ലൂയിസ് സുവാരസിന് എം എൽ എസിലും വിലക്ക്!!


ഇന്റർ മയാമിയുടെ സ്ട്രൈക്കർ ലൂയിസ് സുവാരസിന് മേജർ ലീഗ് സോക്കർ (എംഎൽഎസ്) മൂന്ന് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിലിനോട് പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വിവാദപരമായ തുപ്പൽ സംഭവത്തിലാണ് ഈ നടപടി. ലീഗ്സ് കപ്പ് ടൂർണമെന്റ് അധികൃതർ സുവാരസിന് ആറ് മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ് എംഎൽഎസിന്റെ ഈ ശിക്ഷാനടപടി.

ഫുട്ബോളിലെ ഏറ്റവും പ്രമുഖരായ കളിക്കാരിലൊരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത കായികമര്യാദയില്ലാത്ത പെരുമാറ്റത്തെ ഇരു സംഘടനകളും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഓഗസ്റ്റ് 31-ന് നടന്ന കപ്പ് ഫൈനലിൽ മിയാമി 3-0ന് പരാജയപ്പെട്ടതിന് ശേഷമാണ് സംഭവം നടന്നത്. നിരാശനായിരുന്ന സുവാരസ് സിയാറ്റിൽ സൗണ്ടേഴ്സ് മിഡ്ഫീൽഡർ ഒബെഡ് വർഗാസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് ഒരു സിയാറ്റിൽ സ്റ്റാഫിന് നേരെ തുപ്പുകയും ചെയ്തു. ഈ സംഭവം എംഎൽഎസ് ഗൗരവമായെടുക്കുകയും സുവാരസിനെതിരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

ഈ വിലക്ക് കാരണം ഷാർലറ്റ്, സിയാറ്റിൽ, ഡിസി യുണൈറ്റഡ് എന്നിവർക്കെതിരെയുള്ള നിർണ്ണായക മത്സരങ്ങൾ സുവാരസിന് നഷ്ടമാകും.

തോൽവിക്ക് പിന്നാലെ പ്രകോപിതനായി ലൂയിസ് സുവാരസ്, കോച്ചിനു നേരെ തുപ്പി!


സിയാറ്റിൽ: ലീഗ്സ് കപ്പ് ഫൈനലിൽ ഇന്റർ മിയാമിയുടെ 0-3 തോൽവിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ. ടീം തോറ്റതിന് പിന്നാലെ പ്രകോപിതനായ ലൂയിസ് സുവാരസ് സിയാറ്റിൽ സൗണ്ടേഴ്സ് താരങ്ങളുമായും അസിസ്റ്റന്റ് കോച്ചുമായും ഏറ്റുമുട്ടിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.


ലിയോണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്റർ മിയാമിയെ 3-0ന് തകർത്താണ് സിയാറ്റിൽ സൗണ്ടേഴ്സ് കന്നി ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഒസാസെ ഡി റോസാരിയോ, അലക്സ് റോൾഡൻ, പോൾ റോത്‌റോക്ക് എന്നിവരാണ് സിയാറ്റിലിനായി ഗോൾ നേടിയത്. കളിയുടെ അവസാനംവരെ ആധിപത്യം പുലർത്തിയാണ് സിയാറ്റിൽ ജയിച്ചു കയറിയത്.

മത്സരശേഷം പ്രകോപിതനായ സുവാരസ് കളി തീർന്നതിന് ശേഷം സിയാറ്റിൽ സൗണ്ടേഴ്സിന്റെ യുവ മിഡ്ഫീൽഡർ ഒബെഡ് വർഗാസുമായി വാക്കേറ്റത്തിലേർപ്പെടുകയും പിന്നീട് അത് കൂട്ടത്തല്ലിലേക്ക് നയിക്കുകയുമായിരുന്നു.
സംഭവം വഷളായതോടെ, കയ്യാങ്കളിക്കിടയിൽ സുവാരസ് സൗണ്ടേഴ്സ് അസിസ്റ്റന്റ് കോച്ചിന് നേരെ തുപ്പിയതായും ആരോപണമുണ്ട്. ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. മോശം പെരുമാറ്റത്തിന്റെ പേരിൽ സുവാരസിന്റെ മുൻകാല വിവാദങ്ങളെയും പരാമർശിച്ചു. കരിയറിൽ മുമ്പും കടി, തുപ്പൽ തുടങ്ങിയ മോശം പെരുമാറ്റങ്ങളുടെ പേരിൽ താരം വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.

