റിയാദ് ഡെർബിയിൽ അൽ ഹിലാൽ; അൽ നാസറിനെ കീഴടക്കി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി

സൗദി പ്രോ ലീഗിലെ സൂപ്പർ ക്ലബ്ബുകൾ മുഖാമുഖം വന്ന പോരാട്ടത്തിൽ അൽ നാസറിനെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം. അൽ ഹിലാലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആയിരുന്നു ആതിഥേയരുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് ഏഴ് പോയിന്റിലേക്ക് ഉയർത്താനും അവർക്കായി. പതിനഞ്ച് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ സീസണിൽ ഇതുവരെ അൽ ഹിലാൽ തോൽവി അറിഞ്ഞിട്ടില്ല.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ലഭിച്ച മികച്ച അവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ബോക്സിനുള്ളിൽ നിന്നും തുറന്ന അവസരത്തിൽ മാൽക്കമിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. മാനെയുടെ ശ്രമവും പോസ്റ്റിൽ നിന്നും അകന്നു. രണ്ടാം പകുതിയിൽ അൽ ഹിലാൽ ഗോളുകൾ കണ്ടെത്തി. 64ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും സൗദ് അബ്ദുൽഹമീദിന്റെ ക്രോസിൽ തല വെച്ചു കൊണ്ട് മിലിങ്കോവിച്ച് സാവിക്ക് ടീമിന് ലീഡ് നൽകി. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവേ സമനില ഗോളിനായി അൽ നാസർ ശ്രമം നടത്തി എങ്കിലും 89ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് മിത്രോവിച്ച് അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. പിറകെ അൽ ബുലയ്ഹി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ആതിഥേയർ പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വീണ്ടും വല കുലുക്കി കൊണ്ട് മിത്രോവിച്ച് മത്സരം പൂർണ്ണമായും അൽ ഹിലാലിന്റെ വരുതിയിൽ ആക്കി. പിന്നീട് അൽ നാസർ ഒരു ഗോൾ മടക്കി എങ്കിലും ഓഫ് സൈഡ് കെണിയിൽ കുടുങ്ങി.

റോയ് കൃഷ്ണയുടെ ഗോളിൽ ഒഡീഷ; ജംഷദ്പൂരിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക്

ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷപൂറിനെതിരെ വിജയം കണ്ടെത്തി ഒഡീഷ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ഇതോടെ ഏഴ് മത്സരത്തിൽ 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഒഡീഷ. അഞ്ചാം തോൽവി വഴങ്ങിയ ജംഷദ്പൂർ പത്താം സ്ഥാനത്തും തുടരുന്നു.

ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. 23ആം മിനിറ്റിൽ പിൻനിരയിൽ നിന്നും എത്തിയ ത്രൂ ബോളിലേക്ക് റോയ് കൃഷ്ണ എത്തിയെങ്കിലും ആദ്യ ടച്ച് പിഴച്ചതോടെ ബോക്സിനുള്ളിൽ സുവർണാവസരം നഷ്ടമായി. എതിർ പ്രതിരോധത്തെ കീറി മുറിച്ച് റെയ് ടച്ചികാവ നൽകിയ ത്രൂ ബോൾ ഡോങൽ പിടിച്ചെടുത്തെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയപ്പോൾ ജംഷദ്പൂരും ലീഡ് നേടാനുള്ള അവസരം തുലച്ചു. അഹ്മദ് ജാഹോവിന്റെ ലോങ് റേഞ്ചർ ഡിഫ്‌ലെക്ഷനോടെ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഐസക് റാൾതെയുടെ ശ്രമം പോസ്റ്റിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ പിറന്നു. 56ആം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒഡീഷ സമനില കെട്ട് പൊട്ടിച്ചു. അഹ്മദ് ജാഹോവിന്റെ അതിമനോഹരമായ ഒരു കോർണർ കിക്കിൽ റോയ് കൃഷ്ണ ഹെഡറിലൂടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഐസക്കിന്റെ തകർപ്പൻ ഒരു ഷോട്ട് രഹനേഷിനെ കീഴടക്കി എങ്കിലും പോസിറ്റിലിടിച്ചു മടങ്ങി. എന്നാൽ റീബൗണ്ടിലേക്ക് കുതിച്ചെത്തിയ ജെറി മാവിൻതാങയുടെ ശ്രമവും ഒഴിഞ്ഞ പോസിറ്റിന് മുന്നിൽ നിന്നും അവിശ്വസനീയമാം വിധം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 75ആം മിനിറ്റിൽ റോയ് കൃഷ്ണ നൽകിയ അവസരത്തിൽ പുടിയയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. മുഴുവൻ സമയത്തും ഇഞ്ചുറി ടൈമിലും ഗോൾ കണ്ടെത്താൻ ജംഷദ്പൂരിന് സാധിക്കാതെ വന്നതോടെ മത്സരം ഒഡീഷ സ്വന്തമാക്കി.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്; ഗ്രൂപ്പുകൾ തെളിഞ്ഞു, കേരളത്തിനൊപ്പം ഗോവയും അരുണാചലും

