മാഞ്ചസ്റ്റർ സിറ്റിക്ക് ഏഴാം തവണയും പിഴച്ചു!! ആൻഫീൽഡിൽ ലിവർപൂൾ മാത്രം!!

മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ ഏഴാം മത്സരത്തിലും പെപ് ഗ്വാർഡിയോളയുടെ ടീം വിജയിച്ചില്ല. അവർ ഇന്ന് ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 2-0ന്റെ പരാജയമാണ് ലിവർപൂളിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി അവസാനം കളിച്ച 7 മത്സരങ്ങളിൽ 6ലും പരാജയപ്പെട്ടു.

ഇന്ന് തുടക്കം മുതൽ ലിവർപൂളിന്റെ ആധിപത്യമാണ് ആൻഫീൽഡിൽ കണ്ടത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. മൊ സലായുടെ അസിസ്റ്റിൽ നിന്ന് ഗാക്പോ ആണ് റെഡ്സിന് ലീഡ് നൽകിയത്. ലിവർപൂൾ ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഒന്നും വലയിൽ എത്തിയില്ല.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. അവർക്ക് ആദ്യ പകുതിയിൽ ഒരു ഗോൾ ശ്രമം മാത്രമെ ആകെ നടത്താൻ ആയുള്ളൂ. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി കളി മെച്ചപ്പെടുത്തിയെങ്കിലും ലിവർപൂളിനെ സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് ആയില്ല.

77ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മൊ സലാ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ 34 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. അവർക്ക് 9 പോയിന്റിന്റെ ലീഡ് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

കിയേസ ഇനി ആൻഫീൽഡിൽ, 13 മില്യണ് ലിവർപൂൾ സ്വന്തമാക്കി

യുവന്റസ് താരം കിയേസയെ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ സ്വന്തമാക്കി. ലിവർപൂൾ 13 മില്യൺ നൽകിയാണ് താരത്തെ സ്വന്തമാക്കുന്നത്. ഇന്ന് തന്നെ ഇംഗ്ലണ്ടിൽ എത്തിയ കിയേസ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും. അടുത്ത ലിവർപൂൾ മത്സരം മുതൽ താരം സ്ക്വാഡിലും ഉണ്ടാകും.

ക്ലബിൽ സ്ഥാനം ഇല്ല എന്ന് ഉറപ്പായ ഫെഡറിക്കോ കിയേസ അവസാന ഒരു മാസമായി പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു. താരത്തിന്റെ ഏജന്റ് ബാഴ്സലോണയുമായും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ബാഴ്സലോണയെ പിറകിലാക്കി കൊണ്ട് ലിവർപൂൾ താരത്തെ സൈൻ ചെയ്യുക ആയിരുന്നു.

ബേർൺലിയെ തോൽപ്പിച്ച് ലിവർപൂൾ ഒന്നാം സ്ഥാനം തിരികെ പിടിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനം തിരികെപിടിച്ചു. ഇന്ന് നടന്ന മത്സരത്തിൽ അവർ ബേർൺലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോല്പ്പിച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 31ആം മിനുട്ടിൽ ഡിഗോ ജോട്ടയിലൂടെ ലിവർപൂൾ ലീഡ് എടുത്തു. അർനോൾഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ആദ്യ പകുതിയുടെ അവസാനം ഒ ഷേയിലൂടെ ബേർൺലി സമനില പിടിച്ചു. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ലൂയിസ് ഡിയസിലൂടെ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. 79ആം മിനുട്ടിൽ നൂനിയസ് മൂന്നാം ഗോൾ നേടി ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമത് എത്തി. 24 മത്സരങ്ങളിൽ 54 പോയിന്റുമായി ലിവർപൂൾ ഒന്നാമത് നിൽക്കുന്നു. 23 മത്സരങ്ങളിൽ 52 പോയിന്റുള്ള സിറ്റി രണ്ടാമതും നിൽക്കുന്നു.

