അണ്ടർ 17 ലോകകപ്പ്; കിരീടം ഉയർത്തി ജർമനി, ഷൂട് ഔട്ടിൽ ഫ്രാൻസിനെ വീഴ്ത്തി

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട അണ്ടർ 17 ലോകകപ്പ് ഫൈനലിൽ അവസാന ചിരി ജർമനിയുടെത്. ഓൾ യുറോപ്യൻ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് ജർമനി ലോക കിരീടം ഉയർത്തിയത്. രണ്ടു ഗോൾ ലീഡുമായി മുൻപേ കുതിച്ച ജർമനിക്കെതിരെ തിരിച്ചു വരവ് നടത്താൻ ഫ്രാൻസിന് ആയെങ്കിലും മനസാന്നിധ്യം വിടാതെ പെനാൽറ്റിയുടെ പരീക്ഷണത്തെ നേരിട്ട ജർമനി ഒടുവിൽ മത്സരം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമൻ ആധിപത്യം ആയിരുന്നെങ്കിൽ രണ്ടാം പകുതി ഫ്രാൻസ് തങ്ങളുടേതാക്കി മാറ്റി. 29ആം മിനിറ്റിൽ ബ്രുണ്ണറിലൂടെ ജർമനി ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ജർമനി മികച്ച കൗണ്ടർ നീക്കങ്ങളിലൂടെ അവസരങ്ങൾ തുറന്നെടുത്തപ്പോൾ ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ ലക്ഷ്യബോധമില്ലാതെ അവസാനിച്ചു. ബോക്സിനുള്ളിലേക്ക് കയറി ബോബ്രെ തൊടുത്ത ഷോട്ട് ആയിരുന്നു ഫ്രാൻസിന്റെ ഏറ്റവും മികച്ച അവസരം. എന്നാൽ ജർമൻ കീപ്പർ കൃത്യമായ സേവുമായി ടീമിനെ കാത്തു.

രണ്ടാം പകുതി ആരംഭിച്ച് 51ആം മിനിറ്റിൽ തന്നെ പ്ലേ മേക്കർ നോവ ദാർവിഷ് ജർമനിയുടെ ലീഡ് ഇരട്ടി ആകിയതോടെ മത്സരം അവരുടെ വഴിക്കെന്ന് തോന്നിച്ചു. എന്നാൽ വെറും രണ്ടു മിനിറ്റിനു ശേഷം ബോബ്രെ ഫ്രാൻസിന് വേണ്ടി ഒരു ഗോൾ മടക്കിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. ഫ്രാൻസ് സർവ്വ ശക്തിയും എടുത്തു സമനില ഗോളിനായി ഇരമ്പിയാർത്തു. ജർമനി മുഴുവനായും തങ്ങളുടെ പകുതിയിൽ മാത്രം തമ്പടിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 69ആം മിനിറ്റിൽ ഓസാവെ ചുവപ്പ് കാർഡ് കണ്ടതോടെ ജർമനിക്ക് വീണ്ടും തിരിച്ചടി ഏറ്റു. ഒടുവിൽ 85ആം മിനിറ്റിൽ അമോഗോവിലൂടെ ഫ്രാൻസ് സമനില ഗോൾ നേടുക തന്നെ ചെയ്തു. ബോക്സിലേക്ക് കയറി ഗോമിസ് നൽകിയ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ചുമതലയെ താരത്തിന് ഉണ്ടായുള്ളൂ. പിന്നീട് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

പെനാൽറ്റി ഷൂട് ഔട്ടിൽ ആദ്യ കിക്ക് തന്നെ സേവ് ചെയ്തു കൊണ്ട് കീപ്പർ ഫ്രാൻസിന് മുൻതൂക്കം നൽകി. എന്നാൽ ഫ്രാൻസിന്റെ മൂന്നാം കിക്ക് പൊസിറ്റിലിടിച്ചു മടങ്ങിയപ്പോൾ നാലാം കിക്ക് കീപ്പർ കൈക്കലാക്കി. ജർമനിയുടെ അവസാന കിക്കും തട്ടിയകറ്റി കീപ്പർ മത്സരം സഡൻ ഡത്തിലേക്ക് നീട്ടി. പിന്നീട് ഫ്രാൻസിന്റെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ അനായാസം ലക്ഷ്യം കണ്ട ജർമനി കപ്പുയർത്തി.

അണ്ടർ 17 ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി

ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി ആണ് സ്പാനിഷ് യുവതികൾ കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഈ ഗോളും ഒരു സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ 82ആം മിനുട്ടിൽ സപാറ്റ ആണ് സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്ത് എത്തിച്ചത്.

ഇന്ന് വൈകിട്ട് നടന്ന ലൂസേഴ്സ് ഫൈനലിൽ നൈജീരിയ ജർമ്മനിയെ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു നൈജീരിയയുടെ വിജയം. കളി നിശ്ചിത സമയം കഴിയുമ്പോൾ 3-3 എന്ന നിലയിൽ ആയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് നൈജീരിയ ജയിച്ചത്.

