8 ഗോൾ ത്രില്ലർ ജയിച്ചു പി.എസ്.ജി, ഇന്ററിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പി.എസ്.ജി. സ്വന്തം മൈതാനത്ത് വിറ്റീനിയയുടെ ഹാട്രിക് മികവിൽ ആണ് പാരീസ് ഇംഗ്ലീഷ് ടീമിനെ 8 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ആണ് പോർച്ചുഗീസ് താരം ഹാട്രിക് നേടുന്നത്. 35 മത്തെ മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വിറ്റീനിയയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുള്ളിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.

എന്നാൽ 3 മിനിറ്റിനുള്ളിൽ വിറ്റീനിയ വീണ്ടും പാരീസിനെ ഒപ്പം എത്തിച്ചു. 59 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പാരീസ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് 65 മത്തെ മിനിറ്റിൽ പാച്ചോ കൂടി ഗോൾ നേടിയതോടെ പാരീസ് ജയം ഉറപ്പിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റീനിയ പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടെങ്കിലും പാരീസ് ജയത്തിനെ അതൊന്നും ബാധിച്ചില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 സ്ഥാനത്തും ആണ്.

അതേസമയം മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ യൂലിയൻ അൽവാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗ്രീൻസ്മാന്റെ പാസിൽ നിന്നു ഹോസെ ഹിമനസ് അത്ലറ്റികോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഇന്റർ നാലാമതും 3 പോയിന്റ് പിറകിൽ അത്ലറ്റികോ ഒമ്പതാം സ്ഥാനത്തും ആണ്.

ലണ്ടണിൽ ത്രില്ലർ!! അവസാന നിമിഷം പരാജയം ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ടോട്ടൻഹാം ഹോട്ട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടം 2-2 എന്ന സ്കോറിൽ അവസാനിച്ചു. കളിയുടെ അവസാന നിമിഷം വരെ ആവേശം നിലനിർത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഓരോ പോയിന്റ് വീതം സ്വന്തമാക്കി.


മത്സരത്തിന്റെ 32-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോ ഹെഡറിലൂടെ ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ സന്ദർശകർക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ടോട്ടൻഹാം ശക്തമായി തിരിച്ചുവന്നു. 84-ാം മിനിറ്റിൽ മാത്തിസ് ടെൽ നേടിയ സമനില ഗോൾ ഹോം ടീമിന് പുത്തൻ പ്രതീക്ഷ നൽകി. പിന്നാലെ സെസ്കോയ്ക്ക് പരിക്കേറ്റതോടെ യുണൈറ്റഡ് 10 പേരുമായി കളിക്കേണ്ടി വന്നു.


കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെ ആവേശം അതിന്റെ കൊടുമുടിയിലെത്തി. 90+1 മിനിറ്റിൽ വിൽസൺ ഒഡോബേർട്ടിന്റെ അസിസ്റ്റിൽ നിന്ന് റിച്ചാർലിസൺ ഹെഡ്ഡറിലൂടെ സ്പർസിന് ലീഡ് നൽകി, ടോട്ടൻഹാം വിജയമുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയില്ല.

90+6 മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ മാത്യൂസ് ഡി ലിഗ്റ്റ് ഉയർന്നു ചാടി നേടിയ ഹെഡ്ഡർ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.

18 പോയിന്റുമായി സ്പർസ് മൂന്നാമതും 18 പോയിന്റ് തന്നെയുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്തും നിൽക്കുന്നു.

ചാമ്പ്യൻസ് ലീഗ് ജയവുമായി അത്ലറ്റികോ, വമ്പൻ ജയവുമായി ടോട്ടനവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയം ക്ലബ് യൂണിയനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്. ഉഗ്രൻ ഫോമിലുള്ള യൂലിയൻ ആൽവരസ്, കോണർ ഗാലഹർ, യോറന്റെ എന്നിവർ സ്പാനിഷ് ക്ലബിന് ആയി ഗോളുകൾ നേടി. അതേസമയം ടോട്ടനം കോപ്പൻഹേഗനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ബ്രണ്ണൻ ജോൺസൻ, വിൽസൻ ഒഡോബർട്ട് എന്നിവർ 51 മിനിറ്റിനുള്ളിൽ അവർക്ക് ആയി 2 ഗോളുകൾ നേടി. എന്നാൽ 57 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടനം 10 പേരായി ചുരുങ്ങി.

