20231204 194820

കർവഹാളും പുറത്ത്; റയലിൽ പരിക്കിന്റെ പട്ടിക നീളുന്നു

സീസണിൽ റയൽ മാഡ്രിഡിന്റെ നീണ്ട പരിക്കിന്റെ പട്ടിക അവസാനിക്കുന്നില്ല. തിബോട് കുർട്ടോ മുതൽ സാക്ഷാൽ വിനിഷ്യസ് വരെ പരിക്കിന്റെ പിടിയിൽ അമർന്നതിന് പിറകെ ഇപ്പോൾ റൈറ്റ് ബാക്ക് ഡാനി കർവഹാൾ ആണ് പരിക്കേറ്റ് പിന്മാറിയിരിക്കുന്നത്. റയൽ ജയം നേടിയ ഗ്രാനഡക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം പകുതിയിൽ അദ്ദേഹം കളത്തിൽ ഇറങ്ങിയില്ല. മത്സരാധിക്യമാണ് കർവഹാളിന് വിന ആയതെന്ന് ആൻസലോട്ടി ആദ്യം പ്രതികരിച്ചിരുന്നു.

കൂടുതൽ പരിശോധനകൾക്ക് ശേഷം ഇടത് കാലിലെ പേശികൾക്ക് ഏറ്റ പരിക്കാണ് എന്ന് വ്യക്തമായി. ഇതോടെ ഈ വർഷം താരത്തിന് കളത്തിൽ ഇറങ്ങാൻ ആവില്ല. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പ് ആരംഭിക്കുമ്പോൾ കർവഹാളിന് തിരിച്ചെത്താൻ സാധിക്കും എന്നാണ് റയൽ കണക്ക് കൂട്ടുന്നത് എന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഇനിയുള്ള നാല് ലീഗ് മത്സരങ്ങളിൽ താരത്തിന്റെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്. സീസണിന്റെ തുടക്കത്തിലും പരിക്കേറ്റിരുന്ന കർവഹാൾ മാഡ്രിഡ് ഡർബിയിൽ അടക്കം പുറത്തായിരുന്നു. തുടർച്ചയായി വീണ്ടും പരിക്കേൽക്കുന്നത് ടീമിന് വലിയ ആശങ്ക സൃഷ്ടിക്കും കുർടോ, മിലിറ്റാവോ, ചൗമേനി, കമാവിംഗ, വിനിഷ്യസ്, ആർദ ഗുളർ എന്നിവരാണ് ടീമിൽ പരിക്കേറ്റ മറ്റ് താരങ്ങൾ.

Exit mobile version