Indian Super League, ISL, ISL News, ISL Live, ISL Malayalam News, Kerala Blasters, Sahal Abdul Samad ഇന്ത്യൻ സൂപ്പർ ലീഗ് ഐ എസ് എൽ മലയാളം വാർത്ത കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ Mohun Bagan
നീണ്ട കാത്തിരിപ്പിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2025–26 സീസൺ ഡിസംബറിൽ ആരംഭിക്കാൻ ധാരണ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം. ഇതിലും നേരത്തെ, അതായത് സെപ്റ്റംബറിൽ തന്നെ സൂപ്പർ കപ്പ് നടത്താനും ധാരണയായിട്ടുണ്ട്.
നിയമപ്രശ്നങ്ങളും കരാർ ചർച്ചകളിലെ തടസ്സങ്ങളും കാരണം അനിശ്ചിതത്വത്തിലായിരുന്ന ഐഎസ്എല്ലിന്റെ ഭാവി, ഈ പുതിയ തീരുമാനത്തോടെ ആരാധകർക്കും കളിക്കാർക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.
പ്രധാന കരാറിന്റെ ഭാഗമായി എഐഎഫ്എഫിന് നൽകേണ്ട ₹12.5 കോടിയുടെ അവസാന ഗഡു നൽകാനും എഫ്എസ്ഡിഎൽ തീരുമാനിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എത്തിച്ചേർന്ന ഈ നിർദ്ദേശങ്ങൾ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കും. കോടതി അംഗീകരിച്ചാൽ, ഇന്ത്യൻ ഫുട്ബോളിലെ എല്ലാ ആശങ്കകൾക്കും പരിഹാരമാകും.
ഇന്ത്യൻ ഫുട്ബോളിലെ ഒരു പ്രധാന നീക്കത്തിൽ, പ്രതിരോധ താരം മെഹ്താബ് സിംഗ് ഔദ്യോഗികമായി മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ ചേർന്നു. മുംബൈ സിറ്റി എഫ്‌സിയിൽ അഞ്ച് വർഷം നീണ്ട അദ്ദേഹത്തിന്റെ കരിയറിനാണ് ഇതോടെ വിരാമമായത്. എത്ര തുകയ്ക്കാണ് ഈ മാറ്റമെന്ന് ഇരു ക്ലബ്ബുകളും വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ഫുട്ബോളിൽ ഒരു പ്രമുഖ താരമായി വളർന്ന സിംഗ്, മുംബൈ സിറ്റിയുടെ സമീപകാലത്തെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2022-23 സീസണിൽ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടാനും ആഭ്യന്തര, കോണ്ടിനെന്റൽ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും താരം സഹായിച്ചിട്ടുണ്ട്. മുംബൈ സിറ്റിയിൽ കളിച്ച കാലയളവിൽ, മെഹ്താബ് ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി വളർന്നു. അദ്ദേഹത്തിന്റെ കൃത്യമായ പാസുകൾ, പ്രതിരോധത്തിലെ മികവ്, സെറ്റ് പീസുകളിൽ നിന്നുള്ള അപകടസാധ്യത എന്നിവ ശ്രദ്ധേയമാണ്.
2022 ഒക്ടോബറിൽ തുടർച്ചയായി മൂന്ന് ഹീറോ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയ മെഹ്താബ്, ക്ലബ്ബിന്റെ എഎഫ്സി ചാമ്പ്യൻസ് ലീഗ് യാത്രയിലും നിർണായക പങ്ക് വഹിച്ചിരുന്നു. 25 വയസ്സുകാരനായ ഈ താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. ഇത് മുംബൈ സിറ്റിയിലെ അദ്ദേഹത്തിന്റെ വളർച്ചയെ കൂടുതൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഫുട്ബോളിൽ പ്രതിസന്ധി വളരുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ക്ലബ്ബുകളിലൊന്നും ദേശീയ ഫുട്ബോൾ ഐക്കൺ സുനിൽ ഛേത്രിയുടെ ടീമുമായ ബംഗളൂരു എഫ്സി, ഫസ്റ്റ്-ടീം കളിക്കാരുടെയും ജീവനക്കാരുടെയും ശമ്പളം നിർത്തിവെച്ചു. ഐഎസ്‌എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) റിലയൻസിന്റെ കീഴിലുള്ള ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) തമ്മിലുള്ള തർക്കത്തെ തുടർന്ന് ലീഗ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത ഐഎസ്‌എൽ സീസണിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ക്ലബ്ബുകളുടെ ക്ഷമയും സാമ്പത്തിക ഭദ്രതയും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഒരു പ്രസ്താവനയിലൂടെ ബംഗളൂരു എഫ്സി ഈ നീക്കം നിർബന്ധിതമായി എടുത്തതാണെന്ന് സമ്മതിച്ചു: “ലീഗിന്റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ഞങ്ങൾക്ക് ഈ നടപടി സ്വീകരിക്കേണ്ടി വന്നു. ഞങ്ങളുടെ കളിക്കാരുടെയും, ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടെയും ഭാവിയും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്, ഈ പ്രശ്നത്തിന് ഒരു പരിഹാരം കാത്തിരിക്കുമ്പോൾ ഞങ്ങൾ അവരുമായി ബന്ധപ്പെടുന്നുണ്ട്.”