77ആം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടം തെളിയുമ്പോൾ കേരളത്തിന്റെ സ്ഥാനം ഗ്രൂപ്പ് എയിൽ. എഐഎഫ്എഫ് ഔദ്യോഗിക കുറിപ്പിലൂടെയാണ് വിവരങ്ങൾ പുറത്തു വിട്ടത്. ടൂർണമെന്റ് സ്ഥാപിതമായ ശേഷം ആദ്യമായി അരുണാചലിലേക്ക് വിരുന്നെത്തുമ്പോൾ മാറിയ ഫോർമാറ്റും മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും എന്നാണ് കണക്ക് കൂട്ടൽ. ആറു ടീമുകൾ അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരിക്കുക. ശേഷം ഇരു ഗ്രൂപ്പിൽ നിന്നും ആദ്യ നാല് ടീമുകൾ പ്രീ ക്വർട്ടറിലേക്ക് പ്രവേശിക്കും. നേരത്തെ ആദ്യ രണ്ടു ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുന്ന രീതിയിൽ ആയിരുന്ന ടൂർണമെന്റ് ഫോർമാറ്റ്. ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ് ദൈർഘ്യം.

ഗ്രൂപ്പ് എയിൽ കേരളത്തിനൊപ്പം ആതിഥേയരായ അരുണാചൽ പ്രദേശ്, മേഘാലയ, അസം, സർവീസസ്, ഗോവ എന്നിവർ അണിനിരക്കും. ഗ്രൂപ്പ് ബിയിൽ നിലവിലെ ജേതാക്കളായ കർണാടകയും, മഹാരാഷ്ട്ര, ഡൽഹി, മണിപ്പൂർ, മിസോറാം, റെയിൽവേയ്‌സ് എന്നീ ടീമുകളും ഉണ്ട്. നേരത്തെ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളും, മൂന്ന് മികച്ച രണ്ടാം സ്ഥാനക്കാരും കൂടെ ആതിഥേയരായ അരുണാചൽ പ്രദേശ്, നിലവിലെ ഫൈനലിസ്റ്റുകൾ ആയ കർണാടക, മേഘാലയ എന്നിവരും ആണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. കേരളം മികച്ച രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. യോഗ്യതാ റൗണ്ടിൽ ഗോവയോട് തോൽവി പിണഞ്ഞതാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് വിലങ്ങു തടി ആയത്. എങ്കിലും യോഗ്യതാ ഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂടിയിരുന്ന ടീം ഫൈനൽ റൗണ്ടിലും മികച്ച പ്രകടനം നടത്താൻ ആവുമെന്ന പ്രതീക്ഷയിലാവും.

ഇരട്ട ഗോളുമായി ലെവെന്റോവ്സ്കി; ബാഴ്‌സക്ക് ജയം

ഗോൾ വരൾച്ചക്ക് അന്ത്യമിട്ടു കൊണ്ട് ലെവെന്റോവ്സ്കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അലാവസിനെ കീഴടക്കി കൊണ്ട് ബാഴ്‌സ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാവിയും സംഘവും വിജയിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ജിറോണയുമായുള്ള വ്യത്യാസം നാല് പോയിന്റിലേക്ക് ചുരുക്കാനും ബാഴ്‌സക്കായി. റയൽ മാഡ്രിഡ് തന്നെയാണ് രണ്ടാം സ്ഥാനത്ത്.

സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ബാഴ്‌സ ആദ്യ പകുതിയിൽ പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയ ടീമിൽ നിന്നും സാവി ഏഴോളം മാറ്റങ്ങൾ വരുത്തി എങ്കിലും ടീമിന് താളം കണ്ടെത്താൻ ആയില്ല. മത്സരം ആരംഭിച്ച് വെറും 17ആം സെക്കന്റിൽ ബാഴ്‌സ വലയിൽ പന്തെത്തി. മൈതാനമധ്യത്തിൽ ഗുണ്ടോഗന്റെ പിഴവിൽ നിന്നും കൈക്കലാക്കിയ പന്തിൽ കൗണ്ടർ നീക്കം ആരംഭിച്ച അലാവസിന് വേണ്ടി ഹാവി ലോപസിന്റെ പാസിൽ നിന്നും സാമു ഒമോറോഡിയോൺ ആണ് വല കുലുക്കിയത് പിന്നീടും മൂന്ന് സുവർണാവസരങ്ങൾ ആദ്യ പകുതിയിൽ താരത്തിന് ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ സാധിക്കാതെ പോയി. ബാഴ്‌സക്ക് വേണ്ടി ആവട്ടെ ഗുണ്ടോഗന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ ജാവോ ഫെലിക്സിന്റെ ഷോട്ടും താരം രക്ഷപ്പെടുത്തി. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ ബാഴ്‌സ നിര ആദ്യ പകുതിയിൽ വലഞ്ഞു. അതേ സമയം പലപ്പോഴായി അലാവസിന് ലഭിച്ച കൗണ്ടർ നീക്കങ്ങൾ ബാഴ്‌സ ഗോൾ മുഖത്ത് അപകടമുയർത്തി.

