ബാഴ്സലോണയെ മുന്നോട്ട് നയിക്കാൻ ഹിരാൽഡെസ് ഉണ്ടാകും

ഹിരാൽഡെസിന് ബാഴ്‌സലോണ വനിതാ ടീമിൽ പുതിയ കരാർ

സീസണിൽ ബാഴ്സലോണ വനിതാ ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച കോച്ച് ജോണതാൻ ഹിരാൾഡെസിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടി പുതുക്കി നൽകി ബാഴ്‌സലോണ. ഒരു മത്സരം പോലും തോൽക്കാതെ ലീഗ് നേടിയ ടീമിന് കോപ്പ ഡെ ലാ റെയ്ന, സൂപ്പർ കപ്പ് എന്നിവയും ഹിരാൾഡെസിന്റെ കീഴിൽ നേടാൻ ആയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിയോണോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും സീസൺ മുഴുവൻ ടീം തുടർന്ന അപാരമായ ഫോം കോച്ചിന് പുതിയ കരാർ നൽകാൻ മാനേജ്‌മെന്റിന് പ്രേരണയേകി.

മുൻ മാനേജർ ലൂയിസ് കോർട്ടസിന്റെ കീഴിൽ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. സീസണിലെ ആകെ 47 മത്സരങ്ങളിൽ 45ലും വിജയ്ക്കാനും 221 ഗോളുകൾ സ്‌കോർ ചെയ്യാനും ബാഴ്സലോണക്ക് ആയിരുന്നു. ആകെ 23 ഗോളുകൾ മാത്രമാണ് ബാഴ്സലോണ വഴങ്ങിയത്.

പുതിയ കരാർ പ്രകാരം 2024 ജൂൺ 30 വരെ മാനേജർ ആയി തുടരാൻ ഹിരാൾഡെസിനാവും.
ഓരോ ദിവസവും ഓരോ പുതിയ അധ്യായം ആണെന്നും താൻ വ്യക്തിപരമായും വളർന്നു കൊണ്ടിരിക്കുകയാണെന്നും കരാർ പുതുക്കി കൊണ്ട് സംസാരിച്ച അദ്ദേഹം പറഞ്ഞു.ടീമിന്റെ മറ്റ് കോച്ചിങ് സ്റ്റാഫുകൾക്കും കരാർ പുതുക്കി നൽകിയിട്ടുണ്ട്

സൗഹൃദ മത്സരങ്ങളുടെ കാലം അവസാനിച്ചു, ടീമിലെ പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ കുറഞ്ഞു : ലൂയിസ് എൻറിക്വെ

നേഷൻസ് ലീഗ് ആരംഭിച്ചതോടെ ഫ്രണ്ട്ലി മാച്ചുകളും അത് വഴി ഭയമില്ലാതെ ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസരങ്ങളും കുറഞ്ഞു എന്ന് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ.
ചെക് റിപ്പബ്ലിക്കുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മളത്തിൽ ടീം അംഗം കൊക്കെയോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകകപ്പിനുള്ള കളിക്കാരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എൻറിക്വെ കൂട്ടിച്ചേർത്തു.

പോർച്ചുഗലിനെതിരായ മത്സരത്തിൽ ആധിപത്യം ഉണ്ടായിട്ടും വിജയിക്കാൻ കഴിയാത്തതിൽ കൊക്കെ നിരാശ രേഖപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജത്തോടെ തിരിച്ചു വരാൻ സാധിക്കുമെന്ന് താരം ശുഭാപ്തി പ്രകടിപ്പിച്ചു.

തിങ്കളാഴ്‌ച്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് സ്പെയിനിനെയും ഇതേ ഗ്രൂപ്പിലെ പോർച്ചുഗൽ സ്വിറ്റ്സർലണ്ടിനേയും നേരിടും.

അവസാനം ഗവിക്ക് ബാഴ്‌സയുടെ പുതിയ കോണ്ട്രാക്റ്റ് ഓഫർ

അങ്ങനെ അവസാനം ബാഴ്‌സലോണ തങ്ങളുടെ പുത്തൻ താരോദയം ഗവിക്ക് പുതിയ കരാർ ഓഫർ ചെയ്തു. താരത്തിന്റെ ഏജന്റ് പെന്യക്ക് ബാഴ്‌സയുടെ ഭാഗത്ത് നിന്നും കോണ്ട്രാക്റ്റ് ഓഫർ ലഭിച്ചതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു.