ശമ്പളം നിർത്തിവെച്ചെങ്കിലും, ക്ലബ്ബിന്റെ യൂത്ത് ടീമുകളും ബിഎഫ്‌സി സോക്കർ സ്കൂളുകളും സാധാരണ പോലെ തുടരുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2025–26 സീസണിനെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ഒഡീഷ എഫ്‌സി താൽക്കാലികമായി താരങ്ങളുടെയും ജീവനക്കാരുടെയും കരാറുകൾ റദ്ദാക്കി എന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു. അനിശ്ചിതകാലത്തേക്ക് ലീഗ് മാറ്റിവെച്ചതിനാലാണ് ക്ലബ്ബിന്റെ ഈ നടപടി. ക്ലബ്ബിന്റെ മാതൃസ്ഥാപനമായ ഡൽഹി സോക്കർ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ കത്തിൽ, ഒഡീഷ എഫ്‌സി ഈ സാഹചര്യത്തെ “ഫോഴ്‌സ് മജൂർ” (‘force majure’) ആയാണ് വിശേഷിപ്പിച്ചത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എം.ആർ.എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ക്ലബ് അറിയിച്ചു. ഈ കരാർ റദ്ദാക്കൽ ഒരു താൽക്കാലിക നടപടി മാത്രമാണെന്ന് ക്ലബ് അധികാരിയായ അജിത് പാണ്ഡ ഒപ്പുവച്ച കത്തിൽ പറയുന്നു. ജീവനക്കാർക്ക് മറ്റ് അവസരങ്ങൾ തേടുന്നതിൽ തടസ്സമുണ്ടാവില്ലെന്നും, താരങ്ങളോ ജീവനക്കാരോ ആവശ്യപ്പെട്ടാൽ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഒഡീഷ എഫ്.സി അറിയിച്ചു.
എ.ഐ.എഫ്.എഫിന്റെ കരട് ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ, എഫ്.എസ്.ഡി.എലുമായി പുതിയ കരാറുകൾ ഒപ്പിടുന്നതിൽ നിന്ന് ഫെഡറേഷനെ വിലക്കിയിട്ടുണ്ട്. ഇത് കാരണം, വിധി വരുന്നതുവരെ ഐ.എസ്.എൽ 2025–26 സീസൺ നടത്താൻ കഴിയില്ലെന്ന് എഫ്.എസ്.ഡി.എൽ ക്ലബ്ബുകളെ അറിയിച്ചിരുന്നു.
ഒഡീഷ എഫ്‌സിയുടെ ഈ കടുത്ത തീരുമാനം മറ്റ് ഐ.എസ്.എൽ ക്ലബ്ബുകൾക്കും മാതൃകയായേക്കാം. മറ്റ് പല ടീമുകളും സമാനമായ നടപടികൾക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് സൂചനകളുണ്ട്. ഒഡീഷ എഫ്‌സി ഉൾപ്പെടെ എട്ട് ഐ.എസ്.എൽ ക്ലബ്ബുകൾ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് സംയുക്തമായി കത്തെഴുതി അടിയന്തര പരിഹാരം ആവശ്യപ്പെട്ടിരുന്നു.