വിജയത്തോടെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ

പ്രിമിയർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വിജയവുമായി ലിവർപൂൾ. വിർജിൽ വാൻ ഡൈക്ക്, സോബോസ്ലായി എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഷെഫീൽഡ് യുണൈറ്റഡിനെതിരെ ക്ലോപ്പിന്റെയും സംഘത്തിന്റെയും വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലുമായി രണ്ടു പോയിന്റ് മാത്രമാണ് വ്യത്യാസം ഉള്ളത്.

തോൽവി അറിയാതെ എട്ടാം മത്സരമാണ് ലിവർപൂൾ ഇന്ന് പൂർത്തിയാക്കിയത്. 77ആ ശതമാനം പന്ത് കൈവശം വെച്ച് സന്ദർശകർ മേൽകൈ നേടിയപ്പോൾ ഷെഫീൽഡ് യുനൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ലക്ഷ്യത്തിന് നേരെ ഒരേയൊരു ഷോട്ട് ആണ് അവർ ഉതിർത്തത്. 12ആം മിനിറ്റിൽ ഒരു കൗണ്ടർ നീക്കത്തിലൂടെ ബോക്സിനുള്ളിൽ നിന്നും മാക് അറ്റിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും കീപ്പർ രക്ഷകനായി. കൊനാറ്റെടെ ഹെഡർ ശ്രമം കീപ്പർ തടഞ്ഞു. 36ആം മിനിറ്റിൽ വാൻ ഡൈക്ക് സീസണിലെ തന്റെ ആദ്യ ഗോൾ നേടി. കോർണറിൽ നിന്നും എത്തിയ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന താരം വലയിലേക്ക് തിരിച്ചു വിട്ടു. താരത്തിന്റെ മറ്റൊരു ഹെഡർ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

54ആം മിനിറ്റിൽ കോർണറിൽ നിന്നും ലഭിച്ച അവസരത്തിൽ സലയുടെ കരുത്തുറ്റ ഷോട്ട് കീപ്പർ തട്ടിയകറ്റി. ന്യൂനസിന്റെ ഷോട്ട് കീപ്പർ തടുത്തു. മത്സരം ഇഞ്ചുറി സമയത്തിലേക്ക് കടന്നപ്പോൾ ലിവർപൂളിന് ലീഡ് ഉയർത്താൻ സാധിച്ചു. വലത് വിങ്ങിൽ നിന്നും ബോക്സിൽ ഒഴിഞ്ഞു നിന്ന സോബോസ്ലായിയിലേക്ക് ഡാർവിൻ ന്യൂനസ് പന്തെത്തിച്ചപ്പോൾ താരം അനായാസം കീപ്പറേ മറികടന്ന് വല കുലുക്കുകയായിരുന്നു.

മാറി മറിഞ്ഞ ലീഡ്; ആൻഫീൽഡിൽ ഗംഭീര തിരിച്ചു വരവുമായി ലിവർപൂൾ

പോരാട്ടങ്ങൾ ഏറെ കണ്ട ആൻഫീൽഡിന്റെ തട്ടകത്തിൽ മറ്റൊരു ഗംഭീര തിരിച്ചു വരവിൽ ജയം കുറിച്ച് ലിവർപൂൾ. അവസാന നിമിഷം വരെ പൊരുതിയ ഫുൾഹാമിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ മൂന്ന് പോയിന്റ് കരസ്ഥമാക്കി. ആർനോൾഡ്, എൻഡോ, മാക് ആലിസ്റ്റർ എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ക്ളോപ്പും സംഘവും.

ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ പിറന്ന ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. എതിർ തട്ടകത്തിൽ മുഴുവൻ ഊർജവും പുറത്തെടുത്ത് ഫുൾഹാം പൊരുതി. 20 ആം മിനിറ്റിൽ ട്രെന്റ് അലക്‌സാണ്ടർ ആർനോൾഡിന്റെ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെയാണ് ലിവർപൂൾ ആദ്യം ലീഡ് എടുത്തത്. 25 വാര അകലെ നിന്നും താരം തൊടുത്ത ഷോട്ട് വലയിലേക്ക് പതിക്കുമ്പോൾ കീപ്പറും നിസ്സഹായനായി. പിന്നീട് ഇത് കീപ്പർ ലെനോയുടെ സെൽഫ് ഗോളായി രേഖപ്പെടുത്തി. വെറും അഞ്ചു മിനിറ്റിനു ശേഷം വിൽസണിലൂടെ ഫുൾഹാം സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിലൂടെ എത്തിയ മുന്നേറ്റം ആന്റോണി റോബിൻസൻ പോസിറ്റിന് മുന്നിലേക്കായി നൽകിയപ്പോൾ താരത്തിന്റെ ഷോട്ട് തടയാനുള്ള കീപ്പറുടെ ശ്രമം വിഫലമായി. പിന്നീട് ഫുൾഹാമീന് ആയിരുന്നു ചെറിയ മുൻതൂക്കം എങ്കിലും 39ആം മിനിറ്റിൽ ലിവർപൂൾ ലീഡ് തിരിച്ചു പിടിച്ചു. എതിർ താരത്തിന്റെ ക്ലിയറൻസ് കാലുകളിൽ ലഭിച്ച മാക് അലിസ്റ്റർ, ബോക്സിന് വാരകൾ അകലെ നിന്നും തൊടുത്ത ഒന്നാന്തരം ഒരു ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതി ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ഫുൾഹാം വീണ്ടും വല കുലുക്കി. കോർണറിലൂടെ എത്തിയ പന്ത് ടെറ്റെ വലയിൽ എത്തിക്കുകയായിരുന്നു. വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും മത്സരം ആവേശകരമായി തുടർന്നു. 60ആം മിനിറ്റിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ന്യൂനസിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 78ആം മിനിറ്റിൽ റെയ്ഡ് ഫുൾഹാമിനായി വല കുലുക്കി. കാർനെയുടെ ക്രോസിൽ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡർ ഉതിർക്കുകയായിരുന്നു താരം. എന്നാൽ ലിവർപൂളിന്റെ അതിഗഭീരമായ തിരിച്ചു വരവിനാണ് ആൻസ്ഫീൽഡ് പിന്നീട് സാക്ഷിയായത്. 85ആം മിനിറ്റിൽ പകരക്കാനായി എത്തിയ എൻഡോയുടെ ഒന്നാന്തരമൊരു ഷോട്ടിലൂടെ സമനില നേടിയ ആതിഥേയർ, വെറും രണ്ടു മിനിറ്റിനു ശേഷം ആർനോൾഡിലൂടെ വിജയ ഗോളും കണ്ടെത്തി. ബോക്സിനുള്ളിൽ നിന്നും താരത്തിന്റെ ഷോട്ട് ആൾക്കൂട്ടത്തിനിടയിലൂടെ വലയിൽ പതിച്ചു. പിന്നീട് മുഴുവൻ സമയം വരെ ഗോൾ വഴങ്ങാതെ കാത്ത ലിവർപൂൾ ഒടുവിൽ അവസാന ചിരി തങ്ങളുടേതാക്കി.

മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ ചെന്ന് സമനിലയിൽ പിടിച്ച് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ ചെന്ന് സമനിലയിൽ പിടിച്ച് ലിവർപൂൾ. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1ന്റെ ആവേശകരമായ സമനില ആണ് പിറന്നത്. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ആണ് ലിവർപൂളിന് സമനില നൽകിയത്.

ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. എർലിംഗ് ഹാളണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്. 27ആം മിനുട്ടിൽ നഥാൻ അകെയുടെ പാസ് സ്വീകരിച്ച് എർലിംഗ് ഹാളണ്ടാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഹാളണ്ടിന്റെ അമ്പതാം ഗോളായിരുന്നു ഇത്‌.