പ്യാരിയും മാനിസയും: ഒഡീഷയുടെ പവിഴങ്ങൾ

കലിംഗ സ്റ്റേഡിയത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള പുരിയിലെ ഗോൾഡൻ ബീച്ചിലായിരുന്നു ഇന്നലത്തെ സായാഹ്നം. സൂര്യനസ്തമിക്കുമ്പോൾ ഉണരുന്ന തെരുവ്. രാത്രിയായിത്തുടങ്ങുമ്പോൾ ഓരോരോ വർണ്ണക്കുടകൾ കടപ്പുറത്ത് വിരിഞ്ഞു തുടങ്ങുന്നു. വെളിച്ചം കൂടി പരക്കുന്നതോടെ നാട്ടിലെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന വാണിജ്യസ്റ്റാളുകൾ അവിടെ ദൃശ്യമാകും. ഞങ്ങൾ ചായ വാങ്ങി അങ്ങോട്ടേക്ക് നടന്നു. മടുപ്പില്ലാതെ ആൾക്കാരെ ഉല്ലസിപ്പിച്ചു കൊണ്ടേയിരിക്കുന്ന കടൽ. തളർച്ചയില്ലാത്ത തിരമാലകൾ. വനിതാ ലോകകപ്പ് കാണാനെത്തിയ ഞങ്ങളോട് കടലമ്മ ഒഡീഷയുടെ അഭിമാന ഭാജനങ്ങളെ കുറിച്ച് വാചാലയായി. പ്യാരി സാക്സ, മാനിസ പന്ന… ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യങ്ങൾ.

ഇന്ത്യൻ വുമൺസ് ലീഗിന്റെ കന്നി സീസണിൽ റൈസിംഗ് സ്റ്റുഡന്റ്സ് ക്ലബിനായാണ് പ്യാരി പന്തുതട്ടിയത്. 11 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളടിച്ചുകൂട്ടിയാണ് അവർ വരവറിയിച്ചത്. ഇക്കഴിഞ്ഞ സീസണിൽ സ്പോർട്സ് ഒഡീഷയ്ക്കായി 10 മത്സരങ്ങളിൽ 12 ഗോളുകൾ. വേഗതയാർന്ന ചുവടുകളാൽ ‘ഫെറാരി’ എന്ന ഇരട്ടപ്പേരും ഈ താരം സമ്പാദിച്ചിട്ടുണ്ട്. ദേശീയ അണ്ടർ 19 ടീമിൽ കളിച്ച ശേഷം തന്റെ 18ആം വയസ്സിൽ തന്നെ സീനിയർ ടീമിനായി അരങ്ങേറാൻ അവർക്ക് കഴിഞ്ഞു. 19 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നീലക്കുപ്പായത്തിൽ നേടിയിട്ടുണ്ട്. പുത്തൻ ടീമായ ഒഡീഷ എഫ്സി വനിതാ ടീമിനായാണ് ഈ 25കാരി വരുംസീസണിൽ കളത്തിലിറങ്ങുക.

തിരയൊടുങ്ങാത്ത കടൽ പോലെ പ്രതിസന്ധികൾ വേട്ടയാടിയ ജീവിതച്ചുഴികളെ അതിജീവിച്ചാണ് മാനിസ പന്ന ഇന്ന് നമ്മളറിയുന്ന താരമായി മാറിയത്. ഗ്രാമത്തിൽ ഫുട്ബോൾ കളിക്കുന്ന പെൺകുട്ടികളാരും ഇല്ലാത്തതിനാൽ ആൺകുട്ടികളോടൊപ്പം പന്തുതട്ടിപ്പഠിച്ച ബാല്യം. അച്ഛനായിരുന്നു ആദ്യ പരിശീലകൻ. അദ്ദേഹത്തിന്റെ കാലശേഷവും മാനിസ ഫുട്ബോൾ മോഹങ്ങളുമായി മുന്നോട്ടുനീങ്ങി. കുടുംബത്തിലും അയല്പക്കങ്ങളിലും അപസ്വരങ്ങൾ മുറുമുറുത്തെങ്കിലും, പത്രത്തിലൊക്കെ പേര് വന്ന ശേഷം അവരെല്ലാവരും അംഗീകരിച്ചെന്ന് മാനിസ പറയുന്നു. മുത്തശ്ശിയാണ് അവർക്ക് ഏറ്റവുമധികം പിന്തുണ നൽകിയത്. മൂന്നുനേരം പശിയടക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും, സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടു നീങ്ങാൻ മുത്തശ്ശി പ്രചോദനം തന്നെന്ന് ഈ മുപ്പത്തൊന്നുകാരി ഓർക്കുന്നു. ജൂനിയർ ടീമുകളിലൂടെ ദേശീയതലത്തിൽ അവതരിച്ച മാനിസ 2015 ൽ സീനിയർ ടീമിന്റെ നീലക്കുപ്പായമണിഞ്ഞു. അതോടെ നാട്ടുകാർ അവരുടെ അഭിമാനമായി തന്നെ കണ്ടെന്നും മാനിസ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ടീമിന്റെ മധ്യനിരയെ ചലിപ്പിക്കുന്ന ഈ താരം ഇതേവരെ 27 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

ഒഡീഷയുടെ വിശേഷങ്ങൾ ഇനിയുമേറെയുണ്ട്; പുരി ബീച്ചിൽ അണഞ്ഞുതീരാത്ത തിരകളെപ്പോലെ…

Exit mobile version