രണ്ടാം പകുതി ആരംഭിച്ചത് മുതൽ ബാഴ്‌സ കരുത്തറിയിച്ചു തുടങ്ങി. ഇതോടെ അലാവസ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 53ആം മിനിറ്റിൽ കുണ്ടെയുടെ മികച്ചൊരു ക്രോസിൽ തകർപ്പൻ ഹെഡർ ഉതിർത്ത് കൊണ്ട് ലെവെന്റോവ്സ്കി ബാഴ്‌സക്ക് സമനില ഗോൾ സമ്മാനിച്ചു. ശേഷം ചില നീക്കങ്ങളുമായി വീണ്ടും ലീഡ് തിരിച്ചു പിടിക്കാൻ സന്ദർശകർ ശ്രമം നടത്തി എങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചില്ല. വീണ്ടും പന്ത് കൂടുതൽ കൈവശം വെച്ച് ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു. ഒടുവിൽ 78ആം മിനിറ്റിൽ ബാഴ്‌സ ലീഡ് എടുക്കുക തന്നെ ചെയ്തു. ഫെറാൻ ടോറസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്ക് എടുത്ത ലെവന്റോവ്സ്കിക്ക് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ അലാവസ് മുന്നെറ്റത്തിൽ കിക്കെയുടെ ഹെഡർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇതോടെ ബാഴ്‌സ മത്സരം സ്വന്തമാക്കി.

അൽഫോൺസോ ഡേവിസിനെ ഉന്നമിട്ട് റയൽ മാഡ്രിഡ്

ബയേൺ മ്യൂണിക്കിൽ നിന്നും അൽഫോൺസോ ഡേവിസിനെ ഉന്നമിട്ട് റയൽ മാഡ്രിഡ്. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് ഭീമന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒരാൾ ആകും കനേഡിയൻ താരം എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജർമൻ മാധ്യമമായ ബിൽഡും ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. 2025 ഓടെ താരത്തിന്റെ ബയേണിലുള്ള കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. എങ്കിലും പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

അതേ സമയം റയലിലേക്ക് ചേക്കേറുന്നത് തന്നെയാണ് ഡേവിസും ഉന്നം വെക്കുന്നത് എന്നാണ് റിപോർട്ടുകൾ. താരത്തിന് ഇനിയും ബയേണിൽ കരാർ ഉണ്ടെന്നും വരും വാരങ്ങളിൽ ഭാവി സംബന്ധിച്ച കാര്യങ്ങൾ അറിയാൻ സാധിക്കും എന്നും ഏജന്റ് ആയ നിക് ഹൗസെ പ്രതികരിച്ചു. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് റയൽ കാര്യമായ തലവേദന നേരിടുന്നുണ്ട്. പലപ്പോഴും കമാവിംഗയാണ് ഈ സ്ഥാനത്ത് എത്തിക്കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ലെഫ്റ്റ് ബാക്ക് ആയി ഒരു ലോകോത്തര താരത്തെ എത്തിക്കാൻ തന്നെയാണ് റയലിന്റെ നീക്കം. 23കാരനായ ഡേവിസ് കൂടി എത്തിക്കഴിഞ്ഞാൽ ജൂഡും വിനിഷ്യസും ചൗമേനിയും വാൽവെർടേയും എല്ലാം ചേർന്ന യുവനിരയുടെ കരുത്ത് വീണ്ടും വർധിക്കും. ഏകദേശം 40മില്യൺ യൂറോളമാണ് ഡേവിസിന്റെ ട്രാൻസ്ഫർ ഫീ ആയി കണക്ക് കൂട്ടുന്നത്. എന്നാൽ താരം ബയേണിൽ പുതിയ കരാർ ഒപ്പു വെക്കുകയാണെങ്കിൽ ഈ നീക്കം ഈ തുക വീണ്ടും വർധിക്കും എന്നുറപ്പാണ്.