രണ്ടാം പകുതിയിൽ ലിവർപൂൾ തിരിച്ചടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു‌. അവസാനം 80ആം മിനുട്ടിൽ അർനോൾഡിലൂടെ അവർ സമനില കണ്ടെത്തി. ഈ ഫലത്തോടെ മാഞ്ചസ്റ്റർ സിറ്റി 29 പോയിന്റുമായി ഒന്നാമതും 28 പോയിന്റുമായി ലിവർപൂൾ രണ്ടാമതും നിൽക്കുന്നു.

ലിവർപൂളിന് തിർച്ചടി, റോബർട്സൺ രണ്ട് മാസത്തോളം പുറത്തിരിക്കും

ആന്റി റോബർട്സന്റെ പരിക്ക് സ്ഥിരീകരിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ശനിയാഴ്ച എവർടണുനായുള്ള മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് സ്കോട്ലാന്റ് താരത്തിനെ കുറിച്ച് സംസാരിച്ചത്. നേരത്തെ സ്പെയിനിനെതിരായ യൂറോ ക്വാളിഫയർ മത്സരത്തിലാണ് റോബർട്സണ് പരിക്കേറ്റത്. സ്പാനിഷ് കീപ്പർ ഉനയ് സിമോണുമായി കൂട്ടിയിടിക്കുകയായിരുന്നു താരം. തുടർന്ന് വലത് തോളിന് വേദന അനുഭവപ്പെട്ടത്തോടെ ആദ്യ പകുതിയിൽ തന്നെ കളം വിട്ടു. ഷോൾഡർ ഡിസ്‌ലോകെഷനാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്.

“റോബർട്സനെ ശസ്ത്രക്രിയക്ക് വിധേയനാക്കാൻ തന്നെയാണ് നിലവിലെ തീരുമാനം”, ക്ലോപ്പ് പറഞ്ഞു, “മറ്റ് വഴികളും തേടിയിരുന്നെങ്കിലും വിദഗ്ധരുമായി ആലോചിച്ച ശേഷം ശസ്ത്രക്രിയ തന്നെയാണ് ഉചിതമായ പരിഹാരം എന്നു തീരുമാനിച്ചു. ദീർഘകാലത്തേക്ക് പരിക്കിനെ മാറ്റി നിർത്താനും അതാണ് നല്ലത്. എന്നാൽ എന്നത്തേക്ക് താരത്തിന് തിരിച്ചു വരാൻ സാധിക്കും എന്ന് തനിക്കും പറയാൻ ആവില്ല”. ലെഫ്റ്റ് ബാക്ക് സ്ഥാനത് സിമികസ് ആണ് ക്ലോപ്പിന് മുന്നിലുള്ള പകരക്കാരൻ. എന്നാൽ ജോ ഗോമസിനും ഈ സ്ഥാനത്ത് ഇറങ്ങാൻ സാധിക്കും എന്നും കൂടുതൽ മത്സരങ്ങൾ മുന്നിലുള്ള സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ താരങ്ങൾ ഈ സ്ഥാനത്തേക്ക് ടീമിൽ ഉള്ളത് വളരെ ആശ്വാസമാണെന്നും ക്ലോപ്പ് ചൂണ്ടിക്കാണിച്ചു. ഏതായാലും ജനുവരിയോടെ മാത്രമേ റോബർട്സന്റെ തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ എന്നാണ് സൂചനകൾ.