എന്നിട്ടും 64 മത്തെ മിനിറ്റിൽ സ്വന്തം പോസ്റ്റിൽ നിന്നു അവിശ്വസനീയം ആയ ഒരു സ്പ്രിന്റിന് ഒടുവിൽ അതുഗ്രൻ ഗോൾ നേടിയ മിക്കി വാൻ ഡെ വെൻ ടോട്ടനം ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായി അടയാളപ്പെടുത്താവുന്ന ഗോൾ ആയിരുന്നു ഇത്. 3 മിനിറ്റിനുള്ളിൽ നാലാം ഗോളും നേടിയ പളീനിയോ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ റിച്ചാർലിസൺ ടോട്ടനത്തിന് പെനാൽട്ടി പക്ഷെ ബാറിൽ അടിച്ചു കളഞ്ഞു. അതേസമയം യുവന്റസ് സ്പോർട്ടിങ് ലിസ്ബണിനോട് 1-1 ന്റെ സമനില വഴങ്ങി. മൊണാകോ ബോഡോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോൾ ഒളിമ്പിയാകോസ് പി.എസ്.വി മത്സരവും 1-1 നു അവസാനിച്ചു. 93 മത്തെ മിനിറ്റിൽ റിക്കാർഡോ പെപി പി.എസ്.വിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടനത്തെ തോൽപ്പിച്ചു ചെൽസി. ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ചെൽസി ജയം കണ്ടത്. സ്വന്തം മൈതാനത്ത് ലീഗിൽ കളിച്ച 5 കളികളിൽ ഒരൊറ്റ മത്സരത്തിൽ മാത്രം ജയിക്കാൻ ആയ ടോട്ടനം സ്വന്തം മൈതാനത്തെ അവരുടെ മോശം ഫോം തുടരുകയാണ്. നിലവിൽ ലീഗിൽ ടോട്ടനം മൂന്നാം സ്ഥാനത്തും ചെൽസി നാലാം സ്ഥാനത്തും ആണ്. ജാവോ പെഡ്രോ നേടിയ ഏക ഗോൾ ആണ് ചെൽസിക്ക് ജയം നൽകിയത്.

തുടക്കത്തിൽ തന്നെ പരിക്ക് കാരണം ലൂക്കാസ് ബെർഗ്വാളിനെ നഷ്ടമായത് ടോട്ടനത്തിനു തിരിച്ചടി ആയിരുന്നു. തുടർന്ന് ടോട്ടനം പ്രതിരോധത്തിലെ അബദ്ധം മുതലെടുത്ത കയിസെഡോ നൽകിയ പാസിൽ നിന്നു 34 മത്തെ മിനിറ്റിൽ ആണ് ജാവോ പെഡ്രോ ചെൽസിക്ക് വിജയഗോൾ സമ്മാനിച്ചത്. ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ വെറും ഒരൊറ്റ ഷോട്ട് മാത്രമാണ് ടോട്ടനം ചെൽസി പോസ്റ്റിലേക്ക് അടിച്ചത്. കഴിഞ്ഞ കളിയിൽ സണ്ടർലാന്റിനോട് തോറ്റ ചെൽസിക്ക് ഈ ജയം വലിയ ഊർജം ആണ് നൽകുക. അതേസമയം സ്വന്തം മൈതാനത്ത് ആരാധകർ കൂവലോടെയാണ് ടോട്ടനത്തെ യാത്രയാക്കിയത്.