ഐ.എസ്.എൽ സീസൺ നടക്കുമെന്ന് ചൗബെ ഉറപ്പ് നൽകിയെങ്കിലും, അതിന്റെ സമയം സുപ്രീം കോടതിയുടെ വിധിയെയും ഫിഫയുടെ കലണ്ടറിനെയും ആശ്രയിച്ചായിരിക്കുമെന്ന് സമ്മതിച്ചു. ഈ അനിശ്ചിതത്വം ഇന്ത്യൻ ഫുട്ബോളിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പ്രീ-സീസൺ ക്യാമ്പുകൾ നിർത്തിവെച്ചു, യൂത്ത് അക്കാദമികളുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു, കൂടാതെ നിരവധി ക്ലബ്ബുകൾ 2025-ലെ ഡ്യൂറണ്ട് കപ്പിൽ നിന്ന് പിന്മാറി. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഫിഫ വിൻഡോകളിൽ ഇന്ത്യൻ ദേശീയ ടീം താരങ്ങൾ മത്സരപരിശീലനമില്ലാതെ കളിക്കേണ്ട അവസ്ഥയിലാണിപ്പോൾ.
2025-26 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പരിചയസമ്പന്നനായ സ്പാനിഷ് മധ്യനിര താരം ഡേവിഡ് ടിമോറിനെ സൈൻ ചെയ്തതായി എഫ്.സി. ഗോവ പ്രഖ്യാപിച്ചു. 35-കാരനായ ടിമോർ വലൻസിയ സി.എഫിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ്. വലൻസിയ, ഒസാസുന, ഗെറ്റാഫെ, ജിറോണ, ഹ്യൂസ്ക എന്നിവിടങ്ങളിലായി ലാ ലിഗയിൽ 150-ൽ അധികം മത്സരങ്ങളുൾപ്പെടെ സ്പാനിഷ് ഫുട്ബോളിൽ ഏകദേശം 500-ഓളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.
“അദ്ദേഹം കളിച്ച എല്ലാ ടീമുകളിലും നിർണായക പങ്ക് വഹിച്ച ഒരു നേതാവാണ്” എന്ന് ഗോവയുടെ മുഖ്യ പരിശീലകൻ മനോലോ ടിമോറിനെ വിശേഷിപ്പിച്ചു.
ഗോവയുടെ ടീമിലെ അഞ്ചാമത്തെ സ്പാനിഷ് താരമാണ് ടിമോർ. ഇകർ ഗ്വാറോച്ചേന, ബോർജ ഹെരേര, പോൾ മോറെനോ, ജാവിയർ സിവേറിയോ എന്നിവരാണ് മറ്റ് സ്പാനിഷ് താരങ്ങൾ. അദ്ദേഹത്തിന്റെ സൈനിംഗോടുകൂടി ക്ലബിന്റെ വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയായി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിനും ഐഎസ്എൽ കാമ്പെയ്‌നിനും ഒരുങ്ങുകയാണ് എഫ്.സി. ഗോവ.
വരാനിരിക്കുന്ന സീസണിലേക്ക് പരിചയസമ്പന്നനായ സ്പാനിഷ് പ്രതിരോധ താരം പോൾ മൊറേനോയെ സ്വന്തമാക്കി എഫ്.സി. ഗോവ. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ റേസിങ് സാന്റാൻഡറിലെ നാല് വർഷത്തിന് ശേഷമാണ് 31-കാരനായ താരം ഗോവയിലെത്തുന്നത്. സ്പെയിനിൽ 200-ൽ അധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് മൊറേനോ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്.
ബാർസലോണയിൽ ജനിച്ച് കറ്റാലൻ ഫുട്ബോൾ സിസ്റ്റത്തിലൂടെ വളർന്ന മൊറേനോ, മികച്ച പ്രതിരോധ താരം എന്നതിലുപരി കൃത്യമായ ഗെയിം പ്ലാൻ ഉള്ള താരം കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃഗുണവും സ്ഥിരതയും കരിയറിലുടനീളം പ്രധാന സവിശേഷതകളായിരുന്നു. ഐ.എസ്.എൽ സീസണിനും വരാനിരിക്കുന്ന എ.എഫ്.സി. യോഗ്യതാ മത്സരങ്ങൾക്കും വേണ്ടി പ്രതിരോധം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായാണ് എഫ്.സി. ഗോവയുടെ ഈ തീരുമാനം.
ഇംഗ്ലീഷ് പരിശീലകൻ ഓവൻ കോയ്ല് ചെന്നൈയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞു. 2023ൽ രണ്ടാം തവണ ചെന്നൈയിൻ പരിശീലകനായ കോയ്ലിനു കീഴിൽ ചെന്നൈയിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടിരുന്നു. എന്നാൽ ലീഗിൽ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് അദ്ദേഹം പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിക്കുക ആയിരുന്നു.