റീ മാച്ച് ആണ് പരിഹാരം; “വാർ” വിഷയത്തിൽ പ്രതികരിച്ച് ക്ലോപ്പ്

ലിവർപൂൾ – ടോട്ടനം മത്സരത്തിലെ റഫറിയിങ്ങിലെ പിഴവ് തീർത്ത അലയൊലികൾ തീരുന്നില്ല. ഈ പ്രശ്‌നത്തിൽ ഏറ്റവും ന്യായമായ പരിഹാരം മത്സരം വീണ്ടും നടത്തുന്നത് ആയിരിക്കുമെന്ന് ക്ലോപ്പ് അഭിപ്രായപ്പെട്ടു. യൂറോപ്പ മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. “പലരും എന്നിൽ നിന്നും ഇത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ പരിശീലകൻ എന്ന നിലയിൽ അല്ല, ഒരു സാധാരണ ഫുട്ബോൾ പ്രേമി എന്ന നിലയിൽ പറയുന്നു, ഈ പ്രശ്നത്തിനുള്ള ഏറ്റവും ന്യായമായ പരിഹാരം മത്സരം വീണ്ടും നടത്തുന്നതാണ്. എന്നാൽ അത് സംഭവിക്കാൻ സാധ്യത ഇല്ലെന്ന് തനിക്ക് അറിയാം. കാരണം ഇത് വരെ അങ്ങനെ ഒന്ന് സംഭിച്ചിട്ടില്ല എന്നത് തന്നെ”, ക്ലോപ്പ് പറഞ്ഞു. ഒരു പക്ഷെ അങ്ങനെ ഒരു കീഴ്വഴക്കം തുടങ്ങിയാൽ എല്ലാവരും റീ മാച്ച് ആഹ്വാനവുമായി മുന്നോട്ടു വരും എന്നതും ഒരു കാരണമാണെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു.

ഡിയാസിന്റെ ഗോൾ “വാർ” പരിശോധനക്ക് ശേഷവും ഓഫ്സൈഡ് ആയി തുടരുന്നതാണ് വിവാദമായത്. എന്നാൽ ഈ കാര്യത്തിൽ റഫറി അടക്കമുള്ളവർ അറിഞ്ഞു കൊണ്ട് വരുത്തിയ പിഴവ് അല്ല ഇതെന്ന് ക്ലോപ്പ് ചൂണ്ടിക്കാണിച്ചു. പക്ഷെ ഇത്തരം പ്രശ്‌നങ്ങൾക്ക് ഭാവിയിൽ പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഫറിമാരുടേതായി പുറത്തു വിട്ട ഓഡിയോ ക്ലിപ്പും സ്ഥിതിയിൽ യാതൊരു മാറ്റവും വരുത്താൻ പോന്നതല്ലെന്ന് ക്ലോപ്പ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ തനിക്ക് ആർക്കു നേരെയും ദേഷ്യമില്ലെന്നും, പിഴവ് വരുത്തിയവർക്ക് വലിയ കുറ്റബോധമുണ്ടെന്ന് തനിക്കുറപ്പാണെന്നും ഇതിന്റെ പേരിൽ ഇനി ആരെങ്കിലും ശിക്ഷ ഏൽക്കേണ്ടി വരരുതെന്നും ക്ലോപ്പ് പറഞ്ഞു.

ഗോൾ വല നിറച്ച് വമ്പന്മാർ, ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്

യൂറോപ്പിലെ വമ്പന്മാർ മുഖാ മുഖം വന്ന പ്രീ സീസൺ പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിലൂടെ ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്. രണ്ടു തവണ പിറകിൽ നിന്നും തിരിച്ചു വന്ന ജർമൻ ചാമ്പ്യന്മാർക്കായി ഗ്നാബറി, സാനെ, സ്റ്റാനിസിച്ച് എന്നിവർ വല കുലുക്കിയപ്പോൾ അവസാന നിമിഷം വിജയ ഗോളുമായി യുവതാരം ക്രാറ്റ്സിഗ് വരവറിയിച്ചു. ലിവർപൂളിനായി ഗാക്പോ, വാൻ ഡൈക്ക്, ലൂയിസ് ഡിയാസ് എന്നിവർ ഗോൾ കണ്ടെത്തി. മത്സരത്തിന്റെ ഭാഗമായി “സിംഗപ്പൂർ ട്രോഫി” ബയേണിന് സമ്മാനിച്ചു.