ടോട്ടനത്തെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ടോട്ടനം ഹോട്‌സ്‌പറിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ടോട്ടനത്തെ ഗോളുകൾ നേടുന്നതിൽ നിന്നു ന്യൂകാസ്റ്റിൽ പ്രതിരോധം തടഞ്ഞു. ഇരു പകുതികളിൽ ആയി നേടിയ ഗോളുകൾ ആണ് ന്യൂകാസ്റ്റിലിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഫാബിയൻ ഷാർ ആണ് ന്യൂകാസ്റ്റിലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ നേടിയ നിക്ക് വോൽട്ടമൈഡ് അവരുടെ ജയം പൂർത്തിയാക്കുകയും ചെയ്തു. ജോ വില്ലോക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെയാണ് ജർമ്മൻ മുന്നേറ്റ നിര താരവും ഗോൾ നേടിയത്.

ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് വിജയിച്ച് ആസ്റ്റൺ വില്ല


ടോട്ടനം ഹോട്ട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആസ്റ്റൺ വില്ല ടോട്ടനം ഹോട്ട്‌സ്‌പറിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ച് നിർണ്ണായക വിജയം നേടി.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകുർ നേടിയ മികച്ച ഗോളിലൂടെ ടോട്ടനമാണ് ആദ്യം മുന്നിലെത്തിയത്. ഒരു കോർണറിൽ നിന്നുള്ള കൃത്യമായ ക്രോസിൽ ബെന്റാൻകുർ തൊടുത്ത ശക്തമായ ഷോട്ട് ഗോളായി മാറി. ഇതിനുശേഷം മൊഹമ്മദ് കുദൂസിന്റെ ഒരു ഗോൾ ഓഫ്‌സൈഡായതിനെ തുടർന്ന് നിഷേധിക്കപ്പെട്ടെങ്കിലും ആദ്യ പകുതിയിൽ ടോട്ടനം ആധിപത്യം തുടർന്നു.


എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 37-ാം മിനിറ്റിൽ ആസ്റ്റൺ വില്ലയുടെ മോർഗൻ റോജേഴ്‌സ് ഒരു തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെ സ്കോർ സമനിലയിലാക്കി. പ്രതിരോധക്കാരെ മറികടന്ന ശേഷം റോജേഴ്‌സ് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ആ സ്ട്രൈക്ക് സ്പർസ് ഗോൾകീപ്പർ വികാരിയോയെ മറികടന്ന് വലയിൽ കയറി.


രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി. ആസ്റ്റൺ വില്ല ബുയെൻഡിയ, വാട്ട്കിൻസ് തുടങ്ങിയവരെ ഇറക്കിയപ്പോൾ സ്പർസ് റിച്ചാർലിസൺ, കോളോ മുവാനി എന്നിവരെ കളത്തിലിറക്കി.


മത്സരം 77-ാം മിനിറ്റിൽ നിൽക്കെ എമിലിയാനോ ബുയെൻഡിയ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്. കാഷ് നൽകിയ മനോഹരമായ ലോങ് ബോൾ സ്വീകരിച്ച ഡിഗ്നെ, അത് ബുയെൻഡിയക്ക് കൈമാറി. ബുയെൻഡിയ വിദഗ്ധമായി കട്ടിംഗ് ഇൻ ചെയ്ത്, കൃത്യതയാർന്ന ഒരു ഷോട്ട് വലയുടെ താഴ്ന്ന കോണിലേക്ക് തിരിച്ച് വിട്ട് ആസ്റ്റൺ വില്ലയ്ക്ക് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.


സമനില ഗോളിനായി ടോട്ടനം അവസാന നിമിഷം കിണഞ്ഞ് ശ്രമിച്ചു എങ്കിലും വില്ലയുടെ പ്രതിരോധം ഉറച്ചുനിന്നു.
ഈ വിജയത്തോടെ ആസ്റ്റൺ വില്ല 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 14 പോയിന്റുമായി ടോട്ടനം 6-ാം സ്ഥാനത്ത് തുടരുന്നു.

