ് ഇന്ന് റയൽ നൽകിയത്.

Exit mobile version