സമ്പൂർണ ഫസ്റ്റ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. കിം മിൻ ജെ ബയേണിനായി തുടക്കത്തിൽ തന്നെ എത്തി. പുതിയ താരങ്ങൾ ആയ മാക് അലിസ്റ്റർ, സോബോസ്ലായി എന്നിവർ ലിവർപൂളിന്റെ മധ്യനിര നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ ഗോൾ വീണു തുടങ്ങി. ജോട്ടയുടെ പാസ് സ്വീകരിച്ചു പിച്ചിന്റെ ഇടത് ഭാഗത്ത് നിന്നും ബയേണിന്റെ നാലോളം പ്രതിരോധ താരങ്ങളെ പിന്തള്ളി കൊണ്ട് ബോക്സിലേക്ക് കയറിയാണ് ഗാക്പോ സ്‌കോർ ബോർഡ് തുറന്നത്. 28ആം മിനിറ്റിൽ റോബർട്സന്റെ കോർണറിൽ തല വെച്ച് വാൻ ഡൈക്ക് ലീഡ് ഇരട്ടിയാക്കി. എന്നാൽ പിന്നീട് ബയേൺ മത്സരത്തിലേക്ക് തിരിച്ചു വന്നു. 33ആം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നും കിം മിൻ ജെ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഗ്നാബറി അനായാസം വല കുലുക്കി. ഇടവേളക്ക് മുൻപ് ഇടത് വിങ്ങിലൂടെ മുന്നേറിയ ഗ്നാബറി ബോക്സിനുള്ളിൽ മാർക് ചെയ്യപെടാതെ നിന്ന സാനെക്ക് പന്ത് കൈമാറിയപ്പോൾ താരം ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയോടെ ടീമുകൾ നിരവധി മാറ്റങ്ങൾ കൊണ്ടു വന്നു. 66ആം മിനിറ്റിൽ സലയുടെ പാസിൽ നിന്നും ലൂയിസ് ഡിയാസ് വീണ്ടും ലിവർപൂളിന്റെ ലീഡ് തിരികെ പിടിച്ചു. 80ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നുള്ള ബയേണിന്റെ ശ്രമം കീപ്പർ തടുത്തപ്പോൾ തക്കം പ്രതിരുന്ന സ്റ്റാനിസിച്ച് ബയേണിന്റെ മൂന്നാം ഗോൾ കണ്ടെത്തി. പിറകെ ഗോൾ നേടാനുള്ള സുവർണാവസരം കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡാർവിൻ ന്യൂനസ് തുലച്ചു. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഡി ലൈറ്റിന്റെ ലോങ് ബോൾ നിയന്ത്രണത്തിലാക്കി കുതിച്ച ക്രാറ്റ്സിഗ് ബോക്സിലേക്ക് കയറി തൊടുത്ത മിന്നുന്നൊരു ഷോട്ടിലൂടെ ബയേൺ ജയമുറപ്പിച്ചു. പിറകെ കോമാന്റെയും മാസ്രോയിയുടെയും തുടർച്ചയായ അവസരങ്ങൾ അലിസൻ രക്ഷപ്പെടുത്തുകയും ചെയ്തു.

രക്ഷകനായി സല; സന്നാഹ മത്സരത്തിൽ തോൽവി ഒഴിവാക്കി ലിവർപൂൾ

പ്രീ സീസണിൽ രണ്ടാം സന്നാഹ മത്സരത്തിന് ഇറങ്ങിയ ലിവർപൂളിന് സമനില. എട്ടു ഗോളുകൾ കണ്ട മത്സരത്തിൽ 89ആം മിനിറ്റിൽ സല രക്ഷകനായി അവതരിച്ചപ്പോൾ ക്ലോപ്പും സംഘവും ബുണ്ടസ്ലീഗ രണ്ടാം ഡിവിഷൻ ടീമായ ഗ്ര്യൂത്തർ ഫുർതിനോട് തോൽവി ഒഴിവാക്കുകയായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ രണ്ടാം പ്രീ സീസൺ മത്സരമായിരുന്നു ഇത്. സല, ലൂയിസ് ഡിയാസ് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ഡാർവിൻ ന്യൂനസ് രണ്ടു തവണ വല കുലുക്കി. തുടർന്നുള്ള പ്രീ സീസൺ ഒരുക്കങ്ങൾക്ക് വേണ്ടി ലിവർപൂൾ സിംഗപ്പൂരിലേക്ക് തിരിക്കും.