വെസ്റ്റ് ഹാമിനെതിരെ ടോട്ടനം ഹോട്ട്സ്പറിന് ഏകപക്ഷീയ വിജയം


ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ടോട്ടനം ഹോട്ട്സ്പർ 3-0ന് വിജയം നേടി. ടോട്ടനത്തിന്റെ കൃത്യതയാർന്ന ഫിനിഷിംഗുകളും വെസ്റ്റ് ഹാമിന് ലഭിച്ച ചുവപ്പ് കാർഡും മത്സരത്തിൽ നിർണായകമായി.


ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇടവേളയ്ക്ക് ശേഷം 47-ാം മിനിറ്റിൽ സാവി സിമോൺസിന്റെ കോർണറിൽ നിന്ന് പാപെ മാറ്റർ സാർ ഹെഡ്ഡറിലൂടെ ടോട്ടനത്തിന് ലീഡ് നേടിക്കൊടുത്തു. 54-ാം മിനിറ്റിൽ ജോവോ പലിഞ്യയെ ഫൗൾ ചെയ്തതിന് വെസ്റ്റ് ഹാമിന്റെ തോമസ് സൗചെക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി.


പിന്നീട് 10 പേരായി ചുരുങ്ങിയ വെസ്റ്റ് ഹാമിനെതിരെ ടോട്ടനം ആധിപത്യം സ്ഥാപിച്ചു. 57-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ലോംഗ് പാസിൽ നിന്ന് ലൂക്കാസ് ബെർഗ്‌വാൾ ഹെഡ്ഡറിലൂടെ ടോട്ടനത്തിന്റെ രണ്ടാം ഗോൾ നേടി. 64-ാം മിനിറ്റിൽ ബെർഗ്‌വാളിന്റെ അസിസ്റ്റിൽ നിന്ന് പ്രതിരോധ താരം മത്യാസ് വാൻ ഡി വെൻ ഗോൾ നേടിയതോടെ ടോട്ടനത്തിന്റെ വിജയം ഉറപ്പിച്ചു.


വെസ്റ്റ് ഹാം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചില്ല. ഈ വിജയത്തോടെ ടോട്ടനം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. വെസ്റ്റ് ഹാം 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

25 വർഷത്തിന് ശേഷം ഡാനിയൽ ലെവി ടോട്ടനത്തിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു


ലണ്ടൻ: 25 വർഷത്തോളം ടോട്ടനം ഹോട്ട്സ്പർ ക്ലബ്ബിനെ നയിച്ച ഡാനിയൽ ലെവി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞതായി ക്ലബ്ബ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. ടോട്ടൻഹാമിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ക്ലബ്ബായി ഉയർത്തുന്നതിൽ ലെവിക്ക് നിർണ്ണായക പങ്കുണ്ട്.


അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 സീസണുകളിൽ 18 തവണയും ക്ലബ്ബ് യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുത്തു. കളിക്കാർ, അക്കാദമി, ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം എന്നിവയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ലെവി മുൻകൈയെടുത്തു. കൂടാതെ, അടുത്തിടെ യൂറോപ്പ ലീഗ് കിരീടം നേടിയത് ഉൾപ്പെടെ നിരവധി വിജയങ്ങൾ ക്ലബ്ബ് നേടി.


തന്റെ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളിൽ ലെവി അഭിമാനം രേഖപ്പെടുത്തി. ആരാധകരോടും ക്ലബ്ബ് ജീവനക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു.

പിഎസ്ജി ഫോർവേഡ് റാൻഡൽ കോലോ മുവാനിയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെടുത്ത് ടോട്ടനം


ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌ന്റെ (പിഎസ്ജി) ഫോർവേഡ് റാൻഡൽ കോലോ മുവാനിയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പർ ധാരണയായി. ഈ സീസൺ മുഴുവൻ താരം ടോട്ടൻഹാമിൽ കളിക്കും. കരാർ പ്രകാരം സീസൺ അവസാനിക്കുമ്പോൾ താരത്തെ സ്ഥിരമായി ടീമിൽ നിലനിർത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും നിലവിൽ ഇല്ല.