നേരത്തെ താരത്തിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ചു ഇരു ഭാഗത്ത് നിന്നും വ്യക്തത ഒന്നും വരത്തതിനാൽ ആർധകർ അടക്കം അമർഷത്തിൽ ആയിരുന്നു. തങ്ങൾ ഓഫർ മുന്നോട്ടു വെച്ചു എന്നായിരുന്നു പ്രസിഡന്റ് ലപോർട്ടയുടെ വാദം. എന്നാൽ തങ്ങൾക്ക് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു ഓഫറും ലഭിച്ചിട്ടില്ലെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.

ഈ അവസരത്തിൽ ലിവർപൂളും ബയേണും അടക്കമുള്ള വമ്പന്മാർ താരത്തിന്റെ റിലീസ് ക്ലോസ് നൽകാൻ സന്നദ്ധരാണെന്ന വാർത്ത കൂടി പുറത്തു വന്നതോടെ താരത്തിനെ കൈവിടാതെ ഇരിക്കാൻ മാനേജ്‌മെന്റ് പുതിയ ഓഫർ നൽകി എന്നു വേണം കരുതാൻ. കരാർ സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.
സീസണിൽ ബാഴ്‌സക്കും സ്പെയിനിനും വേണ്ടി തിളങ്ങിയ താരം മുപ്പത്തിനാല് മത്സരങ്ങളിൽ ബാഴ്‌സ ജേഴ്‌സി അണിഞ്ഞു.

ബെറ്റിങ് കമ്പനികളെ കായിക മേഖലയിലെ സ്പോണ്സർഷിപ്പിൽ നിന്നും വിലക്കാൻ യു.കെ ഗവണ്മെന്റ്

വാതുവെപ്പ് നിയമങ്ങൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കാൻ യു.കെ ഗവണ്മെന്റിന്റെ നീക്കം. ഇതോടെ കായിക ഇനങ്ങളുടെ വിവിധയിനം സ്പോൺസർഷിപ്പുകളിൽ നിന്നും ബെറ്റിങ് കമ്പനികൾക്ക് പിന്മാറേണ്ടി വരും. 2023-24 മുതൽ എങ്കിലും വാതുവെപ്പ് കമ്പനികളെ പൂർണമായി ജേഴ്സി സ്പോണ്സർഷിപ്പിൽ നിന്നും ഒഴിവാക്കാൻ ആണ് സർക്കാർ ശ്രമമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആദ്യ പടിയെന്ന രീതിയിൽ ടോപ്പ് ലീഗുകളിൽ ആവും ഇത് നടപ്പിൽ ആവുക.

വെസ്റ്റ്ഹാം അടക്കം പല ടീമുകളുടെയും ജേഴ്‌സി സ്പോണ്സറായി വിവിധ വാതുവെപ്പ് കമ്പനികൾ ഉണ്ട്. രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പിന്റെ തന്നെ പ്രധാന സ്പോണ്സർ സ്കൈ ബെറ്റ് ആണെന്നിരിക്കെ ഈ നിയമം വലിയ രീതിയിൽ ടീമുകളെ ബാധിച്ചേക്കാം. 16000 മില്യൺ യൂറോയുടെ ബിസിനസ് ഓരോ വർഷവും നടക്കുന്ന മേഖലയാണ് യു.കെയിൽ ബെറ്റിങ്. എന്നാൽ പൊതുജനാരോഗ്യം കൂടി കണക്കിൽ എടുത്തു വാതുവെപ്പ് നിയമങ്ങൾ പുതുക്കിയെ തീരൂ എന്ന തീരുമാനത്തിൽ ആണ് സർക്കാർ.

ലാ ലിഗ മുന്നോട്ടു വെച്ച സിവിസി ഡീൽ നിരാകരിച്ചും സാമ്പത്തിക ഭദ്രത കൈവരിക്കാൻ വഴി തേടി ബാഴ്‌സ