ബേൺലിയെ തകർത്തു; രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ആഴ്‌സനൽ

ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് തകർപ്പൻ വിജയവുമായി ആഴ്‌സനൽ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ട്രോസാർഡ്, സാലിബ, സിഞ്ചെങ്കോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ ബ്രൗൺഹിലാണ് ബേൺലിയുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ആഴ്‌സനൽ. ഇന്ന് ടോട്ടനം തോൽവി അറിഞ്ഞത് മുതലെടുക്കാനും അവർക്കായി. ഇതോടെ ഒന്നും രണ്ടും സ്ഥാനത്തുള്ള സിറ്റിക്കും ആഴ്‌സനലിനും 27 പോയിൻറ് വീതമാണ് ഉള്ളത്. സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്.

ആഴ്‌സനലിനായിരുന്നു ആദ്യ പകുതിയിൽ മുൻ തൂക്കം. എന്നാൽ ഗോൾ കണ്ടെത്താൻ അവർക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ബേൺലിക്കും ഗോളിന് അടുത്തെതാൻ സാധിച്ചെങ്കിലും വല കുലുക്കാൻ സാധിച്ചില്ല. തുടക്കത്തിൽ ഗബ്രിയേലിന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയപ്പോൾ ബോക്സിനരികിലേക്ക് കുതിച്ചെത്തി ആംദോനിയുടെ ഷോട്ട് റയയേയും പരീക്ഷിച്ചു. സാകയുടെ മികച്ചൊരു ഷോട്ട് തടുത്തു കൊണ്ട് ട്രാഫോർഡ് ബേൺലിയുടെ രക്ഷക്കെത്തി. സലിബയുടെ പിഴവിൽ നിന്നും ഗുഡ്മുന്റ്സൻ ഗോളിന് അടുത്തെത്തിയെങ്കിലും റയയുടെ സമയോചിതമായ ഇടപെടൽ ആഴ്‌സനലിനെ കാത്തു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ ട്രോസാർഡ് ഗോൾ കണ്ടെത്തി. സാക നൽകിയ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് താരം ലക്ഷ്യം കണ്ടത്. എന്നാൽ ശ്രമത്തിനിടയിൽ താരം പോസ്റ്റിൽ ഇടിച്ച് വീണത് ആഴ്‌സനലിന് ചെറിയ ആശങ്ക ഉയർത്തി.

എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ കൊളോഷോയിലൂടെ ബേൺലി നടത്തിയ നീക്കങ്ങൾ ആഴ്‌സനൽ ഗോൾ മുഖത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. 46ആം മിനിറ്റിൽ താരം ബോക്സിനുള്ളിൽ ഷോട്ട് ഉതിർക്കാനുള്ള താരത്തിന്റെ ശ്രമം മികച്ചൊരു ടാക്ലിങ്ങുമായി ഗബ്രിയേൽ തടുത്തു. എന്നാൽ 54ആം മിനിറ്റിൽ താരത്തിന്റെ മുന്നേറ്റം തന്നെ ഗോളിന് വഴിവെച്ചു. ടോമിയാസുവിനെ മറികടന്ന് ബോക്സിനുളിൽ കയറിയ താരം റോഡ്രിഗസിന് നൽകിയ പാസിൽ താരത്തിന്റെ ഷോട്ട് എതിർ താരങ്ങൾ തടുത്തെങ്കിലും അവസരം കാത്തിരുന്ന ബ്രൗൺഹിൽ തൊടുത്ത ഷോട്ട് ഒരു ഡിഫ്‌ലെക്ഷനൊടെ വലയിൽ പതിച്ചു. എന്നാൽ ബേൺലിയുടെ ആവേശം അടങ്ങും മുൻപ് 57ആം മിനിറ്റിൽ തന്നെ ആഴ്‌സനൽ സമനില ഗോളും കണ്ടെത്തി. ട്രോസാർഡിന്റെ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് സലിബയാണ് വല കുലുക്കിയത്. പിന്നീടും മുൻതൂക്കം തുടർന്ന ആഴ്‌സനൽ 74ആം മിനിറ്റിൽ സിഞ്ചെങ്കോയുടെ എണ്ണം പറഞ്ഞ ഫിനിഷ് കണ്ട ഒരു ഗോളിലൂടെ മത്സരം പൂർണമായും വരുതിയിൽ ആക്കി. കോർണറിലൂടെ എത്തിയ ബോൾ പൊസിറ്റിലിടിച്ചു ബോക്സിനുള്ളിൽ തന്നെ വീണപ്പോൾ ഉയർന്ന് ചാടി താരം തൊടുത്ത വോളി ട്രാഫോർഡിന് യാതൊരു അവസരവും നൽകാതെ വലയിൽ എത്തി. 83ആം മിനിറ്റിൽ ബ്രൗൺഹില്ലിനെ ഫൗൾ ചെയ്തതിന് ഫാബിയോ വിയേര ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ആഴ്‌സനൽ പത്ത് പേരിലേക്ക് ചുരുങ്ങി. എങ്കിലും മുഴുവൻ സമയം വരെ കൃത്യമായി പ്രതിരോധിച്ചു നിൽക്കാൻ അവർക്ക് സാധിച്ചതോടെ മത്സരം ഇതേ സ്കോറിന് ആർട്ടെറ്റയും സംഘവും സ്വന്തമാക്കി.