2019ൽ ചെന്നൈയിന്റെ പരിശീലകൻ ആയി തന്നെ ആയിരുന്നു ഓവൻ കോയ്ല് ആദ്യമായി ഇന്ത്യയിൽ എത്തിയത്. അന്ന് ചെന്നൈയിനെ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.
പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു മുമ്പ് രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ജംഷഡ്പൂരിനെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടുകയാണ്. ഇന്ന് ഹൈദരബാദിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഹൈദദബാദും 1-1 എന്ന സമനിലയിൽ നിൽക്കുന്നു.
ഇന്ന് മത്സരം ആരംഭിച്ച് ഏഴാം മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദൂസൻ ലഗറ്റോറിന്റെ ഹെഡർ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലഗറ്റോറിന്റെ ഫിനിഷ്. താരത്തിന്റെ കേരള ബ്ലസ്റ്റേഴ്സിനായുള്ള ആദ്യ ഗോളാണിത്.
കേരളത്തിന് ലീഡ് ഉയർത്താൻ നിരവധി അവസരം ഉണ്ടായെങ്കിലും സ്കോർ 1-0ൽ നിന്നു. 45ആം മിനുട്ടിൽ ഒരു ബൈസൈക്കിൾ കിക്കിലൂടെ ഹൈദരാബാദ് എഫ് സി സമനില കണ്ടെത്തി. മലയാളി താരൻ സൗരവ് ആണ് ഓവർഹെഡ് കിക്കിലൂടെ ബ്ലാസ്റ്റേഴ്സ് കീപ്പറെ വീഴ്ത്തിയത്.
ഐഎസ്എൽ 2024-25 ലീഗ് സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. രണ്ട് ടീമുകളും ഇതിനകം പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായതിനാൽ, അവരുടെ കാമ്പെയ്‌നുകൾ മികച്ച രീതിയിൽ അവസാനിപ്പിക്കാനുള്ള അവസരമായി ഈ മത്സരത്തെ ഇരു ടീമുകളും കാണുന്നു.
നിലവിൽ 17 പോയിൻ്റുമായി 11-ാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സി, 2024 നവംബർ 7 ന് റിവേഴ്‌സ് ഫിക്‌ചറിൽ 2-1 ന് ജയിച്ചുരുന്നു. ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അതേസമയം, 28 പോയിൻ്റുമായി ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആ തോൽവിക്ക് പ്രതികാരം ചെയ്യാനും ആത്മവിശ്വാസത്തോടെ സീസൺ അവസാനിപ്പിക്കാനും ശ്രമിക്കും.
ഇന്ന് ഐ എസ് എല്ലിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. നിലവിൽ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയ ഒഡീഷ എഫ്‌സിയുമായി 33 പോയിൻ്റുമായി ഒപ്പത്തിനൊപ്പമാണ് മുംബൈ സിറ്റിക്ക് ഇപ്പോൾ ഉള്ളത്. ആദ്യ ആറിൽ ഇടം ഉറപ്പിക്കാൻ അവർക്ക് ഒരു പോയിൻ്റ് മാത്രം മതി. രണ്ട് കളികൾ ശേഷിക്കെ, മുംബൈ സിറ്റി എഫ്‌സിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ആകുമെന്നാണ് അവരുടെ ആരാധാകർ വിശ്വസിക്കുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചതാണ്. 22 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
ഈ സീസണിൻ്റെ തുടക്കത്തിലെ റിവേഴ്‌സ് ഫിക്‌ചറിൽ, മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ 4-2 ന് പരാജയപ്പെടുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് ജീസസ് ജിമനസ് ഉണ്ടാകില്ല. നോഹ സ്ക്വാഡിൽ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപെടുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ കണക്കിൽ സജീവമായി നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം ആവശ്യമാണ്. 21 കളികളിൽ നിന്ന് 24 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്.
ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച ജംഷഡ്പൂർ എഫ്‌സി, നേരത്തെ ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയപ്പോൾ 1-0 ന് ജയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് വിദേശ താരങ്ങളായ ജീസസ് ജിമനസും നോഹ സദോയിയും ഉണ്ടാകാൻ സാധ്യതയില്ല.
ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. പരിക്ക് കാരണം സച്ചിൻ സുരേഷ് ഇന്ന് ടീമിൽ ഇല്ല. പകരം കമൽജിത് സിങ് ആണ് ഇന്ന് വല കാക്കുന്നത്. കമൽജിതിന്റെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആണ് ഇത്.