സുവാരസിന് ഇരട്ട ഗോൾ, ഇന്റർ മയാമി ലീഗ്സ് കപ്പ് സെമി-ഫൈനലിൽ


ചേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ടിഗ്രെസ് യുഎഎൻഎലിനെ 2-1ന് തോൽപ്പിച്ച് ഇന്റർ മയാമി സെമിഫൈനലിൽ പ്രവേശിച്ചു. രണ്ട് പെനാൽറ്റി ഗോളുകളുമായി ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്പി.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലഭിച്ച ആദ്യ പെനാൽറ്റിയിലൂടെ സുവാരസ് മയാമിയെ മുന്നിലെത്തിച്ചു. തുടർന്ന് 67-ാം മിനിറ്റിൽ ടിഗ്രെസിനായി ഏഞ്ചൽ കൊറിയ ഒരു ഗോൾ നേടി, ഇതോടെ സ്കോർ സമനിലയിലായി.


കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മയാമിയുടെ വിജയമുറപ്പിച്ചു. സുവാരസ് അനായാസം തന്റെ രണ്ടാമത്തെ ഗോളും നേടി. ലയണൽ മെസി ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചാണ് മയാമി സെമി ഫൈനൽ ഉറപ്പിച്ചത്.

മെസ്സി ഇല്ലെങ്കിലും ജയിച്ച് ഇന്റർ മയാമി, സുവാരസിന് 3 അസിസ്റ്റും 1 ഗോളും

ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ചിട്ടും ഹൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെ ഇൻ്റർ മിയാമി 4-1ന്റെ വലിയ വിജയം സ്വന്തമാക്കി. ലൂയിസ് സുവാരസ് 3 അസിസ്റ്റുകൾ നൽകുകയും ഒരു ഗോൾ നേടുകയും ചെയ്ത് ഹീറോ ആയി. ടെലസ്‌കോ സെഗോവിയ രണ്ടുതവണ വലകുലുക്കിയപ്പോൾ ടാഡിയോ അലെൻഡെയും സ്‌കോർഷീറ്റിൽ ഇടംപിടിച്ചു.

ഹൂസ്റ്റണായി നിക്കോളാസ് ലോഡെയ്‌റോ വൈകി ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ, LA ഗാലക്സി തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി, വാൻകൂവർ വൈറ്റ്കാപ്സിനോട് 2-1 ന് തോറ്റു.

ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ഉറുഗ്വേൻ ഫുട്ബോൾ ഇതിഹാസം ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, രാജ്യത്തിൻ്റെ എക്കാലത്തെയും മികച്ച സ്കോറർ എന്ന നിലയിൽ ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമാകുന്നത്. സെപ്തംബർ 6 ന് പരാഗ്വേയ്‌ക്കെതിരായ ഉറുഗ്വേയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ വിരമിക്കുമെന്ന് സുവാരസ് സെപ്റ്റംബർ 2 ന് ഒരു പത്രസമ്മേളനത്തിനിടെ അറിയിച്ചു.

17 വർഷത്തിനിടെ 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ സുവാരസ്, 2024 കോപ്പ അമേരിക്ക മൂന്നാം സ്ഥാനത്തിനുള്ള കാനഡയ്‌ക്കെതിരായ മത്സരത്തിൽ ഉറുഗ്വേയ്‌ക്കായി തൻ്റെ അവസാന മത്സരം കളിച്ചത, അവിടെ ഷൂട്ടൗട്ടിൽ പെനാൽറ്റി വലയിലെത്തിച്ച് വിജയം ഉറപ്പാക്കാൻ സഹായിച്ചു.