പച്ചേറ്റ പുറത്ത്; വിയ്യാറയലിലൂടെ പരിശീലകനായി തിരിച്ചെത്താൻ മാർസെലിനോ

വിയ്യാറയൽ പരിശീലകൻ ജോസെ റോഹോ മാർട്ടിൻ “പച്ചേറ്റ” പുറത്ത്. സീസണിൽ മോശം പ്രകടനം തുടരുന്ന ടീം അവസാന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനോടും തോൽവി വഴങ്ങിയതോടെയാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 12 മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും 3 ജയവുമായി ലാ ലീഗയിൽ 13ആം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്പ ലീഗിൽ വ്യാഴാഴ്ച മക്കബി ഹൈഫക്കെതിരെ നേടിയ ജയവും കോച്ചിനെ തുണച്ചില്ല. മത്സര ശേഷം ആസ്വദിച്ചു പന്ത് തട്ടാൻ ടീമിന് കഴിയുന്നില്ലെന്ന് ആത്മാവിമർഷനവും അദ്ദേഹം നടത്തി.

അതേ സമയം മുൻ വലൻസിയ കോച്ച് മാർസെലിനോയെയാണ് പകരക്കാരനായി വിയ്യാറയൽ ഉന്നമിട്ടിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊയും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഒളിമ്പിക് മാഴ്സെയുടെ കോച്ചിങ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയ അദ്ദേഹം നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. മാഴ്സെയിൽ ടീം മാനേജ്‌മെന്റിമെതിരായ ആരാധക രോഷം കാരണമായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. വലൻസിയ, അത്ലറ്റിക് ക്ലബ്ബ് ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള മാർസെലിനൊ മുൻപ് 2013 മുതൽ 2016വരെ വിയ്യാറയലിന്റെയും പരിശീലകൻ ആയിരുന്നു. സീസൺ ആരംഭിച്ച ശേഷം വിയ്യാറയൽ പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകൻ ആണ് പച്ചേറ്റ. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം കിക്കെ സെറ്റിയനെ പുറത്താക്കിയാണ് പച്ചേറ്റയെ ക്ലബ്ബ് തന്ത്രങ്ങളോതാൻ എത്തിക്കുന്നത്. എന്നാൽ അദ്ദേഹത്തിനും കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു പോയില്ല.

ലോണിൽ താരങ്ങളെ എത്തിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഇംഗ്ലീഷ് ഫുട്ബോൾ, ലക്ഷ്യം ന്യൂകാസിൽ യുണൈറ്റഡ്

ട്രാൻസ്ഫർ നീക്കങ്ങളിൽ ശക്തമായി ഇടപെടാൻ പ്രിമിയർ ലീഗ് ടീമുകളുടെ നീക്കം. ഒരേ ഉടമകളുള്ള ടീമുകൾ തമ്മിലുള്ള താര കൈമാറ്റത്തിന് നിയന്ത്രണം കൊണ്ടു വരാണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. ഇതിന് വേണ്ടി പ്രിമിയർ ടീമുകളുടെ അടുത്ത മീറ്റിങ് നടക്കുന്ന നവംബർ 21ന് വോട്ടിങ് നടത്തുമെന്ന് ഡേവിഡ് ഓയിൻസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഭൂരിഭാഗം ക്ലബ്ബുകളുടെ തീരുമാനം അനുകൂലമാകുന്ന പക്ഷം ഈ ജനുവരിയിൽ ഒരേ ഉടമകൾ ഉള്ള ക്ലബ്ബുകൾ തമ്മിലുള്ള താര കൈമാറ്റത്തിന് വിലങ്ങു വീണേക്കും.

ഇത് ന്യൂകാസിൽ അടക്കമുള്ള ടീമുകളെ ഉന്നം വെച്ചാണ് എന്നാണ് സൂചന. ഈ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മാത്രമാണ് ഇത്തരം നിയന്ത്രണങ്ങൾ ടീമുകൾ ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ സൗദി ടീമുകളിൽ നിന്നും താരങ്ങളെ എത്തിക്കുന്നത് തടയാൻ ആണ് ഇത്തരമൊരു നീക്കം. സസ്‌പെൻഷൻ ലഭിച്ച സാൻഡ്രോ ടോണാലിക്ക് പകരം ന്യൂകാസിൽ ഉന്നം വെച്ചിരിക്കുന്ന താരങ്ങളിൽ ഒരാൾ പോർച്ചുഗീസ് താരം റൂബൻ നേവസ് ആണെന്ന സൂചന ഉണ്ട്. താരത്തെ സീസണിലേക്ക് അൽ ഹിലാലിൽ നിന്നും ലോണിൽ എത്തിക്കാൻ ആവും നീക്കം.

