ചെൽസി പാൽമെറാസിനെ കീഴടക്കി; ക്ലബ് ലോകകപ്പ് സെമിഫൈനലിലേക്ക്


ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ലബ് പാൽമെറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ അവർ ഫ്ലുമിനൻസിനെ നേരിടും. മത്സരത്തിന്റെ 16-ാം മിനിറ്റിൽ കോൾ പാമറിലൂടെ പ്രീമിയർ ലീഗ് ടീം മുന്നിലെത്തി.


രണ്ടാം പകുതിയിൽ പാൽമെറാസ് ശക്തമായി തിരിച്ചടിച്ചു. എസ്റ്റെവാവോ 53-ാം മിനിറ്റിൽ ഗോൾ നേടി സ്കോർ സമനിലയിലാക്കി. എന്നാൽ, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച നിമിഷം, 83-ാം മിനിറ്റിൽ പാൽമെറാസ് പ്രതിരോധതാരം അഗസ്റ്റിൻ ഗിയയുടെ ഒരു സെൽഫ് ഗോൾ ചെൽസിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു.


പാൽമെറാസിന്റെ അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തെ അതിജീവിച്ച് ചെൽസി സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അവിടെ അവർ മറ്റൊരു ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെ നേരിടും. നേരത്തെ അൽ ഹിലാലിനെ തോൽപ്പിച്ച് ആണ് ഫ്ലുമിനൻസ് സെമിയിലെത്തിയത്.

എക്സ്ട്രാ ടൈമിൽ ബോട്ടാഫോഗോയെ മറികടന്ന് പാൽമെറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ


ബ്രസീലിയൻ ടീമുകളുടെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ബോട്ടാഫോഗോയെ 1-0 ന് മറികടന്ന് പാൽമെറാസ് FIFA ക്ലബ് ലോകകപ്പ് 2025-ന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 100-ആം മിനിറ്റിൽ പൗളിഞ്ഞോ നേടിയ തകർപ്പൻ ഗോളാണ് കളിക്ക് വഴിത്തിരിവായത്.
അധിക സമയത്ത് മത്സരം കൂടുതൽ ആവേശകരമായി.

116-ആം മിനിറ്റിൽ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പാൽമെറാസ് 10 പേരായി ചുരുങ്ങിയെങ്കിലും, അവർ വിജയത്തിനായി പൊരുതിനിന്നു.


ഈ വിജയത്തോടെ പാൽമെറാസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അവിടെ ചെൽസിയും ബെൻഫിക്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും അവർ നേരിടുക.

ബ്രസീലിയൻ സീരി എ; പാൽമിറാസ് കിരീടം നിലനിർത്തി, ചരിത്രത്തിൽ ആദ്യമായി റെലെഗെഷനിൽ സാന്റോസ്

ബ്രസീലിയൻ ആഭ്യന്തര ലീഗ് സീരി എ അവസാനിക്കുമ്പോൾ വീണ്ടും ചാമ്പ്യന്മാന്മാരായി പാൽമിറാസ്. ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ടീമായ പാൽമിറാസ് ഇത് 12ആം തവണയാണ് കിരീടം ഉയർത്തുന്നത്. അവസാന മത്സരം ജയിച്ച ഗ്രെമിയോ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അത്ലറ്റികോ മിനെറോ, ഫ്ലെമേംഗോ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

മുപ്പത് മാച്ച് വീക്കുകളോളം ലീഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബോട്ടാഫോഗോയുടെ വീഴ്ചയാണ് ആരാധകരെ ഞെട്ടിച്ചത്. അവസാന 11 മത്സരങ്ങളോളം അവർക്ക് ജയം നേടാൻ സാധിച്ചില്ല. ഇതോടെ ആദ്യ മൂന്നിൽ എത്താൻ പോലും അവർക്ക് സാധിച്ചില്ല. അത്ലറ്റികോ മിനെറോ താരം പൗളിഞ്ഞോ ടോപ്പ് സ്‌കോറർ ആയപ്പോൾ ഗ്രെമിയോ താരം ലൂയിസ് സുവാരസ് രണ്ടാം സ്ഥാനത്ത് എത്തി. താരം അടുത്ത സീസണിൽ എംഎൽഎസിൽ പന്തു തട്ടും എന്നാണ് സൂചന.

അതേ സമയം പെലെ മുതൽ നെയ്മർ വരെ പന്തു തട്ടിയ സാന്റോസ് റെലെഗെഷൻ നേരിട്ടു. ക്ലബ്ബിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീം തരം താഴ്ത്തൽ നേരിടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ഫോർറ്റലെസയോട് 2-1 ന് തോൽവി നേരിടുകയായിരുന്നു അവർ.

Exit mobile version