കരാറിന് താരം സമ്മതം മൂളിയെന്നും വൈദ്യപരിശോധനകൾക്കായി ലണ്ടനിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 26-കാരനായ കോലോ മുവാനി 2024-25 സീസണിന്റെ രണ്ടാം പകുതിയിൽ യുവന്റസിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. അവിടെ 22 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിരുന്നുവെങ്കിലും പിഎസ്ജിയിൽ ലൂയിസ് എൻറിക്വെയ്ക്ക് കീഴിൽ താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.


റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച ഡൊമിനിക് സോളാങ്കിയുടെ പരിക്ക് ടീമിന് വലിയ തിരിച്ചടിയായിരുന്നു. അടുത്തിടെ ബേൺമൗത്തിനെതിരായ മത്സരത്തിൽ 1-0ന് ടീം പരാജയപ്പെട്ടിരുന്നു. നിലവിൽ റിച്ചാർലിസൺ മാത്രമാണ് ടീമിലുള്ള പ്രധാന സ്ട്രൈക്കർ. കോലോ മുവാനിയുടെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്നാണ് മാനേജർ തോമസ് ഫ്രാങ്ക് പ്രതീക്ഷിക്കുന്നത്.

ടോട്ടനത്തെ ലണ്ടണിൽ വന്ന് ഞെട്ടിച്ച് ബോണ്മത്


ടോട്ടനം ഹോട്ട്സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനെ 1-0ന് പരാജയപ്പെടുത്തി ബേൺമൗത്ത് ഗംഭീര വിജയം നേടി. കളിയുടെ അഞ്ചാം മിനിറ്റിൽ എവാനിൽസൺ നേടിയ ഏക ഗോളാണ് മത്സരത്തിൻ്റെ വിധി നിർണ്ണയിച്ചത്.


മാർക്കോസ് സെനേസി നൽകിയ പാസിൽ നിന്നാണ് എവാനിൽസൺ ഗോൾ നേടിയത്. ബോക്സിനുള്ളിൽ പന്ത് ലഭിച്ച താരം ടോട്ടനം പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയുടെ ശരീരത്തിൽ തട്ടിത്തെറിച്ച് വലയിലേക്ക് കയറിയപ്പോൾ ഗോൾകീപ്പർ ഗുഗ്ലിയെൽമോ വികാരിയോക്ക് ഒന്നും ചെയ്യാനായില്ല.


മത്സരത്തിലുടനീളം ടോട്ടനം ആധിപത്യം പുലർത്തിയിരുന്നെങ്കിലും ബേൺമൗത്തിൻ്റെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. ടോട്ടനത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് കൂടുതൽ ഗോളുകൾ നേടാൻ ബേൺമൗത്തിനും അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലാക്കാൻ അവർക്കും കഴിഞ്ഞില്ല.

മാഞ്ചസ്റ്റർ സിറ്റി തിരിച്ചെത്തിയിട്ടില്ല!! സ്പർസിനോട് സ്വന്തം ഗ്രൗണ്ടിൽ തോറ്റു!!


മാഞ്ചസ്റ്റർ: ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-0ന് തകർത്ത് ടോട്ടനം ഹോട്ട്സ്പർ. തകർപ്പൻ ഫുട്ബോളിലൂടെ ടോട്ടനം നേടിയ വിജയം പെപ് ഗ്വാർഡിയോള ടീമിനെ ഞെട്ടിച്ചു. മത്സരത്തിന്റെ 35-ാം മിനിറ്റിൽ ബ്രെനൻ ജോൺസൺ നേടിയ ഗോളിലൂടെ ടോട്ടനം ലീഡ് നേടി. വി.എ.ആർ. പരിശോധനയ്ക്ക് ശേഷമാണ് ഈ ഗോൾ അനുവദിച്ചത്.