പരിക്ക് മൂലം പുതിയ താരം ഡൊമിനിക് സോബോസ്ലായി ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. അർനോൾഡ് മധ്യനിരയിൽ ഇടം കണ്ടെത്തിയപ്പോൾ ഗാക്പോ, ജോട്ട, ഡിയാസ്, വാൻ ഡൈക്ക്, റോബിൻസൻ, അലിസൻ എന്നിവരും ആദ്യ ഇലവനിൽ തന്നെ എത്തി. 22ആം മിനിറ്റിൽ ഡ്രിബ്ബിൾ ചെയ്തു ബോക്സിലേക്ക് കയറി വല കുലുക്കിയ ഡിയാസിലൂടെ ലിവർപൂൾ ആണ് ആദ്യം ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരൻ കീപ്പർ അഡ്രിയന്റെ പിഴവിൽ ജർമൻ ടീം സമനില നേടി. എന്നാൽ 50ആം മിനിറ്റിൽ ന്യൂനസ് ടീമിന്റെ ലീഡ് തിരിച്ചു പിടിച്ചു. സലയാണ് അസിസ്റ്റ് നൽകിയത്. പിന്നീട് ഒരിക്കൽ കൂടി സല ഉയർത്തി നൽകിയ ബോൾ പിടിച്ചെടുത്തത് കുതിച്ച് ന്യൂനസ് ലിവർപൂളിന്റെ മൂന്നാം ഗോളും കണ്ടെത്തി. എന്നാൽ പിന്നീട് ഫുർത്ത് തുടർച്ചായി തിരിച്ചടിക്കുന്നതാണ് കണ്ടത്. വെറും ഒൻപത് മിനിറ്റുകൾക്കുള്ളിൽ അവർ മൂന്ന് ഗോളുകൾ ലിവർപൂൾ വലയിൽ നിക്ഷേപിച്ചു. ലൂക്കാസ് പെറ്റ്കോവ് ഒരു ഗോൾ നേടിയപ്പോൾ അർമിന്റോ സിയെബ് രണ്ടു തവണ വല കുലുക്കി സ്വന്തം ടീമിന് ലീഡും സമ്മാനിച്ചു. 89ആം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ന്യൂനസ് നൽകിയ ബോൾ അനായാസം വലയിൽ എത്തിച്ച് സല ലിവർപൂളിനെ തോൽവിയിൽ നിന്നും കരകയറ്റി.

ഫാബിയോ കാർവലോ അടുത്ത സീസണിൽ ലെപ്സീഗിന് വേണ്ടി പന്തു തട്ടും

ലിവർപൂൾ താരം ഫാബിയോ കാർവലോ ലെപ്സീഗിലേക്ക് തന്നെ എന്നുറപ്പായി. താരത്തെ ഒരു വർഷത്തെ ലോണിലാണ് ലെപ്സീഗ് ടീമിലേക്ക് എത്തിക്കുന്നത്. എന്നാൽ ലോൺ കാലാവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാൻ ജർമൻ ടീമിന് സാധിക്കില്ലെന്ന് ഫാബ്രിസിയോ റോമാനോ ചൂണ്ടിക്കാണിച്ചു. ഉടൻ ജർമനിയിലേക്ക് തിരിക്കുന്ന താരത്തിന്റെ വൈദ്യ പരിശോധനകൾക്ക് ശേഷം ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം എത്തും.