വലിയ ചർച്ചകൾക്ക് വഴി വെച്ച ലാ ലീഗ – സിവിസി ഡീലിൽ ഒപ്പിടാതെ തന്നെ സാലറി ക്യാപ് അടക്കമുള്ള കാര്യങ്ങളിൽ സാമ്പത്തിക ഭദ്രത കൈവരിക്കാനാവുമെന്ന പ്രതീക്ഷയിൽ ബാഴ്‌സലോണ. ലീഗിലെ ടീമുകൾക്ക് നൽകുന്ന പണത്തിന് പകരം അമ്പത് വർഷത്തേക്ക് ലാലിഗ ടെലിവിഷൻ റൈറ്റ്സിന്റെ 11% കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ആയ സിവിസിക്ക് നൽകുന്നതിനെ റയലും ബാഴ്‌സയും അടക്കം എതിർത്തിരുന്നു. എന്നാൽ ലീഗിലെ ഭൂരിഭാഗം ടീമുകളും ഇതിനെ പിന്തുണച്ചു. അത്ലറ്റിക് ക്ലബ്ബ് മാത്രമാണ് ലാ ലീഗയിൽ ഈ ഡീലിനെ എതിർത്ത മറ്റൊരു ടീം. വലിയൊരു തുക ലഭിക്കുമെന്നതിനാലും ഈ സംഖ്യ ടീമിന്റെ വരുമാനത്തിൽ പ്രതിഫലിക്കുമെന്ന് ലാ ലീഗ ഉറപ്പ് നൽകിയതിനാലും ഭൂരിഭാഗം ടീമുകളും ഇതിനെ പിന്തുണക്കുക ആയിരുന്നു.
20220603 192900

“ലാ ലീഗ ഇമ്പൾസോ” എന്ന ഈ ഡീൽ വഴി 2.7 ബില്യൺ യൂറോയാണ് സിവിസി ലാ ലീഗയിൽ നിക്ഷേപിക്കുക. ഇതിന്റെ 90% വും ടീമികൾക്കിടയിൽ വീതിച്ചു നൽകാൻ ആണ് തീരുമാനം. കോവിഡ് മഹാമാരി ടീമുകളെ വലിയ തോതിൽ ബാധിച്ച അവസരത്തിൽ കൂടിയാണ് ഈ ഡീൽ മുന്നോട്ടു കൊണ്ടു പോകാൻ ലാ ലീഗ തീരുമാനിച്ചത്. ലീഗിലെ ആദ്യ രണ്ടു ഡിവിഷനുകളിലെയും എല്ലാ ടീമുകളും ഈ ഡീലിന്റെ കീഴിൽ വരും.

എന്നാൽ ദീർഘകാലത്തെക്കുള്ള ഈ ഡീൽ ഭാവിയിൽ തങ്ങളെ സാരമായി ബാധിച്ചേക്കും എന്നതാണ് റയൽ , ബാഴ്‌സ ടീമുകൾ എതിർക്കാൻ കാരണം.

സിവിസി ഡീലിന്റെ ഭാഗമാകാതെ വരുമാനം വർധിപ്പിക്കാൻ വേണ്ടി ബാഴ്‌സലോണക്ക് തങ്ങളുടെ “ബാഴ്‌സ ലൈസൻസിങ് & മേർച്ചന്റയ്സിങ് (BLM)”, ടെലിവിഷൻ റൈറ്റ്‌സ് മാനേജ്‌മെന്റ് എന്നിവയുടെ ഭാഗികമായ വില്പനയിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ. ജേഴ്‌സി അടക്കമുള്ള ക്ലബ്ബ് പ്രോഡക്റ്റുകളുടെ വില്പന സ്വന്തം നിലക്ക് ചെയ്യാൻ വേണ്ടി ആരംഭിച്ച ബി.എൽ.എം ന്റെ 49% വരെയുള്ള ഓഹരി വിൽപ്പന വഴി 200മില്യൺ യൂറോയോളം സമാഹരിക്കാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ജൂണ് 16ന് ഡയറക്ടർ ബോർഡ് വിളിച്ചു ചേർത്ത ക്ലബ്ബ് പ്രതിനിധികളുടെ യോഗത്തിൽ ഈ നീക്കങ്ങൾക്ക് അനുമതി കിട്ടുന്നതോടെ തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് മാനേജ്‌മെന്റ്.