മാത്രവുമല്ല ഡിഫെൻസിവ് മിഡ്ഫീല്ഡർ സ്ഥാനത്ത് മറ്റനവധി അനുഭവസമ്പന്നരായ മികച്ച താരങ്ങളും സൗദി ലീഗിൽ ഉണ്ട്. അവരെല്ലാം ന്യൂകാസിലിന്റെ മുഖ്യ ഉടമകൾ ആയ പിഐഎഫിന്റെ കീഴിൽ തന്നെയാണ് വരുന്നതും. എന്നാൽ മാഗ്പീസിന് മാത്രമല്ല സിറ്റി, ആഴ്‌സനൽ അടക്കമുള്ള ടീമുകൾക്കും സഹോദര ക്ലബ്ബുകൾ ഉള്ള കാര്യം ഈ ആരോപണത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഇത്തരമൊരു നീക്കം നടക്കുന്നതായി ന്യൂകാസിൽ സ്പോർട്സ് ഡയറക്ടർ ഡാൻ ആഷ്വർത്ത് സൂചിപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നതും.

പരിക്ക് ഭേദമായി; പെഡ്രി വീണ്ടും കളത്തിലേക്ക്

ആഴ്ച്ചകൾക്ക് ശേഷം വീണ്ടും കളത്തിൽ എത്താൻ പെഡ്രി. നീണ്ട 70 ദിവസങ്ങൾക്ക് ശേഷം നാളെ നടക്കുന്ന റയൽ സോസിഡാഡിനെതിരായ ബാഴ്‌സലോണ സ്ക്വാഡിൽ താരം ഇടം പിടിച്ചു. താരം പൂർണ സജ്ജനാണെന്ന് സാവി പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബാഴ്‍സ കോച്ച്. ആദ്യ ഇലവനിൽ തന്നെ എത്തിയേക്കില്ലെങ്കിലും പകരക്കാരനായി പെഡ്രിക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഓഗസ്റ്റിൽ വിയ്യാറയലിനെതിരായ മത്സരത്തിന്റെ തയ്യാറെടുപ്പിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

അതേ സമയം തന്റെ ബാഴ്‌സ കരിയറിലെ ആദ്യ സീസണിൽ തന്നെ എഴുപതോളം മത്സരങ്ങൾ കളിച്ച താരത്തിന് ഇപ്പോൾ തുടർച്ചയായി പരിക്കിന്റെ ഭീഷണി ഉയരുന്നത് ക്ലബ്ബിന് ആശങ്ക സൃഷ്ടിക്കും എന്നുറപ്പാണ്. ചെറുതും വലുതുമായി ഈ വർഷം മാത്രം മൂന്ന് തവണ താരം പരിക്കിന്റെ പിടിയിൽ ആയി. അത് കൊണ്ട് തന്നെ താരം നേരത്തെ പരിശീലനം പുനരാരംഭിച്ചിട്ടും പരിക്ക് ഭേദമായെന്ന് നൂറു ശതമാനം ഉറപ്പാക്കിയിട്ട് മാത്രം തിരികെ കളത്തിലേക്ക് കൊണ്ടു വരാനായിരുന്നു ബാഴ്‌സയുടെ തീരുമാനം. എന്നാൽ ഡിയോങ്ങിന്റെ തിരിച്ചു വരവ് ഇനിയും വൈകും എന്നാണ് സൂചന. പെഡ്രിയുടെ മടങ്ങി വരവ് ബാഴ്‌സ മധ്യനിരക്ക് കൂടുതൽ ഊർജം പകരും.

റോഡ്രിഗോ റയലിൽ പുതിയ കരാർ ഒപ്പിട്ടു, 2028 വരെ തുടരും

ബ്രസീലിയൻ മുന്നേറ്റ താരം റോഡ്രിഗോ റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2028 വരെ താരത്തിന്റെ സേവനം മാഡ്രിഡിന് ലഭ്യമാവും. നിലവിലെ കരാർ 2025ഓടെ അവസാനിക്കാൻ ഇരിക്കെയാണ് റോഡ്രിഗോയുമായി റയൽ പുതിയ കരാറിൽ എത്തിച്ചേർന്നിരിക്കുന്നത്. വിനിഷ്യസും ദിവസങ്ങൾക്ക് മുൻപ് 2027വരെ ക്ലബ്ബുമായുള്ള കരാർ പുതുക്കിയിരുന്നു. ടീമിന്റെ ബ്രസീലിയൻ ആക്രമണ ദ്വയത്തിൽ ഉള്ള വിശ്വാസം ഇതോടെ റയൽ ഒന്നു കൂടി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ്.