ആദ്യ പകുതിയുടെ അധിക സമയത്ത് സിറ്റി ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡിന്റെ പിഴവ് മുതലെടുത്ത് ജാവോ പലിഞ്ഞ ടോട്ടനത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതിയിൽ സിറ്റി ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും, ഒമർ മർമൂഷ്, റയാൻ ചെർക്കി തുടങ്ങിയ താരങ്ങൾക്ക് ലഭിച്ച മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി.


രണ്ടാം പകുതിയിൽ ഫിൽ ഫോഡൻ, റോഡ്രി, ജെറമി ഡോകു തുടങ്ങിയ പ്രമുഖ താരങ്ങളെ പെപ് ഗ്വാർഡിയോള കളത്തിലിറക്കിയെങ്കിലും സിറ്റിയുടെ ആക്രമണങ്ങളെ ടോട്ടനം പ്രതിരോധിച്ചു. ക്രിസ്റ്റ്യൻ റൊമേറോയുടെ നേതൃത്വത്തിൽ ടോട്ടനം പ്രതിരോധം ശക്തമായി നിലകൊണ്ടു.


കഴിഞ്ഞ സീസണിൽ 4-0ന്റെ വിജയം നേടിയതിനു ശേഷം എതിഹാദിൽ ടോട്ടനം നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. സിറ്റിയെ സംബന്ധിച്ചിടത്തോളം, ഈ തോൽവി അവരുടെ മോശം സീസൺ തുടക്കത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു. അതേസമയം, അച്ചടക്കവും, പോരാട്ടവീര്യവും, മികച്ച ഫിനിഷിംഗും കാഴ്ചവെച്ച ടോട്ടനത്തിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.

വമ്പൻ ട്വിസ്റ്റ്! എസെയെ ഹൈജാക്ക് ചെയ്യാൻ ആഴ്‌സണൽ!

ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെയെ സ്വന്തമാക്കാൻ അവസാന നിമിഷം രംഗത്ത് എത്തി ആഴ്‌സണൽ. നേരത്തെ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ക്രിസ്റ്റൽ പാലസും ആയി ഏതാണ്ട് ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് ആഴ്‌സണലിന്റെ കായ് ഹാവർട്സിന് പരിക്കേറ്റ വാർത്ത പുറത്ത് വന്നതിനു ശേഷമാണ് വമ്പൻ ട്വിസ്റ്റ് ഉണ്ടായത്. ഹാവർട്സ് ദീർഘകാലം പുറത്ത് ഇരിക്കും എന്ന വാർത്ത വന്നതോടെ മുന്നേറ്റനിര താരത്തിന് ആയി ആഴ്‌സണൽ മാർക്കറ്റിലേക്ക് തിരിച്ചു വരിക ആയിരുന്നു.

ഇതിനു ശേഷം ഇപ്പോൾ ആണ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റിയിൻ ആഴ്‌സണൽ എസെക്ക് ആയി രംഗത്ത് എത്തിയ വാർത്ത പുറത്ത് വിട്ടത്. നേരത്തെ തന്നെ ബാല്യകാല ആഴ്‌സണൽ ആരാധകൻ എന്നു പലപ്പോഴും വ്യക്തമാക്കിയ എസെയെ ആഴ്‌സണൽ സ്വന്തമാക്കാനുള്ള സാധ്യത കൂടി. ആഴ്‌സണലിലേക്ക് പോകാൻ ആണ് താൽപ്പര്യം എന്നു എസെ വ്യക്തമാക്കിയത് ആയി പല റിപ്പോർട്ടുകളും മുമ്പ് ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ എസെ ആഴ്‌സണലിൽ എത്തും എന്നാണ് നിലവിലെ സൂചന. ഇത് സംഭവിച്ചാൽ ടോട്ടനം മറ്റ് താരങ്ങളെ സ്വന്തമാക്കാൻ ആവും ശ്രമിക്കുക.

Exit mobile version