നിലവിൽ മേജർ ലീഗ് സോക്കറിലെ (MLS) ഇൻ്റർ മിയാമി CF-ൽ തൻ്റെ ദീർഘകാല സുഹൃത്ത് ലയണൽ മെസ്സിക്കൊപ്പം കളിക്കുകയാണ്‌. സുവാരസ് ഇനി തൻ്റെ ക്ലബ്ബ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ലൂയിസ് സുവാരസ് രക്ഷകൻ, കാനഡയെ പെനാൽട്ടിയിൽ തോൽപ്പിച്ചു ഉറുഗ്വേക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ജയം കണ്ടു മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ. കാനഡയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് അവർ മറികടന്നത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ ആണ് പുറത്ത് എടുത്തത്. എട്ടാം മിനിറ്റിൽ കാസെരസിന്റെ പാസിൽ നിന്നു റോഡ്രിഗോ ബെന്റകറിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ മോയിസെ ബോബിറ്റോയുടെ പാസിൽ നിന്നു ഇസ്മയിൽ കോനെ കാനഡയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ആണ് മത്സരത്തിന് തീ പിടിച്ചത്.

80 മത്തെ മിനിറ്റിൽ ജൊനാഥൻ ഡേവിഡ് ഗോൾ നേടിയതോടെ കാനഡ ജയിക്കും എന്നു പ്രതീക്ഷയിലായി. എന്നാൽ 92 മത്തെ മിനിറ്റിൽ ഹോസെ ഹിമനസിന്റെ പാസിൽ നിന്നു രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇതിഹാസതാരം ലൂയിസ് സുവാരസിന്റെ ഗോളിൽ ഉറുഗ്വേ പരാജയത്തിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ കാനഡയുടെ ഇസ്മയിൽ കോനെയുടെ പെനാൽട്ടി ഉറുഗ്വേ ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ അൽഫോൻസോ ഡേവിസിന്റെ പെനാൽട്ടി ബാറിൽ തട്ടി മടങ്ങി. എന്നാൽ പെനാൽട്ടി എടുത്ത നാലു ഉറുഗ്വേ താരങ്ങളും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേ കോപ്പ അമേരിക്ക മൂന്നാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

ഗോളുമായി മെസ്സിയും സുവാരസും, ഇന്റർ മയാമി ക്വാർട്ടർ ഫൈനലിൽ

ഇന്റർ മയാമിയുടെ ഹീറോസ് ആയി ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി 3-1 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ പാദം 2-2 എന്ന സമനിലയിലും അവസാനിച്ചിരുന്നു. ഇതോടെ 5-3 എന്ന അഗ്രിഗേറ്റ് സ്കോറിന് വിജയിച്ച് ഇന്റർ മയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

ഇന്ന് എട്ടാം മിനുട്ടിൽ സുവാരസിലൂടെ ആണ് ഇന്റർ മയാമി ലീഡ് എടുത്തു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 23ആം മിനുട്ടിൽ തന്റെ ഇടം കാലൻ സ്ട്രൈക്കിലൂടെ മെസ്സി ലീഡ് ഇരട്ടിയാക്കി. 63ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ടെയ്ലർ മൂന്നാം ഗോൾ കൂടെ നേടിയതോടെ ഇന്റർ മയാമിയുടെ വിജയം ഉറപ്പായി.

കളിയുടെ അവസാനം സുറിഡ്ജ് ആണ് ഒരു സെൽഫ് ഗോളിലൂടെ നാഷ്വിലെയുടെ ആശ്വാസ ഗോൾ നേടിയത്‌

2-0ന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവ് നടത്തി ഇന്റർ മയാമി, രക്ഷകരായി മെസ്സിയും സുവാരസും

ഇന്റർ മയാമിയെ പരാജയത്തിൽ നിന്ന് രക്ഷിച്ച് ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ആദ്യ പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി 2-2 എന്ന സമനിലയാണ് വഴങ്ങിയത്. 2-0ന് പിറകിൽ ആയിരുന്നു ഇന്റർ മയാമി മികച്ച തിരിച്ചുവരവാണ് നടത്തിയത്.

നാലാം മിനുട്ടിലും 46ആം മിനുട്ടിലും ഷെഫൽബർഗ് നേടിയ ഗോളുകൾക്ക് നാഷ്വിലെ 2 ഗോളിന് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ പരാജയം സമ്മതിക്കാൻ മെസ്സിയും സംഘവും തയ്യറായിരുന്നില്ല. 52ആം മിനുട്ടിൽ ലയണൽ മെസ്സിയിലൂടെ മയാമി തിരിച്ചടിച്ചു. സ്കോർ 2-1.