2018ലാണ് റോഡ്രിഗോ സാന്റോയിൽ നിന്നും 45 മില്യൺ യൂറോയുടെ തുകക്ക് റയലിൽ എത്തുന്നത്. ടീം പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുമ്പോൾ സിറ്റിക്കെതിരെയുള്ള ഐതിഹാസികമായ മടങ്ങി വരവിൽ അടക്കം താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. താരത്തിന്റെ പുതിയ കാരറിനോടൊപ്പം ഒരു ബില്യൺ യൂറോയുടെ റിലീസ് ക്ലോസും മാഡ്രിഡ് ചേർത്തിട്ടുണ്ട്. മറ്റ് പല യുവതാരങ്ങളുടെയും കരാർ ഉടൻ തന്നെ പുതുക്കാൻ ആണ് റയൽ നീക്കം. പണക്കിലുക്കാവുമായി സൗദി ടീമുകൾ എത്തിയേക്കും എന്നതിനാൽ തന്നെ ഉയർന്ന റിലീസ് ക്ലോസ് ആവും ഇനി മുതൽ മിക്കതാരങ്ങൾക്കും ഉണ്ടാവുക. എഡ്വെർഡോ കമാവിംഗയുമായുള്ള കരാർ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഫെഡേ വാൽവേർടേ, എഡർ മിലിട്ടാവോ എന്നിവരും അടുത്തു തന്നെ കരാർ പുതുക്കിയേക്കും എന്നാണ് സൂചന.

കരകയറുമോ അയാക്‌സ്; സീസണിൽ തന്ത്രങ്ങളോതാൻ വാൻഡ് ഷിപ്പ് എത്തുന്നു

യൂറോപ്പിനാകമാനം പ്രതിഭകളെ എത്തിക്കുന്ന കേളികേട്ട അക്കാദമി മുതൽ വമ്പൻ താരങ്ങളെ വരെ ഉണ്ടായിരുന്ന ആയാക്സ്, ആഭ്യന്തര ലീഗിൽ നേരിടുന്ന പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം പി എസ് വിയോടേറ്റ വമ്പൻ തോൽവിക്ക് പിറകെ പുതിയ പരിശീലകനെ എത്തിച്ചിരിക്കുകയാണ് അവർ. നേരത്തെ പുറത്താക്കിയ പരിശീകൻ മൗറിസ് സ്റ്റയിനിന് പകരക്കാരനായി തങ്ങളുടെ മുൻ താരം കൂടിയായ ജോൺ വാൻഡ് ഷിപ്പ് സീസണിൽ തുടർന്നുള്ള മത്സരങ്ങൾക്ക് തന്ത്രങ്ങൾ ഓതുമെന്ന് അയാക്‌സ് അറിയിച്ചു. 2025വരെയുള്ള കരാർ ആണ് വാൻഡ് ഷിപ്പ് ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ മുഖ്യ പരിശീലകൻ ആയി എത്തുന്ന ഇദ്ദേഹം, ശേഷം അടുത്ത ജൂലൈ മുതൽ ക്ലബ്ബിന്റെ ടെക്നിക്കൽ സ്റ്റാഫിൽ ചേരുന്ന തരത്തിലാണ് കരാർ. ഇതോടെ കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ തലക്കാലിക ചുമതല വഹിച്ച മദുറോ അസിസ്റ്റന്റ് കോച്ചായി മടങ്ങും.

പതിനൊന്നു വർഷത്തോളം അയാക്സിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. വാൻഡ് ഷിപ്പ്. മുൻപ് അയാക്സിൽ അസിസ്റ്റന്റ് കോച്ച് ആയും താൽക്കാലിക പരിശീലകൻ ആയും ചുമതല വഹിച്ചിട്ടുള്ള 59കാരൻ, മെൽബൻ സിറ്റി, എഫ്സി ട്വെന്റെ, ഗ്രീസ് എന്നിവർക്കും തന്ത്രങ്ങൾ ഓതി. ഹാപൊയെൽ റ്റെൽ അവീവ് പരിശീലകനായ വൽകാനിസും കോച്ചിങ് സ്റ്റാഫിലേക്ക് എത്തുന്നുണ്ട്. ടീമിനെ ശരിയായ പാതയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടെന്ന് കരാർ ഒപ്പിട്ടു കൊണ്ട് വാൻഡ് ഷിപ്പ് പ്രതികരിച്ചു. ജോൺ തന്നെയാണ് നിലവിലെ സാഹചര്യത്തിൽ ടീമിനെ നയിക്കാൻ ഏറ്റവും ഉചിതനായ വ്യക്തി എന്ന് ക്ലബ്ബ് സിഈഓ വാൻ ഹാൽസ്റ്റ് പറഞ്ഞു. ലീഗിൽ ഒറ്റ ജയം പോലും നേടാൻ സാധിക്കാത്ത ടീമിനെ തിരിച്ച് ഫോമിലേക്ക് ഉയർത്തുക എന്ന വലിയ ചുമതലയാണ് പുതിയ പരിശീലകന് മുൻപിൽ ഉള്ളത്.