ജൂൺ 30 ന് മുൻപ് വരുമാനം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത സീസണിലേക്കും സാലറി ക്യാപ് പ്രശ്നം ആവുമെന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കാൻ ആവും മാനേജ്‌മെന്റിന്റെ ശ്രമം.
അതേ സമയം തങ്ങൾ സിവിസി ഡീലിനോട് നൂറ് ശതമാനം “നോ” പറഞ്ഞിട്ടില്ലെന്നും ഏറ്റവും അവസാനത്തെ പോംവഴിയായി മാത്രമേ അതിനെ കാണുന്നുള്ളൂ എന്നും ക്ലബ്ബ് ഭാരവാഹികളിൽ ഒരാളിൽ നിന്നും അറിയാൻ കഴിഞ്ഞതായി മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തു. നേരത്തെ സീരി എ യിലും സിവിസി സമാനമായ ഡീൽ മുന്നോട്ടു വെച്ചെങ്കിലും യുവന്റസ് എസി മിലാൻ തുടങ്ങിയ വമ്പന്മാരിൽ നിന്നും വലിയ എതിർപ്പാണ് നേരിട്ടത്

ക്ലമെന്റ് ലെങ്ലെ ലോണടിസ്ഥാനത്തിൽ ടോട്ടനത്തിൽ കളിച്ചേക്കും

ബാഴ്‌സയുടെ ഫ്രഞ്ച് സെന്റർ ബാക് ക്ലമന്റ് ലെങ്ലെ ടോട്ടനത്തിൽ ലോണടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്ക് കളിച്ചേക്കും. കോന്റെയുടെ കീഴിൽ പുതിയ തലങ്ങൾ തേടുന്ന സ്‌പഴ്സിന്റെ ഒരു ഇടങ്കാലൻ സെന്റർ ബാക്കിനായുള്ള അന്വേഷണമാണ് മുൻ സെവിയ്യ താരത്തിൽ എത്തി നിൽക്കുന്നത്. നേരത്തെ ഇന്റർ മിലാന്റെ പ്രതിരോധ താരം ബസ്‌തോനിക്ക് വേണ്ടിയും ടോട്ടനം ശ്രമിച്ചെങ്കിലും താരം ടീം വിടാൻ താൽപര്യം കാണിക്കാത്തതിനാൽ ആണ് അടുത്ത സാധ്യതയായി ലെങ്ലെയെ സമീപിച്ചത്.

താരങ്ങളുടെ ഉയർന്ന ശമ്പളം വലിയ തലവേദന ആയിരിക്കുന്ന ബാഴ്‌സക്ക് ഫ്രഞ്ച് താരത്തിന് വേണ്ടിയുള്ള ടോട്ടനത്തിന്റെ നീക്കം ചെറിയ ആശ്വാസമേകും. അതേ സമയം ആഴ്‌സനൽ അടക്കമുള്ള ഇംഗ്ലീഷ് വമ്പന്മാരും ഈ ഇരുപത്തിയാറുകാരന്റെ പിറകെ ഉണ്ടെന്ന് സ്പാനിഷ് മാധ്യമം സ്‌പോർട് റിപ്പോർട്ട് ചെയ്തു.

ബാഴ്‌സലോണയുടെ കഴിഞ്ഞ സീസണിലെ എം.വി.പി ആയി പെഡ്രി

ബാഴ്‌സലോണയുടെ കഴിഞ്ഞ സീസണിലെ മോസ്റ്റ് വാല്യുബിൾ പ്ലയർ (എം.വി.പി) ആയി പെഡ്രി ഗോണ്സാലസ് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെമ്പാടുമുള്ള ‘കൂളെഴ്സി’ നിടയിൽ കഴിഞ്ഞ ഒരാഴ്‌ചയായി നടത്തിയ വോട്ടെടുപ്പിലൂടെ ആണ് ടീമിലെ ഏറ്റവും മികച്ച താരമായി പെഡ്രി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ വോട്ട് ചെയ്തതിന്റെ മൂന്നിൽ ഒന്നും നേടിയാണ് പെഡ്രി ഈ നേട്ടം കരസ്ഥമാക്കിയത്.

പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടമായെങ്കിലും കഴിഞ്ഞ സീസണിൽ ലീഗിൽ ആദ്യം കിതച്ചും പിന്നെ കുതിച്ചും ഓടിയ ബാഴ്‌സയുടെ എഞ്ചിൻ ആയിരുന്ന പെഡ്രിക്ക് അഞ്ചു ഗോളും ഒരു അസിസ്റ്റും നേടാനായിരുന്നു. വോട്ടിങ്ങിൽ ഉറുഗ്വേ പ്രതിരോധ താരം അറോഹോ രണ്ടാമത് എത്തി. നേരത്തെ സെവിയ്യക്കെതിരെ പെഡ്രി നേടിയ ഗോൾ സീസണിലെ ഏറ്റവും മികച്ച ഗോൾ ആയി ലാലിഗ തിരഞ്ഞെടുത്തിരുന്നു.

Exit mobile version