അവസാനം കളിയുടെ ഇഞ്ച്വറി ടൈമിൽ ആറാം മിനുട്ടിൽ സുവാരസിലൂടെ ഇന്റർ മയാമി സമനിലയും കണ്ടെത്തി. ഇനി മാർച്ച് 14ന് മയാമിയിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

സുവാരസിനും മെസ്സിക്കും ഇരട്ട ഗോൾ.. ഇന്റർ മയാമിയുടെ ഫൈവ് സ്റ്റാർ വിജയം

ഇന്റർ മയാമിക്കും മെസ്സിക്കും അമേരിക്കൻ ലീഗിൽ തകർപ്പൻ വിജയം. ഒർലാണ്ടോ സിറ്റിയെ നേരിട്ട ഇന്റർ മയാമി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. ലൂയിസ് സുവാരസും മെസ്സിയും ഇരട്ട ഗോളുകളുമായി മത്സരത്തിൽ തിളങ്ങി. നാലാം മിനുട്ടിൽ തന്നെ ഇന്റർ മയാമി ഗോളടി തുടങ്ങി. ഗ്രെസലിന്റെ അസിസ്റ്റിൽ നിന്ന് സുവാരസ് ആണ് ആദ്യ ഗോൾ നേടിയത്.

പതിനൊന്നാം മിനുട്ടിൽ ഇതേ കൂട്ടുകെട്ടിലൂടെ തന്നെ രണ്ടാം ഗോളും വന്നു. 29ആം മിനുട്ടിൽ സുവാരസിന്റെ അസിസ്റ്റിൽ നിന്ന് ടെയ്ലർ ഇന്റർ മയാമിയുടെ ലീഡ് മൂന്നാക്കൊ ഉയർത്തി. 44ആം മിനുട്ടിൽ മൂന്നാം ഗോൾ നേടി സുവാരസ് ഹാട്രിക്ക് പൂർത്തിയാക്കി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ മെസ്സി മാജിക്കിലൂടെ നാലാം ഗോൾ വന്നു. അതിനു ശേഷം സുവാരസിന്റെ അസിസ്റ്റിൽ മെസ്സിയുടെ രണ്ടാം ഗോളും വന്നു. ഇത് ഇന്റർ മയാമിയുടെ വിജയം പൂർത്തിയാക്കി. ഈ ജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇന്റർ മയാമി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

മെസ്സിയുടെ സീസണിലെ ആദ്യ മത്സരം സമനിലയിൽ, സുവാരസ് അരങ്ങേറി

ലയണൽ മെസ്സിയുടെയും ഇന്റർ മയാമിയുടെയും സീസൺ ഇന്ന് ആരംഭിച്ചു. ഇന്ന് പ്രീ സീസണിലെ ആദ്യ മത്സരത്തിൽ എൽ സാല്വദോറിനെ നേരിട്ട ഇന്റർ മയാമി സമനില വഴങ്ങി. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. ലൂയിസ് സുവാരസ് ഇന്ന് ഇന്റർ മയാമിക്ക് ആയി അരങ്ങേറ്റം നടത്തി. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, ജോർദി ആൽബ, ബുസ്കെറ്റ്സ് എന്നീ മുൻ ബാഴ്സലോണ താരങ്ങൾ ഒരുമിച്ച് കളത്തിൽ ഇറങ്ങിയത് ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകി.

കാര്യമായ അവസരങ്ങൾ ഇന്ന് ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. ആദ്യ മത്സരമായതിന്റെ വേഗത കുറവ് ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു‌. ലയണൽ മെസ്സിയും സുവാരസും ആദ്യ പകുതി മാത്രമെ കളിച്ചുള്ളൂ. ഇനി ഇന്റർ മയാമി ജനുവരി 22ആം തീയതി എഫ് സി ഡല്ലാസിനെ നേരിടും.

ലയണൽ മെസ്സി പരിശീലനം പുനരാരംഭിച്ചു, സുവാരസും എത്തി

ഇന്റർ മിയാമിയിൽ ലയണൽ മെസ്സി പ്രീസീസൺ പരിശീലനം ആരംഭിച്ചു. ഇന്റർ മയാമിയുടെ പ്രീസീസൺ ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മെസ്സി പരിശീലനം ആരംഭിച്ചിരിക്കുന്നത്. മെസ്സി മാത്രമല്ല മുൻ ബാഴ്സലോണ താരങ്ങളായ ബുസ്കറ്റ്സ്, ആൽബ, പുതിയ സൈനിംഗ് സുവാരസ് എന്നിവരും ഇന്ന് പരിശീലനത്തിന് എത്തി.