ഫോം തുടർന്ന് ആസ്റ്റൻ വില്ല; ലൂട്ടണ് തോൽവി തന്നെ

സീസണിൽ മികച്ച ഫോമിലുള്ള ആസ്റ്റൻ വില്ലക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയം. പ്രിമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലൂട്ടണെയാണ് അവർ കീഴടക്കിയത്. മക്ഗിൻ, ദിയാബി എന്നിവർ ജേതാക്കൾക്കായി ഗോൾ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ ലോക്യെറിന്റെ പേരിൽ സെൽഫ് ഗോളായി രേഖപ്പെടുത്തി. ലൂട്ടണിന്റെ ഗോളും എമി മാർട്ടിനസിന്റെ പേരിൽ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. ഇതോടെ താൽക്കാലികമെങ്കിലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഉനയ് എമരിയും സംഘവും. ഫെബ്രുവരിക്ക് ശേഷം ആസ്റ്റൻ വില്ല സ്വന്തം തട്ടകത്തിൽ തോൽവി അറിഞ്ഞിട്ടില്ല.

ആദ്യ മിനിറ്റ് മുതൽ ആസ്റ്റൻ വില്ല ഗോളിനായി ഇരമ്പിയാർത്തു. മക്ഗിനിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.ബോക്സിനുള്ളിൽ നിന്നും വാട്കിൻ എംസിന്റെ പാസിൽ സാനിയോളോക്ക് ലഭിച്ച അവസരം പോസിറ്റിന് ഇഞ്ചുകൾ മാത്രം അകന്ന് കടന്ന് പോയി. വാട്കിൻസിന്റെ ഷോട്ട് തടഞ്ഞു കൊണ്ട് കീപ്പർ കമിൻസ്കി ലൂട്ടന്റെ രക്ഷകനായി. 17ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് എടുത്തു. ഇടത് വിങ്ങിൽ നിന്നും എത്തിയ ഫ്രീക്കിക് സ്വീകരിച്ചു ബോക്സിനുള്ളിലേക്ക് കടന്ന് താരം തൊടുത്ത ഷോട്ട് ആൾകൂട്ടത്തിന് ഇടയിലൂടെ വലയിൽ പതിച്ചു. പിന്നീടും മികച്ച അവസരങ്ങൾ തന്നെ ആദ്യ പകുതിയിൽ ആതിഥേയർക്ക് ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ദിയാബി ലീഡ് ഇരട്ടിയാക്കി. ഡിന്യെയുടെ ക്രോസിൽ തലവെക്കാനുള്ള ബെയ്ലിയുടെ ശ്രമം പിഴച്ചപ്പോൾ തക്കം പാർത്തിരുന്ന ദിയാബി ലക്ഷ്യം കാണുകയായിരുന്നു. 49ആം മിനിറ്റിലാണ് ഗോൾ പിറന്നത്. 62ആം മിനിറ്റിൽ വീണ്ടും ദിയാബിയുടെ മികവിൽ ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ബോക്സിലേക് എത്തിയ പന്ത് കുതിച്ചെത്തി നിയന്ത്രിച്ച താരം ഷോട്ട് ഉതിർത്തപ്പോൾ തടയാൻ എത്തിയ ലോക്യെറുടെ കാലുകളിൽ തട്ടി പന്ത് വലയിലേക്ക് തന്നെ പതിച്ചു. 83ആം മിനിറ്റിൽ ലൂട്ടണ് ആശ്വാസ ഗോൾ നേടാനായി. ബോക്സിലേക് എത്തിയ ക്രോസ് കീപ്പർക്ക് ഹെഡറിലൂടെ കൈമാറാനുള്ള കൊൻസയുടെ ശ്രമം പിഴച്ചപ്പോൾ പോസ്റ്റിലിടിച്ച പന്ത് മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചു. പിറകെ മറ്റൊരു ഹെഡർ അവസരത്തിലൂടെ ലൂട്ടണ് മറ്റൊരു ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വിറച്ചെങ്കിലും ആസ്റ്റൻ വില്ല കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു.

Exit mobile version