നേരത്തെ കാർവലോയെ സ്വന്തമാക്കാൻ ആയിരുന്നു ലെപ്സീഗിന്റെ നീക്കം. എന്നാൽ ടീമിന്റെ ഓഫർ ലിവർപൂൾ തുടക്കത്തിൽ തന്നെ തള്ളി. താരത്തെ കൈവിടാൻ ഒരുക്കമല്ലെന്ന് തീർത്തു പറഞ്ഞ ലിവർപൂൾ, എന്നാൽ ലോൺ അടക്കമുള്ള മറ്റു സാധ്യതകൾ പരിഗണിക്കാം എന്നും സൂചിപ്പിച്ചു. ഫുൾഹാമിൽ നിന്നും എത്തിയ ശേഷം ആദ്യ ഘട്ടത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും പിന്നീട് പലപ്പോഴും ബെഞ്ചിൽ തന്നെ ഒതുങ്ങേണ്ടി വന്നിരുന്നു കാർവലോക്ക്. ഇതോടെ താരവും കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിൽ ആയിരുന്നു. പ്രീമിയർ ലീഗിൽ ആകെ പതിമൂന്ന് മത്സരങ്ങളിൽ മാത്രമാണ് കഴിഞ്ഞ സീസണിൽ കാർവലോക്ക് ബൂട്ടണിയാൻ സാധിച്ചത്. ഏതായാലും ലെപ്സീഗിൽ താരത്തിന്റെ പ്രകടനം കൂടിതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ആവും ലിവർപൂളും.

മനു കൊനെക്ക് വേണ്ടിയുള്ള നീക്കങ്ങളുമായി ലിവർപൂൾ മുന്നോട്ട്

ഫ്രഞ്ച് യുവതാരം മനു കൊനെക്ക് വേണ്ടിയുള്ള ലിവർപൂൾ നീക്കങ്ങൾ പതിയെ മുന്നോട്ട്. താരത്തിന്റെ കൈമാറ്റ തുക ഏകദേശം നാൽപത് മില്യൺ യൂറോയോളം വരുമെന്ന് ഗ്ലാഡ്ബാക്ക് പ്രതീക്ഷിക്കുന്നതായി റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ജർമൻ ടീമുമായി ലിവർപൂൾ ചർച്ചകൾ നടത്തി വരികയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഉദ്ദേശിച്ച തുക കിട്ടിയാൽ താരത്തെ കൈമാറാൻ മൊഞ്ചൻഗ്ലാഡ്ബാക്ക് സന്നദ്ധരാണ്. ലിവർപൂൾ തന്നെയാണ് നിലവിൽ കൊനെക്ക് വേണ്ടി സജീവമായി മുന്നിലുള്ള ടീം.

കൊനെക്ക് നിലവിൽ 2025 വരെയാണ് ഗ്ലാഡ്ബാക്കുമായി കരാർ ഉള്ളത്. അതേ സമയം മർക്കസ് തുറാം അടക്കമുള്ള താരങ്ങൾ കരാർ അവസാനിച്ച് ടീം വിടുന്ന സാഹചര്യത്തിൽ കൊനെയുടെ കൈമാറ്റം ടീമിന് വളരെ പ്രാധാന്യമുള്ളതാണ്. പകരക്കാരെ ടീമിന് ഉടൻ എത്തിക്കേണ്ടതായും ഉണ്ട്. താരത്തിന്റെ പ്രതിരോധത്തിൽ ഉള്ള മികവാണ് ക്ലോപ്പിന്റെ ശ്രദ്ധയിൽ താരത്തെ എത്തിക്കുന്നത്. ഫാബിഞ്ഞോയുടെ മോശം ഫോമും ആർതുറിന്റെ പരിക്കും മൂലം വലഞ്ഞ ലിവർപൂളിന് കൊനെയുടെ വരവ് മുതൽക്കൂടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം ലിവർപൂളിന്റെ ഇപ്പോഴത്തെ ശ്രദ്ധ മാക് അലിസ്റ്ററിന്റെ കൈമാറ്റം പൂർത്തിയാക്കാൻ ആണെന്നും അതിന് ശേഷം മാത്രമേ കൊനെ അടക്കമുള്ള കൈമാറ്റങ്ങളിലേക്ക് ടീം കടക്കൂ എന്നും റോമാനോ സൂചിപ്പിക്കുന്നു.

Exit mobile version