മെസ്സിയും സുവാരസും മറ്റു താരങ്ങളും ഉള്ള പരിശീലന ചിത്രങ്ങൾ ഇന്റർ മയാമി ഇന്ന് പങ്കുവെച്ചു. അവസാനമായി നവംബറിൽ ആണ് മെസ്സി ഒരു മത്സരം കളിച്ചത്. ഇനി മെസ്സി ജനുവരി 19ന് ഇന്റർ മയാമിയുടെ ആദ്യ പ്രീസീസൺ മത്സരത്തിൽ കളിക്കും. ഈ മാസം അവസാനം ഇന്റർ മയാമി സൗദി അറേബ്യയിലേക്കും യാത്ര ചെയ്യും.

ബ്രസീലിയൻ മണ്ണിലും മനം കവർന്ന് ലൂയിസ് സുവാരസ് വിടപറഞ്ഞു; അടുത്ത തട്ടകം ഇന്റർ മയാമി

എത്തിച്ചേർന്ന ക്ലബ്ബുകളിൽ എല്ലാം തകർപ്പൻ പ്രകടനത്തോടെ ആരാധക ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് ലൂയിസ് സുവാരസ്. 35ആം വയസ്സിൽ ബ്രസീലിയൻ ലീഗിലെ ഗ്രമിയോയിൽ എത്തിയ സൂപ്പർ താരം അവിടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല. പതിനഞ്ചു ഗോളുമായി ടോപ്പ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ താരം ഇപ്പോൾ തന്റെ ടീമിനോടും ആരാധകരോടും വിടപറഞ്ഞിരിക്കുകയാണ്. ഒരു സീസണിലേക്കുള്ള കരാർ ഒപ്പിട്ടിരുന്ന താരം നിലവിൽ ഫ്രീ ഏജന്റ് ആണ്. ലീഗിലെ അവസാന മത്സര ശേഷം താരവും കുടുംബവും സ്റ്റേഡിയത്തിൽ തങ്ങളുടെ അഭിവാദ്യം അർപ്പിച്ചു. അടുത്ത സീസണിലേക്ക് താരം ടീമിൽ പുതിയ കരാർ ഒപ്പിടില്ല എന്നും ബ്രസീലിൽ ഉണ്ടാവില്ല എന്നുമുറപ്പായിട്ടുണ്ട്. ലീഗ് അവസാനിക്കുമ്പോൾ നാലാം സ്ഥാനത്താണ് ഗ്രമിയോ.

ഇന്റർ മയാമി ആണ് ലൂയിസ് സുവരസിന്റെ പുതിയ തട്ടകം. ക്ലബ്ബുമായി സുവാരസ് അവസാന ഘട്ട ചർച്ചയിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ കരാറിലും ഒപ്പിട്ടെക്കും. ഇതോടെ വീണ്ടുമൊരു മെസ്സി-സുവാരസ് കൂട്ടുകെട്ടിനാണ് എംഎൽഎസ് അരങ്ങൊരുങ്ങുന്നത്. എന്നാൽ ഗ്രിമിയോക്ക് വേണ്ടിയുള്ള അവസാന മത്സര ശേഷം തന്റെ ശരീരം വിശ്രമം ആവശ്യപ്പെടുന്നതായി താരം പറഞ്ഞിരുന്നു. എന്നാൽ മുന്നിലുള്ള ചെറിയ ഇടവേളയെ കുറിച്ചാണ് ഇതെന്നാണ് സൂചന. കരിയർ തുടരുമോ എന്ന കാര്യം ഇതിന് ശേഷം തീരുമാനിക്കും എന്നും സുവാരസ് പറഞ്ഞു. എംഎൽഎസ് സീസൺ തുടങ്ങാൻ ഇനിയും സമയം ഉണ്ടെന്നിരിക്കെ അമേരിക്കയിൽ തന്നെ ആവും താരത്തിന്റെ ഭാവി എന്നാണ് എല്ലാ സൂചനകളും.

Exit mobile version